December 13, 2024 |
Share on

ഫാസില്‍ എന്ന സര്‍വകലാശാലയും മണിച്ചിത്രത്താഴ് എന്ന പാഠപുസ്തകവും

അനുഭവങ്ങള്‍ പങ്കുവച്ച് സംവിധായകന്‍ എസ്എല്‍ പുരം ജയസൂര്യ

മലയാളിയെ മൊത്തം മാന്ത്രികത്താഴിട്ട് പൂട്ടിയ സിനിമ. മൂന്നു പതിറ്റാണ്ട് കഴിയുമ്പോഴും തെക്കിനിയിലെ ആത്മാവെന്ന പോലെ, നമ്മളോരോരുത്തരും ഈ ഫാസില്‍ ചിത്രത്തിന്റെ ബന്ധനത്തില്‍ അകപ്പെട്ടവരാണ്; പുറത്തു കടക്കരുതെന്ന്‌ ആഗ്രഹിക്കുന്നവര്‍. ഒരിക്കലും തീരല്ലേ എന്ന് തോന്നിപ്പിക്കുന്ന അപൂര്‍വ ചലച്ചിത്ര കാവ്യം. മണിച്ചിത്രത്താഴിനെക്കുറിച്ച് വാചാലമാകാന്‍ എന്തെന്തെല്ലാം കാരണങ്ങള്‍.

അങ്ങനെയെങ്കില്‍ ആ സിനിമയുടെ പിറവിയില്‍ ഒപ്പമുണ്ടായിരുന്നൊരാള്‍ക്ക് പറയാന്‍ എത്രയേറെ കാണണം!

ദിലീപ് നായകനായ സ്പീഡ് ട്രാക്കിലൂടെ സ്വതന്ത്ര സംവിധായകന്‍. ആദ്യ ചിത്രം തന്നെ ഹിറ്റ്. രണ്ടാമത്തെ സിനിമയില്‍ സാക്ഷാല്‍ മോഹന്‍ലാല്‍. ദിലീപിനെയും അര്‍ജുനെയും പ്രധാന കഥാപാത്രങ്ങളാക്കി ജാക് ഡാനിയേല്‍. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കിടയിലാണ് എസ് എല്‍ പുരം ജയസൂര്യയുടെ സ്ഥാനം. സ്വന്തം ചിത്രങ്ങള്‍ ഉള്ളപ്പോഴും ജയസൂര്യ ഏറെ ആവേശത്തോടെ സംസാരിക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. ജയസൂര്യ അസിസ്റ്റന്‍ ഡയറക്ടായ സിനിമ. പുല്ലാറ്റുപുറം നമ്പൂതിരിപ്പാടിന്റെ മാന്ത്രിക കളത്തിലേക്കെന്നപോലെ, പ്രേക്ഷകനെ ഒരിക്കല്‍ കൂടി ഗംഗയും നാഗവല്ലിയും സണ്ണിയും നകുലനുമെല്ലാം ചേര്‍ന്ന് ക്ഷണിക്കുമ്പോള്‍, ഏറെ അനുഭവങ്ങള്‍ സമ്മാനിച്ച, ഒരു സംവിധായകനിലേക്കുള്ള വളര്‍ച്ചയെ സഹായിച്ച മണിച്ചിത്രത്താഴിനെക്കുറിച്ചും ഗുരുനാഥനെ കുറിച്ചും ജയസൂര്യയ്ക്ക് പറയാനധികമുണ്ട്…

director sl puram jayasurya

എസ് എല്‍ പുരം ജയസൂര്യ

അച്ഛന്റെ അനുഗ്രഹത്തോടെ ചേര്‍ന്ന സര്‍വകലാശാല
ഒരേ നാട്ടുകാരും ഒരുമിച്ച് സിനിമ ചെയ്തവരുമാണ് എസ് എല്‍ പുരം സദാനന്ദനും ഫാസിലും. സിനിമ പഠിക്കണമെന്ന ആഗ്രഹമുണ്ടായപ്പോള്‍ മൂത്തമകനെ എസ് എല്‍ പുരം മറ്റ് ആലോചനകളൊന്നുമില്ലാതെ പറഞ്ഞയച്ചത് ഫാസില്‍ എന്ന സര്‍വകലാശാലയിലേക്കായിരുന്നു. അവിടെ നിന്നാണ് ജയസൂര്യ സിനിമ എന്താണെന്ന് പഠിച്ചത്.

പപ്പയുടെ സ്വന്തം ആപ്പൂസ് ആണ് അസിസ്റ്റന്റ് ആകുന്ന ആദ്യ സിനിമ. പക്ഷേ, ആ ‘ക്ലാസില്‍’ ആദ്യം മുതല്‍ ഇരിക്കാന്‍ കഴിഞ്ഞില്ല. ഷൂട്ടിംഗ് തീരാന്‍ അഞ്ചു ദിവസം ബാക്കി നില്‍ക്കെയാണ് അഡ്മിഷന്‍ കിട്ടിയത്. അത്രയും ദിവസങ്ങള്‍ കൊണ്ട് ഒരു സിനിമ പഠിതാവ് മനസിലാക്കേണ്ട ചില അടിസ്ഥാന പ്രമാണങ്ങള്‍ പഠിച്ചെടുത്തു. അതിലൊന്ന്; ബ്രേക്ക് സമയത്ത് പോലും ഒരു അസിസ്റ്റന്റ് കര്‍മനിരതനായിരിക്കണം.

ആ കാലത്ത് രണ്ട് അസോഷ്യേറ്റുകളും ഒമ്പത് അസിസ്റ്റന്റുമാരുമായിരുന്നു ഫാസിലിനൊപ്പം ഉണ്ടായിരുന്നത്. ഷാജിയും ബിജുവുമാണ് അസോഷ്യേറ്റ്സ്. പ്രിന്‍സിപ്പാളായ ഫാസിലിനെപ്പോലെ കൂടെ നില്‍ക്കുന്നവര്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതിന് സന്തോഷം മാത്രമുള്ള രണ്ടു പേര്‍.

തമിഴില്‍ ഒന്നാം പാഠം
മമ്മൂട്ടിയെ നായകനാക്കി തമിഴില്‍ ഫാസില്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘കിളിപ്പേച്ച് കേട്കവാ’യിലാണ് ജയസൂര്യ ഒരു പൂര്‍ണ സമയ അസിസ്റ്റന്റ് ആകുന്നത്. സെറ്റ് കണ്ടിന്യൂറ്റിയായിരുന്നു ചുമതല. ആത്മാര്‍ത്ഥമായി പണിയെടുത്തു. സിനിമ പഠിക്കാനുള്ള ഉത്സാഹമായിരുന്നു മനസില്‍.

വലിയ കുഴപ്പക്കാരെയല്ലാതെ ഫാസില്‍ ആരെയും പറഞ്ഞു വിടാറില്ല. മുന്‍ ചിത്രത്തിനൊപ്പം ഉണ്ടായിരുന്നവരെ നിലനിര്‍ത്തും. എന്നാല്‍ മണിച്ചിത്രത്താഴിലേക്ക് വിളിക്കുമ്പോള്‍ ജയസൂര്യയ്ക്ക് ഞെട്ടലുണ്ടാക്കുന്നൊരു കാര്യം ഫാസില്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു.

manichitrathazhu title

ഭാഗ്യമോ വെല്ലുവിളിയോ
‘കിളിപ്പേച്ച് കേട്കവ’ എന്ന ഒറ്റപ്പടത്തിന്റെ അനുഭവത്തിലാണ് മണിച്ചിത്രത്താഴില്‍ ജോയിന്‍ ചെയ്യുന്നത്. ആ പടത്തില്‍ സാര്‍ എന്നെ ഏല്‍പ്പിച്ചത് ഡ്രസ് കണ്ടിന്യൂറ്റി ആയിരുന്നു’.

31 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ അനുഭവത്തെക്കുറിച്ച് പറയുമ്പോള്‍ ജയസൂര്യയുടെ വാക്കുകളിലെ പരിഭ്രമം തിരിച്ചറിയാം.

പതിനഞ്ചോളം പ്രധാന ആര്‍ട്ടിസ്റ്റുകളുണ്ട്. ഒരേ സമയം രണ്ട് യൂണിറ്റുകളായി  ഷൂട്ടിംഗ്. കോസ്റ്റ്യൂം റൂമില്‍ നിന്ന് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ. വസ്ത്രം, തൊട്ട് കമ്മലും ഹെയര്‍ സ്‌റ്റൈലുമെല്ലാം വരച്ചും എഴുതിയും സൂക്ഷിക്കണം. ഇന്ന് അസിസ്റ്റന്റുമാര്‍ക്ക് മൊബൈലില്‍ ഫോട്ടോയെടുത്ത് സീന്‍ നമ്പര്‍ എഴുതി സേവ് ചെയ്തുവയ്ക്കാം.

ടെക്‌നോളജി പത്തുതലയും വിരിച്ച് നില്‍ക്കുന്ന ഡിജിറ്റല്‍ കാലത്തും ഡ്രസ് കണ്ടിന്യൂറ്റിയില്‍ തെറ്റ് പറ്റുന്നു. 31 വര്‍ഷങ്ങള്‍ക്കു മുമ്പ് മണിച്ചിത്രത്താഴ് പോലൊരു സിനിമയിലെ ഡ്രസ് കണ്ടിന്യൂറ്റി നോക്കേണ്ടി വരുന്നൊരാളുടെ മാനസികാവസ്ഥ ആലോചിച്ചു നോക്കൂ.

രണ്ട് യൂണിറ്റുകളായാണ് ഷൂട്ടിംഗ്. ഒന്ന് ഫാസില്‍ സാര്‍ നോക്കുമ്പോള്‍, രണ്ടാമത്തെ യൂണിറ്റില്‍ പ്രിയന്‍ സാറോ, സിബി സാറോ അല്ലെങ്കില്‍ സിദ്ധിഖ്-ലാല്‍മാരോ ആയിരിക്കും. വളരെ സങ്കീര്‍ണമായ സിനിമ ഏറ്റവും ചുരുങ്ങിയ സമയത്ത് തീര്‍ക്കാനുള്ള ഫാസില്‍ എന്ന ഫിലിം മേക്കറുടെ പ്ലാനിംഗ് ആയിരുന്നുവത്. ഒരു സിനിമ എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്നറിയാവുന്ന ബിസിനസ്മാന്‍കൂടിയായിരുന്നു അദ്ദേഹം. ഏറ്റവും പ്രഗത്ഭരായ സംവിധായകരെയാണ് തന്റെ സിനിമയ്ക്കായി കൊണ്ടുവന്നത്. തനിക്ക് വേണ്ടത് എന്താണോ അത് വ്യക്തമായി മറ്റു സംവിധായകര്‍ക്ക് പറഞ്ഞു കൊടുത്തു. അവരത് കൃത്യമായി തിരിച്ചു കൊടുത്തു. ഒരുപക്ഷേ മലയാളത്തില്‍ ആദ്യമായിട്ടായിരിക്കാം ഇത്രയും സംവിധായകര്‍ ഒരു സിനിമയ്ക്ക് വേണ്ടി ഒരുമിക്കുന്നത്. പ്രിയന്‍ സാര്‍, സിബി സാര്‍, സിദ്ധിഖ്-ലാല്‍മാര്‍; ഇവരൊക്കെ ഷൂട്ട് ചെയ്ത രംഗങ്ങള്‍ ഏതൊക്കെയാണെന്ന് റിലീസിംഗ് സമയത്ത് പുറത്തു വിട്ടിരുന്നു. സാറതൊക്കെ കൃത്യമായി സിനിമയ്ക്ക് വേണ്ടി മാര്‍ക്കറ്റ് ചെയ്തു.

അല്ലിയെ ആരോ ഓടിച്ച് മുറിയില്‍ പൂട്ടിയിടുന്ന സീന്‍ പ്രിയദര്‍ശനാണ് എടുത്തത്. അതുപോലെ, ഇന്നസെന്റ് ചെയ്ത ഉണ്ണിത്താനെ കൊട്ടയുടെ അടിയിലെ പൂച്ച പേടിപ്പിക്കുന്ന രംഗവും പ്രിയനാണ് ചെയ്തത്. പലവട്ടം പൂക്കാലം എന്ന പാട്ട് സീന്‍ ചിത്രീകരിച്ചത് സിബി മലയിലാണ്‌. മാടമ്പള്ളിയിലെ താക്കോലെടുക്കാന്‍ ഉണ്ണിത്താനും ദാസപ്പന്‍ കുട്ടിയും പോകുന്നത് സിദ്ധിഖ്-ലാല്‍മാരാണ് ഷൂട്ട് ചെയ്തത്.

എന്നെ സംബന്ധിച്ച് കിട്ടിയ ഭാഗ്യം, ഒറ്റ സിനിമയില്‍ നാല് സംവിധായകരുടെ രീതികള്‍ കണ്ട് പഠിക്കാന്‍ സാധിച്ചതാണ്. ഭാഗ്യം ആകുമ്പോള്‍ തന്നെ വെല്ലുവിളിയുമായിരുന്നു. ഡ്രസ് കണ്ടിന്യൂറ്റി നോക്കുന്നൊരാള്‍ എന്ന നിലയില്‍ രണ്ട് യൂണിറ്റുകളിലും ശ്രദ്ധിക്കണം. തക്കല കൊട്ടാരത്തിലും തൃപ്പൂണിത്തുറ കൊട്ടാരത്തിലുമാണ് ഷൂട്ടിംഗ്. ഒരു ലൊക്കേഷനിലാണെങ്കില്‍ തന്നെയും കൊട്ടാരത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തണമെങ്കില്‍ ചുരുങ്ങിയത് ഒരു കിലോമീറ്ററെങ്കിലും വേണം!

15 പ്രധാന ആര്‍ട്ടിസ്റ്റുകള്‍ സിനിമയിലുടനീളം വരുന്നുണ്ട്. കോസ്റ്റ്യൂംസ് മാറിപ്പോകരുത്, ഒരു നിമിഷം ശ്രദ്ധ പാളിയാല്‍, എല്ലാം തെറ്റും’

പേടിച്ചതു പോലൊന്നു നടന്നു. ആ കഥയിങ്ങനെയാണ്;

കമ്മലുണ്ടാക്കിയ കണ്‍ഫ്യൂഷന്‍
‘കിളിപ്പേച്ച് കേട്കവാ മുതല്‍ സ്‌ക്രിപ്റ്റിന്റെ ഒരു പതിപ്പ് ഞാന്‍ പകര്‍ത്തിയെടുക്കും. സ്‌ക്രിപ്റ്റ് മനസിലാക്കുന്നൊരാളാണ് ഒരു നല്ല ഡയറക്ടറാകുന്നത്. തിരക്കഥ മുമ്പേ വായിക്കുന്നതുകൊണ്ടുള്ള ഗുണം എടുക്കാന്‍ പോകുന്ന സീനിനെക്കുറിച്ച് ധാരണ കിട്ടും.

ചിരപ്രതിഷ്ഠമായി തീര്‍ന്ന വിടമാട്ടേന്‍… ഡയലോഗ് വരുന്ന സീനുമായി ബന്ധപ്പെട്ടാണ് സംഭവം. ആ സീന്‍ തലേദിവസം ഷൂട്ട് ചെയ്തതാണ്. സാറിന് അതിനൊരു എക്സ്റ്റന്‍ഷന്‍ വേണമെന്ന് തോന്നി. കട്ടിലില്‍ മയങ്ങി കിടക്കുന്ന ശോഭനയെ കണ്ണീരോടെ സുരേഷ് ഗോപി പൊക്കിയെടുത്ത്‌ ഉമ്മ കൊടുക്കുന്നു, ഇതായിരുന്നു സാറിന് വേണ്ടത്.

പിറ്റേ ദിവസം ഈ ഷോട്ട് എടുക്കുമ്പോള്‍ ചെറിയൊരു പ്രശ്നം. തലേ ദിവസം ചെയ്ത സീനില്‍ ശോഭന ധരിച്ചിരുന്ന കമ്മല്ലേതായിരുന്നു? ശോഭന കൊടക്കമ്മലാണ് ഉപയോഗിക്കുന്നത്. ചെറുതുമുണ്ട്, വലതും. ഇതിലേതാണ് ഉപയോഗിച്ചത്? ശോഭനയ്ക്കും ഓര്‍മയില്ല. ആ യൂണിറ്റില്‍ മറ്റൊരാളാണ് കോസ്റ്റ്യൂം കണ്ടിന്യൂറ്റി നോക്കുന്നത്. പലര്‍ക്കായി ഏല്‍പ്പിച്ചിരിക്കുന്ന ചുമതലകള്‍ ഏകോപിപ്പിക്കേണ്ട ഉത്തരവാദിത്തമാണ് എനിക്ക്. കമ്മല്‍ വലിയ കണ്‍ഫ്യൂഷനായി. ഷാജിയാണ് എന്നോട് ചോദിക്കാമെന്നു പറഞ്ഞത്. ഉടനെ ആളെ വിട്ട് എന്നെ വിളിപ്പിച്ചു. തലേദിവസം ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞാനവിടെ പോയിരുന്നു. മറ്റേ യൂണിറ്റിലെ വര്‍ക്ക് നേരത്തെ തീര്‍ന്നതുകൊണ്ട് ഈ സീന്‍ ഇവിടെ എടുക്കുന്നതായി അറിഞ്ഞ് ഓടി വന്നതാണ്. എനിക്ക് അവിടെ ഡ്രസ് കണ്ടിന്യൂറ്റി നോക്കേണ്ടതില്ലായിരുന്നെങ്കിലും ശീലത്തിന്റെ ഭാഗമായി കൈയിലുണ്ടായിരുന്ന സ്‌ക്രിപ്റ്റില്‍ ശോഭനയുടെയും സുരേഷ് ഗോപിയുടെയും കോസ്റ്റിയൂം ഡീറ്റെയ്ല്‍സ് എഴുതി വച്ചു.

ഏത് കമ്മലായിരുന്നുവെന്ന് സാര്‍ ചോദിച്ചപ്പോള്‍ എനിക്കു സംശയമില്ലായിരുന്നു; വലിയ കൊടക്കമ്മല്‍.

ശോഭന സമ്മതിക്കുന്നില്ല. അങ്ങനെയൊരു കമ്മല്‍ ഇട്ടിട്ടേയില്ലെന്നാണ് അവര്‍ പറയുന്നത്. സ്‌ക്രിപ്റ്റില്‍ എഴുതി വച്ചതുകൊണ്ട് ഞാന്‍ ഉറച്ചു നിന്നു. വേലായുധന്‍ ചേട്ടന്‍(കോസ്റ്റിയൂമര്‍ വേലായുധന്‍ കീഴില്ലം) എന്നെ തടഞ്ഞു.

‘അത് വിട്ടേക്ക് ജയസൂര്യ, ആര്‍ട്ടിസ്റ്റിനോട് തര്‍ക്കിക്കാന്‍ നില്‍ക്കണ്ട’.

ഒടുവില്‍ ഫാസില്‍ സാര്‍ പരിഹാരം കണ്ടെത്തി. ശോഭനയുടെ തലമുടി ചെവി മറയ്ക്കുന്ന രീതിയില്‍ ഇടുക.

ഈ സംഭവത്തിന്റെ ക്ലൈമാക്സ് നടക്കുന്നത് എഡിറ്റിംഗ് സമയത്താണ്. ഞങ്ങള്‍ ഫാസില്‍ സാറിന്റെ പിന്നിലിരിക്കുകയാണ്. ഒരു ഷോട്ട് പെട്ടെന്ന് പോസ് ചെയ്തിട്ട് സാര്‍ എന്നെ തിരിഞ്ഞ് നോക്കി.

ജയസൂര്യ പറഞ്ഞതായിരുന്നു ശരി.

സാര്‍ എന്താണ് പറഞ്ഞതെന്ന് ആ ഷോട്ടിലേക്ക് നോക്കിയപ്പോഴാണ് പിടി കിട്ടിയത്. ശോഭന ധരിച്ചിരിക്കുന്നത് വലിയ കൊടക്കമ്മലാണ്.

manichithrathazhu movie scene

പക്ഷേ, ചില കാര്യങ്ങള്‍ കൈയില്‍ നിന്ന് പോവുകയും ചെയ്യും.

ക്ലൈമാക്സില്‍ തിലകന്‍ ചേട്ടന്‍ ചൊല്ലുന്ന മന്ത്രം ശരിക്കുള്ളതാണ്. മന്ത്രവിദ്യകള്‍ അറിയുന്നവരെ ലൊക്കേഷനില്‍ വരുത്തിച്ച് അവര്‍ ചൊല്ലി തന്നത് റെക്കോര്‍ഡ് ചെയ്ത് എടുക്കുകയായിരുന്നു. പക്ഷേ ചെറിയൊരു പ്രശ്നം പറ്റി. ഏതോ ഓരോ വാക്ക് അവ്യക്തമായാണ് കേള്‍ക്കുന്നത്. ഡബ്ബിംഗ് സമയത്ത് തിലകന്‍ ചേട്ടനാണത് കണ്ടുപിടിച്ചത്. തെറ്റായ വാക്ക് പറയില്ലെന്ന് അദ്ദേഹം ഒരേ നിര്‍ബന്ധം. ബഹളമയമായ രംഗമാണ്. മന്ത്രം ചൊല്ലുന്നതിലെ ഒരു വാക്ക് മാറിയാലും ആരും ശ്രദ്ധിക്കില്ല. പക്ഷേ, തിലകന്‍ ചേട്ടന്‍ വിട്ടുവീഴ്ച്ചയ്ക്കില്ല. തെറ്റായി പറയില്ലെന്ന വാശിയിലാണ്. ഒടുവില്‍ മന്ത്രത്തിലെ ആ ഒരു വാക്ക് ഡബ്ബ് ചെയ്യാതെ വിടുകയാണുണ്ടായത്’.

തിലകന്‍ ചേട്ടനെ കുറിച്ചു പറയുമ്പോള്‍ ഒരുകാര്യം കൂടി പറയേണ്ടതുണ്ട്. അന്ന് വരെ സിനിമകളില്‍ കണ്ടു വന്നിരുന്ന വെളുത്തു തുടുത്ത നമ്പൂതിപ്പാടുമാരില്‍ നിന്ന് വ്യത്യസ്തനായിരുന്നു പുല്ലാറ്റുപുറം ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട്. ആ വേഷത്തില്‍ തിലകന്‍ ചേട്ടന്‍ മതിയെന്നു സാറിന്റെ നിര്‍ബന്ധമായിരുന്നു. ഒരു വിപ്ലവകരമായ തീരുമാനം.

ഇത്തരം പല നിര്‍ബന്ധങ്ങളും മണിച്ചിത്രത്താഴിന്റെ കാര്യത്തില്‍ ഫാസിലിനുണ്ടായിരുന്നു. ജോണ്‍സനെ പശ്ചാത്തല സംഗീതം ഏല്‍പ്പിച്ചതും സൗണ്ട് മിക്‌സിംഗിന് സെല്‍വരാജ് മതിയെന്ന് തീരുമാനിക്കുന്നതുമൊക്കെ അങ്ങനെയാണ്.

സെല്‍വരാജ് ഗംഭീരമായി സൗണ്ട് മിക്‌സ് ചെയ്യുന്ന എന്‍ജീനിയറാണ്. സാര്‍ അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ കണ്ടിട്ടുണ്ട്. ഇതൊരു പരീക്ഷണ സിനിമയാണ്. സൗണ്ട് എഫക്ടും കാര്യങ്ങളും മികച്ചതാകണമെന്ന് സാര്‍ ഉറപ്പിച്ചിരുന്നു. മദ്രാസില്‍ സെല്‍വരാജിന്റെ സ്റ്റുഡിയോയില്‍ എത്തുമ്പോള്‍ നിര്‍ഭാഗ്യത്തിന് അവിടെ മെഷീന്‍ തകരാര്‍. സെല്‍വരാജ് നിസ്സഹായവസ്ഥ പറഞ്ഞെങ്കിലും തിരിച്ചു പോരാന്‍ സാര്‍ ഒരുക്കമല്ലായിരുന്നു. ഉച്ചയ്ക്കാണ് ഞങ്ങള്‍ ചെല്ലുന്നത്, ഏതാണ്ട് രാത്രി എട്ടര മണിയോടെയാണ് തകരാര്‍ പരിഹരിക്കുന്നത്. അത്രയും സമയം സാര്‍ അവിടെ ഇരുന്നു. ആ ഒറ്റ രാത്രി കൊണ്ടാണ് മണിച്ചിത്രത്താഴിന്റെ സൗണ്ട് മിക്‌സിംഗ്‌  ചെയ്ത് തീര്‍ക്കുന്നത്’.

madhu muttam

മധു മുട്ടം

അടുപ്പത്താണ്, വെന്തുകൊണ്ടിരിക്കുന്നു
മണിച്ചിത്രത്താഴ് തന്റെ ആലയില്‍ ഊതിക്കാച്ചി പൊന്നാക്കിയെടുത്ത മധു മുട്ടവും സംവിധായകനും ഫാസിലും തമ്മിലുള്ള കെമസ്ട്രി എങ്ങനെയായിരുന്നുവെന്നും ജയസൂര്യ പറയുന്നുണ്ട്.

മധു മാഷ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ സാര്‍ ചെല്ലും.

‘മധു എവിടെ വരെയായി’?

‘അടുപ്പത്താണ്, വെന്ത് കൊണ്ടിരിക്കുന്നു’

എന്നാല്‍ വേവട്ടേ, നമുക്ക് കാത്തിരിക്കാം

വേഗം തീകൂട്ടി വേവിച്ചെടുക്കാനല്ല സാര്‍ പറയുന്നത്. മാഷിന് വേണ്ട സമയം കൊടുക്കുകയാണ് ചെയ്തത്.

ആ കൂട്ടുക്കെട്ടിനിടയിലുണ്ടായിരുന്ന ആരോഗ്യകരമായ മത്സരമാണ് മണിച്ചിത്രത്താഴിനെ വേറൊരു തലത്തിലേക്ക് എത്തിച്ചതെന്നു ജയസൂര്യ സാക്ഷ്യം പറയുന്നു. അവരുടെ ബന്ധം സെറ്റില്‍ ഉണ്ടായിരുന്നവരിലും പോസിറ്റീവ് എനര്‍ജി നിറച്ചിരുന്നു.

ഏറ്റവും ഇന്റലകച്വല്‍ ആയും, ഏറ്റവും ഹ്യൂമറൈസ്ഡ് ആയും എഴുതുന്ന മധു മാഷ്. സീനുകളും സിറ്റ്വേഷനുകളും ഡയലോഗുകളുമെല്ലാം കണക്ട് ചെയ്ത് വച്ചിരിക്കുന്നത് നമ്മളെ അത്ഭുതപ്പെടുത്തും. കിണറ്റില്‍ വീണ തൊട്ടിയെടുക്കാന്‍ ദാസപ്പന്‍കുട്ടിയും മാടമ്പള്ളിയിലെ താക്കോല്‍ എടുക്കാന്‍ ഉണ്ണിത്താനും ഒരുമിച്ച് പോകുന്ന സീനൊക്കെ ആലോചിക്കുക. അലറിച്ചിരിക്കാനുള്ളതല്ല, ആസ്വദിച്ചു ചിരിക്കാനുള്ള ഹാസ്യമാണ് മധു മാഷിന്റെത്. അദ്ദേഹം എഴുതി വച്ചിരിക്കുന്നത് ബിഹേവ് ചെയ്യുക മാത്രം മതി ആര്‍ട്ടിസ്റ്റുകള്‍ക്ക്. ഒരുപക്ഷേ ഗണേഷേട്ടന്‍ ഇത്രയും ഹ്യൂമറസ് ആയൊരു റോള്‍ ചെയ്യുന്ന ആദ്യത്തെ സിനിമ മണിച്ചിത്രത്താഴായിരിക്കും.

മാഷിനെ കുറിച്ച് പറയുമ്പോള്‍ ‘ വരുവാനില്ലാരുമീ’ എന്ന പാട്ട് കൂടി പറയണം. മാഷ് മുമ്പ് എഴുതി വച്ചിരുന്ന കവിതയാണ്. ഫാസില്‍ സാറിനെ എപ്പഴോ പാടി കേള്‍പ്പിച്ചിരിക്കണം. സാര്‍ ആ കവിത ഒരു സൂപ്പര്‍ഹിറ്റ് പാട്ടാക്കി. മധു മാഷ് ആ കവിത അദ്ദേഹത്തിന്റെ ഈണത്തില്‍ പാടി കേള്‍ക്കുന്നത് വല്ലാത്തൊരു അനുഭവമാണ്. പറഞ്ഞറിയിക്കാനാകാത്ത നൊസ്റ്റാള്‍ജിയ വരും. ഫാസില്‍ സാര്‍ രാധകൃഷ്ണനെ ചേട്ടനെ മാഷിന്റെ ഈണത്തില്‍ കവിത കേള്‍പ്പിച്ചു. സാറിന് വേണ്ടത് ആ ഫീല്‍ ആയിരുന്നു. രാധാകൃഷ്ണന്‍ ചേട്ടന് അത് മനസിലായതു കൊണ്ടാണ്, ഇന്ന് കേള്‍ക്കുന്ന ട്യൂണില്‍ ആ കവിത നമുക്ക് കിട്ടിയത്. മനോഹരമായൊരു പാട്ടിന് കൂടി മാഷിനോട് നന്ദി പറയണം.

ഒന്നും തെറ്റിയിട്ടില്ലല്ലോ
മണിച്ചിത്രത്താഴില്‍ ഏറ്റവും ടെന്‍ഷന്‍ അടിപ്പിച്ച സമയം ഏതായിരുന്നുവെന്ന് കൂടി ജയസൂര്യ പറയുന്നുണ്ട്.

ഷൂട്ടിംഗ് കഴിഞ്ഞ് ഡബിള്‍ പോസിറ്റീവ് കാണാന്‍  എല്ലാവരുമിരിക്കുകയാണ്(ശബ്ദമില്ലാതെ മുഴുവന്‍ സിനിമയും കാണുന്ന സമയം). സാറിന്റെ പിന്നില്‍ ബിജുവും ഷാജിയും ഞാനുമുണ്ട്. സാര്‍ പെട്ടെന്ന് എന്നെ തിരിഞ്ഞു നോക്കി;

ജയസൂര്യ ഡ്രസ് കണ്ടിന്യൂറ്റി കറക്ടല്ലേ, എനിക്കാ ഒറ്റ കാര്യത്തില്‍ മാത്രമാണ് പേടി.

സാറത് പറഞ്ഞതും എന്റെ എല്ലാ സമാധാനവും അവിടെ തീര്‍ന്നു. ദൈവമേ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോ? സ്‌ക്രീനിലേക്ക് നോക്കാനുള്ള ധൈര്യമില്ല. എല്ലാം കഴിഞ്ഞപ്പോള്‍ സാറിന്റെ ശബ്ദം;

ഇല്ല ജയസൂര്യ, ഒന്നും തെറ്റിയിട്ടില്ല.

എനിക്ക് ശ്വാസം നേരെ വീണു.

ടൈറ്റില്‍ കാര്‍ഡിലെ സ്ഥാനക്കയറ്റം
മണിച്ചിത്രത്താഴിന്റെ ടൈറ്റില്‍ ക്രെഡിറ്റില്‍ ജയസൂര്യയുടെ പേര് വരുന്നത് പ്രധാന സംവിധാന സഹായിയായിട്ടാണ്. അസോഷ്യേറ്റുമാരുടെ പേര് കഴിഞ്ഞ് തെളിയുന്നത് ജയസൂര്യയുടെ പേരാണ്. രണ്ടാമത്തെ പടം മാത്രം ചെയ്യുന്നൊരാള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ പ്രോത്സാഹനം. അതേക്കുറിച്ച് ജയസൂര്യക്കുള്ള മറുപടി ഇങ്ങനെയാണ്;

എസ് എല്‍ പുരത്തിന്റെ മകനോട് കാണിച്ച ഔദാര്യമായിരുന്നില്ലത്. അങ്ങനെ ചെയ്യുന്നാളുമല്ല ഫാസില്‍ സാര്‍. ഞാന്‍ പണിയെടുക്കുന്നുണ്ടെന്ന് സാറിന് മനസിലായതു കൊണ്ട് മാത്രമാണ്, എന്നെക്കാള്‍ സീനിയറായവര്‍ക്ക് മുകളില്‍ ജയസൂര്യ എന്ന പേര് വന്നത്. സിനിമ ഒരു പാഷനായതു കൊണ്ട് മാത്രമായില്ല, അത് പഠിക്കാന്‍ നന്നായി പണിയെടുക്കണം’.(അടുത്ത ചിത്രമായ മാനത്തെ വെള്ളിത്തേരില്‍ ജയസൂര്യ അസോഷ്യേറ്റ് ഡയറക്ടറായി).

manichitrathazhu title card

തക്കലയിലെ തര്‍ക്കം
ഫാസില്‍ എന്ന ഗുരുവിന്റെ സംരക്ഷണം തിരിച്ചറിഞ്ഞ ഒരു സന്ദര്‍ഭം കൂടി ജയസൂര്യക്കുണ്ട്. തക്കല കൊട്ടാരത്തിലാണ് ഷൂട്ടിംഗ്. ക്ലൈമാക്സ് പാട്ടും(ഒരു മുറൈ വന്ത്…) തുടര്‍ന്നുള്ള രംഗങ്ങളുമാണ് എടുക്കാനുള്ളത്. ഫാസില്‍ ജയസൂര്യയെ വിളിച്ചു;

നാളെ 11 മണിക്കെങ്കിലും ഷൂട്ടിംഗ് തുടങ്ങണം, അപ്പോഴേക്കും എല്ലാ കാര്യങ്ങളും തയ്യാറായിരിക്കണം.

അത് നല്ല മഴയുള്ള ദിവസങ്ങളായിരുന്നു. രാജഭടന്മാരെ പോലെ കുറച്ചു പേരുണ്ട്. അവരെയൊക്കെ ഒരുക്കി നിര്‍ത്തണം. ഫാസില്‍ സെറ്റിലെത്തുമ്പോള്‍ എല്ലാം കഴിയണം. രാവിലെ ജയസൂര്യയും ബിജുവുമെല്ലാം കൂടി നിന്നാണ് ഓരോരുത്തരെയായി ഒരുക്കിയെടുക്കുന്നത്. ഒരു പ്രശ്നമുള്ളത്, കൊട്ടാരത്തിന് പുറത്തു കൂടി മേക്കപ്പ് കഴിഞ്ഞവരെ വിടാന്‍ പറ്റില്ല, നല്ല മഴയാണ്. കോസ്റ്റ്യൂം റൂം ദൂരെയാണ്. വേഷം ധരിച്ചവരെയൊക്കെ കൊട്ടാരത്തിന് അകത്തു കൂടി ഷൂട്ട് ചെയ്യുന്ന സ്ഥലത്തേക്ക് എത്തിക്കണം. വളരെ വലിയ കൊട്ടാരമാണ് പത്മനാഭപുരം കൊട്ടാരം. പല പല ഹാളുകളുണ്ട്, ഏതാണ്ട് പത്തു പതിനഞ്ച് വാതിലുകളും. ഇതെല്ലാം തുറന്നിട്ടേക്കണമെന്ന് തലേന്നേ പറഞ്ഞുറപ്പിച്ചിരുന്നു. സമയമായപ്പോള്‍ ഒന്നുപോലും തുറന്നിട്ടില്ല. സീനിയര്‍ പ്രൊഡക്ഷന്‍ മാനേജറുടെ അടുത്ത് ചെന്ന് ജയസൂര്യ കാര്യം അവതരിപ്പിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു മറുപടി. അയാളുടെ ക്ഷോഭം സഹിച്ചു നില്‍ക്കുന്ന പ്രായമല്ലായിരുന്നു അന്ന്. അങ്ങോട്ടുമിങ്ങോട്ടും മുഷിഞ്ഞുള്ള സംസാരം. അതവിടം കൊണ്ടൊതുങ്ങി. ഷൂട്ടിംഗ് ഭംഗിയായി നടന്നു.

ജയസൂര്യ നാട്ടിലെത്തിയശേഷമാണ് യൂണിറ്റിലുണ്ടായിരുന്നൊരാളുടെ ഫോണ്‍ വരുന്നത്. ഫാസിലിനടുത്ത് ജയസൂര്യയെ കുറിച്ച് ഗുരുതരമായൊരു പരാതി എത്തിയിരിക്കുന്നു. പ്രൊഡക്ഷന്‍ മാനേജരുമായുള്ള വഴക്ക് തന്നെ വിഷയം.

ഫാസില്‍ സാര്‍ എന്തു പറഞ്ഞു? ജയസൂര്യക്ക് ആകാംക്ഷയായി.

ഞാന്‍ പറഞ്ഞിട്ടാണ് ജയസൂര്യ അങ്ങനെ പറഞ്ഞതെന്ന് സാര്‍ പറഞ്ഞു. മറുവശത്ത് നിന്നുള്ള മറുപടി.

ഒരു സീനിയര്‍ സംവിധായകന് തന്റെയൊരു അസിസ്റ്റന്റിനെ സംരക്ഷിക്കേണ്ട കാര്യമെന്ത്? പക്ഷേ അതായിരുന്നു ഫാസില്‍.

സാറിന്റെ കൂടെയുള്ള എല്ലാവരോടും ഇങ്ങനെയാണ്. ഒരു സിനിമയുടെ സെറ്റില്‍ പ്രൊഡക്ഷന്‍ യൂണിറ്റിലുള്ളവര്‍ക്ക് നല്ല ഭക്ഷണം കിട്ടുന്നില്ലെന്നറിഞ്ഞ് സാര്‍ പ്രൊഡ്യൂസറോട് പറഞ്ഞത്, മെസിലെ ചെലവിന്റെ കാര്യം ഇനി ഞാന്‍ നോക്കിക്കോളാമെന്നായിരുന്നു. അതോടെ പ്രൊഡ്യൂസര്‍ വഴിക്കു വന്നു, എല്ലാവര്‍ക്കും നല്ല ഭക്ഷണം കിട്ടാന്‍ തുടങ്ങി.

director sl puram jayasurya with director fazil

ആ തെറ്റിന് ഞാന്‍  ക്ഷമ പറഞ്ഞു
പില്‍ക്കാലത്ത് സ്വതന്ത്ര സംവിധായകനായത് മുതല്‍ ജയസൂര്യ പാലിക്കൊന്നൊരു പാഠം കൂടി ഫാസില്‍ പഠിപ്പിച്ചിട്ടുണ്ട്. ആ സംഭവം ഇങ്ങനെയാണ്;

പൊള്ളാച്ചിയിലാണ് ഷൂട്ടിംഗ്. ഒരു പാട്ട് എടുക്കുകയാണ്. തലേ ദിവസം കുറച്ച് വരികള്‍ ചിത്രീകരിച്ചിരുന്നു. പുതിയൊരു ലൊക്കേഷന്‍ കിട്ടിയപ്പോള്‍ തലേന്നെടുത്തത് റീ ഷൂട്ട് ചെയ്യാന്‍ സാര്‍ തീരുമാനിച്ചു. ഇന്നലത്തെ കോസ്റ്റിയൂം തന്നെ വേണം. ഒരു കീലോമീറ്റര്‍ അകലെയാണ് കോസ്റ്റിയൂം വണ്ടി കിടക്കുന്നത്. വേലായുധന്‍ ചേട്ടന്റെ അസിസ്റ്റന്റ് അജിയോട് ചോദിച്ചപ്പോള്‍ ആ ഡ്രസ് കൊണ്ടുവന്നിട്ടില്ല. ഞാനോടി സാറിന്റെ അടുത്ത് വന്നു. എനിക്ക് വന്ന നിരാശയുടെ പുറത്ത് അജിയെ കുറപ്പെടുത്തിയാണ് സംസാരിച്ചത്. സാര്‍ ശാന്തനായി എന്നോട് തിരിച്ചു പറഞ്ഞത് ഇങ്ങനെയായിരുന്നു;

ജയസൂര്യ, ആ ഭാഗം നമ്മള്‍ ഇന്നലെ ഷൂട്ട് ചെയ്തതാണ്. അതുകൊണ്ട് ആ കോസ്റ്റിയൂം വേണ്ടി വരില്ലെന്ന് അവര്‍ കരുതിക്കാണും. ആവശ്യമില്ലാത്തതും കൂടിയെടുത്ത് വണ്ടിയിലെ സ്ഥലം കളയണ്ടല്ലോ. ഇതായിരിക്കാം നടന്നത്.

സാറത് പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെയായി. എന്നാലും സംശയം് തീര്‍ക്കാന്‍ വീണ്ടും അജിയുടെ അടുത്തേക്ക് ഓടി.

എന്തുകൊണ്ടാണ് അജി ആ ഡ്രസ് എടുക്കാതിരുന്നത്?

എന്റെ ചോദ്യത്തിന് ഫാസില്‍ സാര്‍ പറഞ്ഞ അതേ ന്യായമാണ് അജിയും പറഞ്ഞത്. എനിക്കാകെ വിഷമമായി. കാര്യമറിയാതെ ഒരാളെക്കുറിച്ച് കുറ്റം പറഞ്ഞല്ലോ. ഞാന്‍ തിരിച്ചു വന്ന് സാറിന്റെയടുത്ത് കുറ്റസമ്മതം നടത്തി.

അതിനും മുമ്പും ശേഷവും ഇന്നേവരെയുള്ള എന്റെ ജീവിതത്തിലും സിനിമ സെറ്റിലും ആരെക്കുറിച്ചും കുറ്റം പറഞ്ഞിട്ടില്ല.

എങ്ങനെ ഒരു സന്ദര്‍ഭത്തെ ശാന്തമായും സാഹചര്യത്തിന് അനുസരിച്ചും നേരിടണമെന്ന് ഫാസിലില്‍ നിന്ന് പലയാവര്‍ത്തി കണ്ടു പഠിച്ചിട്ടുണ്ട് ജയസൂര്യ. ഹരികൃഷ്ണന്‍സിന്റെ സെറ്റില്‍ അങ്ങനെയൊരു അനുഭവമുണ്ട്.

ഷൂട്ട് ചെയ്യേണ്ട സെറ്റിന്റെ വര്‍ക്ക് തീര്‍ന്നിട്ടില്ല. മോഹന്‍ലാലും മമ്മൂട്ടിയും വന്നിട്ടുണ്ട്. എന്തു ചെയ്യുമെന്നറിയാതെ എല്ലാവരും പരിഭ്രമിച്ച് നില്‍ക്കുകയാണ്. വലിയ നഷ്ടം വരും(ലാലേട്ടന്‍ തന്നെയാണ് പ്രൊഡ്യൂസര്‍). ഫാസില്‍ സാര്‍ കൂളായിരുന്നു. ആ സെറ്റിന്റെ പണി നടക്കട്ടെ, നമുക്ക് ഫൈറ്റ് സീനിന്റെ ബാക്കിയുള്ളത് ഉദയായില്‍ എടുക്കാം. വളരെ സിംപിളായിട്ടാണ് സാര്‍ പ്രശ്നം പരിഹരിച്ചത്’.

ഈ സിനിമ വേണോ?
ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്, റിലീസ് ചെയ്ത് 31 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററുകളില്‍ എത്തുമ്പോള്‍ ഒരു പുതിയ സിനിമയെന്നപോലെ പ്രേക്ഷകര്‍ ആഘോഷിക്കുന്നു. എങ്കിലും മണിച്ചിത്രത്താഴിന്റെ കഥ ആദ്യം കേട്ടവരും തിരക്കഥ വായിച്ചവരും മനസില്‍ ചോദിച്ചത്, ചിലര്‍ നേരിട്ട് തന്നെ ചോദിച്ചു-ഈ സിനിമ വേണോ എന്നായിരുന്നു.

സിനിമയെ കുറിച്ച് സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണനോട് പറഞ്ഞപ്പോള്‍, ഇതു വേണോ ഫാസിലേ എന്നായിരുന്നു മറു ചോദ്യം. ആരായാലും തകര്‍ന്നു പോകുന്ന സന്ദര്‍ഭം. പക്ഷേ ഫാസില്‍ ആ സിനിമ വേണ്ടെന്നു വച്ചില്ല; സംഗീത സംവിധായകനെയും.

കഥ കേട്ടവര്‍ക്കെല്ലാം സംശയമായിരുന്നു. ഇന്ന് ഡ്യുവല്‍ പേഴ്സണാലിറ്റി എന്താണെന്നു എല്ലാവര്‍ക്കും അറിയാം. എന്തു കാര്യം അറിയാനും അന്വേഷിച്ച് കണ്ടെത്താനും വഴികളുണ്ട്. മൊബൈല്‍ ഫോണ്‍ എന്താണെന്നു പോലും അറിയാത്ത കാലത്താണ് സാര്‍ ഇങ്ങനെയൊരു വിഷയം സിനിമയാക്കുന്നത്. അതിന്റെതായ പേടി എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ഫാസില്‍ എന്ന ഒറ്റയാളുടെ ആത്മവിശ്വാസമാണ് മണിച്ചിത്രത്താഴ്. സങ്കീര്‍ണമായ വിഷയം വളരെ ലളിതമായി അദ്ദേഹം അവതരിപ്പിച്ചു. ഷൂട്ടിംഗ് തുടങ്ങിയതോടെ ഞങ്ങളുടെയെല്ലാം സംശയം മാറി. ഇത് വേണോ എന്ന് ചിന്തിച്ചവരൊക്കെയും മറിച്ച് പറയാന്‍ തുടങ്ങി. ആ ലൊക്കേഷനില്‍ തന്നെ ഞങ്ങള്‍ക്കെല്ലാം ഒരു ഹിറ്റ് ചിത്രത്തിന്റെ മണം കിട്ടി.

sl puram jayasurya fazil

പണത്തിന് അങ്ങനെയൊരു പ്രശ്നമുണ്ട്
മണിച്ചിത്രത്താഴ് പോലൊരു സ്‌ക്രിപ്റ്റും സിനിമയും പകര്‍ന്നു തന്ന അനുഭവം ഏത് ഫിലിം സ്‌കൂളില്‍ നിന്ന് കിട്ടുന്ന അറിവുകളെക്കാള്‍ വലുതാണെന്നു ജയസൂര്യ പറയും. സ്‌ക്രിപ്റ്റ് വായിക്കുന്നതു കൊണ്ട് ഓരോ സീനും തന്റെതായ പോയിന്റില്‍ കാണാനും ഷോട്ട് ഡിവൈഡ് ചെയ്യാനും ശ്രമിച്ചിരുന്നു ജയസൂര്യ. സീന്‍ എടുക്കുമ്പോള്‍ കാത്തിരിക്കുന്നത്, എന്തുകൊണ്ട് നമ്മള്‍ മനസില്‍ പ്ലാന്‍ ചെയ്തതുപോലെ ആ സീന്‍ എടുത്തില്ല എന്ന ഉത്തരത്തിനാണ്. കിളിപ്പേച്ച് കേട്കവായില്‍ അങ്ങനെയൊരു അനുഭവം ജയസൂര്യ പറയുന്നുണ്ട്.

‘നാസറിന്റെ കഥാപാത്രം കനകയെ പെണ്ണ് ചോദിച്ചു വരുന്ന സീനാണ്. വലിയ ആഘോഷമായി നാട്ടാചാരങ്ങള്‍ പാലിച്ചാണ് പെണ്ണ് ചോദിക്കുന്നത്. ഒരു തട്ടത്തില്‍ കുറെ പണം വച്ചിട്ടുണ്ട്. പൈസ ഒരു തുണി കൊണ്ട് മൂടാന്‍ സാര്‍ ആവശ്യപ്പെട്ടു. അതെന്തിനാണെന്ന ചോദ്യം മനസില്‍ വന്നെങ്കിലും വേലായുധന്‍ ചേട്ടനെ വിളിച്ച് ഒരു തുണിയെടുത്ത് മൂടി. ഷോട്ട് കഴിഞ്ഞ് സാര്‍ ഒറ്റയ്ക്കിരിക്കുന്ന സമയത്ത് ഞാന്‍ അടുത്ത് ചെന്നു.

എന്തിനാണ് സാര്‍ പൈസ മൂടാന്‍ പറഞ്ഞത്?

സാര്‍ ശാന്തനായി മറുപടി തന്നു;

ജയസൂര്യ, അതൊരു പ്രധാനപ്പെട്ട രംഗമാണ്. അത്രയും പണം തുറന്ന് വച്ചാല്‍ പ്രേക്ഷകരുടെ ശ്രദ്ധ അതിലേക്ക് പോകും, പണത്തിന് അങ്ങനെയൊരു പ്രശ്നമുണ്ട്. നമ്മള്‍ ഉദ്ദേശിച്ച വൈകാരികത പ്രേക്ഷകരിലേക്ക് എത്തണമെന്നില്ല’.

ഫാസില്‍ എന്ന ഡയറക്ടറുടെ കാഴ്ച്ചപ്പാട് എങ്ങനെയാണെന്ന് വ്യക്തമാക്കുന്നതിന് മറ്റൊരു ഉദ്ദാഹരണം മണിച്ചിത്രത്തില്‍ നിന്ന് തന്നെ ജയസൂര്യ പറയുന്നുണ്ട്.

ക്ലൈമാക്‌സ് കഴിഞ്ഞ്, നകുലന്റെ നെഞ്ചില്‍ മയങ്ങി കിടക്കുന്ന ഗംഗയെ സണ്ണി ഹിപ്‌നോട്ടൈസ് ചെയ്ത് ഉണര്‍ത്തുന്നു. അങ്ങനെയൊരു സീന്‍ ആവശ്യമുണ്ടോ എന്ന് ഞാന്‍ ഉള്‍പ്പെടെ പലരും സാറിനോട് ചോദിച്ചു. വേണം എന്ന് സാര്‍ ഉറപ്പിച്ചു പറഞ്ഞു. ഇല്ലെങ്കില്‍ മന്ത്രവാദ കളത്തില്‍ മണിച്ചിത്രത്താഴ് അവസാനിക്കും. സിനിമ പറയുന്ന ശാസ്ത്രീയതയ്ക്ക് ഈ സീന്‍ വേണം, സയന്‍സും മന്ത്രവാദവും ഒരു മനുഷ്യനെ ഒരുമിച്ച് സ്വാധീനിക്കുന്നുവെന്നു കാണിക്കാന്‍ ഈയൊരു സീക്വന്‍സ് ആവശ്യമാണ്, സാര്‍ ഞങ്ങളെയെല്ലാം മനസിലാക്കി തന്നു.

mohanlal-shobana manichitrathazhu

മണിച്ചിത്രത്താഴ് എന്ന നൊസ്റ്റാള്‍ജിയ
മണിച്ചിത്രത്താഴ് വീണ്ടും റിലീസ് ചെയ്യുമ്പോള്‍, വ്യക്തിപരമായി സന്തോഷിക്കുന്ന ഒരാളാണ് ജയസൂര്യ. ആ സിനിമ തന്ന അനുഭവം ഇപ്പോഴും മനസിലുള്ളൊരാള്‍ക്ക് ആഹ്ലാദം ഇരട്ടിയായിരിക്കുമല്ലോ. ഇനിയുമെത്ര കാലം കഴിഞ്ഞാലും മണിച്ചിത്രത്താഴ് തനിക്ക് പ്രിയപ്പെട്ട സിനിമയാണ്. പലതും പഠിക്കാന്‍ കഴിഞ്ഞ സിനിമ’ ജയസൂര്യ പറയുന്നു.

‘എല്ലാ സിനിമകളും നമുക്ക് ഒരുപോലെ ഓര്‍മകള്‍ തരണമെന്നില്ല. മണിച്ചിത്രത്താഴ് അതില്‍ വ്യത്യസ്തമായൊരു അനുഭവമാണ്. ആ ലൊക്കേഷനുകളും. ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ഉണ്ടായ വിഷമം ആ ലൊക്കേഷനുകളില്‍ നിന്നു വിട്ടു പോരണമല്ലോ എന്നോര്‍ത്തായിരുന്നു. എപ്പോള്‍ ആ സിനിമയെക്കുറിച്ച് ഓര്‍ത്താലും അത് തരുന്നൊരു നൊസ്റ്റാള്‍ജിയയുണ്ട്. എല്ലാ സിനിമകളില്‍ നിന്നും നമുക്കത് കിട്ടില്ല’. Manichitrathazhu movie re-release,director sl puram jayasurya sharing his experience as a assistant

Content Summary; Manichitrathazhu movie re-release,director sl puram jayasurya sharing his experience as a assistant

 

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

×