UPDATES

‘ഒരു മൃഗത്തെയെന്ന പോലെയാണവര്‍ വേട്ടയാടിയത്…’

മണിപ്പുരില്‍ ബലാത്സംഗം ചെയ്ത് നഗ്നരാക്കി തെരുവില്‍ നടത്തിയ കുക്കി സ്ത്രീകള്‍ ബിബിസിയോട് സംസാരിക്കുന്നു

                       

”ഒരു മൃഗത്തോടെന്ന പോലെയാണ് അവരെന്നോട് പെരുമാറിയത്, ഓര്‍മകളില്‍ പോലും വേദനക്കപ്പുറം ഭയം നിറക്കുന്ന അവസ്ഥയിലൂടെ
ജീവിതം തള്ളി നീക്കുന്നത് എളുപ്പമായിരുന്നില്ല. സംഭവം നടന്ന് രണ്ടു മാസങ്ങള്‍ക്കു ശേഷം ആക്രമണത്തിന്റെ വീഡിയോ വൈറലായതോടെ, ജീവിക്കാനുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു’.

മണിപ്പുരില്‍ കലാപത്തില്‍ രണ്ടു കുക്കി സ്ത്രീകളെ മര്‍ദിച്ചു ബലാത്സംഗത്തിനിരയാക്കി ചോരയൊഴുകുന്ന നഗ്ന ശരീരവുമായി തെരുവിലൂടെ നടത്തിച്ച വീഡിയോ ഇന്റര്‍നെറ്റിലൂടെ പുറത്തുവരുന്നത് ജൂലൈ 19- നാണ്. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ തല താഴ്ന്നുപോയ സംഭവം. ആറു മാസത്തിനിപ്പുറം ആ ദുരിതത്തിന്റെ തീവ്രതയെ കുറിച്ച് ബിബിസിയോട് പങ്കു വക്കുകയാണ് അതിജീവിതകള്‍. മണിപ്പുരിന്റെ തെരുവോരങ്ങളില്‍ അന്ന് വലിച്ചിഴക്കപ്പെട്ടത് ആ രണ്ടു സ്ത്രീകളുടെ ശരീരം മാത്രമായിരുന്നില്ല, അവരുടെ ജീവിക്കാനുള്ള പ്രതീക്ഷയും, സന്തോഷവും കൂടിയായിരുന്നു. സമാനതകളില്ലത്ത ഈ ക്രൂരതക്കെതിരെ രാജ്യത്തിനകത്തും പുറത്തുനിന്നും ശക്തമായ വിമര്‍ശനങ്ങളുണ്ടായി. സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ആളികത്തി. മണിപ്പുര്‍ കലാപത്തിനെതിരേ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിന് ശേഷം പിന്നീട് എന്ത് സംഭവിച്ചു? എന്ത് നീതിയാണ് ചരിത്രങ്ങളില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത ഈ ക്രൂരതക്ക് വിധേയരായ 20 ഉം, 40 ഉം വയസുള്ള സ്ത്രീകള്‍ക്ക് ഇന്ത്യന്‍ ഭരണകൂടം ഉറപ്പാക്കിയത്?

ആ സംഭവത്തിനു ശേഷവും പലകുറി ഇരു ഗോത്ര വിഭാഗങ്ങളിലെയും സ്ത്രീകള്‍ പിന്നെയും ക്രൂരമായ ബാലസംഗത്തിന് ഇരകളായി കൊണ്ടിരുന്നു. സംഭവത്തിന്റെ വീഡിയോ ഡബിള്‍ എഞ്ചിന്‍ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയെ ചോദ്യം ചെയ്യാനുള്ള അവസരമായി കണക്കാക്കപ്പെട്ടു. ഒന്നിലധികം ആളുകളുണ്ടെന്ന് വീഡിയോയിലെ ദൃശ്യം തന്നെ തെളിവായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടത് ഒരൊറ്റ ആള്‍ മാത്രം.

മുഖം മറച്ച്, ബിബിസി റിപ്പോര്‍ട്ടറെ അഭിമുഖീകരിച്ച സ്ത്രീകളുടെ കണ്ണുകളില്‍ അവര്‍ക്കു ലോകത്തിന് മുന്നിലേക്ക് വരാനുള്ള ആഗ്രഹമില്ലയ്മയെ എടുത്തു കാണിച്ചു. എന്നാല്‍ അവരുടെ ശബ്ദം ലോകം കേള്‍ക്കേണ്ടിയിരിക്കുന്നു.

മെയ് 3 നാണ് മണിപ്പുരില്‍ ഗോത്ര സമൂഹങ്ങള്‍ തമ്മിലുള്ള കലാപം പൊട്ടിപുറപ്പെടുന്നത്. നാളുകള്‍ പോകുന്തോറും സംഘര്‍ഷത്തിന്റെ തീവ്രത ഒട്ടും അയവില്ലാതെ തുടര്‍ന്നു. ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധനങ്ങള്‍ നിരോധിക്കപ്പെട്ട അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു സംസ്ഥാനം. അതുകൊണ്ട് തന്നെ സ്ത്രീകളും കുട്ടികളും നേരിടേണ്ടി വരുന്ന ദുരവസ്ഥയുടെ വ്യാപ്തി പുറം ലോകത്തെത്തിയിരുന്നില്ല. ഈ വ്യാപ്തിയുടെ ആഴത്തെ പുറത്തുകൊണ്ടുവരുന്നതായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ. ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള വീഡിയോ, മണിപ്പുര്‍ സംസ്ഥാനത്തെ ഭൂരിപക്ഷമായ മെയ്‌തേയ് സമുദായത്തില്‍ നിന്നുള്ള ഒരു കൂട്ടം പുരുഷന്‍മാര്‍ രണ്ടു സ്ത്രീകളെ നഗ്നരാക്കി മര്‍ദിക്കുകയും തെരുവിലൂടെ നടത്തിക്കുകയും വയലിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളടങ്ങിയതായിരുന്നു. അതെ സമയം സംഭവത്തിന്റെ നടുക്കവും ഭയവും വിട്ടുമാറും മുന്നേ ഇന്റര്‍നെറ്റില്‍ പ്രചരിച്ച വീഡിയോ പ്രതീക്ഷകളെ കൂടിയാണ് ഇല്ലാതാക്കിയതെന്ന് അതിജീവിതകള്‍ പറയുന്നു.

‘ഇന്ത്യന്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ എങ്ങനെയാണെന്നും, ഇത്തരമൊരു സംഭവത്തിന് ശേഷം അവര്‍ സ്ത്രീകളെ എങ്ങനെ കാണുന്നുവെന്നും നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? എന്റെ സമൂഹത്തില്‍ നിന്നുള്ളവരെ പോലും അഭിമുഖീകരിക്കാന്‍ ഞാനിപ്പോഴും പ്രയാസമനുഭവിക്കുന്നുണ്ട്. എന്റെ അഭിമാനം പോയി. ഇനിയൊരിക്കലും ഞാന്‍ പഴയതുപോലെയാകില്ല.’ അതിജീവിതകളില്‍ ഒരാള്‍ പറയുന്നു.

സംഭവം നടക്കും മുന്‍പ് ഒരാള്‍ വിദ്യാര്‍ത്ഥിയായിരുന്നു, മറ്റൊരാള്‍ രണ്ടു കുഞ്ഞുങ്ങളുള്ള വീട്ടമ്മയും. എന്നാല്‍ ആക്രമണത്തിന് ശേഷം രണ്ട് പേര്‍ക്കും മറ്റൊരു നഗരത്തിലേക്ക് പലായനം ചെയ്യേണ്ടിവന്നു, വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ അവരവിടെ ഒളിവില്‍ കഴിയുകയാണ് ഇവര്‍. മെയ്‌തേയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വംശീയ സംഘട്ടനങ്ങളുടെ തീവ്രത വെളുപ്പെടുത്തിയ വീഡിയോ അതെ സമയം വലിയ അരക്ഷിതാവസ്ഥയിലേക്കാണ് സ്ത്രീകളെ കൊണ്ടെത്തിച്ചത്. രണ്ടു കുട്ടികളുടെ മാതാവിന് പള്ളിയില്‍ പോകാനോ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകാനോ അവര്‍ക്ക് സാധിക്കുന്നില്ല. ‘ഞാന്‍ മുമ്പ് ജീവിച്ചിരുന്നതുപോലെ എനിക്ക് ഒരിക്കലും ജീവിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല, എനിക്ക് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പ്രയാസമാണ്, ആളുകളെ നേരിടുന്നതില്‍ എനിക്ക് ഭയവും ലജ്ജയും തോന്നുന്നു’, അവര്‍ പറയുന്നു.

സമാന അവസ്ഥയിലൂടെയാണ് അടുത്തയാളും കടന്നു പോയികൊണ്ടിരിക്കുന്നത്. ആള്‍ക്കൂട്ടത്തെയും, ആളുകളെയും നേരിടാന്‍ ഭയന്നുകൊണ്ട് അവളിപ്പോഴും ‘ട്രോമയിലാണ്’. അവരനുഭവിക്കുന്ന സമാനതകളില്ലത്ത മാനസിക സംഘര്‍ഷങ്ങളില്‍ അയവുവരുത്താന്‍ കൗണ്‍സിലിംഗ് സഹായിച്ചിട്ടുണ്ടെങ്കിലും ദേഷ്യവും വെറുപ്പും പോലുള്ള വികാരങ്ങളുടെ ആഴം കൂടി.

ആറ് മാസം മുമ്പ്, മെയ്‌തേയ്, കുക്കി വിദ്യാര്‍ത്ഥികളുടെ മിക്‌സഡ് ക്ലാസില്‍ പഠിക്കുകയായിരുന്നു അവള്‍. ഇരു വിഭാഗങ്ങളില്‍ നിന്നും അവള്‍ക്ക് ധരാളം സുഹൃത്തുക്കളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു മെയ്‌തേയ് വ്യക്തിയെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവള്‍ പറയുന്നു.

ഞാന്‍ ഒരിക്കലും എന്റെ ഗ്രാമത്തിലേക്ക് മടങ്ങില്ല. ഞാന്‍ അവിടെയാണ് വളര്‍ന്നത്, അത് എന്റെ വീടായിരുന്നു, പക്ഷേ ഇനി അവിടെ താമസിക്കുന്നത് അയല്‍വാസിയായ മെയ്‌തേയ്കളുമായി ഇടപഴകുന്നതിന് ഇടയാക്കും”, അവരെ ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവള്‍ പറയുമ്പോള്‍, അമ്മ കൂടിയ അതിജീവിത അവളുടെ കൈകള്‍ മുറുക്കി പിടിക്കുന്നു. അവള്‍ സമ്മതിച്ചതുപോലെ കൈ മേശയില്‍ മുട്ടുന്നു. അവരുടെ ഗ്രാമം മെയ്തേയ് അക്രമികളാല്‍ നശിപ്പിക്കപ്പെടുകയും, പ്രാണരക്ഷാര്‍ത്ഥം ഗ്രാമമുപേക്ഷിച്ചു ഒളിച്ചു കഴിയുകയും ചെയ്തിരുന്നു. അവിടെവച്ചാണ് അവളുടെ അച്ഛനെയും ഇളയ സഹോദരനെയും ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയത്.

‘എന്റെ കണ്‍മുന്നില്‍ അവര്‍ മരിക്കുന്നത് ഞാന്‍ കണ്ടു,’. നിര്‍വികാരമായി അവളത് പറഞ്ഞു തീര്‍ത്തു. അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടക്ക് അവരുടെ ശരീരം വയലില്‍ തന്നെ അവള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ”അവരുടെ മൃതദേഹം ഏത് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല, എനിക്ക് പോയി പരിശോധിക്കാന്‍ കഴിയില്ല, സര്‍ക്കാര്‍ അവരെ ഞങ്ങള്‍ക്ക് കൈമാറണം’, അവള്‍ പറയുന്നു. മറ്റൊരു കോളേജില്‍ തന്റെ പഠനം പുനരാരംഭിക്കണമെന്നാണ് അവളുടെ ആഗ്രഹം. പൊലീസ് അല്ലെങ്കില്‍ പട്ടാളത്തില്‍ ചേര്‍ന്നുകൊണ്ട് തനിക്ക് ലഭിക്കാതെ പോയ നീതി പോരാടി നേടണമെന്നും മറ്റുള്ളവര്‍ക്ക് ഉറപ്പാക്കണമെന്നും അവള്‍ തീവ്രമായി ആഗ്രഹിക്കുന്നുണ്ട്.

‘എനിക്ക് നീതി വേണം, എന്തുവിലകൊടുത്തും. അതുകൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്, എനിക്ക് സംഭവിച്ചതു പോലെ ഇനി ഒരു സ്ത്രീയും ഉപദ്രവിക്കപ്പെടരുത്’, അവള്‍ പറയുന്നു.

‘ഒരുപക്ഷെ വീഡിയോ ഇല്ലായിരുന്നെങ്കില്‍ ആരും സത്യം വിശ്വസിക്കുകയോ ഞങ്ങളുടെ വേദന മനസ്സിലാക്കുകയോ ചെയ്യുമായിരുന്നില്ല’, വിവാഹിതയും അമ്മയുമായ അതിജീവിതയുടെ ഭര്‍ത്താവ് പറയുന്നു. ഇപ്പോഴും ഉറക്കത്തില്‍ ദുസ്വപ്നങ്ങള്‍ കണ്ടുണരുന്ന അവര്‍ തന്റെയും കുട്ടികളുടെയും ഭാവിയില്‍ വളരെ ആശങ്കയിലാണ്. ‘ഗോത്ര വര്‍ഗ സ്ത്രീകളെന്ന നിലയില്‍ ഞങ്ങള്‍ ശക്തരാണ്, ഞങ്ങള്‍ തോറ്റു പിന്മാറില്ല’, അവര്‍ ഉറപ്പോടെ പറയുന്നു. ബിബിസിയുടെ റിപ്പോട്ടര്‍മാര്‍ തിരിച്ചു പോകാന്‍ ഒരുങ്ങുമ്പോള്‍ അവര്‍ ഒരു സന്ദേശം കൂടി പറഞ്ഞു.

‘എല്ലാ സമുദായങ്ങളിലെയും എല്ലാ അമ്മമാരോടും ഞാന്‍ ഇതു പറയാന്‍ ആഗ്രഹിക്കുന്നു, ‘എന്ത് സംഭവിച്ചാലും, ഒരിക്കലും സ്ത്രീകളെ അനാദരവോടെ കാണാന്‍ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കരുത്.’

 

Share on

മറ്റുവാര്‍ത്തകള്‍