ആഗോള തലത്തിൽ ലക്ഷക്കണക്കിന് ഉപയോക്താക്കളെ വെട്ടിലാക്കിയ വിൻഡോസ് തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വിൻഡോസ് നേരിട്ട ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് ആണ് ഇപ്പോൾ എങ്ങും ചർച്ചാവിഷയം. അടുത്തിടെ നടത്തിയ ക്രൗഡ് സ്‌ട്രൈക് അപ്‌ഡേറ്റാണ് ഇതിനെല്ലാം പിന്നിൽ.
എന്താണ് ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്
ലോകത്തിൽ 80 ശതമാനത്തോളം ഉപയോഗിക്കുന്നത് വിൻഡോസ് ആണ്. നിലവിൽ വിൻഡോസ് സെക്യൂരിറ്റി അപ്ഡേറ്റ് ഇനിഷ്യേറ്റ് ചെയ്തിട്ടുണ്ട്. ക്ലൗഡ് സ്ട്രൈക്ക് എന്ന കമ്പനിയെ ആണ് ഈ മാൽവെയർ ഡിറ്റക്ഷൻ, ത്രട്ട് ഡിറ്റക്ഷൻ എന്നീ സേവനങ്ങൾ ഏൽപിച്ചിരിക്കുന്നത്. കംപ്യൂട്ടറുകളിലെ സൈബർ സുരക്ഷാ പ്രതിരോധം നിയന്ത്രിക്കുന്ന ഫാൽക്കൺ സ്യൂട്ടിന്റെ ഭാഗമാണ് അപ്‌ഡേറ്റ്. എന്നാണ് മീഡിയ വൺ ടിവി പ്രോഡക്റ്റ് മാനേജർ ജവാദ് ഹുസെയിൻ പറയുന്നത്.
പക്ഷെ അപ്ഡേറ്റ് ചെയ്തപ്പോൾ ബ്ലൂ സ്ക്രീൻ എറർ അല്ലെങ്കിൽ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് (ബി എസ്ഒ ഡി, BSOD) എന്ന രീതിയിലേക്ക് ഇത് പോവുകയായിരുന്നു. കാരണം, കൃത്യമായ അപ്ഡേറ്റ് അല്ല നടക്കുന്നതെങ്കിൽ അത് സിസ്റ്റത്തിന് ദോഷം ചെയ്യും. ഇതുകൊണ്ടാണ് ഇത് റീസ്റ്റാർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. സിസ്റ്റം പെട്ടെന്ന് ഷട്ഡൗണാകുകയും പുനരാരംഭിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്.
ഇതോടൊപ്പം മൈക്രോസോഫ്റ്റിന്റെ അസ്യൂർ എന്ന സർവീസിലും പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ട്, അത് ഇതേ കാരണം കൊണ്ടാണോ എന്ന് കൃത്യമായി പറയാൻ സാധിക്കില്ല. കൂടാതെ, വൺ ഡ്രൈവ്, എം എസ് തുടങ്ങിയ മൈക്രോസോഫ്റ്റിൻ്റെ മറ്റ് ഓഫീസ് ആപ്പുകളും പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇതിൻ്റെയെല്ലാം പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിച്ചിട്ടുമുണ്ട്. പൂർണമായും ക്ലൗഡ് സ്ട്രൈക്കിൻ്റെ പ്രശ്നമാണോ എന്ന് ചോദിച്ചാൽ ആണ് എന്ന് നമുക്ക് പറയാനും സാധിക്കില്ല. പക്ഷേ അതാകാനും സാധ്യതയുണ്ട്. നേരത്തെ പറഞ്ഞതു പോലെ മൈക്രോസോഫ്റ്റിൻ്റെ 365, അസ്യൂർ തകരാർ. ഇത് എയർലൈൻ, സ്റ്റോക്ക് എക്സ്ചെയ്ഞ്ച്, മീഡിയ കമ്പനികൾ, ബാങ്ക് തുടങ്ങി തന്ത്രപ്രധാനമായ പല സ്ഥലങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിൻ്റെ ഔട്ട്സോഴ്സ് ചെയ്ത സർവീസുകളാണ് ഇത് എന്നും ജവാദ് പറയുന്നു.
ലോകം നിശ്ചലമാക്കി ‘ ക്രൗഡ് സ്‌ട്രൈക്ക് ‘
ലോകത്തെ 80 ശതമാനത്തോളം സിസ്റ്റങ്ങളെ ബാധിച്ച ക്രൗഡ്സ്ട്രൈക് പ്രശ്നം വിൻഡോസിൽ തങ്ങൾ നടത്തിയ ചെറിയ അപ്ഡേറ്റിലുണ്ടായ പ്രശ്നമാണെന്ന് ക്രൗഡ് സ്‌ട്രൈക് സിഇഒ ജോർജ് കർട്സ്. ഇത് സൈബർ ആക്രമണമോ സുരക്ഷാ തകരാറോ അല്ലെന്നും പ്രശ്നം കണ്ടെത്തി പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും ജോർജ് കർട്സ് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
അടുത്തതെന്ത് ?
നിലവിൽ അപ്ഡേഷനും മറ്റ് കാര്യങ്ങളും ഒന്നും ചെയ്യാതിരിക്കുക എന്നതാണ് നല്ലത്. എല്ലാ കമ്പനികളും മേജർ അപ്ഡേറ്റ് ചെയ്തില്ലെങ്കിലും സെക്യൂരിറ്റി അപ്ഡേറ്റ് ഓട്ടോമേറ്റഡ് ആയിരിക്കും. ഓട്ടോമേറ്റഡ് അപ്ഡേഷൻ ആയില്ലെങ്കിൽ ഇപ്പോൾ അപ്ഡേറ്റ് ചെയ്യാതിരിക്കുക എന്നതാണ്
ഏറ്റവും നല്ല മാർഗം.
വിൻഡോസ് സെയ്ഫ് മോഡിൽ ഓൺ ചെയ്യുക എന്നതാണ് മറ്റൊരു മാർഗം. വിൻഡോസ് സെയ്ഫ് മോഡിൽ ഓൺ ചെയ്ത് ഡ്രൈവർ ഡിലീറ്റ് ചെയ്തു കഴിഞ്ഞാൽ പ്രശ്നങ്ങളില്ലാതെ ഓപ്പൺ ചെയ്യാൻ സാധിക്കും എന്ന് അധികൃതർ പറയുന്നുണ്ട്. പക്ഷേ ഇത് സാധാരണക്കാർക്ക് എളുപ്പം ചെയ്യാൻ സാധിക്കുന്ന ഒന്നല്ല. അതോടൊപ്പം പാട് സിസ്റ്റങ്ങളുള്ള കോർപ്പറേറ്റ് കമ്പനികൾക്കും ഇത് ചെയ്യാൻ സാധിക്കില്ല. വിൻഡോസ് തന്നെ ഒരു പരിഹാരവുമായി വരുന്നത് വരെ കാത്തിരിക്കാനെ സാധിക്കു. ഒരു പാട് കമ്പനികളെ ബാധിക്കും എന്നതിനാൽ പ്രശ്‍നം എത്രയും വേഗം പരിഹരിക്കപ്പെടും എന്നാണ് കരുതുന്നത്.
എന്തുകൊണ്ട് ഇന്ത്യയെ സാരമായി ബാധിച്ചില്ല
ഇന്ത്യയിൽ പലയിടത്തും വിൻഡോസിൻ്റെ പൈറേറ്റഡ് വേർഷനുകളായിരിക്കും ഉപയോഗിക്കുന്നത് എന്നതാണ് ഇന്ത്യയിൽ വ്യാപകമായ രീതിയിൽ പ്രശ്നമാകാതിരുന്നതിന്റെ കാരണം. അതല്ലെങ്കിൽ അപ്ഡേറ്റ് ചെയ്‌തിരിക്കില്ല. മറ്റൊരു കാര്യം എന്തൊക്കെ സംഭവിച്ചു എന്നതിനെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല എന്ന് വേണം കരുതാൻ. സാധാരണ ഉപഭോക്താക്കളെയും ക്രൗഡ് സ്ട്രൈക്കിന് പകരം മറ്റ് സൈബർ സുരക്ഷാ സേവനങ്ങൾ ഉപയോഗിക്കുന്നരെയും ഈ തകരാർ ബാധിക്കില്ല.
യുഎസ് സൈബർ സുരക്ഷാ കമ്പനിയാണ് ക്രൗഡ് സ്ട്രൈക്ക്. 2013 ൽ സ്ഥാപിതമായ കമ്പനി ക്ലൗഡ് അധിഷ്‌ഠിത സുരക്ഷാ സേവനങ്ങളാണ് നൽകുന്നത്. ലോകമെമ്പാടുമുള്ള നിരവധി കമ്പനികളെയും ബാങ്കുകളെയും സർക്കാർ ഓഫീസുകളെയും പ്രശ്‌നം സാരമായി ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ ഐടി സേവനങ്ങൾ സ്‌തംഭിക്കുകയും, ബാങ്കുകൾ, എയർലൈൻസ്, ടെലികമ്യൂണിക്കേഷൻ കമ്പനികൾ, ടിവി, റേഡിയോ ബ്രോഡ്കാസ്റ്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയുടെ പ്രവർത്തനവും നിലച്ചു. ന്യൂസിലൻഡിലെ ചില ബാങ്കുകളെയും, ന്യൂസിലൻഡ് പാർലമെന്റിനെയും തകരാർ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇന്‍സ്റ്റാഗ്രാം, ആമസോണ്‍, ജിമെയില്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ സി ഐ സി ഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയവയുടെ ആപുകളില്‍ സേവന തടസമുണ്ടെന്ന് ചില ഉപയോക്താക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.
content summary; what is blue screen of death