‘ഏഴ് വയസ് മാത്രമാണ് എൻ്റെ കുഞ്ഞിൻ്റെ പ്രായം. പരിക്ക് പറ്റി പഴുപ്പ് വന്നുകൊണ്ടിരുന്ന കൈ വെച്ച് കൊണ്ട് അവൻ കരയുന്നത് കണ്ട് നിൽക്കാൻ ഒരു അച്ഛനെന്ന നിലയിൽ എനിക്കാകില്ല’.. കൈക്ക് പരിക്കേറ്റ് എത്തിയ മകനെ ചികിത്സിച്ചതിൽ ഗുരുതര വീഴ്ച പറ്റിയ പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ പരാതിയുമായി എത്തിയ ഒരു പിതാവിൻ്റെ വാക്കുകളാണിത്. തൻ്റെ കുട്ടിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് അഴിമുഖത്തോട് പറയുമ്പോഴും ഒരിക്കൽ പോലും പത്തനംതിട്ട, ഓമല്ലൂർ സ്വദേശിയായ മനോജ് ആശുപത്രി അധികൃതരെ കുറ്റപ്പെടുത്തുന്നില്ല. മറിച്ച് ആ പിതാവിനുള്ളത് അഭ്യർത്ഥന മാത്രമാണ്. ഇനിയൊരു കുഞ്ഞിനും ഇങ്ങനെ സംഭവിക്കരുതെന്ന അഭ്യർത്ഥന.
ആരോഗ്യമന്ത്രി വീണാജോർജിന്റെ മണ്ഡലത്തിലെ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ മനോജിൻ്റെ മകൻ മനുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ കൃത്യമായി ചികിത്സിക്കാതെ കൈയ്ക്ക് പ്ലാസ്റ്റർ ഇട്ട് പറഞ്ഞയക്കുകയായിരുന്നു എന്നാണ് ആരോപണം. അസ്ഥിക്ക് പൊട്ടലുണ്ടെന്ന് പറഞ്ഞാണ് ഡോക്‌ടർ കൈക്ക് പ്ലാസ്റ്ററിട്ടത്. എന്നാൽ വീട്ടിലെത്തിയ കുട്ടിയുടെ കൈയിൽ നിന്ന് പഴുപ്പ് വരികയും അസഹനീയമായി വേദന അനുഭവപ്പെടുകയുമായിരുന്നു.
ആശുപത്രി ജീവനക്കാർ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എൻ്റെ മകന് ഇത്രയും വേദന സഹിക്കേണ്ടി വരുമായിരുന്നില്ലെന്ന് മനോജ് അഴിമുഖത്തോട് പ്രതികരിച്ചു.
‘തിരുവോണത്തിന് മുൻപാണ് എൻ്റെ മകന് പരിക്കേറ്റത്. നല്ല വേദനയുണ്ടായിരുന്നതിനാൽ ഞങ്ങളുടെ വീടിന് അടുത്തുള്ള പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് അവനെ കൊണ്ടുപോയത്. അവിടെ എത്തിയപ്പോൾ കൈയുടെ എക്സ് റേ എടുക്കണമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. കുട്ടിയെ പരിശോധിക്കാൻ ഓർത്തോളജി ഡോക്ടർ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ഓണം ആയത് കൊണ്ടാണോയെന്ന് അറിയില്ല, ആശുപത്രിയിൽ ഡോക്ടർമാർ കുറവായിരുന്നു. എക്സ് റേ എടുത്ത് കാണിച്ചപ്പോൾ നഴ്സുമാർ ഡോക്ടറെ വിളിച്ച് തിരക്കി പ്ലാസ്റ്റർ ഇടുകയായിരുന്നു. അവർ ആ കുഞ്ഞിൻ്റെ കൈ പിടിച്ചൊന്ന് പരിശോധിച്ചിരുന്നെങ്കിൽ ഇത്രയും വേദന എൻ്റെ മകൻ അനുഭവിക്കേണ്ടി വരില്ലായിരുന്നു. എന്നാൽ അവർ അത് ചെയ്യാതെ പ്ലാസ്റ്റർ ഇടുകയായിരുന്നു.
അടുത്തയാഴ്ച വീണ്ടും ആശുപത്രിയിൽ വരണമെന്നും അന്ന് പ്ലാസ്റ്റർ എടുക്കാമെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് കുട്ടിയുടെ കൈ പഴുത്ത് വ്രണമായി. കഠിനമായ വേദനമൂലം വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു.
ഞാനൊരു കൂലിപ്പണിക്കാരനാണ്. സാമ്പത്തികമായി ഒന്നും തന്നെ ഞങ്ങൾക്കില്ല. ഏഴ് വയസ് മാത്രം പ്രായമുള്ള എൻ്റെ കുഞ്ഞിൻ്റെ വേദന കണ്ട് നിൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മകൻ്റെ കൈയ്ക്ക് കൈയ്‌ക്ക് ഗുരുതരമായ ചതവുണ്ടായിരുന്നുവെന്ന് അവിടത്തെ ഡോക്ടർ പറയുമ്പോഴാണ് ഞങ്ങൾ അറിയുന്നത്. ഇത് പരിഗണിക്കാതെയാണ് പ്ലാസ്റ്ററിട്ടതെന്നും അതിനാലാണ് പഴുപ്പുണ്ടായതെന്നും ഇപ്പോൾ ചികിത്സിക്കുന്ന ഡോക്‌ടർ അറിയിച്ചു.
എനിക്ക് വേണ്ടത്ര വിദ്യാഭ്യാസമില്ല, പത്താം ക്ലാസ് വരെയാണ് സ്കൂളിൽ പോയിട്ടുള്ളത്. എന്നാൽ ഒരു കുട്ടിയോടും ഇങ്ങനെ ചെയ്യാൻ പാടില്ലായെന്ന് എനിക്ക് അറിയാം. അന്ന് കൈയിൽ നിന്നും വന്ന പഴുപ്പ് കണ്ടാൽ, കൈ മുറിച്ച് മാറ്റേണ്ടി വരുമോയെന്ന് വരെ ഞാൻ ചിന്തിച്ചു. ദൈവത്തിനെ പോലെ വിശ്വസിച്ചാണ് ഓരോ രോഗിയും ആശുപത്രിയിലെത്തുന്നത്. അവരെ വേണ്ട രീതിയിൽ പരിശോധിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്.
എനിക്ക് ആരെയും ദ്രോഹിക്കണമെന്നില്ല. ഭൂമിയിലെ ഒരു ജീവിയോടും അങ്ങനെ ചെയ്യണമെന്ന് വ്യക്തിയല്ല ഞാൻ. എൻ്റെ കുഞ്ഞിനുണ്ടായ ദുരനുഭവം സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തിയെന്ന് മാത്രമേയുള്ളൂ. എന്നെപ്പോലുള്ള സാധാരണക്കാർക്ക് ഇനിയൊരിക്കലും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകാൻ പാടില്ലായെന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് സമൂഹത്തിനോട് പറയാൻ തീരുമാനിച്ചത്. നമ്മൾ എന്ത് ജോലി ചെയ്താലും 90 ശതമാനമെങ്കിലും ആത്മാർത്ഥതയോടെ ചെയ്യണം. ആശുപത്രിയിലെ ജീവനക്കാർക്കുണ്ടായ ഒരു അശ്രദ്ധയാണ് എൻ്റെ കുട്ടിയുടെ കൈ പഴുത്ത് വ്രണമാകാൻ കാരണം. ആശുപത്രിയെയോ അധികാരികളെയോ ഞാൻ കുറ്റപ്പെടുത്തുകയല്ല. നിങ്ങളെ വിശ്വസിച്ച് എത്തുന്ന രോഗികളെ ശ്രദ്ധയോടെ പരിചരിക്കണം. അത് മാത്രമാണ് എൻ്റെ അപേക്ഷ,’ മനോജ് അഴിമുഖത്തോട് പറഞ്ഞു.
നിലവിൽ കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട നിലയിലാണെന്നും മനോജ് പ്രതികരിച്ചു.
Content Summary: medical malpractice against pathanamthitta general hospital Father insists on complaint
Leave a Comment