ദേശീയഗാനത്തെ അപമാനിച്ചുവെന്ന് കാണിച്ച് കേസില്‍ കുരുക്കി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് എഴുത്തുകാരന്‍ കമല്‍ സി ചവറ തന്റെ നോവലായ ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ കത്തിച്ചു. ഫാസിസത്തിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് താന്‍ തന്റെ പുസ്തകം കത്തിക്കുന്നതെന്ന് പറഞ്ഞ കമല്‍ എഴുത്ത് നിര്‍ത്തുന്നതായും പ്രഖ്യാപിച്ചു.
വധഭീഷണിയും പോലീസ് പീഡനവും മൂലം തനിക്ക് ജീവിക്കാനാകാത്ത സാഹചര്യമാണെന്നും കഴിഞ്ഞ ദിവസം കമല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇന്ന് കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പുസ്തകം കത്തിക്കല്‍.
അതേ സമയം ചടങ്ങില്‍ അനുഭാവം പ്രകടിപ്പിച്ചെത്തിയ സഹയാത്രിക എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ മനുസ്മൃതി കത്തിച്ചു. മനുസ്മൃതിയുടെ പേജുകള്‍ കളര്‍ പ്രിന്റ് എടുത്തു കൊണ്ടുവന്നാണ് കത്തിച്ചത്.
കമല്‍ സി ചവറയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പുസ്തകം കത്തിക്കാനും ഒട്ടനവധി പേരാണ് എത്തിച്ചേര്‍ന്നത്. ഫാസിസത്തിനും സംഘപരിവാറിനുമെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുദ്രാവാക്യംവിളിച്ചു.