ചന്ദ്രനിലെ സ്‌ഫോടനങ്ങള്‍

സൗരയൂഥത്തില്‍ നിന്നുള്ള കല്ലേറുകൊണ്ട് തീര്‍ത്തും വികൃതമായ ഈ മുഖത്തെവെച്ചാണല്ലോ നമ്മളിത്രയും കാലം 'ശശിബിംബം പോലെ തെളിയുമൊരു സര്‍വ്വാംഗസുന്ദരി' എന്നൊക്കെ എഴുതിക്കൊണ്ടിരുന്നത്

ജൂണ്‍ 18, 1178. സൂര്യനസ്തമിച്ചിട്ട് അധികനേരം ആയിട്ടില്ല. ആകാശത്ത് പൂര്‍ണചന്ദ്രനല്ല. രണ്ടു കൊമ്പുകളുള്ള ചന്ദ്രക്കല. അതിനു കിഴക്കുഭാഗത്തേക്കു മുനയുള്ള രണ്ടു കൊമ്പുകള്‍. അസാധാരണമാം ഒന്നുമില്ല ആ കാഴ്ചയില്‍. പക്ഷെ, അത്ഭുതം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കാന്റര്‍ബറിയിലെ പുരോഹിതന്മാരാണ് ആ വിസ്മയക്കാഴ്ച കാണാനിടയായത്. തീര്‍ത്തും അപ്രതീക്ഷിതമായ ഒന്ന്. ചന്ദ്രക്കലയുടെ മുകള്‍ക്കൊമ്പ് പൊടുന്നനെ രണ്ടായി പിളര്‍ന്നു. ആ പിളര്‍പ്പിന്റെ നടുവില്‍ നിന്ന് ഒരു അഗ്‌നിജ്യോതി. ആകാശാകലങ്ങളിലേക്കു തീയും കല്‍ക്കരിയും തീപ്പൊരിയുമെല്ലാം തുപ്പിക്കൊണ്ടായിരുന്നു അതു പ്രത്യക്ഷപ്പെട്ടത്. ആ സമയം ചന്ദ്രന്റെ കീഴ്‌ക്കൊമ്പ് കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. മുറിവേറ്റ പാമ്പിനെപ്പോലെയായിരുന്നു ചന്ദ്രന്‍ അന്നേരം. അല്പനേരം കഴിഞ്ഞപ്പോള്‍ എല്ലാം പഴയതുപോലെയായി. പിന്നെ വീണ്ടുമതാവര്‍ത്തിച്ചു. ചെറുതായിട്ടാണെങ്കിലും ഒരു പത്തു തവണയെങ്കിലും. അഗ്‌നിജ്വാലകള്‍ ഓരോ സമയത്തും വ്യത്യസ്തമാം രീതിയില്‍ വളഞ്ഞുപുളഞ്ഞു കൊണ്ടിരുന്നു. തീപ്പാമ്പുകള്‍ കുതിച്ചുയരുന്നതുപോലെയായിരുന്നു അത്. ഒടുവില്‍, എല്ലാം ശമിച്ചതോടെ മുകളറ്റം മുതല്‍ താഴെ വരെ ചന്ദ്രനിലൊരു കറുത്തവര വീണതുപോലെ തോന്നി. കേട്ടാല്‍ ഏതോ പ്രേതകഥയിലെ വിവരണംപോലെ തോന്നിയില്ലേ. ഇതു സത്യത്തില്‍ നടന്നതാണോ എന്നൊന്നും ഉറപ്പില്ല. എങ്കിലും കണ്ടു എന്ന് എഴുതിവെച്ചത് കാന്റര്‍ബറിയിലെ ഗെര്‍വാസി എന്ന പുരോഹിതനാണ്. അഞ്ചു പുരോഹിതന്മാര്‍ കണ്ടു എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ശാസ്ത്രീയമായി ആലോചിച്ചാല്‍ വെറും കെട്ടുകഥ എന്നേ തോന്നൂ.


ആദ്യമായി ഇക്കാര്യം ശാസ്ത്രവീക്ഷണത്തോടെ അപഗ്രഥിച്ചത് കഴിഞ്ഞ നൂറ്റാണ്ടിലായിരുന്നു. പലരും കണ്ടു എന്നു പറയുന്ന ആ വിസ്മയക്കാഴ്ച എന്തായിരുന്നിരിക്കാം? അതു സത്യമായിരുന്നെങ്കില്‍ ചിലതൊക്കെ നമുക്കു ഊഹിക്കാം. അതൊരു വമ്പന്‍ ഉല്ക്ക ചന്ദ്രനില്‍ വന്നു വീണതാവുമെന്ന്. അതു സൃഷ്ടിച്ച ആഘാതങ്ങളായിരിക്കാം അത്തരമൊരു കാഴ്ചയിലേക്കു പകര്‍ന്നത്. തീര്‍ച്ചയായും ഏതാണ്ടിതു പോലെയൊക്കെ സംഭവിച്ചുകൂടെന്നില്ല. മധ്യകാലത്ത് തീര്‍ച്ചയായും ഇതിലൊരു അതിശയപരിവേഷവും, കാല്പനികതയുമൊക്കെ ധാരാളം കലരാനുമിടയുണ്ട്. ഇക്കാര്യത്തിലേക്കു ഞാന്‍ വീണ്ടും വരാം.

അതിനു മുമ്പ്, നിങ്ങള്‍ ഇനി ആധുനികകാലത്തെ ഈ വീഡിയോ കാണുക. മനോഹരവും, അതേസമയം അത്ഭുതമുയര്‍ത്തുന്നതുമായ ഒന്ന്. ഇതില്‍ കാണിക്കുന്നതായ ചന്ദ്രോപരിതലത്തില്‍ വന്നു വീഴുന്ന ഉല്ക്കകള്‍ അസാധാരണമായ കാര്യമേയല്ല. ഓരോ വീഴ്ചയും ഓരോ സ്‌ഫോടനങ്ങളാണ്. ചന്ദ്രോത്ഭവത്തിനുശേഷമുള്ള കഴിഞ്ഞ 451 കോടി വര്‍ഷങ്ങളില്‍ ഇതൊരു സ്ഥിരം സംഭവം മാത്രം. ഭൂമിയ്ക്കുള്ളതുപോലെ ഒരന്തരീക്ഷം ചന്ദ്രനില്‍ ഇല്ലാത്തതിനാല്‍ ഈ വീഴുന്ന പ്രാപഞ്ചികവസ്തുക്കള്‍ മുഴുവനായോ ഭാഗികമായോ എരിഞ്ഞുതീരാതെ അപ്പാടെയങ്ങു വീഴും. വീഴ്ചയ്ക്കനുസരിച്ച്, പൊട്ടിത്തെറികളുമുണ്ടാവും. അതിന്റെ ബാക്കിപത്രമായി പല വലിപ്പത്തിലുള്ള ഗര്‍ത്തങ്ങള്‍ ചന്ദ്രോപരിതലത്തില്‍ അവശേഷിക്കുകയും ചെയ്യും.

സൂര്യനെ വലം വെയ്ക്കുന്ന ഛിന്നഗ്രഹങ്ങളില്‍ ചിലതാണ് ഈ ഉല്ക്കകളില്‍ പലതും. അപൂര്‍വ്വമായി സൗരയൂഥസീമകളില്‍ നിന്നു വരുന്ന ധൂമകേതുക്കളുടെ അംശങ്ങളും ചിലപ്പോള്‍ വന്നുവീഴാം. ചന്ദ്രഗുരുത്വാകര്‍ഷണത്തില്‍ വന്നുകഴിഞ്ഞാല്‍ സെക്കന്റില്‍ 20 മുതല്‍ 70 കിലൊമീറ്റര്‍ വേഗതയിലാണ് ഈ ഉല്ക്കകള്‍ പതിക്കുക. ആ വീഴ്ചയുടെ ഗതികോര്‍ജ്ജം അപാരവുമായിരിക്കും. ഈ ഊര്‍ജ്ജമാണ് ഉപരിതലവുമായി സ്പര്‍ശിച്ചുകഴിഞ്ഞാല്‍ സ്‌ഫോടനമായി മാറുന്നത്. അതില്‍ പാതിയോളം ഉല്ക്ക ബാഷ്പീകരിക്കപ്പെടും. മാത്രമല്ല, ആ വീഴ്ച സൃഷ്ടിക്കുന്ന ആഘാതതരംഗം ഒരു ചന്ദ്രകമ്പവും, വീണിടത്തൊരു ഗര്‍ത്തവും സൃഷ്ടിക്കും. ചെറുചന്ദ്രകമ്പങ്ങള്‍ പൊതുവെ ബഹുദൂരം സഞ്ചരിക്കാറില്ല. കാരണം ചന്ദ്രന്റെ കാഠിന്യമേറിയ ഘടന തന്നെ. എന്നാല്‍ വലിയ ഉല്ക്കകള്‍ കാര്യമായ ചാന്ദ്രികകുലുക്കങ്ങള്‍ക്കു കാരണക്കാരാവാനിടയുണ്ട്. ഗര്‍ത്തത്തിന്റെ വലിപ്പം നിര്‍ണയിക്കപ്പെടുന്നത് ഉല്ക്കയുടെ വലിപ്പം, വേഗത, അതിന്റെ ഘടന എന്നിവയ്‌ക്കൊപ്പം വീണ ഉപരിതലത്തിന്റെ ഭൗതികസ്വഭാവം, ഇതെല്ലാമായിരിക്കും. ചിലപ്പോള്‍ ഇവിടെ നിന്നു തെറിച്ചുപോകുന്ന ഇജക്റ്റ എന്നു വിളിക്കുന്ന ശകലങ്ങള്‍ ചെറുഗര്‍ത്തങ്ങളും ഉണ്ടാക്കാം. ചന്ദ്രാകര്‍ഷണം വിട്ടു ബഹിരാകാശത്തേക്കു തെറിച്ചുപോകുന്ന ശകലങ്ങളും കാണുമത്രെ. അവ ഭൗമാന്തരീക്ഷത്തിലേക്കും കടക്കാം. ആഘാതസ്ഥലത്തെ താപനില കാര്യമായി ഉയരുമെന്നത് തീര്‍ച്ച. പാറകള്‍ ഉരുകി സ്ഫടികം വരെ ഉണ്ടാവാം. ശിലകള്‍ തമ്മില്‍ ഒന്നിച്ചുചേരുകയും ചെയ്യാറുണ്ട്.

ഭൂമിയിലുമുണ്ടാവാം ഉല്ക്കാപതനങ്ങള്‍. പക്ഷെ, ചന്ദ്രനില്‍ വീഴുന്നതിന്റെ എണ്ണം വെച്ചു നോക്കുമ്പോള്‍ തുലോം കുറവ്. മിക്കവാറും ഉല്ക്കകള്‍ അന്തരീക്ഷത്തില്‍ എരിഞ്ഞുതീരും. ഇനി ഉണ്ടാവുന്ന ഗര്‍ത്തങ്ങള്‍ തന്നെ കാലക്രമേണ ഭൗമപാളികളുടെ ചലനങ്ങളില്‍പെട്ടും, കാറ്റിന്റേയും വെള്ളത്തിന്റെയും ഗതിവിഗതികളില്‍പെട്ടും മായാം. മാറാം. ചെറുതുമാവാം. എന്തായാലും, ചന്ദ്രന്‍ തന്നെയാണ് ഉല്ക്കളുടെ പ്രിയലക്ഷ്യസ്ഥാനം. അതിനു കാരണങ്ങളുണ്ട്.


അന്തരീക്ഷമില്ലാത്തു തന്നെ ഏറ്റവും പ്രധാനം. അതിനാല്‍ ഏറ്റവും ചെറിയ ഉല്ക്കപോലും ഇടിച്ചുവീഴും. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥം സൗരയൂഥത്തിലെ ഛിന്നഗ്രഹപാതയ്ക്ക് വളരെ അടുത്താണെന്നതാണ് മറ്റൊരു കാരണം. ഭൂമിയുടെ അമ്പതിലൊന്നു വലിപ്പമേ ചന്ദ്രനുള്ളൂ എങ്കിലും, അതിന്റെ ഗുരുത്വാകര്‍ഷണം ഭൂമിയുടെ ആറിലൊന്നു വരും. സമീപത്തുകൂടി പോകുന്ന ഉല്ക്കകളെ പിടിച്ചെടുക്കാന്‍ ആ ശക്തി ധാരാളം.

ചന്ദ്രനെ ഒരു ദൂരദര്‍ശിനിവെച്ചു നോക്കിയാലറിയാം മന്നവേന്ദ്രമുഖത്തോടു താരതമ്യം ചെയ്യപ്പെടുന്ന ആ ഉപരിതലം മുഴുവന്‍ കുഴികളും പാടുകളുമാണെന്ന്. എണ്ണിനോക്കിയാല്‍ ദശലക്ഷങ്ങള്‍ വരുമത്. അവയോരോന്നിന്റേയും വലിപ്പമാകട്ടെ, വളരെ ചെറുതു മുതല്‍ 2500 കിലോമീറ്റര്‍ വ്യാസമുള്ളതു വരെയാകാം.

ചില ചന്ദ്രഗര്‍ത്തങ്ങളെ നമ്മള്‍ പേരിട്ടു വിളിക്കുന്നുണ്ട്. തൊണ്ണൂറിലധികം കിലോമീറ്റര്‍ വീതിയുള്ള കോപ്പര്‍നിക്കസ് ഗര്‍ത്തം, ഏതാണ്ടത്ര തന്നെ വലിപ്പമുള്ള ടൈക്കോ ഗര്‍ത്തം എന്നിവ അവയില്‍ ചിലതാണ്. ടൈക്കോ ഗര്‍ത്തം പതിനൊന്നു കോടി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായതാണത്രെ. അന്നു ഭൂമിയില്‍ ഡൈനസോറുകള്‍ മദിച്ചുനടക്കുകയായിരുന്നു. പൂച്ചെടികള്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. സസ്തനികള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയും.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് കൂട്ടത്തില്‍ ഏറ്റവും വലിയ ഗര്‍ത്തമുള്ളത്. ഗര്‍ത്തമെന്നല്ല, അതിനെ കണ്ടാല്‍ തോന്നുക. ഒരു മഹാതടം. ഈ സൗരയൂഥത്തിലെത്തന്നെ ഏറ്റവും വലിയ ഗര്‍ത്തമാവാമത്. 2500 കിലോമീറ്റര്‍ വലിപ്പവും, 13 കിലോമീറ്റര്‍ ആഴവുമുള്ള ഈ ഐറ്റ്‌കെന്‍ തടത്തിലൂടെ ചന്ദ്രന്റെ ഉള്‍ക്കാമ്പിനു തൊട്ടടുത്തേക്കൊരു നോട്ടവും സാധ്യമാണ്. 400 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായതാണത്രെ ഈ ഉല്ക്കാതടം. അന്നു ഭൂമി വേണ്ടത്ര ഉറച്ചിട്ടില്ല. എങ്കിലും ഏകകോശജീവികളുടെ രൂപത്തില്‍ ജീവന്‍ പിറവിയെടുത്തിട്ടുണ്ടാവാം എന്നാണൂഹം.

പൂര്‍വ്വസാഗരം അഥവാ മേര്‍ ഓറിയന്റേല്‍ എന്നൊരു ഉല്ക്കാതടം കൂടിയുണ്ട്. അതില്‍ കാണുന്ന വളയങ്ങള്‍ 380 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഉല്ക്കാപതനത്തിന്റെ ഫലമായി കരുതുന്നു. ചന്ദ്രസാഗരം എന്നൊക്കെ വിളിക്കാറുള്ള ‘മരീയ’യാകട്ടെ, ഒരു ഉല്ക്കാപതനത്തെത്തുടര്‍ന്ന് ലാവയൊഴുകി ഉറച്ചുണ്ടായതും.

ഓരോ ഉല്ക്കാഘാതവും ചന്ദ്രോപരിതലത്തെ ഇടിച്ചുമറിക്കുന്നുണ്ടെന്നതുറപ്പ്. ഉപരിതലത്തില്‍ കാണുന്ന ഇളകിയ മണ്ണ് മിക്കവാറും ഇങ്ങനെയുണ്ടായതാണത്രെ. റീഗോലീത്ത് എന്നാണിതിനെ വിളിക്കുക. രാജാക്കല്ല് എന്നു മലയാളത്തില്‍. രണ്ടു മുതല്‍ ഇരുപതു മീറ്റര്‍ കനത്തിലാണിതു കിടക്കുന്നത് എന്നാലോചിച്ചാലറിയാം ആ ആഘാതങ്ങളുടെ ഭീകരത.

ചന്ദ്രനെ നിരന്തരം വീക്ഷിക്കാനായി നാസ പറഞ്ഞയച്ചിട്ടുള്ള LRO ഉപഗ്രഹം (Lunar Reconnaissance Orbiter) പറയുന്നത് കഴിഞ്ഞ പതിനാറു കൊല്ലത്തില്‍ നൂറുകണക്കിനു ഉല്ക്കകള്‍ വീണിട്ടുണ്ടെന്നാണ്. 2013-ല്‍ ഒരു മീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ഒരു ഉല്ക്ക വീണപ്പോള്‍ പതിനെട്ടു മീറ്റര്‍ ഗര്‍ത്തമാണ് രൂപപ്പെട്ടത്. ശതകോടിവര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു വമ്പന്‍ ഉല്ക്കകളുടെ വീഴ്ച. അതായത് ഉല്ക്കകളുടെ വലിപ്പം കാലക്രമേണ കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന്. ഒരു കിലോമീറ്റര്‍ വ്യാസമുള്ള ഒരുല്ക്ക വീഴാന്‍ കോടിവര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം. എന്നാല്‍ പത്തുമീറ്ററിലും താഴെയുള്ളത് ആഴ്ചതോറും വീണുകൊണ്ടിരിക്കുന്നു.

ഈ ഉല്ക്കാപതനങ്ങളെ പഠിക്കുന്നതുകൊണ്ട് നമുക്കെന്താ ഗുണം? പറയാം. ഗര്‍ത്തങ്ങള്‍ ചരിത്രവഴികളാണ്. സൗരയൂഥചരിത്രത്തെ അതില്‍നിന്നു വായിച്ചെടുക്കാനാവും. അപ്പോളോ പേടകങ്ങള്‍ ചന്ദ്രനില്‍നിന്നു കൊണ്ടുവന്ന ഗര്‍ത്ത സാമ്പിളുകളുടെ റേഡിയോമെട്രിക് കാലഗണന വലിയ വിവരങ്ങളാണ് തന്നത്. ഈ ആഘാതങ്ങള്‍ കാരണം ചന്ദ്രനില്‍ എവിടെയെങ്കിലും ജലപാളികള്‍ കുടുങ്ങിനില്ക്കുന്നുണ്ടോ എന്ന അന്വേഷണമാണ് മറ്റൊന്ന്. ഭാവിയില്‍ ഭൂമിയില്‍ സംഭവിക്കാവുന്ന ഉല്ക്കാപതനങ്ങളെക്കുറിച്ച് മുന്‍കൂട്ടി പഠിക്കാനും ഈ ഗര്‍ത്തപഠനങ്ങള്‍ മൂലം സാധിക്കും. ഡൈനസോറുകളുടെ വംശനാശം വരുത്തിയതിനൊപ്പം ഭൂമിയിലെ ജീവജാലങ്ങളെ ഏതാണ്ടില്ലാതാക്കിയ ആറരക്കോടി വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ഉല്ക്കാപതനത്തെ നമുക്കു മറക്കാനാവില്ലല്ലോ. അതുകൊണ്ട്, നാം സൂക്ഷിക്കാതെ വയ്യ.

22 കിലോമീറ്റര്‍ വലിപ്പമുള്ള ജൊര്‍ഡാനൊ ബ്രൂണോ എന്നൊരു ഗര്‍ത്തമുണ്ട്. ഇറ്റലിക്കാരനായ തത്വചിന്തകന്‍ ജൊര്‍ഡാനൊ ബ്രൂണോയൊടെ പേരാണ് ഈ ഗര്‍ത്തത്തിനു സമര്‍പ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അതംഗീകരിക്കുകയും ചെയ്തു. ഇതു രൂപപ്പെട്ടിട്ട് അധികം കാലമായിട്ടില്ല എന്നാണ് പലരും പറയുന്നത്. അങ്ങനെയാണ് ചിലര്‍ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ ഗര്‍വാസിയുടെ 1178-ലെ കാഴ്ച സൂചിപ്പിക്കുന്ന ഉല്ക്കാപതനവുമായി ജൊര്‍ഡാനൊ ബ്രൂണോ ഗര്‍ത്തത്തിനു ബന്ധമുണ്ടോ എന്നന്വേഷിക്കാന്‍ തുടങ്ങിയത്. കണക്കാക്കി നോക്കിയാല്‍ ഇന്നു നമുക്കറിയാം ആ കാഴ്ച സത്യമാണെങ്കില്‍ അതു നടന്നിരിക്കുക ചന്ദ്രന്റെ വടക്കുകിഴക്കന്‍ ഭാഗത്താവണമെന്ന്. അതായത്, അവിടെ വലിയൊരു ഗര്‍ത്തം അവശേഷിക്കാതെ വയ്യ. എന്നാല്‍ കൃത്യമാണ്. അവിടെയൊരു ഭീമന്‍ ഗര്‍ത്തമുണ്ട്. 22 കിലോമീറ്റര്‍ വ്യാസമുള്ള ഒന്ന്. അതാണ് മേല്പറഞ്ഞ ജൊര്‍ഡാനൊ ബ്രൂണോ. ഇതിനുചുറ്റും നൂറ്റമ്പതു കിലോമീറ്ററോളം ദൂരത്തില്‍ സൂര്യരശ്മികളെന്നോണം തിളങ്ങുന്ന വരകളുമുണ്ട്. തെളിവുകള്‍ കാണിക്കുന്നത് അതുണ്ടായിട്ട് എഴുന്നൂറില്‍ പരം വര്‍ഷങ്ങളേ ആയിട്ടുള്ളൂ എന്നാണ്. അപ്പോള്‍ കാന്റര്‍ബറിയില്‍ നിന്നുള്ള കാഴ്ച സത്യം തന്നെയോ?

1976-ല്‍ ജാക്ക് ഹാര്‍റ്റംഗ് എന്ന ഭൂശാസ്ത്രജ്ഞനാണ് പുരോഹിതര്‍ കണ്ടത് ചന്ദ്രനിലെ ഉല്ക്കാപതനം ആയിരിക്കുമെന്നു ആദ്യമായി പറഞ്ഞത്. അഗ്‌നിജ്യോതി, തീനാളങ്ങള്‍ എന്നിവയെല്ലാം ആഘാതത്തെത്തുടര്‍ന്ന് തെറിക്കുന്ന വസ്തുക്കളാല്‍ സൃഷ്ടിക്കപ്പെടാവുന്നതാണ്. ചന്ദ്രന്‍ വിറപൂണ്ടതും കറുപ്പുനിറം വീണതും സംഭവിക്കാം. ശിലകള്‍ ഉരുകിയും പുക നിറഞ്ഞുമൊക്കെ അതുണ്ടാവാമത്രെ. ഈ ഗര്‍ത്തത്തിന്റെ വയസ്സും സ്ഥലവുമാകട്ടെ, 1178-ലെ കാഴ്ചയോടു ചേരുന്നതും. ചന്ദ്രതരംഗങ്ങളുടെ ലേസര്‍ പഠനങ്ങളും ഇക്കാര്യം ശരിവെയ്ക്കുന്നുണ്ട്.

എങ്കിലും, എല്ലാവരും ഇതിനോടു യോജിക്കുന്നൊന്നുമില്ല. അത്രയും വലിയ ഗര്‍ത്തം ഉണ്ടാകണമെങ്കില്‍ ഒരു കോടി ടണ്‍ അവശിഷ്ടങ്ങള്‍ ഉണ്ടാവേണ്ടതും ചിലതെങ്കിലും ഭൂമിയിലേക്കു തെറിക്കേണ്ടതാണെന്നുമാണ് കരുതുന്നത്. എന്നിരുന്നാല്‍, ഭൂമിയില്‍ മറ്റു പലയിടത്തും അക്കാര്യം ശ്രദ്ധിക്കപ്പെട്ടേനേ. ഒരു രേഖകളിലും അതൊട്ടു കാണുന്നുമില്ല.

ജോര്‍ഡാനൊ ബ്രൂണോ ഗര്‍ത്തത്തിന്റെ കാലഗണനയോടു തീരെ യോജിക്കാത്തവരും ഉണ്ട്. അവര്‍ പറയുന്നത് ഈ ഗര്‍ത്തത്തിനു അതിലേറെ പഴക്കം ഉണ്ടെന്നാണ്. താപപഠനങ്ങളും അക്കാര്യം ശരിവെയ്ക്കുന്നു. ചിലപ്പോള്‍ ഭൗമാന്തരീക്ഷത്തിലേക്കു കടന്ന ഒരുല്‍ക്ക കത്തിയെരിയുന്നത് ചന്ദ്രപശ്ചാത്തലത്തില്‍ കണ്ടതുമാവാം ഗൊര്‍വാസി. അല്ലെങ്കില്‍, കുരിശുയുദ്ധകാലത്തിനു എരിവുകൂട്ടാനായി, ചന്ദ്രക്കല മുറിയുന്നു എന്നൊക്കെ പറഞ്ഞു സൃഷ്ടിച്ച വെറും ഇല്ലാക്കഥയുമാവാം.

എന്തായാലും, കോടിക്കണക്കിനു വര്‍ഷത്തെ ഉല്ക്കാപതനങ്ങളാണ് ചന്ദ്രോപരിതലത്തെ രൂപപ്പെടുത്തിയത്. ഗര്‍ത്തങ്ങളും, തടങ്ങളും, രാജാക്കല്ലുകളുമെല്ലാം അതിന്റെ ഫലം തന്നെ. നമ്മള്‍ കാണുന്ന ചന്ദ്രമുഖത്തേക്കു സൂക്ഷിച്ചു നോക്കിയാല്‍ അക്കാര്യം മനസ്സിലാക്കാന്‍ പ്രയാസവുമില്ല. എന്നാല്‍, സൗരയൂഥത്തില്‍ നിന്നുള്ള കല്ലേറുകൊണ്ട് തീര്‍ത്തും വികൃതമായ ഈ മുഖത്തെവെച്ചാണല്ലോ നമ്മളിത്രയും കാലം ‘ശശിബിംബം പോലെ തെളിയുമൊരു സര്‍വ്വാംഗസുന്ദരി’ എന്നൊക്കെ എഴുതിക്കൊണ്ടിരുന്നത് എന്നു ചിന്തിക്കാതേയും വയ്യ.  Meteorite impact on the Moon

Content Summary; Meteorite impact on the Moon

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.

More Posts

ഡോ ഹരികൃഷ്ണൻ കെ.ബി: ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.
Related Post
Leave a Comment