മഹാകുംഭമേളയ്ക്കിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും മരണപ്പെട്ടവരുടെ എണ്ണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പറഞ്ഞതിലും കൂടുതല്‍. ഈ വര്‍ഷം ജനുവരി 29 ന് അലഹബാദില്‍ മൗനി അമാവാസി ദിനത്തില്‍ നടന്ന മഹാകുഭമേളയ്ക്കിടിയില്‍ ഉണ്ടായ ദുരന്തത്തില്‍ 82 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ബിബിസി ഹിന്ദി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. 30 പേരാണ് മരിച്ചതെന്നായിരുന്നു യോഗി സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്.
തുടക്കം മുതല്‍ യോഗി സര്‍ക്കാര്‍ മരണ സംഖ്യയില്‍ ഒളിച്ചു കളി നടത്തുകയാണെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടം നടന്നത് മറച്ചു വയ്ക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആദ്യം ശ്രമിച്ചത്. ദുരന്തം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവനപോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഒടുവില്‍ ദുരന്തത്തെ കുറിച്ച് പ്രതികരിക്കാന്‍ നിര്‍ബന്ധിതരായതോടെയാണ് 30 പേര്‍ കൊല്ലപ്പെട്ടെന്ന കണക്ക് പുറത്തു പറയുന്നത്. മരിച്ചവര്‍ക്ക് 25 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചപ്പോഴും മരിച്ചവരുടെ യഥാര്‍ത്ഥ കണക്ക് പുറത്തു പറയാന്‍ സര്‍ക്കാര്‍ തയ്യാറായതേയില്ല. കുംഭമേളയില്‍ മരിച്ചവരുടെ ആകെയെണ്ണം കഴിഞ്ഞിടയ്ക്ക് അലഹബാദ് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.
കുംഭമേളയ്ക്കിടയിലെ ദുരന്തത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ കുടുംബത്തെ ബിബിസി സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി സര്‍ക്കാരില്‍ നിന്നും ലഭിച്ചു. എന്നാല്‍ മരണപ്പെട്ടവരുടെ മൊത്തം കണക്കില്‍ ഈ 26 പേരെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാണ് ബിബിസി കണ്ടെത്തിയത്. കുറഞ്ഞത് 50 ജില്ലകളിലെങ്കിലും തങ്ങള്‍ കടന്നു ചെന്നെന്നും 100 കുടുംബങ്ങളുമായി സംസാരിച്ചുവെന്നും ബിബിസി അന്വേഷണ സംഘം പറയുന്നു. ഇതില്‍ നിന്നും കുറഞ്ഞത് 82 മരണങ്ങള്‍ കുംഭമേളയ്ക്കിടയിലെ തിക്കിലും തിരക്കിലും ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ വര്‍ഷത്തെ കുംഭമേളയില്‍ 66 കോടി ജനങ്ങള്‍ പങ്കെടുത്തുവെന്നാണ് കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ഒരുപോലെ അവകാശപ്പെടുന്നത്. 45 ദിവസം നീണ്ട കുംഭമേളയില്‍ 7000 കോടി ചെലവാക്കപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാരുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ജനുവരി 29 ന് നടന്ന വലിയൊരു അത്യാഹിതത്തെ കുറിച്ച് ഫെബ്രുവരി 19 നാണ് മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തര്‍പ്രദേശ് നിയമസഭയില്‍ സംസാരിക്കുന്നത്. 30 പേര്‍ ആകെ മരണപ്പെട്ടെന്നും അവരില്‍ 29 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞെന്നുമാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. അപകടത്തിന്റ വിശദീകരണമെന്നോണം മുഖ്യമന്ത്രി പറഞ്ഞത്, ചില സ്ഥലങ്ങള്‍ പ്രഷര്‍ പോയിന്റുകളായുണ്ട്. അവിടെ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നാണ്. ബിബിസി പറയുന്നത്, അത്തരം നാല് പ്രഷര്‍ പോയിന്റുകളില്‍ അപകടം നടന്നുവെന്നും ആളുകള്‍ മരിച്ചുവെന്നുമാണ്.
ബിസിസി റിപ്പോര്‍ട്ടിലെ പ്രധാന പോയിന്റ് ഇതാണ്. അവര്‍ ദുരന്തത്തിലെ ഇരകളെ മൂന്നു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്നാമത്തെ വിഭാഗത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം കിട്ടിയവരാണ്. രണ്ടാമത്തെ വിഭാഗത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം കിട്ടി. മൂന്നാമത്തെ വിഭാഗത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കിയിട്ടില്ല.
ഒഴിവാക്കാമായിരുന്ന ദുരന്തങ്ങളില്‍ ഇരകളാകുന്നവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ പോലും ക്രമക്കേടുകള്‍ ഉണ്ടെന്നാണ് ബിബിസി അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കുംഭമേളയുമായി ബന്ധപ്പെട്ട് തന്നെ രാജ്യം നടുക്കത്തോടെ കേട്ട ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ തിക്കും തിരക്കും അപകടത്തിലെ നഷ്ടപരിഹാര വിതരണമാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. പത്തുലക്ഷമാണ് മരണപ്പെട്ടവരുടെ കുടുംബത്തിന് പ്രഖ്യാപിച്ചത്. ഈ തുക വിതരണം ചെയ്ത രീതി ആശങ്കപ്പെടുത്തുന്ന തരത്തിലായിരുന്നുവത്ര. അതായത്, അമ്പതും നൂറും നോട്ടുകള്‍ അടങ്ങിയ കെട്ടുകളായി നഷ്ടപരിഹാര തുക കൈമാറുകയാണുണ്ടായതെന്നാണ് സാക്ഷികളായ റെയില്‍വേ ഉദ്യോഗസ്ഥരെ തന്നെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബിബിസി പറയുന്നത്, 37 കുടുംബങ്ങള്‍ 25 ലക്ഷം വീതം നേരിട്ടോ ചെക്ക് വഴിയോ ലഭിച്ചിട്ടുണ്ട്. 36 കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം(മൊത്തത്തില്‍ ഒരു കോടി 80 ലക്ഷം) നല്‍കിയെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, ആ പണത്തിന്റെ സ്രോതസ് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ബിബിസി പരാതിപ്പെടുന്നത്. അവരുടെ അന്വേഷണത്തില്‍ പറയുന്നത്, പണം ലഭിച്ചു എന്ന് സ്ഥിരീകരിക്കപ്പെട്ടവരുടെ കൈവശം അവര്‍ക്ക് പണം ലഭിക്കുന്നതിന്റെ ഫോട്ടോയും വീഡിയോകളുമുണ്ട്. പണം കൈമാറുമ്പോള്‍ യുപി പൊലീസിന്റെ സാന്നിധ്യവും ഉണ്ടായിരുന്നുവെന്ന് വീഡിയോകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും മനസിലാകും.
തിക്കിലും തിരക്കിലും പെട്ട് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട 19 കുടുംബങ്ങളെങ്കിലും ഉണ്ടെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞതായി ബിബിസി പറയുന്നു, എന്നാല്‍ അവര്‍ക്കാര്‍ക്കും സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ല എന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരകളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതില്‍ നിന്നും. വീഡിയോകളും ഫോട്ടോഗ്രാഫുകളും പരിശോധിച്ചതില്‍ നിന്നും ദൃക്‌സാക്ഷികളില്‍ നിന്നുമെല്ലാം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ബിബിസി അവകാശപ്പെടുന്നത്.
കുംഭമേളയിലെ തിക്കിലും തിരക്കിലും കൊല്ലപ്പെട്ടവരുടെ എണ്ണം 82 ലും കൂടുതലാകാം എന്നു പറഞ്ഞാണ് ബിബിസി റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. അന്വേഷണത്തില്‍ ഇക്കാര്യം മനസിലാക്കാന്‍ കഴിഞ്ഞെങ്കിലും, അവ സ്ഥിരീകരിച്ച് പറയാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ല, ലഭ്യമായ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് അവര്‍ 82 എന്ന് കണക്കില്‍ ഉറച്ചു നില്‍ക്കുന്നത്. യോഗി സര്‍ക്കാര്‍ മനുഷ്യരുടെ മരണത്തിലും കള്ളത്തരം കാണിച്ചുവെന്ന് തെളിയിക്കുകയാണവര്‍. Maha Kumbh stampede at least 82 dead, BBC investigation report
Content Summary; Maha Kumbh stampede at-least 82 dead, BBC investigation report
This post was last modified on June 10, 2025 3:50 pm
Leave a Comment