ലോകചാമ്പ്യൻമാരായ മെസ്സിയും കൂട്ടരും കേരളത്തിൽ കളിക്കാനെത്തുമെന്ന സംസ്ഥാന കായിക വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന് ആവേശത്തിലാണ് കേരളത്തിലെ കായികപ്രേമികൾ. അർജന്റീന ടീമിനൊപ്പം മെസ്സിയുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് കൂടി വന്നതോടെ ആവേശം ഇരട്ടിയായി. പലരും അസാധ്യമെന്ന് എഴുതിത്തള്ളിയ കാര്യം സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടൽ മൂലമാണ് സാധ്യമായതെന്നും ലോക സ്‌പോർട്‌സ് ഭൂപടത്തിൽ കേരളത്തിന്റെ പേര് മുഴങ്ങിക്കേൾക്കുന്ന നിമിഷമായിരിക്കും അതെന്നും പിണറായി വിജയൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. messi in kerala
കാൽപ്പന്ത് കളിയെ ഇഷ്ടപ്പെടുന്ന കേരളത്തിലെ ആരാധകർക്ക് ഈ വാർത്ത നൽകുന്ന സന്തോഷം ചെറുതൊന്നുമല്ല. ഫുട്‌ബോളിന്റെ മിശിഹ എന്നറിയപ്പെടുന്ന സാക്ഷാൽ ലയണൽ മെസ്സിയെ കാണാനുള്ള കാത്തിരിപ്പ് അവർ ആരംഭിച്ച് കഴിഞ്ഞു. ഈ മാസം 19 നാണ് സൗഹൃദ മത്സരത്തിനായി അർജന്റീന ടീം കേരളത്തിലെത്തുമെന്ന വിവരം കായിക മന്ത്രി വി.അബ്ദുറഹ്മാൻ സ്ഥിരീകരിച്ചത്. ടീമിനെ ക്ഷണിക്കാനായി സ്‌പെയിനിൽ പോയിരുന്നുവെന്നും ഒന്നരമാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. അടുത്ത വർഷം സെപ്‌റ്റംബർ, ഒക്ടോബർ മാസങ്ങളിലാകും മത്സരം നടക്കുക. അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം സ്ഥിരീകരിച്ചതായും മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. മത്സരത്തിന്റ തീയതി പ്രഖ്യാപിക്കുന്നത് എഎഫ്‌എ (അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ) ആയിരിക്കും. അർജന്റീനക്കൊപ്പം മത്സരിക്കുന്ന എതിർ ടീം ആരാണെന്നുള്ള വിവരം പിന്നീടാകും തീരുമാനിക്കുക. മെസ്സിയും പടയാളികളുമായി ഏറ്റുമുട്ടാൻ വിദേശ ടീമുകളെ മത്സരത്തിനിറക്കാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം.
മത്സരം സംഘടിപ്പിക്കാൻ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും മലപ്പുറത്തെ പയ്യനാട് സ്റ്റേഡിയവും പരിഗണനയിലുണ്ട്. എന്നാൽ പയ്യനാട് സ്റ്റേഡിയത്തിന് കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളാൻ കഴിയുമോയെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ മത്സരം കൊച്ചിയിൽ നടക്കാനാണ് കൂടുതൽ സാധ്യത. 2022ൽ ലോകകപ്പ് വിജയിച്ച അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചുവെന്നും അവർ അതിന് സമ്മതിച്ചുവെന്നും നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. അന്ന് മുതൽ ഇത് എത്രത്തോളം സാധ്യമാകുമെന്ന ആശങ്കയിലാണ് കേരളത്തിലെ ആരാധകർ. അർജന്റീന പോലൊരു ലോകോത്തര ടീമിനെ ഇവിടെയെത്തിച്ച് മത്സരം സംഘടിപ്പിക്കാൻ കേരളത്തിനോ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനോ കഴിയുമോ എന്നതായിരുന്നു ആശങ്ക. ഒരു മത്സരത്തിനായി അർജന്റീന ടീം വാങ്ങുന്ന മാച്ച് ഫീ വളരെ വലുതാണ്. മെസ്സി കൂടി ടീമിലുൾപ്പെടുമ്പോൾ മാച്ച് ഫീ ഭീമമായ തുകയാകും എന്നതിൽ സംശയമില്ല. അർജന്റീനക്കെതിരെ കളിക്കാനെത്തുന്ന ടീമിനും മാച്ച് ഫീ നൽകേണ്ടി വരും. മാച്ച് ഫീക്ക് പുറമെ സുരക്ഷാ സംവിധാനങ്ങളും താമസ സൗകര്യങ്ങളും ഒരുക്കണം. മത്സരത്തിന് മുന്നോടിയായി സ്‌റ്റേഡിയം നവീകരിക്കേണ്ടി വരും. റിപ്പോർട്ട് അനുസരിച്ച് ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ 100 കോടിയിലധികം ചിലവ് വരും.
സ്‌പോൺസർഷിപ്പിലൂടെ ഇതിനായുള്ള തുക കണ്ടെത്താനാണ് സർക്കാരിന്റെ തീരുമാനം. കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായി ചർച്ച നടത്തിയെന്നും സ്‌പോൺസർഷിപ്പിന് സന്നദ്ധത അറിയിച്ചെന്നുമാണ് വിവരം. ആശങ്കകൾ നിലനിൽക്കുമ്പോഴും കേരളത്തിന്റെ മണ്ണിൽ നീലപ്പട പന്തുരുട്ടുന്നത് കാണാനാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.messi in kerala
content summary; messi in kerala,fans are excited