January 22, 2025 |
Share on

ഗാന്ധിയുടെ ആത്മകഥ വായിക്കുന്ന ഗുജറാത്തികള്‍ കുറവാണ്, മലയാളികളാണ് കൂടുതല്‍

ജന്മനാട്ടില്‍ എന്തുകൊണ്ടായിരിക്കും ഗാന്ധി ഏറ്റവും കുറവായി വായിക്കപ്പെടുന്നത്?

ഇന്ത്യയുടെ രാഷ്ട്രപിതാവിനെ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ‘ ഗാന്ധി’ സിനിമയ്ക്കു മുമ്പ് ലോകത്തിന് അറിയില്ലായിരുന്നുവെന്നാണ് ഇന്ത്യയുടെ പ്രധാനമന്ത്രി പറയുന്നത്! ‘ഗാന്ധി’ സിനിമയ്ക്ക് മുമ്പ് മഹാത്മ ഗാന്ധിയെ ആര്‍ക്കും അറിയില്ലായിരുന്നുവെന്ന് നരേന്ദ്ര മോദി ബെന്‍ കിംഗ്സ്ലി ഗാന്ധിയായി വന്നതിനുശേഷമാണു ലോകത്തിന് മഹാത്മാ ഗാന്ധിയെക്കുറിച്ച് അറിയാന്‍ ജിജ്ഞാസ തോന്നിയതെന്നാണ് എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്ര മോദി അവകാശപ്പെടുന്നത്. മോദിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരേ വ്യാപക പ്രതിഷേധവും വിമര്‍ശനവുമാണ് ഉയരുന്നത്. mahatma gandhi’s autobiography more readers in kerala than gujarat 

2018 ല്‍ ദ ഇക്കണോമിക് ടൈംസില്‍ വന്നൊരു റിപ്പോര്‍ട്ട് ഈയവസരത്തില്‍ ഓര്‍ക്കുന്നത് കൗതുകകരമായിരിക്കും. ഗാന്ധി സ്വന്തം മാതൃഭാഷയായ ഗുജറാത്തിയില്‍ എഴുതിയ ആത്മകഥയായ-എന്റെ സത്യാന്വേഷണ പരീക്ഷണ കഥ(The Story of My Experiments with Truth) ഗുജറാത്തികളെക്കാള്‍ കൂടുതല്‍ വായിച്ചിരിക്കുന്നതെന്ന് മലയാളികളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റേത് ഇന്ത്യന്‍ ഭാഷകളേക്കാള്‍ മലയാളത്തിലും തമിഴിലുമുള്ള പതിപ്പുകളാണ് രാജ്യത്ത് ഏറ്റവുമധികം വായിക്കപ്പെട്ടതെന്ന് പറഞ്ഞത് നവജീവന്‍ ട്രസ്റ്റ് തന്നെയാണ്.

ഗുജറാത്തിയില്‍ ഗാന്ധിയെഴുതിയ ആത്മകഥ വിവിധ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട, ഇന്നും ലോകം ഒരു വിശുദ്ധ ഗ്രന്ഥം കണക്കെ സമീപിക്കുന്ന ഒന്നാണ്. എന്നാല്‍ സ്വന്തം മാതൃഭാഷയില്‍ അതിന്റെ വായന കുറവായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.

1927 ല്‍ ആണ്, ഗാന്ധി തന്നെ സ്ഥാപിച്ച പ്രസിദ്ധീകരണശാലയായ നവജീവന്‍ ട്രസ്റ്റ് ‘ എന്റെ സത്യാന്വേഷണ പരീക്ഷണ കഥകള്‍’ ആദ്യമായി അച്ചടിക്കുന്നത്. അന്നു മുതല്‍ 2018 ജൂലൈ വരെയുള്ള കണക്ക് പ്രകാരം 6,20,000 കോപ്പികള്‍ ഗുജറാത്തി ഭാഷയില്‍ അച്ചടിച്ചിറക്കി. അതേസമയം, 1927 ല്‍ തന്നെ പുറത്തിറക്കിയ ഇംഗ്ലീഷ് പതിപ്പ് ഇക്കാലത്തിനിടയില്‍(2018 ജൂലൈ വരെ) 2,042,500 കോപ്പികളാണ് ഇറക്കിയത്.

ആത്മകഥയുടെ ഹിന്ദി പതിപ്പ് പുറത്തിറങ്ങുന്നത് ആദ്യ പ്രസിദ്ധീകരണത്തിനും മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം മാത്രമാണ്; 1957 ല്‍. ഗാന്ധി കൊല്ലപ്പെട്ട് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം. എന്നിട്ടും, 2018 ജൂലൈ വരെ ആത്മകഥയുടെ ഹിന്ദി പതിപ്പിന്റെ 643,000 കോപ്പികള്‍ അച്ചടിച്ചു. ഗുജറാത്തി ഭാഷയിലുള്ളതിനേക്കാള്‍ ഇരട്ടി കോപ്പികള്‍. എന്നാല്‍ പോലും മലയാളം, തമിഴ് എഡിഷനുകളുമായി താരതമ്യം ചെയ്താല്‍ ഹിന്ദി പതിപ്പും പിന്നിലാണ്.

തമിഴ് പതിപ്പ് ആദ്യമായി പുറത്തിറങ്ങുന്നത് 1994 ജൂലൈയിലാണ്. 2018 ജൂലൈ വരെയുള്ള കണക്കില്‍ 700,000 തമിഴ് കോപ്പികളാണ് വിറ്റഴിഞ്ഞത്. എന്റെ സത്യാന്വേഷണ പരീക്ഷണ കഥകളുടെ മലയാളം പരിഭാഷ ആദ്യമായി പുറത്തിറങ്ങുന്നത് 1997 ലാണ്. 2018 ജൂലൈ വരെയുള്ള കണക്കില്‍ 778,000 കോപ്പികളാണ് മലയാളികള്‍ വാങ്ങിച്ചു വായിച്ചത്.

ഗാന്ധി സമാധാന പുരസ്‌കാരത്തിന് മോദി തെരഞ്ഞെടുത്തത് ഗാന്ധി ഘാതകര്‍ക്കു വേണ്ടി നിശബ്ദരായവരെ

ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിലേക്കാള്‍ കൂടുതലായി കേരളത്തില്‍ അദ്ദേഹത്തിന്റെ ആത്മകഥ വായിക്കപ്പെടാന്‍ കാരണം, ഇവിടുത്തെ ഉയര്‍ന്ന സാക്ഷരതയും വിപുലമായ വായന സംസ്‌കാരവുമാണെന്നായിരുന്നു നവജീവന്‍ മാനേജിംഗ് ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി വിവേക് ജിതേന്ദ്രഭായി ദേശായി അന്ന് ഇക്കണോമിക് ടൈംസിനോട് പറഞ്ഞത്. കേരളത്തിലെ വിതരണക്കാര്‍ ഒരു ലക്ഷം കോപ്പി കൂടി ആവശ്യപ്പെട്ടിരിക്കുന്ന കാര്യവും ദേശായി അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഗാന്ധിയുടെ ജന്മനാട്ടില്‍ അദ്ദേഹം കുറവ് വായിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തില്‍ നിന്നും ദേശായി ഒഴിഞ്ഞു മാറുകയാണുണ്ടായത്. ഉര്‍ദു, ഒറിയ, മണിപ്പൂരി, അസാമീസ്, സംസ്‌കൃതം, പഞ്ചാബി തുടങ്ങി 16 ഇന്ത്യന്‍ ഭാഷകളിലായി വിവര്‍ത്തനം ചെയ്യപ്പെട്ട ഗാന്ധി ആത്മകഥ 2018 വരെയുള്ള കണക്ക് പ്രകാരം 5,568,000 കോപ്പികളുടെ വില്‍പ്പന നടന്നിരുന്നു.

Post Thumbnail
സംഘപരിവാറിന്റെ വാട്‌സ് ആപ്പ് യൂണിവേഴ്സിറ്റി പൂട്ടിക്കാൻ ധ്രുവ് റാഠിവായിക്കുക

Content Summary; Mahatma gandhi’s autobiography more readers in kerala than gujarat

×