സാമ്പത്തിക തിരിമറി ആരോപിച്ച് ഡിജിറ്റല്‍ അറസ്റ്റിന് ശ്രമിച്ച തട്ടിപ്പ് സംഘത്തെ തന്ത്രപൂര്‍വ്വം കുടുക്കിയ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അശ്വഘോഷ് സൈന്തവെന്ന വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ പേരിലാണ് തട്ടിപ്പുകാര്‍ അശ്വഘോഷിനെ ഫോണില്‍ വിളിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അശ്വഘോഷിന് തട്ടിപ്പുകാരുടെ വിളിയെത്തിയത്. malayali on digital arrest
അശ്വഘോഷിന്റെ പേരിലുള്ള സിമ്മില്‍ നിന്നും പലര്‍ക്കും വ്യാജ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പറയുകയും ഉടന്‍ മുംബൈയിലെത്തണമെന്ന് അറിയിക്കുകയും ചെയ്തു. അതിന് കഴിയില്ലെങ്കില്‍ വീഡിയോ കോള്‍ വഴി വന്ന് മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ടെലികോം അതോറിറ്റിയുടെ ഉദ്യോഗസ്ഥനെന്ന പേരില്‍ പോലീസ് യൂണിഫോം ധരിച്ച ഒരാളെത്തി വിവരങ്ങള്‍ ശേഖരിച്ചു. തുടക്കം മുതല്‍ തന്നെ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ അശ്വഘോഷ് അവരുടെ ചോദ്യങ്ങള്‍ക്ക് പരിഹാസ രൂപേണയാണ് മറുപടി നല്‍കിയത്. മാത്രമല്ല തട്ടിപ്പുകാര്‍ മൊഴിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഒരു മണിക്കൂറോളം തട്ടിപ്പുകാര്‍ അശ്വഘോഷിനോട് സംസാരിച്ചു. ഒടുവില്‍ അമളി പറ്റിയെന്ന് മനസ്സിലായതോടെ തട്ടിപ്പ് സംഘം വീഡിയോ കോള്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അശ്വഘോഷ് പകര്‍ത്തിയ വീഡിയോ, ഫേസ്ബുക്ക് ലൈവ് വഴി പുറത്തുവിടുകയും നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. വീഡിയോ വൈറലായതോടെ കേരള പോലീസടക്കം അശ്വഘോഷിനെ അഭിനന്ദിച്ച് രംഗത്തെത്തി. നിരവധി പേരാണ് സൈബര്‍ കോഴ്സ് വിദ്യാര്‍ത്ഥിയായ അശ്വഘോഷിന്റെ സാമര്‍ത്ഥ്യത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. സൈബര്‍ തട്ടിപ്പിലൂടെ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായിരിക്കുന്നത്.
എന്താണ് ഡിജിറ്റല്‍ അറസ്റ്റ്
സൈബര്‍ തട്ടിപ്പുകളുടെ ലോകത്തിലെ ഒരു പുതിയ രീതിയാണ് ഡിജിറ്റല്‍ അറസ്റ്റ്. ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്ന് തട്ടിപ്പുകാര്‍ വീഡിയോ കോള്‍ വഴി ജനങ്ങളെ മൊബൈല്‍ സ്‌ക്രീനില്‍ തളച്ചിടുന്നതാണ് രീതി. അന്വേഷണ ഉദ്യോഗസ്ഥനെന്ന വ്യാജേനെയെത്തുന്ന തട്ടിപ്പുകാര്‍ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നാരോപിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും അവര്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. ശേഷം പണം തട്ടിയെത്ത് മുങ്ങുകയാണ് പതിവ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. എഐ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. പണം ലഭിക്കുന്നതുവരെ ഇരകളെ വീഡിയോ കോള്‍ പ്ലാറ്റ്ഫോമുകളിള്‍ നിര്‍ബന്ധിച്ച് നിര്‍ത്തുകയും അവരെ ഭയപ്പെടുത്തി പെട്ടെന്ന് തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇരകളെ പരിഭ്രാന്തരാക്കി പണം തട്ടിയെടുത്ത് മുങ്ങുകയാണ് സംഘത്തിന്റെ ലക്ഷ്യം.
ഡിജിറ്റല്‍ അറസ്റ്റുകളുടെ തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിയും വീഡിയോ കോളിലൂടെ അറസ്റ്റ് രേഖപ്പെടുത്തില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത്തരം തട്ടിപ്പ് നടത്തുന്നവര്‍ക്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കരുത്. അവര്‍ അയക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കലും പ്രധാനമാണ്. malayali on digital arrest
കേരള പോലീസ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച അശ്വഘോഷിന്റെ വൈറല്‍ വീഡിയോ
content summary; malayali on digital arrest