ഗാസയ്‌ക്കെതിരായ ആക്രമണം തീവ്രമാക്കിയ ഘട്ടത്തില്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സാങ്കേതികവിദ്യയെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളെയും ഇസ്രയേലി സൈന്യം വളരെയധികം ഉപയോഗിച്ചിരുന്നുവെന്ന തെളിയിക്കുന്ന രേഖകള്‍ പുറത്ത്. 2023 ഒക്ടോബര്‍ 7 ന് ശേഷം ഇസ്രായേലിന്റെ പ്രതിരോധ സ്ഥാപനവുമായുള്ള ബന്ധം മൈക്രോസോഫ്റ്റ് കൂടുതല്‍ ദൃഢമാക്കിയതിന്റെ തെളിവുകളും ചോര്‍ന്ന ഫയലുകള്‍ വ്യക്തമാക്കുന്നുണ്ട്. സൈന്യത്തിന് കൂടുതല്‍ കമ്പ്യൂട്ടിംഗ്, സ്റ്റോറേജ് സേവനങ്ങള്‍ നല്‍കുകയും, ആയിരക്കണക്കിന് മണിക്കൂര്‍ സാങ്കേതിക പിന്തുണ നല്‍കുന്നതിന് കുറഞ്ഞത് 10 മില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ നടത്തിയിരുന്നതായും ഈ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇസ്രയേലി-പലസ്തീനിയന്‍ പ്രസിദ്ധീകരണമായ +972 മാഗസിന്‍, ലോക്കല്‍ കോള്‍ എന്നിവയുമായി ചേര്‍ന്ന് ദി ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണത്തിലാണ് ഇസ്രായേലി സൈന്യവുമായുള്ള മൈക്രോസോഫ്റ്റിന്റെ ഗാഢബന്ധം വെളിപ്പെട്ടത്. ചോര്‍ന്ന രേഖകളുടെ അടിസ്ഥാനത്തില്‍ ഡ്രോപ്പ് സൈറ്റ് ന്യൂസ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗാര്‍ഡിയന്‍ അന്വേഷണം നടത്തിയത്.
ഇസ്രയേലിന്റെ പ്രതിരോധ, രഹസ്യാന്വേഷണ വിഭാഗങ്ങളിലെ വാര്‍ത്ത സ്രോതസ്സുകളുമായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ്, യുദ്ധത്തിന്റെ സാങ്കേതിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) എങ്ങനെയാണ് യുഎസ് ടെക് കമ്പനികളുമായി ബന്ധമുണ്ടാക്കിയതെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. 2023 ഒക്ടോബറില്‍ ഗാസയില്‍ ആക്രമണം ആരംഭിച്ചതിന് ശേഷം, ഐഡിഎഫിന്റെ ഡാറ്റ സംഭരണത്തിനും കമ്പ്യൂട്ടിംഗ് പവറിനും വേണ്ടിയുള്ള ആവശ്യം വര്‍ദ്ധിച്ചിരുന്നു. ഇത് പരിഹരിക്കാന്‍, ഐഡിഎഫ് അതിന്റെ കമ്പ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വേഗത്തില്‍ വികസിപ്പിക്കുകയും ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങളിലേക്ക് തിരിയുകയും ചെയ്തു. ഐഡിഎഫിന്റെ ഒരു കമാന്‍ഡര്‍ ഇതിനെ ‘ക്ലൗഡ് ദാതാക്കളുടെ അത്ഭുതകരമായ ലോകം’ എന്നായിരുന്നു വിശേഷിപ്പിച്ചത്. ഈ മാറ്റം അവരുടെ സൈനിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ക്ലൗഡ് സാങ്കേതികവിദ്യയുടെ ഉപയോഗത്തെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ ഐഡിഎഫിനെ സഹായിച്ചിരുന്നു. വലിയ അളവിലുള്ള ഡാറ്റയും ഇന്റലിജന്‍സ് വിവരങ്ങളും ദീര്‍ഘകാലത്തേക്ക് സംഭരിക്കാനും വിശകലനം ചെയ്യാനും ഇസ്രയേല്‍ സൈന്യം (IDF) ഇപ്പോള്‍ മൈക്രോസോഫ്റ്റ്, ആമസോണ്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളെ വളരെയധികം ആശ്രയിക്കുന്നുണ്ട്.
ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള വാണിജ്യ രേഖകളും മൈക്രോസോഫ്റ്റിന്റെ ഇസ്രയേലി അനുബന്ധ സ്ഥാപനത്തില്‍ നിന്നുള്ള ഫയലുകളും ഉള്‍പ്പെടെയുള്ള രേഖകളാണ് ചോര്‍ന്നത്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ് പ്ലാറ്റ്ഫോമായ അസുറെ(Azure) ഇസ്രയേല്‍ സൈന്യം അതിന്റെ വായു, കര, നാവിക, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഉള്‍പ്പെടെ വ്യാപകമായി ഉപയോഗിച്ചിരുന്നതായി ചോര്‍ന്ന രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഇസ്രയേല്‍ സൈന്യം (IDF) മൈക്രോസോഫ്റ്റിന്റെ അസുറെ Azure ക്ലൗഡ് പ്ലാറ്റ്ഫോം ഇമെയില്‍, ഫയല്‍ മാനേജ്മെന്റ് പോലുള്ള പതിവ് അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ക്കായി മാത്രമല്ല, യുദ്ധത്തിനും രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയും ഉപയോഗിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന രേഖകള്‍ തെളിയിക്കുന്നത്. ഈ രേഖകള്‍ പറയുന്നത്, മൈക്രോസോഫ്റ്റിന് ഇസ്രയേലിന്റെ പ്രതിരോധ മന്ത്രാലയവുമായി അടുത്ത ബന്ധമുണ്ടെന്നാണ്. കൂടാതെ അതീവ രഹസ്യമായതും അതുപോലെ വളരെ സങ്കീര്‍ണവുമായ പദ്ധതികളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ തയ്യാറായിട്ടുമുണ്ട്. ഐഡിഎഫിന്റെ ഉന്നത നിരീക്ഷണ വിഭാഗമായ യൂണിറ്റ് 8200 ഉള്‍പ്പെടെയുള്ള, ഐഡിഎഫിന്റെ ഇന്റലിജന്‍സ് ഡയറക്ടറേറ്റുമായി മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥര്‍ വളരെ അടുത്ത് പ്രവര്‍ത്തിച്ചിരുന്നതായും പുറത്തു വന്ന രേഖകള്‍ പറയുന്നുണ്ട്. എ ഐയുടെ സ്രഷ്ടാക്കള്‍ക്ക് സൈനിക ഗ്രൂപ്പുകളുമായി പ്രവര്‍ത്തിക്കുന്നതില്‍ താല്‍പ്പര്യമില്ലാതിരുന്നിട്ടും, ചാറ്റ് ജിപിടി പവര്‍ ചെയ്യുന്ന എ ഐ ഉപയോഗിക്കാന്‍ മൈക്രോസോഫ്റ്റ് ഇസ്രയേലി സൈന്യത്തെ അനുവദിച്ചിരുന്നുവെന്ന നിര്‍ണായക വിവരവും രേഖകളിലുണ്ട്.
അന്വേഷണത്തിലെ കണ്ടെത്തലുകളെ കുറിച്ച് പ്രതികരിക്കാനോ ഐഡിഎഫുമായുള്ള സഹകരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനോ മൈക്രോസോഫ്റ്റ് വിസമ്മതിച്ചുവെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. അതേസമയം ഇസ്രയേല്‍ പ്രതിരോധന സേനയുടെ വക്താവ് പറഞ്ഞതും, ”ഞങ്ങള്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നില്ല.” എന്നാണ്. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയവും പ്രതികരിക്കാന്‍ വിസമ്മതിച്ചതായി ഗാര്‍ഡിയന്‍ പറയുന്നു. Microsoft’s technical assistance to the Israel defense forces during the Gaza war , documents are out
Content Summary; Microsoft’s technical assistance to the Israel defense forces during the Gaza war , documents are out