ഏഴിലക്കരയെന്ന സാങ്കല്‍പ്പിക ദേശത്തെ രണ്ട് പ്രമുഖ തറവാടുകള്‍. അവിടെ മംഗലശ്ശേരി നീലകണ്ഠനും മുണ്ടക്കല്‍ ശേഖരനും എന്ന് പേരുള്ള രണ്ട് ഫ്യൂഡല്‍ മാടമ്പികള്‍ കൊണ്ടും കൊടുത്തും ജീവിതം തീര്‍ക്കുന്നു. അച്ഛന്റെ പകയുടെയും ശത്രുതയുടെയും കണക്കുകള്‍ ചോദിക്കാനായി മകന്‍ കാര്‍ത്തികേയന്‍ വരുന്നു. അച്ഛന്റെ എതിരാളി മകന്റെയും ശത്രുവാകുന്നു. മകനെ രക്ഷിക്കാന്‍ അച്ഛന്‍ വീണ്ടും വരുന്നു….
രാഷ്ട്രീയ ശരികളുടെ കള്ളികളില്‍ നിര്‍ത്തി സിനിമ ഉല്‍പാദിപ്പിക്കുന്ന രാഷ്ട്രീയത്തെ പില്‍ക്കാലത്ത് കീറിമുറിച്ചിട്ടുണ്ട്. പക്ഷേ രഞ്ജിത്തിന്റെ ഈ കഥാപാത്രങ്ങള്‍ മലയാള സിനിമയിലേക്ക് ഒരു കസേര വലിച്ചിട്ടുണ്ട്. ഈ കഥയെ ഇംഗ്ലണ്ടിലേക്കും മാഞ്ചസ്റ്റര്‍ നഗരത്തിലേക്കും മാറ്റിയാല്‍ എങ്ങനെയിരിക്കും? എല്ലാ ചേരുവകളും ഒത്തുചേര്‍ന്ന ഒരു കഥ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും പറയാനുണ്ട്.
പോയ ആഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയും ആര്‍സനലും തമ്മില്‍ എമിറേറ്റ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടി. സിറ്റി വലയിലേക്ക് ഒന്നിനെതിരെ അഞ്ചുഗോളുകള്‍ ഗണ്ണേഴ്‌സ് അടിച്ചുകയറ്റി. മത്സരത്തിലെ വിജയം ആര്‍സനല്‍ ആഘോഷിച്ചത് എര്‍ലിങ് ഹാളണ്ടിന്റെ സെലിബ്രേഷനെ പരിഹസിച്ചും ഹാളണ്ടിനെ ക്ഷുഭിതനാക്കിയുമാണ്. തൊട്ടുപിന്നാലെ ആര്‍സനലിനെ പരിഹസിച്ച് എര്‍ലിങ് ഹാളണ്ടിന്റെ പിതാവ് ആല്‍ഫി രംഗത്തെത്തുന്നതും കാല്‍പന്ത് ലോകം കണ്ടു.
സെപ്റ്റംബര്‍ 27, 1997
പ്രീമിയര്‍ ലീഗീലെ ഉഗ്രപ്രതാപികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലീഡ്‌സ് യുനൈറ്റഡും തമ്മില്‍ പോരടിക്കുന്നു. യുനൈറ്റഡിനോട് മുട്ടിനില്‍ക്കാവുന്ന ടീമൊന്നും ലീഡ്‌സിനില്ല എന്നത് നേരാണ്. പക്ഷേ പ്രാദേശികവും ചരിത്രപരവുമായ കാരണങ്ങളാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലീഡ്‌സും തമ്മില്‍ ബദ്ധവൈരികളാണ്. അതുകൊണ്ടുതന്നെ ആരവത്തിനും ആവേശത്തിനും കുറവുണ്ടായിരുന്നില്ല. എറിക് കണ്ടോണയെന്ന ഇതിഹാസ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കലിനെത്തുടര്‍ന്ന് യുനൈറ്റഡ് ക്യാപ്റ്റനെന്ന പ്രസ്റ്റീജിയന്‍ ആംബാന്‍ഡ് അണിഞ്ഞിരിക്കുന്നത് റോയ് കീനാണ്. പക്ഷേ ചെങ്കുപ്പായക്കാരെ ഞെട്ടിച്ചുകൊണ്ട് 38ാം മിനുറ്റില്‍ തന്നെ ലീഡ്‌സ് ഗോള്‍ നേടി. അലക്‌സ് ഫെര്‍ഗൂസന്റെ തന്ത്രങ്ങളില്‍ പന്തുതട്ടുന്ന യുനൈറ്റഡ് സമനിലക്ക് വേണ്ടിയുള്ള കഠിന പ്രയത്‌നത്തിലാണ്. ആല്‍ഫി ഹാളണ്ടെന്ന നോര്‍വെക്കാരന്‍ ലീഡ്‌സിനായി മിന്നും പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
പരിക്കേറ്റ റോയ് കീനിന് നേരെ ആക്രോശിക്കുന്ന ആൽഫി ഹാളണ്ട്
മത്സരത്തിലേക്ക് തിരിച്ചുവരനായി യുനൈറ്റഡ് ശ്രമിക്കവേയാണ് ഭീതി പടര്‍ത്തി ആല്‍ഫി വീണ്ടും ബോക്‌സിലേക്ക് ഓടിക്കയറുന്നത്. അപകടം മണത്ത കീന്‍ ആല്‍ഫിയെ തടുത്തുനിര്‍ത്താനോടി. പക്ഷേ പിന്നീട് മൈതാനം കാണുന്നത് നിലത്ത് വീഴുന്നത് കീനിനെയാണ്. വേദനകൊണ്ട് നിലത്ത് പുളയുന്ന കീനിന്റെ അടുത്തേക്ക് ആല്‍ഫി ഓടിയെത്തി. എന്നെ ഫൗള്‍ ചെയ്യാന്‍ ശ്രമിച്ചിട്ട് ഇപ്പോള്‍ അഭിനയിക്കുന്നോ എന്നായിരുന്നു ആല്‍ഫിയുടെ ആക്രോശം. വേദനയില്‍ മൈതാനത്ത് കിടക്കുന്ന നേരത്തും കീന്‍ ആ ആക്രോശം വ്യക്തമായിത്തന്നെ കേട്ടു. പക്ഷേ അതൊരു അഭിനയമായിരുന്നില്ല. ഗുരുതരമായ ആ പരിക്കിനെത്തുടര്‍ന്ന് തന്റെ കരിയറിലെ സുപ്രധാനമായ സീസണിലെ ഒരുപാട് മത്സരങ്ങള്‍ കീനിന് നഷ്ടമായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനാകട്ടെ, ആ സീസണില്‍ ലീഗ് കിരീടം ആഴ്‌സനലിന് മുമ്പില്‍ അടിയറവ് വെക്കേണ്ടി വന്നു. കീനിന്റെ അഭാവം യുനൈറ്റഡിന് വലിയ വിനയായി മാറിയതായി വിലയിരുത്തലുകളുണ്ടായി.
2001 ഏപ്രില്‍ 21
ഇംഗ്ലീഷ് കലണ്ടര്‍ മുന്നോട്ട് മറിഞ്ഞു. കളത്തിലേക്ക് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയ റോയ് കീന്‍ അലക്‌സ് ഫെര്‍ഗൂസന്റെ വിഖ്യാതമായ ആ യുനൈറ്റഡ് സംഘത്തിലെ നിര്‍ണായക സാന്നിധ്യമായി. ആല്‍ഫിയാകട്ടെ, ലീഡ്‌സ് വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയിരുന്നു. കിരീടം അരക്കിട്ടുറപ്പിക്കാനായി യുനൈറ്റഡും തരം താഴ്ത്തല്‍ ഒഴിവാക്കാനായി സിറ്റിയും പോരിനൊരുങ്ങി. നഗര വൈരികള്‍ തമ്മിലുള്ള പോരാട്ടത്തിനായി മാഞ്ചസ്റ്റര്‍ നഗരം ചുവപ്പും നീലയുമായിത്തിരിഞ്ഞു. യുനൈറ്റഡ് തട്ടകമായ ഓള്‍ഡ് ട്രോഫോഡിലേക്ക് പോരടിക്കാന്‍ സിറ്റിയെത്തി.
മത്സരം തുടങ്ങി. 71ഓം മിനുറ്റില്‍ ടെഡ്ഡി ഷെറിങ്ഹാമിലൂടെ മുന്നിലെത്തിയ യുനൈറ്റഡിനെ ഞെട്ടിച്ച് 84ാം മിനുറ്റില്‍ സ്റ്റീവ് ഹോവ്‌ലിമ സിറ്റിക്ക് സമനില നല്‍കി. മത്സരം അവസാനിക്കാന്‍ 5 മിനിറ്റ് കൂടി മാത്രമേ ബാക്കിയുള്ളൂ.
അതിനിടയിലാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആ ദൃശ്യം സംഭവിക്കുന്നത്. കാലങ്ങളായി സൂക്ഷിച്ച പകയുടെ കനലിന് കീന്‍ തിരികൊളുത്തി. ഗാലറിയെ ഞെട്ടിച്ചുകൊണ്ട് ആല്‍ഫിക്ക് നേരെ റോയ് കീന്‍ അപകടമായൊരു ഫൗള്‍ നടത്തുന്നു. പന്തല്ല, ആല്‍ഫിയുടെ കാലായിരുന്നു കീനിന്റെ ലക്ഷ്യമെന്ന് അത് കണ്ടവരെല്ലാം ഉറപ്പിച്ചു. കീനിന്റെ ചവിട്ടേറ്റ ആല്‍ഫി നിലത്തുവീണു. ഒരു സംശയവുമില്ലാതെ റഫറി കീനിന് നേരെ ഉടന്‍ ചുവപ്പുകാര്‍ഡുയര്‍ത്തി. വീണുകിടക്കുന്ന ആല്‍ഫിക്ക് അരികിലെത്തി കീന്‍ അലറി വിളിച്ചു. ”ഇനി എന്റെ അരികില്‍ വന്ന് ഞാന്‍ അഭിനയിക്കുകയാണെന്ന് പറയരുത്. നിന്റെ കൂട്ടുകാരനായ വെതറാലിനോട് പറഞ്ഞേക്ക്. അവനുള്ളതും വരുന്നുണ്ടെന്ന്”. കീനിന് നേരെ അധികൃതരുടെ കടുത്ത നടപടി വന്നു. 5000 പൗണ്ട് ഫൈനിനും മൂന്നുമത്സരങ്ങളില്‍ വിലക്കും ശിക്ഷയായി വിധിച്ചു.
ആൽഫി ഹാളണ്ടിനെ ചവിട്ടി വീഴ്ത്തുന്ന റോയ് കീൻ
ആല്‍ഫി അന്നത്തെ മത്സരം 90 മിനുറ്റും കളിച്ച് പൂര്‍ത്തിയാക്കി. ഓള്‍ഡ് ട്രാഫോഡില്‍ വന്ന് സിറ്റി അഭിമാനകരമായ സമനിലയും പിടിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ആല്‍ഫി നോര്‍വെക്കായും കളത്തിലിറങ്ങി. പക്ഷേ പിന്നീടൊരിക്കലും ആല്‍ഫിക്ക് 90 മിനുറ്റും കളത്തിലിറങ്ങാനായില്ല. റോയ് കീനിന് നേരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ഇടത് കാലിലെ പരിക്കില്‍ ആല്‍ഫി വലയുന്ന കാലത്താണ് വലത് കാലിനെ കീന്‍ ലക്ഷ്യമിട്ടത്. പിന്നീടങ്ങോട്ട് ചികിത്സകളുടെ കാലമായിരുന്നു. പക്ഷേ ആല്‍ഫിക്ക് ഒരിക്കലും കളത്തിലേക്ക് മടങ്ങിവരാനായില്ല. ഫലത്തില്‍ അനേകം സ്വപ്നങ്ങളുമായി വന്ന ആ നോര്‍വേക്കാരന്റെ അവസാന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരമായിരുന്നു അന്ന് നടന്നത്.
നിലത്തുവീണ ആൽഫിക്ക് നേരെ ആക്രോശിക്കുന്ന റോയ് കീൻ
തുടരുന്ന പക
എന്നാല്‍ ഹൈപ്പര്‍ അഗ്രസീവായ കീനിന്റെ ദേഷ്യവും പകയും തീര്‍ന്നില്ല. 2002 ഓഗസ്റ്റില്‍ കീന്‍ തന്റെ ആത്മകഥ പുറത്തിറക്കി. ആ പകവീട്ടാന്‍ ഞാനൊരുപാട് നാളായി കാത്തിരിക്കുകയാണെന്ന ആത്മകഥയിലെ വാചകങ്ങള്‍ ഫുട്‌ബോള്‍ ലോകം ഞെട്ടലോടെയാണ് വായിച്ചത്. ആത്മകഥയില്‍ ആല്‍ഫിക്ക് നേരെ അസഭ്യപ്രയോഗങ്ങളും നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് കീനിന് വീണ്ടും അഞ്ചുമത്സരങ്ങളുടെ വിലക്കും 150,000 രൂപ പൗണ്ട് ഫൈനും വിധിച്ചു. കീനിന് നേരെ മാഞ്ചസ്റ്റര്‍ സിറ്റി കേസ് കൊടുക്കാനൊരുങ്ങി. അതിനിടയില്‍ പരിക്കുകളില്‍ നിന്നും ഇനിയൊരു മോചനമില്ലെന്ന് കണ്ട ആല്‍ഫി, 31ാം വയസ്സില്‍ അകാലത്തില്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. 2005 വരെ സിറ്റിയുമായുള്ള കരാര്‍ നീണ്ടിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് അത് പിന്‍വലിക്കപ്പെട്ടു. പക്ഷേ കീന്‍ കുറ്റബോധമോ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ വേദവാക്യങ്ങളോ പുലര്‍ത്തിയില്ല. അവന്‍ അര്‍ഹിച്ചത് നേടിയെന്നാണ് കീന്‍ അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ച് പറഞ്ഞത്. കളിക്കളത്തില്‍ തന്നെ ചവിട്ടിയതിനേക്കാള്‍ ആ ആത്മകഥയിലെ വാചകങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന് ആല്‍ഫി ഉള്ളില്‍ തട്ടിപ്പറഞ്ഞു. അത് ഇംഗ്ലണ്ടില്‍ കളിച്ച അവസാനത്തെ 90 മിനുറ്റാണെങ്കിലും എന്റെ കരിയര്‍ അവസാനിച്ചതിന് കാരണം കീന്‍ ആണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ആല്‍ഫി കൂട്ടിച്ചേര്‍ത്തു. പകവീട്ടുകയായിരുന്നുവെന്ന ആ പരാമര്‍ശം ഒരു ഫുട്‌ബോളര്‍ക്ക് ചേര്‍ന്നതല്ലെന്നും ആല്‍ഫി കീനിനെ ഓര്‍മിപ്പിച്ചു.
രണ്ടാം ഭാഗം
പക്ഷേ ഈ പ്രതികാര കഥക്ക് ഒരു രണ്ടാം ഭാഗം കൂടിയുണ്ടായിരുന്നൂ. ആല്‍ഫി കളിനിര്‍ത്തുന്ന കാലത്ത് വീട്ടില്‍ സ്വര്‍ണത്തലമുടിയുള്ള ഒരു കുട്ടി മുട്ടിലിഴഞ്ഞു നടന്നിരുന്നു. എര്‍ലിങ് എന്ന് പേരുള്ള ആ കുട്ടി അച്ഛനേക്കാള്‍ പ്രശസ്തനായി. അച്ഛന്റെ കരിയര്‍ അവസാനിച്ച സിറ്റിയുടെ അതേ നീലക്കുപ്പായത്തില്‍ ഇന്നവന്‍ പന്തുതട്ടുന്നു. കാലാന്തരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പെരുമ മങ്ങി. പുതിയ മുതലാളിമാര്‍ ഏറ്റെടുത്ത സിറ്റി കൂടുതല്‍ ശക്തരായി മാറി. അച്ഛന്റെ എതിരാളികളായ യുനൈറ്റഡിനെതിരെ എര്‍ലിങ് ഹാളണ്ടിന് മികച്ച റെക്കോര്‍ഡാണുള്ളത്.
എർലിങ് ഹാളണ്ടും ആൽഫി ഹാളണ്ടും
പക്ഷേ കീനിന്റെ പകയുടെ മുനകള്‍ എര്‍ലിങ് നേരെയും നീണ്ടു. പോയ പ്രീമിയര്‍ ലീഗ് സീസണില്‍ ഏതാനും മത്സരങ്ങളില്‍ നിറം മങ്ങിയതിന് പിന്നാലെ ഹാളണ്ട് ഒരുപാട് മെച്ചപ്പെടാനുള്ളതും രണ്ടാം നിരലീഗില്‍ കളിക്കേണ്ടവനാണെന്നും കീന്‍ അധിക്ഷേപിച്ചിരുന്നു. തൊട്ടുപിന്നാലെ വോള്‍വ്‌സിനെതിരെയുള്ള മത്സരത്തില്‍ നാലുഗോളുകള്‍ നേടി ഹാളണ്ട് മറുപടി നല്‍കി. മത്സരം അവസാനിപ്പിച്ചുവന്ന ഹാളണ്ടിനോട് കീനിന്റെ അധിക്ഷേപത്തെക്കുറിച്ച് മാധ്യപ്രവര്‍ത്തകള്‍ ചോദിച്ചു. അയാള്‍ പറയുന്നതൊന്നും ഞാന്‍ കാര്യമാക്കുന്നില്ലെന്നായിരുന്നു ഹാളണ്ടിന്റെ മറുപടി.
ബ്യൂട്ടിഫുള്‍ ഗെയിമൊന്നും തെരുവുകളുടെ കളിയെന്നുമൊക്കെ ഫുട്‌ബോളിനെ വിളിക്കാറുണ്ട്. ഒരു വശത്ത് അതങ്ങനെയാണെങ്കിലും മറുവശത്ത് ആണ്‍ പ്രതികാരങ്ങളുടെയും ഹിംസയുടെയുമെല്ലാം കഥകളും അതില്‍ പറ്റിപ്പിടിച്ചിരിപ്പുണ്ട്. Manchester City Arsenal fight; Clash and feud on the Football field
Content Summary; Manchester City Arsenal fight; Clash and feud on the Football field