why @40? why not! കൊട്ടിയടച്ച വാതിലുകള്‍ക്ക് മുന്നില്‍ പൊരുതി നേടിയ വിജയം

കാലമെത്ര കഴിഞ്ഞാലും മോഡലിംഗും ഫാഷന്‍ ഇന്‍ഡസ്റിയുമെല്ലാം മോശം മേഖലയായാണ് ഇന്നും പലരും കാണുന്നത്

ചില മനുഷ്യരുണ്ട്, അവര്‍ക്ക് മുന്നില്‍ പ്രതിസന്ധികള്‍ ഒരു വിലങ്ങുതടിയല്ല, മറിച്ച് വഴിവിളക്കുകളാണ്. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ ഒന്നിനും കൊള്ളില്ലെന്ന് സ്വയം വിധിയെഴുതുന്ന സ്ത്രീകള്‍ക്കിടയില്‍, തന്റെ നാല്‍പ്പതുകളില്‍ മോഡലിംഗ് രംഗത്ത് പുതിയ ചരിത്രം കുറിച്ച മിനിയുടെ പോരാട്ടം വലിയ പാഠമാണ്. കടുത്ത വിമര്‍ശനങ്ങളെയും ഒറ്റപ്പെടുത്തലുകളെയും അതിജീവിച്ച് മിസ്സിസ് എമ്പ്രെസ്സ് കേരള ഫസ്റ്റ് റണ്ണറപ്പ് പദവി വരെ എത്തിനില്‍ക്കുന്ന മിനി, നേട്ടങ്ങള്‍ കൊയ്യാനുള്ള ശ്രമത്തിന് പ്രായം, വിവാഹം, സമയം തുടങ്ങിയ അതിരുകളില്ലെന്ന് തെളിയിക്കുകയാണ്. നഴ്സിങ് ബിരുദവും, ബി.കോമുമുള്ള തൃശ്ശൂര്‍ മണ്ണംപേട്ട സ്വദേശിയായ മിനി കോര്‍പറേറ്റ് ജോലിയിയില്‍ നിന്ന് ഫാഷന്‍ ലോകത്തേക്ക് തിരിയുന്നത് ജോലിയും കുടുംബവും മാത്രമായി ജീവിതം ചുരുങ്ങുന്നു എന്ന തോന്നലിലാണ്.

ഏജ് ഈസ് ‘നോട്ട്’ ജസ്റ്റ് എ നമ്പര്‍

ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ എന്നൊക്കെ പലരും പറയുമെങ്കിലും അത് അങ്ങനെ അല്ലാതെയാക്കാന്‍ കുറച്ചധികം ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് ഒരു സ്ത്രീയും കുടുംബിനിയും കൂടിയാകുമ്പോള്‍. സമൂഹവും സ്വന്തം കുടുംബവും സ്ത്രീകള്‍ക്കുമേല്‍ കല്‍പ്പിച്ച് തരുന്ന ചട്ടക്കൂട് അത്ര നിസാരപ്പെട്ട ഒന്നല്ല.

ഒരു പരിപാടിക്ക് പോയാല്‍ എന്റെ സുഹൃത്തുക്കളില്‍ നിന്ന് ഞാന്‍ സ്ഥിരമായി കേള്‍ക്കാറുള്ള ഒരു പല്ലവിയാണ് ‘എനിക്ക് വയസായി, ഇനി ഒന്നിനും കൊള്ളില്ല, വണ്ണം കൂടി‘, എന്നിങ്ങനെ. ഒരു പ്രായം കഴിഞ്ഞാല്‍ കാണാന്‍ ഭംഗിയില്ലെന്നും തന്നെ ഇനി ഒന്നിനും കൊള്ളില്ലെന്നും കരുതുന്ന സ്ത്രീകളാണ് ഭൂരിഭാഗവും. ഈ ചിന്തയില്‍ നിന്ന് മറ്റുള്ളവരെ പിന്‍തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം, ഈ പ്രായത്തിലും കഴിയും എന്ന് മറ്റുള്ളവര്‍ക്ക് മുന്നില്‍ കാണിച്ച് കൊടുക്കണം എന്നുള്ളതും എന്റെ വാശിയാണ്. എണ്‍പതുകളില്‍ ജനിച്ച ഇരുണ്ട നിറമുള്ള ഒരു പെണ്ണ് എന്ന നിലക്ക് ഇതൊന്നും അത്ര എളുപ്പമായിരുന്നില്ല എന്ന് മാത്രം. സ്ലീവ്ലെസ്സ് ഡ്രസ്സുകള്‍ പോലും സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത സമയത്ത് ജനിച്ച് വളര്‍ന്ന ഒരാളാണ് ഞാന്‍. ഇന്നുള്ളതരം സൗന്ദര്യ സങ്കല്‍പ്പങ്ങളല്ല അന്ന്, പൗഡര്‍ ഇടുന്നതാണ് അന്നത്തെ പരമാവധി ഒരുക്കം.
എന്നെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തില്‍ നിന്ന് വന്ന് ഇന്നത്തെ തലമുറയിലെ കുട്ടികളോട് മത്സരിക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു

പതറാത്ത മനസ്സ്, മാതൃകയായ ജീവിതം

ജോലിയും കുടുംബവും വല്ലപ്പോഴുമുള്ള സൗഹൃദക്കൂട്ടായ്മകളും മാത്രമായി ഒതുങ്ങിപ്പോയ ഒരു സാധാരണ ജീവിതം. ആ പതിവ് ശൈലിയില്‍ നിന്നൊരു മോചനം അനിവാര്യമാണെന്ന് തോന്നിയപ്പോഴാണ് മോഡലിംഗ് രംഗത്തേക്ക് ഞാന്‍ കാലെടുത്ത് വെക്കാന്‍ തീരുമാനിക്കുന്നത്. പക്ഷെ അതിന് കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങള്‍ ചെറുതായിരുന്നില്ല. നിനക്കെന്തിന്റെ കേടാ?, വേറെ പണിയൊന്നുമില്ലെ?, ഈ പ്രായത്തില്‍ മോഡലിഗൊ?, ഇത്തരത്തില്‍ സ്വന്തം വീട്ടില്‍ നിന്നു പോലും കടുത്ത വിമര്‍ശനങ്ങളാണ് കേള്‍ക്കേണ്ടി വന്നത്. ഓരോ റൗണ്ട് വിജയിക്കുമ്പോഴും നിന്നെ സെലക്ട് ചെയ്തെങ്കില്‍ അത് ഫേക്ക് പരിപാടി ആയിരിക്കും എന്നതരത്തില്‍ തരംതാഴ്ത്തിയ സന്ദര്‍ഭങ്ങളും ഒട്ടും കുറവല്ല.

എന്റെ ആഗ്രഹത്തിന് എതിര് നിന്നില്ലെങ്കിലും എനിക്കിതിന്റെ വല്ല ആവശ്യവുമുണ്ടോ എന്ന തരത്തിലുള്ള സമീപനമായിരുന്നു ചുറ്റുമുള്ളവര്‍ക്ക്. നാളെ വേറെ ഒരാളെകൊണ്ട് മോശം പറയിക്കരുത്, തുടങ്ങി വച്ച കാര്യം അവസാനിപ്പിക്കൂ എന്നായിരുന്നു വീട്ടില്‍ നിന്നുള്ള പ്രതികരണം. ഞാനതില്‍ വിജയിച്ചപ്പോള്‍ അവര്‍ക്കും സന്തോഷമായിരുന്നു. പണ്ടുമുതല്‍ തന്നെ സ്വയം ഡ്രസ്സ് ചെയ്യാനും മറ്റുള്ളവര്‍ക്ക് സെലക്ട് ചെയ്ത് കൊടുക്കാനും എനിക്ക് വലിയ ഇഷ്ടമാണ്. എന്റെ പാഷന്‍ സത്യത്തില്‍ ഇങ്ങനെയാണ് പ്രകടമാക്കിയിരുന്നത്.

വിജയം ലഹരിപോലെയാണ് അതില്‍ ഞാന്‍ മുങ്ങിത്താഴുമെന്ന് പറഞ്ഞ് എന്റെ നേട്ടങ്ങളില്‍ പോലും കല്ലുകടിച്ച ആളുകളും കുറവല്ല. കാലമെത്ര കഴിഞ്ഞാലും മോഡലിംഗും ഫാഷന്‍ ഇന്‍ഡസ്റിയുമെല്ലാം മോശം മേഖലയായാണ് ഇന്നും പലരും കാണുന്നത്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് സ്ത്രീകള്‍ എത്തിയെങ്കിലും രണ്ടിടത്തും ഒരുപോലെ ശോഭിക്കേണ്ട അവസ്ഥയാണ്, പക്ഷെ ഒരു വീട്ടമ്മകൂടിയാണെങ്കില്‍ ഉത്തരവാദിത്തങ്ങള്‍ കൂടും. ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം പ്രൊഫഷണല്‍ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകണമായിരുന്നു. ഞാന്‍ ഒരു പ്രമുഖ കമ്പനിയിലെ ഓപ്പറേഷന്‍ മാനേജരാണ്, അതുകൊണ്ടുതന്നെ ഉത്തരവാദിത്തങ്ങള്‍ ഏറെയാണ്. ബ്യൂട്ടി പേജന്റുകളില്‍ പങ്കെടുക്കുന്നതിനിടയില്‍ പോലും ലാപ്‌ടോപ്പ് തുറന്ന് ഓഫീസ് കാര്യങ്ങള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്.

സെല്‍ഫ് ലവ് ആണ് മെയിന്‍

‘പ്രായം, വിവാഹം, സമയം തുടങ്ങി സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സ്റ്റീരിയോടൈപ്പുകളെ തകര്‍ക്കാന്‍ എനിക്കൊരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ഒരു കാര്യത്തിന് ഇറങ്ങിപുറപ്പെടുമ്പോള്‍ പ്രോത്സാഹിപ്പിക്കുന്നതിനേക്കാളുപരി നിരുത്സാഹപ്പെടുത്താനായിരിക്കും ആളുകള്‍ കൂടുതല്‍. അവിടെയാണ് മനസാനിധ്യം കൈ വിടാതെ നാം പൊരുതേണ്ടത്. നമുക്ക് സ്വയം ഇഷ്ടവും സ്നേഹവുമുണ്ടെങ്കില്‍ മാത്രമേ ഇതിനെയെല്ലാം അതിജീവിക്കാനുള്ള ഊര്‍ജ്ജം ലഭിക്കൂ. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതല്ല ആത്മവിശ്വാസത്തോടെ മുന്നേറുക എന്നതാണ് ഇതിനുള്ള പോം വഴി.

ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് മത്സരത്തിന് ചെന്നതെങ്കിലും, മറ്റ് മത്സരാര്‍ത്ഥികളെ കണ്ടപ്പോള്‍ എന്റെ ആത്മവിശ്വാസത്തിന് നേരിയ ഇടിവ് സംഭവിച്ചു. കാരണം മിസ്സിസ് കാറ്റഗറി ആണെങ്കില്‍ പോലും കല്യാണം കഴിഞ്ഞ് ആറ് മാസമായവര്‍ മുതല്‍ എന്നെക്കാള്‍ പ്രായം കുറഞ്ഞവരും ഉന്നത തലങ്ങളിലുള്ള 27 പേരുണ്ടായിരുന്നു അവിടെ. മത്സരാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി ഞാനായിരുന്നു. പക്ഷെ ആദ്യ ദിവസം തന്നെ എന്നിലെ ആശങ്കകള്‍ എല്ലാം പമ്പകടന്നു. സൗന്ദര്യ മത്സരത്തില്‍ അഴകിന് മാത്രമല്ല പ്രാധാന്യം, നമ്മുടെ കഴിവിനും ആത്മവിശ്വാസത്തിനും ബുദ്ധിശക്തിക്കും തുല്യപങ്കാളിത്തമുണ്ട്.

മകള്‍ക്ക് ഒരു പ്രായം ആവുന്നത് വരെ അവള്‍ക്ക് മാത്രമായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. ഇന്നവള്‍ വളര്‍ന്ന് അവളുടെ കാര്യം തനിയെ ചെയ്യാന്‍ പ്രാപ്തയായി. അവള്‍ക്ക് മുന്നില്‍ ഒരു മാതൃയാകാന്‍ കൂടിയാണ് ഞാനിതിന് ഇറങ്ങിതിരിച്ചത്. ജോലിയും കുടുംബവും മാത്രമല്ല സ്വന്തം ഇഷ്ടങ്ങളും കയ്യെത്തിപിടിക്കാന്‍ ശ്രമിക്കുന്നവളാണ് തന്റെ അമ്മ എന്ന ബോധ്യം കൂടി അവള്‍ക്കുണ്ടാകണം എന്ന നിര്‍ബന്ധം കൂടിയെനിക്കുണ്ട്.

ഈ പ്രായത്തിലോ?’ എന്ന ചോദ്യങ്ങളില്‍ നിന്ന് റാംപിലേക്ക്

മത്സരത്തിന് വേണ്ടി കാര്യമായ തയ്യാറെടുപ്പുകള്‍ ഒന്നും നടത്താതെയാണ് ഞാന്‍ പോയത്. കാരണം ഒരു സഹായത്തിന് വേണ്ടി ഞാന്‍ മുട്ടിയ വാതിലുകളെല്ലാം എന്റെ മുന്നില്‍ കൊട്ടിയടക്കപ്പെടുകയാണുണ്ടായത്. സഹായം അഭ്യര്‍ത്ഥിച്ചവരെല്ലാം ഒന്നടങ്കം ഒറ്റ സ്വരത്തില്‍ ചോദിച്ചത് ‘ഈ പ്രായത്തില്‍ എന്തിനാണ് ഇതിന് പോയത്?’ എന്നാണ്. എട്ട് റൗണ്ടുകളുള്ള കഠിനമായ സെലക്ഷന്‍ പ്രക്രിയ മറികടന്നു നേടിയ അവസരം അങ്ങനെ കളയാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു, ആരുമില്ലെങ്കിലും തനിയെ തയ്യാറെടുപ്പുകള്‍ നടത്തി. വിജയമൊ തോല്‍വിയൊ ഒന്നുമല്ല, ഞാന്‍ എന്ത് ചെയ്തു.. എന്നത് മാത്രമായിരുന്നു എന്റെ മനസ്സില്‍. എനിക്ക് ബോധ്യപ്പെടുത്താനുണ്ടായിരുന്നത് എന്നെ തന്നെ ആയിരുന്നു. പോയിന്റ് ഫൈവ് ഹീല്‍സ് ഇട്ട് നില്‍ക്കുകന്നത് കുറച്ച് ദുഷ്‌കരമാണ്, ഫിനാലെ ഡ്രസ്സ് ഒന്ന് ഇട്ട് നോക്കാന്‍ പോലുമുള്ള സമയം എനിക്ക് ലഭിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് 2024-ല്‍ ‘എസ്പാനിയോ ഇവന്റസ് മിസ്സിസ് കേരള’ മത്സരത്തില്‍ പങ്കെടുത്തുകൊണ്ട് ഞാനെന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കി.

പ്രതിബന്ധങ്ങളെ തോല്‍പ്പിച്ച നിശ്ചയദാര്‍ഢ്യം

ആദ്യമായി പങ്കെടുത്ത എസ്പാനിയോ ഇവന്റസിന്റെ മിസ്സിസ് കേരള കോമ്പറ്റീഷനില്‍ സബ്‌ടൈറ്റില്‍ വിന്നറായി. പിന്നീട് മിസ്സിസ് എമ്പ്രസ്സ് കേരളയില്‍ ഫസ്റ്റ് റണ്ണറപ്പായി. സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നത് സങ്കടകരമാണ്. എങ്കിലും ഞാന്‍ ഒറ്റക്ക് നിന്ന് നേടിയതാണ് ഈ സന്തോഷം, ഇതിനിടക്ക് ഒരുപാട് കരഞ്ഞിട്ടുണ്ട്, പക്ഷെ അതിന് പോലുമുള്ള സ്വാതന്ത്ര്യമില്ല ഇനി അഥവാ കരഞ്ഞാലും കേള്‍ക്കാനും ആശ്വസിപ്പിക്കാനും ആളില്ല. കൂടെയുള്ളവര്‍ക്ക് പലപ്പോഴും അവരുടെ കാര്യങ്ങള്‍ നടത്തികൊടുക്കാന്‍ മാത്രമുള്ള വ്യക്തിയാകുമ്പോഴുള്ള വേദന വളരെ വലുതാണ്. മത്സരത്തിന് പോകുന്ന കാര്യത്തെ കുറിച്ച് ആര്‍ക്കും വലിയ അറിവില്ലായിരുന്നു, പറഞ്ഞില്ല എന്നതിലുപരി, പറഞ്ഞവരില്‍ നിന്നുള്ള പ്രതികരണം കൂടുതല്‍ ആളുകളോട് പറയാനുള്ള ധൈര്യം തന്നില്ല എന്ന് പറയുന്നതാണ് ശരി. പക്ഷെ ഇതിനെല്ലാമുള്ള മധുരപ്രതികാരം കൂടിയായിരുന്നു എന്റെ വിജയം. ഒട്ടും പ്രതീക്ഷിക്കാതെ ആ സ്റ്റേജില്‍ സബ്‌ടൈറ്റില്‍ വിന്നറായി എന്റെ പേര് വിളിച്ചപ്പോള്‍ ഞാനനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അതിന് ഞാന്‍ ദൈവത്തോടും എന്റെ മാതാപിതാക്കളോടും നന്ദി പറയുന്നു.

സ്വകാര്യ കമ്പനിയില്‍ ഓപ്പറേഷണല്‍ മാനേജരാണ് മിനിയിപ്പോള്‍. ഫോര്‍ എവര്‍ സ്റ്റാര്‍ ഇന്ത്യ സൂപ്പര്‍വുമണ്‍, എംമ്പ്രസ് കേരള ഫസ്റ്റ് റണ്ണറപ്പ് തുടങ്ങിയ നേട്ടങ്ങളും മിനിയെ തേടിയെത്തി. ഭര്‍ത്താവ് രാജ്കുമാര്‍ വിദേശത്താണ്. മകള്‍ നേഹ രാജ്കുമാര്‍ പ്രൊഫഷണല്‍ ബിരുദ വിദ്യാര്‍ഥിയാണ്. മിസിസ് ഇന്ത്യയില്‍ക്കൂടി മാറ്റുരയ്ക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് മിനി.

Mini, who has overcome severe criticism and isolation to reach the first runner-up position of Mrs. Empress Kerala,

This post was last modified on July 11, 2026 2:18 pm

സമരിയ സൈമണ്‍:
Related Post
Leave a Comment