കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് കുത്തനെയുള്ള തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ശനിയാഴ്ച്ചയാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചത്. അമേരിക്കയുടെ തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിരോധിത മയക്കുമരുന്നുകളുടെ ഒഴുക്ക് തടയുകയുമാണ് ഇത്തരമൊരു തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നായിരുന്നു ട്രംപിന്റെ ന്യായീകരണം. എന്നാല്‍, തങ്ങള്‍ക്കെതിരേയുള്ള നടപടികളില്‍ നിശബ്ദരായിരിക്കാനല്ല, യു എസിന്റെ അയല്‍ക്കാരടക്കം തീരുമാനിച്ചിരിക്കുന്നത്. പണിക്ക്, മറുപണിയെന്ന നിലയില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ലെവി ചുമത്താനുള്ള തീരുമാനം എടുത്തിരിക്കുകയാണ് കാനഡയും മെക്‌സിക്കോയും. അമേരിക്ക തങ്ങളുടെ ഇറക്കുമതിക്ക് തീരുവ ചുമത്തിയതിന്റെ പ്രതികരാമെന്നോണം തിരിച്ചും തീരുവ ചുമത്തുമെന്നാണ് കാനഡയും മെക്‌സിക്കോയും അറിയിച്ചിട്ടുള്ളത്. അതേസമയം, യു എസ് തീരുമാനത്തിനെതിരേ ലോക വ്യാപര സംഘടനയില്‍ പരാതി കൊടുക്കാനാണ് ചൈനയുടെ നീക്കം.
പുതിയ ഉത്തരവ് പ്രകാരം, കാനഡയില്‍ നിന്നുള്ള ഊര്‍ജ്ജ ഉല്‍പന്നങ്ങള്‍ ഒഴികെ, മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങള്‍ക്കും 25% താരിഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാനേഡിയന്‍ ഊര്‍ജ്ജ ഉത്പനങ്ങള്‍ക്ക് 10% നികുതിയെ ചുമത്തൂ. അതേസമയം ചൈനയില്‍ നിന്നുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും 10 ശതനമാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മെക്‌സിക്കോ തിരിച്ച് പ്രതികാര താരിഫുകള്‍ ചുമത്തുമെന്നും, രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പ്രഖ്യാപിച്ചു കഴിഞ്ഞു. ക്രിമിനല്‍ സംഘടനകളുമായി മെക്‌സിക്കന്‍ സര്‍ക്കാരിന് ബന്ധമുണ്ടെന്ന ട്രംപിന്റെ ആരോപണത്തെയും ഷെയിന്‍ബോം ശക്തമായി അപലപിച്ചു.
കാനഡയുടെ തിരിച്ചടിയായി, പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താരിഫുകള്‍ ഉയര്‍ത്താനുള്ള യുഎസിന്റെ തീരുമാനം സ്വതന്ത്ര വ്യാപാര ഉടമ്പടിയുടെ ലംഘനമാണെന്നാണ് ശനിയാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രൂഡോ ആരോപിച്ചത്. തീരുവ ഉയര്‍ത്തുന്നതിന്റെ തിരിച്ചടി നേരിടേണ്ടി വരുന്നത് അമേരിക്കന്‍ ജനതയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 155 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തിയാണ് യുഎസിനെതിരെ കാനഡ തിരിച്ചടിക്കുന്നത്. കനേഡിയന്‍ ഉല്‍പന്നങ്ങള്‍ക്ക് യുഎസ് അന്യായമായ തീരുവ ചുമത്തിയതിനുള്ള മറുപടിയായാണ് ഈ നീക്കത്തെ കാനഡ വിശദീകരിക്കുന്നത്. രാജ്യത്തിന്റെയും പൗരന്മാരുടെയും താല്‍പ്പര്യങ്ങള്‍ക്കായി സര്‍ക്കാര്‍ നിലകൊള്ളുമെന്നാണ് ഈ പ്രഖ്യാപനത്തിലൂടെ ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്.
കാനഡയും മെക്‌സിക്കോയും പ്രതികാര നികുതി ചുമത്താനാണ് തീരുമാനമെങ്കില്‍, ഇവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കുള്ള തീരുവ ഇനിയും ഉയര്‍ത്തുമെന്നാണ് യു എസ് ഭീഷണി. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും.
യു എസിലേക്കുള്ള ഇറക്കുമതിക്ക് 25 ശതമാനം വരെ ചുങ്കം ചുമത്താനാണ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. ഫെന്റനൈല്‍ പോലുള്ള നിരോധിത മയക്കു മരുന്നുകളുടെ ഉല്‍പ്പാദനവും കയറ്റുമതിയും തടയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതിനൊപ്പം യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം കുറയ്ക്കാന്‍ കാനഡയ്ക്കും മെക്സിക്കോയ്ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്നതും തീരുവ ചുമത്താനുള്ള തീരുമാനത്തിന് ട്രംപ് ന്യായമാക്കുന്നുണ്ട്. എന്നാല്‍, ഈ നയം സ്വന്തം പൗരന്മാരുടെ ജീവിതം ദുരിതമാക്കാനേ സഹായിക്കൂ എന്നാണ് ട്രംപിനെതിരേ ഉയരുന്ന വിമര്‍ശനം. ഇറക്കുമതി തീരുവ ഉയര്‍ത്തുന്നതിലൂടെ സാധനങ്ങളുടെ വില കൂടും. ഒപ്പം അമേരിക്കക്കാരുടെ ജീവിതച്ചെലവും. തന്റെ ഭരണകാലം അമേരിക്കന്‍ ജനത കൂടുതല്‍ മെച്ചപ്പെട്ടതും ബുദ്ധിമുട്ടില്ലാത്തതുമായ ജീവിതം ആസ്വദിക്കുമെന്ന ട്രംപിന്റെ വാഗ്ദാനത്തിന് ഘടകവിരുദ്ധമാകുമത്.
തീരുവ ചുമത്തലുകള്‍ കാര്യമായ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുമെന്നാണ് ആശങ്ക. ജനങ്ങള്‍ ഇക്കാര്യത്തില്‍ അസ്വസ്ഥരാണ്. പുതിയ ഇറക്കുമതി നികുതികള്‍ മൂലം ഒരു ശരാശരി യുഎസ് കുടുംബത്തിന്റെ വാര്‍ഷിക വരുമാനത്തില്‍ 1,170 ഡോളറിന്റെ അധിക ചെലവ് ഉണ്ടാകുമെന്നാണ് യേല്‍ യൂണിവേഴ്‌സിറ്റിയിലെ ബജറ്റ് ലാബ് പ്രവചിച്ചിക്കുന്നത്. സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാകുന്നതിനൊം നിത്യ ജീവിതത്തെയും ബാധിക്കും. സാവധാനത്തിലുള്ള സാമ്പത്തിക വളര്‍ച്ചയായിരിക്കും ഫലം. താരിഫുകള്‍ ബിസിനസുകളുടെ ചെലവ് ഗണ്യമായി ഉയര്‍ത്തും. വിലക്കയറ്റം രൂക്ഷമാക്കും. ഭക്ഷ്യവസ്തുക്കള്‍, പെട്രോള്‍-പാചകവാതകങ്ങള്‍, ഗാര്‍ഹിക നിര്‍മാണ സാമഗ്രികള്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ വില വര്‍ദ്ധിപ്പിക്കും. ചുരുക്കത്തില്‍ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കും. Mexico and Canada hit back at Donald Trump’s decision to impose higher tariffs on imports goods
Content Summary; Mexico and Canada hit back at Donald Trump’s decision to impose higher tariffs on imports goods