മാധ്യമങ്ങളെ നിരീക്ഷിക്കാൻ 10 കോടി രൂപ ചിലവിൽ മീഡിയ മോണിറ്ററിങ് സെന്റർ നിർമിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. പ്രിന്റ്, ഇലക്ട്രോണിക്, സോഷ്യൽ, ഡിജിറ്റൽ മീഡിയകളിൽ വരുന്ന സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വാർത്തകൾ നിരീക്ഷിക്കുന്നതിനായാണ് മീഡിയ മോണിറ്ററിങ് സെന്റർ കൊണ്ടുവരുന്നത്. മീഡിയ കവറേജ് വിശകലനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കുകയും സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തുകയും നടപടിയെടുക്കുകയും ചെയ്യും.
സർക്കാർ പദ്ധതികളും നയങ്ങളും ജനങ്ങളെ അറിയിക്കുന്നത് വിവിധ മാധ്യമങ്ങളിലൂടെയാണ്. ഈ വാർത്തകളെയെല്ലാം ഒരു കുടക്കീഴിൽ നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ഒരു മീഡിയ മോണിറ്ററിങ് സെന്റർ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് സംസ്ഥാന സർക്കാർ. ബുധനാഴ്ച്ച മഹാരാഷ്ട്ര സർക്കാർ പുറത്തിറക്കിയ പ്രമേയത്തിൽ വ്യക്തമാക്കി.
ആരോപണം ഉന്നയിക്കുന്നത് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പത്രക്കുറിപ്പോ, ബി.ജെ.പി ഐ.ടി സെല്ലോ?
വാർത്താ ആപ്ലിക്കേഷനുകളും, ഓൺലൈൻ വെബ് സൈറ്റുകളും ഉൾപ്പെടെ എല്ലാ വാർത്ത പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിക്കുന്ന പോസിറ്റീവും നെഗറ്റീവുമായ വാർത്തകളെ വിശകലനം ചെയ്ുന്നതിനുള്ള സ്വതന്ത്ര പദ്ധതിയാണിതെന്നും പ്രമേയത്തിൽ പറയുന്നു.
സംസ്ഥാനത്ത് അശാന്തി പരത്തുന്നതോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകളോ, വ്യാജ വാർത്തകളോ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിക്കും.
ഒരോ പ്രധാനപ്പെട്ട വാർത്തയുടെയും പേപ്പർ കട്ടിങ്, അല്ലെങ്കിൽ പിഡിഎഫ് ഫയലുകൾ ഉൾപ്പെടെയുള്ളവ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും. വാർത്തകളുടെ ടോൺ, വകുപ്പ്, വിഷയം, സംഭവം, വ്യക്തികൾ എന്നിവ പ്രകാരം തരംതിരിക്കുകയും ചെയ്യും.
മോണിറ്ററിങ് സെന്റർ രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയായിരിക്കും പ്രവർത്തിക്കു. പതിവായി അപ്‌ഡേറ്റുകൾ നൽകുകയും വിഷയം, ജില്ല, ഡിവിഷൻ, വ്യക്തികൾ എന്നിങ്ങനെ തരംതിരിച്ച് പ്രതിദിന, പ്രതിവാര, പ്രതിമാസ റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യും.
പുറത്ത് വന്ന പ്രമേയമനുസരിച്ച്, ഡയറക്ടർ ജനറൽ ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനം കാഴ്ച്ച വെക്കുമെന്നും വ്യക്തമാക്കുന്നു.
content summary; Maharashtra government to establish a media monitoring center with a budget of Rs 10 crore