UPDATES

പുതിയ തെളിവുകള്‍; മാധബിയെ വിടാതെ ഹിന്‍ഡന്‍ ബര്‍ഗ്

ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റി നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കിയത് ‘സെബി ചെയര്‍പേഴ്‌സണായ ശേഷം

                       

മാധബി പുരി ബുച്ചിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച്. സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ(സെബി) ചെയര്‍പേഴ്‌സണായി നിയമിതയായി രണ്ടാഴ്ച്ച കഴിഞ്ഞു മാത്രമാണ് തന്റെ പേരിലുള്ള ഓഹരികള്‍ ഭര്‍ത്താവ് ധവല്‍ ബുച്ചിന്റെ പേരില്‍ മാത്രമായി രജിസ്റ്റര്‍ ചെയ്യുന്നതെന്നും ഇക്കാര്യത്തില്‍ അവര്‍ നടത്തിയ ആശയവിനിമയങ്ങള്‍ തെളിവാണെന്നും ഹിന്‍ബര്‍ഗ് തിങ്കളാഴ്ച്ച നടത്തിയ വെളിപ്പെടുത്തലില്‍ ആരോപിക്കുന്നത്.

ഈ പരാതികള്‍ക്ക് ഹിന്‍ഡന്‍ബര്‍ഗ് തെളിവായി കാണിക്കുന്നത് മാധബിയുടെ സ്വകാര്യ ഇമെയിലുകളാണ്. സെബിയുടെ ഭാഗമായതിനുശേഷമുള്ള ഒരു വര്‍ഷത്തിനിടയില്‍ മാധബി തന്റെ പേരിലുള്ള നിക്ഷേപങ്ങള്‍ ഭര്‍ത്താവിന്റെ പേരിലാക്കി സുരക്ഷിതമാക്കാന്‍ വേണ്ടി ഇമെയില്‍ വഴി ആശയവിനിമയങ്ങള്‍ നടത്തിയെന്നു വ്യക്തമാക്കുന്ന രേഖകള്‍ തങ്ങള്‍ക്ക് രഹസ്യവിവരം കൈമാറിയ കേന്ദ്രം കൈമാറിയിട്ടുണ്ടെന്നു ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു. അദാനി ഗ്രൂപ്പ് പണം വകമാറ്റി ചെലവഴിച്ച് നടത്തിയ തട്ടിപ്പിന് ഉപയോഗിച്ച വിദേശ നിക്ഷേപങ്ങളില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനും പങ്കാളിത്തമുണ്ടായിരുന്നുവെന്നാണ് രഹസ്യ രേഖകളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച്ചയും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നത്.

പുറത്തു വരുന്ന ആരോപണങ്ങളില്‍ ചെയര്‍പേഴ്‌സണെ പിന്തുണച്ച് സെബി രംഗത്തു വന്നിരിക്കുമ്പോള്‍ തന്നെയാണ് മാധബി ബുച്ചിനെതിരേ വീണ്ടും തെളിവുകള്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തു വിടുന്നത്. ഇപ്പോള്‍ പുറത്തു വിടുന്ന കാര്യങ്ങളിലെല്ലാം അന്വേഷിച്ച് മനസിലാക്കിയതാണെന്നാണ് സെബിയും മാധബിയും ഒരുപോലെ പറയുന്നത്. ഹിന്‍ഡന്‍ബര്‍ഗ് ശ്രമിക്കുന്നത് ചെയര്‍പേഴ്‌സണെ സ്വഭാവഹത്യ ചെയ്യാനും സെബിയുടെ വിശ്വാസ്യത തകര്‍ക്കാനുമാണെന്നാണ് മാധബിയും സെബി വൃത്തങ്ങളും ആരോപിക്കുന്നത്. ഓഹരികളുടെയും അവയുടെ കൈമാറ്റങ്ങളുടെയും വിവരങ്ങള്‍ കാലാകാലം ചെയര്‍പേഴ്‌സണ്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സെബി വാദിക്കുന്നത്. വിരുദ്ധ താത്പര്യങ്ങള്‍ വരുന്ന കാര്യങ്ങളില്‍ നിന്നും ചെയര്‍പേഴ്‌സ്ണ്‍ സ്വയം പിന്‍വാങ്ങി നിന്നിട്ടുണ്ടെന്നും സെബി പറയുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തള്ളിക്കൊണ്ട് ചെയര്‍പേഴ്‌സന് പിന്തുണ കൊടുക്കുന്നതിനൊപ്പം നിക്ഷേപകരോട് ആശങ്കപ്പെടേണ്ടതില്ലെന്ന വാഗ്ദാനവും സെബി നല്‍കുന്നുണ്ട്.

മാധബിയും ഭര്‍ത്താവ് ധവല്‍ ബുച്ചും പുറത്തിറക്കിയ പ്രസ്താവനയില്‍ ഓഹരി നിക്ഷേപങ്ങള്‍ ഉണ്ടായിരുന്നതായി സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത്, 2015 ല്‍ മാധബി സെബിയില്‍ പൂര്‍ണ സമയ അംഗമായി നിയമിക്കപ്പെടുത്തിനും രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ നിക്ഷേപമാണെന്നും, അന്ന് തങ്ങള്‍ സ്വകാര്യ വ്യക്തികളായി സിംഗപ്പൂരില്‍ കഴിയുന്ന കാലമാണെന്നുമാണ് ബുച്ച് ദമ്പതിമാരുടെ പ്രസ്താവനിയില്‍ പറയുന്നത്. എന്നാല്‍ ഒരു കാലത്തും തങ്ങള്‍ അദാനി ഗ്രൂപ്പിമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് ഇരുവരും സമര്‍ത്ഥിക്കുന്നത്.

വിനോദ് അദാനിക്കെതിരായ സാമ്പത്തിക ക്രമക്കോട് ആരോപണങ്ങളുടെ ഭാഗമായ ബര്‍മുഡ്/ മൗറീഷ്യസ് കേന്ദ്രമാക്കിയുള്ള സംശയാസ്പദ നിക്ഷേപങ്ങളില്‍ സെബി ചെയര്‍പേഴ്‌സണും പങ്കാളിത്തമുണ്ടായിരുന്നുവെന്നു പരസ്യമായി സമ്മതിക്കലാണ് ബുച്ച് ദമ്പതിമാരുടെ പ്രസ്താവനയെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് തിങ്കളാഴ്ച്ച ആരോപിച്ചത്. തന്റെ ഭര്‍ത്താവിന്റെ ബാല്യകാല സുഹൃത്തിന്റെ സ്ഥാപനത്തിലാണ് ഓഹരി നിക്ഷേപം നടത്തിയതെന്ന് മാധബി സമ്മതിക്കുന്നുണ്ട്. ഇതേ സ്ഥാപനത്തിലെ ഡയറക്ടറായിരുന്നു വിനോദ് അദാനി എന്ന് ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.

ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്‌മെന്റ് ഫണ്ടിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസര്‍ അനില്‍ അഹൂജ സ്‌കൂളിലും ഐഐടി ഡല്‍ഹിയും ഒരുമിച്ച് പഠിച്ചിട്ടുള്ള ബാല്യകാല സുഹൃത്തും, സിറ്റി ബാങ്ക്, ജെ പി മോര്‍ഗന്‍, 3 ഐ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള, പതിറ്റാണ്ടുകളായി നിക്ഷേപ മേഖലയില്‍ അനുഭവ പരിചയമുള്ള വ്യക്തിയായതുകൊണ്ടുമാണ് അവിടെ നിക്ഷേപം നടത്തിയതെന്നാണ് ധവല്‍ ബുച്ച് പ്രസ്താവനയില്‍ പറയുന്നത്.

2022 മാര്‍ച്ച് 16 വരെ അഗോറ പാര്‍ട്ണേഴ്സ് സിംഗപ്പൂരിന്റെ 100 ശതമാനം ഓഹരികളും ബുച്ച് ദമ്പതിമാരുടെ കൈയിലായിരുന്നുവെന്ന്, സിംഗപൂര്‍ രേഖകള്‍ അടിസ്ഥാനമാക്കി ഹിന്‍ഡന്‍ബര്‍ഗ് പറയുന്നുണ്ട്. സെബിയിലെ പൂര്‍ണ സമയ അംഗമായി മാധബി പ്രവര്‍ത്തിച്ചു പോരുന്ന സമയത്ത് തന്നെയാണ് സിംഗപൂരില്‍ അവരുടെ പേരില്‍ ഓഹരികള്‍ ഉണ്ടായിരുന്നതെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാണിക്കുന്നത്. 2017 ലാണ് മാധബി ബുച്ച് സെബിയുടെ പൂര്‍ണ സമയ അംഗമാകുന്നത്. 2022 ല്‍ അവര്‍ ചെയര്‍പേഴ്‌സണായി.

2017 ല്‍ സെബിയുടെ ഭാഗമായതിനു പിന്നാലെ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന രണ്ട് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളും- ഒരെണ്ണം ഇന്ത്യ കേന്ദ്രീകരിച്ചുള്ളതും, മറ്റൊന്ന് പുകമുറയ്ക്കുള്ളില്‍ നിന്നിരുന്ന സിംഗപൂര്‍ ആസ്ഥാനമായതും-പ്രവര്‍ത്തനരഹതിമാക്കിയെന്നാണ് മാധബി, പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ഇതേ സ്ഥാപനങ്ങളുടെ ചുമതല 2019 ല്‍ അവരുടെ ഭര്‍ത്താവ് ഏറ്റെടുത്തിരുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത്.

2024 മാര്‍ച്ച് 31 വരെയുള്ള ഏറ്റവും പുതിയ ഷെയര്‍ഹോള്‍ഡിംഗ് ലിസ്റ്റ് അനുസരിച്ച്, അഗോറ അഡൈ്വസറി ലിമിറ്റഡ് (ഇന്ത്യ)-ന്റെ 99% ഓഹരികളും മാധബി ബുച്ചിന്റെ പേരില്‍ തന്നെയാണെന്നും അവരുടെ ഭര്‍ത്താവിന്റെ പേരിലല്ല എന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത്. ഈ സ്ഥാപനം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ നിന്നും കണ്‍സള്‍ട്ടിംഗ് വരുമാനം ലഭ്യമാകുന്നുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് വാദിക്കുന്നു. അതുപോലെ അഗോറ പാര്‍ട്‌ണേഴ്‌സ് സിംഗപൂരിന്റെ 100 ശതമാനം ഓഹരികളും 2022 മാര്‍ച്ച് 16 വരെ മാധബിയുടെ പേരിലായിരുന്നുവെന്നു രേഖകള്‍ കാണിക്കുന്നുണ്ടെന്നും യു എസ് ഷോര്‍ട്ട് സെല്ലര്‍ പറയുന്നു. ഈ സമയത്തെല്ലാം മാധബി സെബിയുടെ പൂര്‍ണ സമയ അംഗമായി പ്രവര്‍ത്തിക്കുകയുമായിരുന്നു. ഈ ഓഹരികളെല്ലാം അവര്‍ തന്റെ ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റുന്നത് മാധബി സെബിയുടെ ചെയര്‍പേഴ്‌സണ്‍ ആയി നിയമിതയായി രണ്ടാഴ്ച്ച കഴിഞ്ഞ് മാത്രമാണെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാധബി പുരി ബുച്ച് സ്ഥാപിച്ച സിംഗപ്പൂര്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനം അതിന്റെ വരുമാനമോ ലാഭമോ പോലെയുള്ള സാമ്പത്തികകാര്യങ്ങള്‍ പരസ്യമായി പ്രസിദ്ധിപ്പെടുത്തിയിരുന്നില്ല, അതിനാല്‍ സെബിയില്‍ ഉള്ള സമയത്ത് ഈ സ്ഥാപനത്തിലൂടെ അവര്‍ എത്ര പണം സമ്പാദിച്ചുവെന്ന് അറിയാന്‍ കഴിയില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പറയുന്നുണ്ട്.  Madhabi Buch redeemed funds through husband’s name two weeks after getting sebi chairperson post hindenburg

Content Summary; Madhabi Buch redeemed funds through husband’s name two weeks after getting sebi chairperson post hindenburg

Share on

മറ്റുവാര്‍ത്തകള്‍