ഏകദേശം 290 കോടി രൂപ(35 ദശലക്ഷം ഡോളര്‍) ചിലവിട്ടുള്ള മാര്‍ക്കറ്റിംഗ് കാമ്പയിന്‍, എന്‍.എഫ്.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്കിടയിലുള്ള ടിവി പരസ്യങ്ങള്‍, അമേരിക്കയിലെ 25 തിയേറ്ററുകളില്‍ ഒരേസമയം നടക്കുന്ന പ്രീമിയര്‍ ഷോകള്‍.
വെള്ളിയാഴ്ച മുതല്‍ ലോകമെമ്പാടുമുള്ള 3,300 തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്ന ഒരു ചിത്രത്തെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ ഇതൊരു പുതിയ സൂപ്പര്‍ഹീറോ സിനിമയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ആമസോണ്‍ തങ്ങളുടെ സര്‍വ്വ സജ്ജീകരണങ്ങളും ഉപയോഗിച്ച് പുറത്തിറക്കുന്ന ‘മെലാനിയ’ എന്ന ഡോക്യുമെന്ററിയെകുറിച്ചാണ് പറഞ്ഞുവരുന്നത്.
അതായത് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയായ, അമേരിക്കയുടെ പ്രഥമ വനിതയായ മെലാനിയ ട്രംപിനെക്കുറിച്ചുള്ള ഡോക്യുമെന്ററി.
ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയുടെ പ്രസിഡന്റായുള്ള രണ്ടാം സ്ഥാനാരോഹണ ചടങ്ങിന് തൊട്ടുമുമ്പുള്ള ദിനങ്ങളിലൂടെയാണ് ഈ ഡോക്യുമെന്ററി കടന്നുപോകുന്നത്. മെലാനിയ ട്രംപ് തന്നെ നിര്‍മ്മിച്ച ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ബ്രെറ്റ് റാറ്റ്നര്‍ ആണ്. 2017-ല്‍ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു റാറ്റനര്‍. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
ഈ ചിത്രത്തിന്റെ അവകാശത്തിനായി മെലാനിയ ട്രംപിന്റെ പ്രൊഡക്ഷന്‍ കമ്പനിക്ക് ആമസോണ്‍ നല്‍കിയത് 40 ദശലക്ഷം ഡോളറാണ്(ഏകദേശം 334 കോടി). ഡിസ്നി വാഗ്ദാനം ചെയ്തതിനേക്കാള്‍ 26 ദശലക്ഷം ഡോളര്‍ അധികമാണിത്. ഈ വര്‍ഷം അവസാനം പുറത്തിറങ്ങുന്ന ഒരു ഡോക്യുമെന്ററി സീരീസിന്റെ അവകാശവും ഇതില്‍ ഉള്‍പ്പെടുന്നു. ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ് വ്യക്തമല്ലെങ്കിലും, ഇത്തരം ഡോക്യുമെന്ററികള്‍ക്ക് സാധാരണയായി 5 ദശലക്ഷം ഡോളറില്‍ താഴെ മാത്രമേ ചിലവ് വരാറുള്ളൂ. എന്നാല്‍ ഇതിന്റെ മാര്‍ക്കറ്റിംഗിനായി ചിലവാക്കുന്ന 35 ദശലക്ഷം ഡോളര്‍ മറ്റു പ്രമുഖ ഡോക്യുമെന്ററികള്‍ക്ക് ലഭിക്കുന്നതിന്റെ പത്തിരട്ടിയാണ്.

ഇത്ര വലിയ തുക ആമസോണ്‍ നല്‍കുന്നത് പ്രസിഡന്റ് ട്രംപിനെ പ്രീണിപ്പിക്കാനാണോ എന്ന ചോദ്യം ഹോളിവുഡില്‍ ഉയരുന്നുണ്ട്. ‘മ്യൂസിക് ലൈസന്‍സിംഗ് ഇല്ലാത്ത, ലോകത്തിലെ ഏറ്റവും ചിലവേറിയ ഡോക്യുമെന്ററി ആയിരിക്കും ഇത്,’ 2015 മുതല്‍ 2020 വരെ ആമസോണിന്റെ ഫിലിം ഡിവിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ടെഡ് ഹോപ്പ് പറഞ്ഞു. ‘ഇതൊരു ഉപചാരമായോ അല്ലെങ്കില്‍ ഒരു കൈക്കൂലിയായോ അല്ലാതെ എങ്ങനെ കാണാന്‍ കഴിയും?’ അദ്ദേഹം ചോദിക്കുന്നു. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ പ്രോഗ്രാമറായ തോം പവേഴ്‌സും ഈ ഇടപാടിനെ അത്ഭുതകരമെന്നാണ് വിശേഷിപ്പിച്ചത്.
ആമസോണിന്റെ വിനോദ വിഭാഗത്തിലെ ചില ജീവനക്കാര്‍ക്കും ഇതില്‍ ആശങ്കയുണ്ട്. കമ്പനി നേതൃത്വത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഈ പ്രോജക്റ്റ് നടന്നതെന്നും, രാഷ്ട്രീയ കാരണങ്ങളാല്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജീവനക്കാര്‍ക്ക് അനുവാദമില്ലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആമസോണ്‍ സി.ഇ.ഒ ആന്‍ഡി ജാസി, ആമസോണ്‍ സ്റ്റുഡിയോസ് തലവന്‍ മൈക്ക് ഹോപ്കിന്‍സ് എന്നിവര്‍ ശനിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന സിനിമയുടെ സ്വകാര്യ സ്‌ക്രീനിംഗില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍, ആമസോണ്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത് വളരെ ലളിതമായാണ്. ‘ഞങ്ങള്‍ ഈ ഡോക്യുമെന്ററി വാങ്ങിയത് ഒരേയൊരു കാരണത്താലാണ് – ഞങ്ങളുടെ ഉപഭോക്താക്കള്‍ ഇത് ഇഷ്ടപ്പെടുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’
ആമസോണിന്റെ ഈ നീക്കം എത്രത്തോളം അസ്വാഭാവികമാണെന്ന് മനസ്സിലാക്കാന്‍ 2018-ല്‍ പുറത്തിറങ്ങിയ ‘ ആര്‍ജിബി’ എന്ന ഡോക്യുമെന്ററിയുമായി ഇതിനെ താരതമ്യം ചെയ്യാമെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബാഡര്‍ ഗിന്‍സ്ബര്‍ഗിനെക്കുറിച്ചുള്ള ഈ ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ ഏകദേശം ഒരു ദശലക്ഷം ഡോളറാണ് ചിലവായത്. മാര്‍ക്കറ്റിംഗിനായി മൂന്നു ദശലക്ഷം ഡോളറും. ചിത്രം 14 ദശലക്ഷം ഡോളര്‍ നേടുകയും രണ്ട് ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു.
‘ആര്‍ബിജി’യുടെ സംവിധായകരിലൊരാളായ ജൂലി കോഹന്‍ മുമ്പ് ആമസോണുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ മെലാനിയ ട്രംപിന് സിനിമയുടെ ഉള്ളടക്കത്തിന്മേല്‍ പൂര്‍ണ്ണ നിയന്ത്രണമുള്ളതിനാല്‍ ഈ ചിത്രത്തിന് ‘കലാപരമായോ പത്രപ്രവര്‍ത്തനപരമായോ ഉള്ള വിശ്വാസ്യതയില്ല’ എന്ന് കോഹന്‍ പറഞ്ഞു. ‘ആമസോണ്‍ ഇത്ര വലിയ തുക നല്‍കിയത് ആ സിനിമയ്ക്ക് വേണ്ടിയല്ല, മറിച്ച് മറ്റെന്തോ ഒന്ന് വാങ്ങാനാണ്,’ അവര്‍ ആരോപിച്ചു.
പുരോഗമനപരമായ നിലപാടുള്ള ഡോക്യുമെന്ററികള്‍ക്കാണ് മുമ്പ് ആമസോണ്‍ മുന്‍ഗണന നല്‍കിയിരുന്നത്. ജെയിംസ് ബാള്‍ഡ്വിന്‍, പീറ്റ് ബുട്ടിഗീഗ്, സ്റ്റേസി എബ്രാംസ് എന്നിവരെക്കുറിച്ചുള്ള നാല് ചിത്രങ്ങള്‍ക്കായി ആമസോണ്‍ ആകെ ചിലവാക്കിയത് ഏകദേശം 12 ദശലക്ഷം ഡോളര്‍ മാത്രമാണ്.
ആദ്യ വാരാന്ത്യത്തില്‍ അമേരിക്കയിലും കാനഡയിലുമായി ഏകദേശം 5 ദശലക്ഷം ഡോളറിന്റെ ടിക്കറ്റ് വില്‍പ്പനയാണ് ‘മെലാനിയ’യ്ക്ക് പ്രതീക്ഷിക്കുന്നത്. ആം ഐ റേസിസ്റ്റ് ?(4.5 ദശലക്ഷം ഡോളര്‍), ‘ആഫ്റ്റര്‍ ഡെത്ത്’ (5.1 ദശലക്ഷം ഡോളര്‍) തുടങ്ങിയ യാഥാസ്ഥിതിക പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഡോക്യുമെന്ററികള്‍ക്ക് ലഭിച്ചതിന് സമാനമായ തുടക്കമാണിത്. എന്നാല്‍ അവയുടെ ബജറ്റ് ഇതിനേക്കാള്‍ വളരെ കുറവായിരുന്നു.

അതേസമയം, അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ ‘ മെലാനിയ’ യോട് വലിയ വലിയ താല്പര്യം കാണുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദാഹരണത്തിന്, ഇംഗ്ലണ്ടിലെ യോര്‍ക്കിലെ ഒരു മള്‍ട്ടിപ്ലക്സില്‍ വരാനിരിക്കുന്ന ഷോകളില്‍ 451 സീറ്റുകളില്‍ വെറും 6 എണ്ണം മാത്രമാണ് ബുധനാഴ്ച വരെ ബുക്ക് ചെയ്തിട്ടുള്ളത്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം നടക്കുന്നുണ്ടെന്നും യൂറോപ്പിലെ പ്രമുഖ സിനിമ ഓപ്പറേറ്ററായ വ്യൂ സി.ഇ.ഒ ടിം റിച്ചാര്‍ഡ്സ് പറഞ്ഞതായി ദി ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
ഒരു ഭരണകൂടത്തിന്റെ ജനപ്രീതി ബോക്സ് ഓഫീസില്‍ നേരിട്ട് പരീക്ഷിക്കപ്പെടുന്നത് അപൂര്‍വ്വമാണ്. 2004-ല്‍ മൈക്കല്‍ മൂറിന്റെ ‘ഫാരന്‍ഹീറ്റ് 9/11’ എന്ന ഡോക്യുമെന്ററി ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ ഭരണകൂടത്തെ കടന്നാക്രമിച്ചുകൊണ്ട് ചരിത്രവിജയം നേടിയിരുന്നു. എന്നാല്‍ അന്ന് ആ സിനിമയുടെ ആകര്‍ഷണം മൈക്കല്‍ മൂര്‍ എന്ന സംവിധായകനായിരുന്നു. പക്ഷേ, ഇവിടെ താരം മെലാനിയ ട്രംപ് തന്നെയാണ്.
അമേരിക്കയില്‍ മാത്രം ആമസോണും എംജിഎം-ഉം ചേര്‍ന്ന് 1,500 തിയേറ്ററുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നുണ്ട്. സാധാരണയായി ഡോക്യുമെന്ററികള്‍ ഇത്രയധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യാറില്ല. നിലവിലെ പ്രവചനങ്ങള്‍ അനുസരിച്ച്, ചിത്രം ആദ്യ വാരാന്ത്യത്തില്‍ ഒരു മില്യണ്‍ ഡോളറിനും അഞ്ചു മില്യണ്‍ ഡോളറിനും ഇടയില്‍ മാത്രമേ നേടാന്‍ സാധ്യതയുള്ളൂ. അഞ്ചു മില്യണ്‍ ഡോളര്‍ നേടിയാല്‍ പോലും, ഇതൊരു വലിയ വിജയമായി കണക്കാക്കാന്‍ കഴിയില്ല എന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ പറയുന്നത്. 2024-ല്‍ പുറത്തിറങ്ങിയ ആം ഐ റാസിസ്റ്റ് എന്ന ഡോക്യുമെന്ററി 12 മില്യണ്‍ ഡോളര്‍ നേടിയിരുന്നു. ആ ഡോക്യുമെന്ററിയെക്കാള്‍ കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുമ്പോഴും ‘മെലാനിയ’യ്ക്ക് അതിനെ മറികടക്കാന്‍ കഴിയുമോ എന്നത് സംശയമാണ്.
ഈ ഡോക്യുമെന്ററിയുടെ അവകാശത്തിനായി ആമസോണ്‍ 40 മില്യണ്‍ ഡോളര്‍ നല്‍കിയതും മാര്‍ക്കറ്റിംഗിനായി 35 മില്യണ്‍ ഡോളര്‍ ചിലവാക്കിയതുമാണ്(രണ്ടിനും കൂടി ചേര്‍ന്ന് ഏകദേശം 625 കോടി) വലിയ ചര്‍ച്ചയാകുന്നത്. ആമസോണ്‍ തങ്ങളുടെ ചരിത്രത്തില്‍ ഒരു ഡോക്യുമെന്ററിയ്ക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങള്‍ക്കിടയിലുണ്ടായ രാഷ്ട്രീയ മാറ്റത്തിനൊപ്പം നില്‍ക്കാനുള്ള കമ്പനിയുടെ വെപ്രാളമായാണ് ഹോളിവുഡ് ഇതിനെ കാണുന്നത്.
മെലാനിയ ട്രംപിന് ഏകദേശം 30 മില്യണ്‍ ഡോളര്‍(ഏകദേശം 252 കോടി) ഈ ഇടപാടിലൂടെ നേരിട്ട് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പ്രഥമ വനിത സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമല്ലാത്തതിനാല്‍ ഇത് നിയമപരമായി തെറ്റല്ല. എങ്കിലും, സര്‍ക്കാരുമായി കോടിക്കണക്കിന് രൂപയുടെ കരാറുകളുള്ള ആമസോണ്‍ പോലുള്ള ഒരു കമ്പനി പ്രസിഡന്റിന്റെ ഭാര്യയ്ക്ക് ഇത്ര വലിയ തുക നല്‍കുന്നത് ‘ഒരു തരം കൈക്കൂലി’ ആണെന്നാണ് ആമസോണ്‍ മുന്‍ ഉദ്യോഗസ്ഥനായ ടെഡ് ഹോപ്പ് ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്.
വിവാദ നായകന്‍ ബ്രെറ്റ് റാറ്റ്നര്‍ ആണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നതെന്നാണ് ഈ ഡോക്യുമെന്ററിയെ മറ്റൊരു തരത്തില്‍ ശ്രദ്ധേയമാക്കുന്നത്. 2017-ല്‍ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് പുറത്താക്കപ്പെട്ട റാറ്റ്‌നറുടെ 12 വര്‍ഷത്തിന് ശേഷമുള്ള ആദ്യ ചിത്രമാണിത്. സിനിമയുടെ ചിത്രീകരണ സമയത്ത് റാറ്റ്നര്‍ കാട്ടിയ അച്ചടക്കമില്ലായ്മയെക്കുറിച്ചും ക്രൂ മെമ്പര്‍മാരോടുള്ള മോശം പെരുമാറ്റത്തെക്കുറിച്ചും ‘റോളിംഗ് സ്റ്റോണ്‍’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെ ക്രൂവിനെ കഷ്ടപ്പെടുത്തിയപ്പോള്‍ റാറ്റ്നര്‍ അവര്‍ക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചതായും ആരോപണമുണ്ട്.
ചിത്രം നിരൂപകര്‍ക്കായി മുന്‍കൂട്ടി പ്രദര്‍ശിപ്പിച്ചിരുന്നില്ല. മാന്‍ഹട്ടനിലെ ചില തിയേറ്ററുകളില്‍ ടിക്കറ്റ് ബുക്കിംഗ് മെച്ചപ്പെട്ട നിലയിലാണെങ്കിലും, ടൈംസ് സ്‌ക്വയറിലെ പ്രമുഖ തിയേറ്ററുകളില്‍ ടിക്കറ്റ് വില്‍പന വളരെ കുറവാണ്. പലയിടങ്ങളിലും സിനിമയുടെ ട്രെയിലറിന് നേരെ കാണികള്‍ കൂവുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഫലം എന്തുതന്നെയായാലും ട്രംപ് ഇതിനെ ഒരു വന്‍ വിജയമായി പ്രഖ്യാപിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ മെലാനിയയെ സംബന്ധിച്ചിടത്തോളം ബോക്സ് ഓഫീസ് കണക്കുകള്‍ അപ്രസക്തമാണ്; കാരണം അവര്‍ക്ക് ലഭിക്കേണ്ട തുക നേരത്തെ തന്നെ ലഭിച്ചുകഴിഞ്ഞു. ഹോളിവുഡിലെ ഒരു പ്രധാന തത്വം മെലാനിയ ഇതിനോടകം പഠിച്ചുകഴിഞ്ഞു: ‘മറ്റൊരാളുടെ ചിലവില്‍ താരം ആവുക എന്നത്.’ഡ ദി ഗാര്‍ഡിയന്‍ എഴുതുന്നു.
Content Summary; Melania documentary; Amazon prime spend $75m Critics Questioning Its Motives.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.