ജോലിതിരക്കിനിടയിൽ പെട്ടന്ന് കൈകൾക്ക് ബലക്ഷയം തോന്നുകയോ, വാക്കുകൾ കിട്ടാതിരിക്കുകയോ ചെയ്തിട്ടുണ്ടോ? ‘വെറും ക്ഷീണമാണ്’ എന്ന് കരുതി അതിനെ മാറ്റിനിർത്താൻ വരട്ടെ! ഒരുപക്ഷെ അത് നിങ്ങളെത്തേടിയെത്തിയ ‘മിനി-സ്ട്രോക്ക്’ ആയിരിക്കാം.
സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നാണെന്നാണ് നമ്മുടെ പൊതുവേയുള്ള ധാരണ. എന്നാൽ ഈ ചിന്താഗതി തികച്ചും തെറ്റാണെന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നു. യുവാക്കൾക്കിടയിൽ വർദ്ധിച്ച് വരുന്ന നീണ്ട ജോലി സമയം, കടുത്ത മാനസിക സമ്മർദ്ദം, ക്രമം തെറ്റിയ ഭക്ഷണരീതി, ഉറക്കമില്ലായ്മ എന്നിവ മൂലം ഇന്ന് സ്ട്രോക്ക് സാധ്യത കൂടിവരികയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഇടയ്ക്കിടെയുണ്ടാകുന്ന കഠുത്ത തലവേദന, സംസാരിക്കുമ്പോൾ വാക്കുകൾ കിട്ടാതെ വരിക, വലതുകൈയിൽ അനുഭവപ്പെടുന്ന തരിപ്പും തളർച്ചയും എന്നിവയെല്ലാം ജോലിഭാരം മൂലമുള്ള ക്ഷീണമാണെന്ന് കരുതി പലരും നിസ്സാരവൽക്കരിക്കാറാണ് പതിവ്. എന്നാൽ, ഇത് ‘മിനി-സ്‌ട്രോക്ക്’ (Transient Ischemic Attack – TIA) ആകാമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.
സ്ട്രോക്ക് ഇനി പ്രായമായവരുടെ മാത്രം രോഗമല്ല!
കരിയറും കുടുംബജീവിതവും കെട്ടിപ്പടുക്കുന്ന 20 മുതൽ 40 വയസ്സ് വരെയുള്ള വ്യക്തികളിൽ സ്ട്രോക്കോ മിനി-സ്ട്രോക്കോ ഉണ്ടാകുന്ന സംഭവങ്ങൾ ഇന്ന് ഏറിവരികയാണ്. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ട്രോക്കുകളിൽ 85 ശതമാനവും മിനി-സ്ട്രോക്കുകളാണ്,” എന്ന് ഗുഡ്ഗാവ് ആർട്ടിമിസ് ആശുപത്രിയിലെ ന്യൂറോ സർജറി ഡയറക്ടർ ഡോ. ആദിത്യ ഗുപ്ത വ്യക്തമാക്കുന്നു.
മേജർ സ്ട്രോക്കിൽ നിന്ന് വ്യത്യസ്ഥമായി മിനി-സ്ട്രോക്കിന്റെ ലക്ഷണങ്ങൾ പെട്ടെന്ന് മാറി രോഗി പൂർവ്വസ്ഥിതിയിലാകുന്നത് കൊണ്ട് ഇത് അപകടകരമല്ലെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ വരാനിരിക്കുന്ന മസ്തിഷ്‌കാഘാതത്തിന്റെ (Major Stroke) പ്രധാനപ്പെട്ട മുന്നറിയിപ്പാണ് മിനി-സ്‌ട്രോക്ക്. അതുകൊണ്ടുതന്നെ, ലക്ഷണങ്ങൾ പെട്ടെന്ന് മാറിയാൽ പോലും മെഡിക്കൽ എമർജൻസിയായി കണ്ട് ഉടൻ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്.
എന്താണ് മിനി-സ്‌ട്രോക്ക്?
തലച്ചോറിലെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസ്സപ്പെടുകയും, ഓക്‌സിജന്റെ ലഭ്യത കുറയുകയും ചെയ്യുന്ന അവസ്ഥയ്ക്കാണ് സ്‌ട്രോക്ക് എന്ന് പറയുന്നത്. എന്നാൽ തലച്ചോറിലേക്കുള്ള രക്തയോട്ടം താത്കാലികമായി തടസ്സപ്പെടുന്ന അവസ്ഥയാണ് മിനി-സ്‌ട്രോക്ക്. മേജർ സ്ട്രോക്കിൽ നിന്ന് വ്യത്യസ്തമായി, തലച്ചോറിന് കാര്യമായ കേടുപാടുകൾ സംഭവിക്കുന്നതിന് മുൻപ് തന്നെ ഈ തടസ്സം മാറുകയും, മിനിറ്റുകൾക്കോ ഒരു മണിക്കൂറിനുള്ളിലോ ലക്ഷണങ്ങൾ പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യുന്നു.
മുമ്പ് പ്രായമായവരിൽ മാത്രം കണ്ടിരുന്ന പല ജീവിതശൈലി രോഗങ്ങളും ഇന്ന് യുവാക്കളിലും സാധാരണയായിക്കൊണ്ടിരിക്കുകയാണ്. പുകവലി, അനിയന്ത്രിതമായ രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്‌ട്രോൾ, വ്യായാമമില്ലായ്മ, മദ്യപാനം, ലഹരിമരുന്നുകളുടെ ഉപയോഗം, കടുത്ത മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, മണിക്കൂറുകളോളം ഇരുന്നുള്ള ജോലികൾ, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ അമിതോപയോഗം.
എന്നിവയ്ക്കൊപ്പം ജന്മനാ തന്നെ രക്തം കട്ടപിടിക്കുന്ന രോഗങ്ങൾ, പ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ, ഹൃദയസംബന്ധമായ വൈകല്യങ്ങൾ, സിക്കിൾ സെൽ രോഗങ്ങൾ എന്നിവയുള്ളവർക്കും ഗർഭകാലത്തും പ്രസവാനന്തര ഘട്ടങ്ങളിലും മിനി-സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, കോവിഡ്-19 ബാധിച്ച ചിലരിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിച്ചതായും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
എന്താണ് മിനി സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങൾ
മുഖം, കൈ അല്ലെങ്കിൽ കാൽ എന്നിവയിൽ പെട്ടെന്നുണ്ടാകുന്ന തളർച്ചയോ തരിപ്പോ (പ്രത്യേകിച്ച് ശരീരത്തിന്റെ ഒരു വശത്ത് മാത്രം). സംസാരിക്കാനോ മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാനോ ഉള്ള ബുദ്ധിമുട്ട്. പെട്ടെന്ന് കാഴ്ച മങ്ങുക. തലകറക്കം, ആശയക്കുഴപ്പം, തലവേദന. ഇത്തരം ലക്ഷണങ്ങൾ ചിലപ്പോൾ മിനിറ്റുകൾക്കുള്ളിൽ അപ്രത്യക്ഷമായേക്കാം. എങ്കിലും അതിനെ നിസ്സാരമായി കാണാതെ ഉടൻ തന്നെ വിദഗ്ദ്ധ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
ശരിയായ മുൻകരുതലുകളിലൂടെ സ്‌ട്രോക്കിനെ പ്രതിരോധിക്കാൻ സാധിക്കും. ആരോഗ്യകരമായ ജീവിതം നയിക്കുക എന്നതാണ് പ്രധാനം. രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ കൃത്യമായ അളവിൽ നിലനിർത്തുക. ദുശ്ശീലങ്ങളായ പുകവലി ഉൾപ്പെടെയുള്ള എല്ലാത്തരം പുകയില ഉപയോഗങ്ങളും പൂർണ്ണമായും ഉപേക്ഷിക്കുക, മദ്യപാനം നിയന്ത്രിക്കുക. ഭക്ഷണരീതി ക്രമീകരിക്കുക, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ധാരാളം അടങ്ങിയ സമീകൃത ആഹാരം ശീലമാക്കുക. എന്നതിനൊപ്പം തന്നെ ദിവസവും വ്യായാമം ചെയ്യുകയും ശരീരഭാരം നിയന്ത്രണത്തിലാക്കുകയും ചെയ്യണം. കൂടാതെ ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം ഉറപ്പാക്കുകയും മാനസിക സമ്മർദ്ദം ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതും ഒരുപരിധി വരെ ഇത്തരം അസുഖങ്ങിൽ നിന്ന് നമ്മെ രക്ഷിക്കും.
Mini strokes rising in young adults
This post was last modified on July 23, 2026 3:39 pm
Leave a Comment