കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പടേണ്ടതും എന്നാൽ ചർച്ച ചെയ്യപ്പെടാത്തതുമായ വിഷയമാണ് സെക്യൂരിറ്റി ജീവനക്കാരുടെ തൊഴിലവകാശങ്ങൾ. ദുരിതപൂർണ്ണമായ തൊഴിൽ സാഹചര്യങ്ങളിൽ ജോലി ചെയ്തിട്ടും കൃത്യനിർവ്വഹണം നടത്തുന്നതിൽ ഈ തൊഴിലാളി വിഭാഗം മുൻപന്തിയിൽ തന്നെ. ഈ വിഭാഗത്തിന്റെ തൊഴിലവകാശ ലംഘനങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിൽ ഉടമകൾ ഇരിപ്പിടം നൽകണമെന്ന പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ സുപ്രധാന നിർദ്ദേശമാണ് കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്.
കേരളത്തിലെ ബാങ്കുകളിലും എടിഎമ്മുകളിലും മറ്റ് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ഫ്ളാറ്റ് സമുച്ചയങ്ങളിലും തുടങ്ങി സുരക്ഷ ആവശ്യമുള്ള എല്ലാ സ്ഥാപനങ്ങളിലും ഭക്ഷണശാലകളിലുമെല്ലാം ഒരു വലിയ പങ്ക് സെക്യൂരിറ്റി ജീവനക്കാർ തൊഴിൽ ചെയ്യുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ഭക്ഷണശാലകളിലെ സെക്യൂരിറ്റി ജീവനക്കാരാണ്. ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് പുറമേ ഉച്ചയാകുമ്പോള്‍ ‘ഊണു തയാര്‍’ എന്ന കൈചൂണ്ടി ബോര്‍ഡ് പിടിച്ച് മഴയത്തും വെയിലത്തും വഴിയേ പോകുന്നവരെയൊക്കെ ക്ഷണിക്കുക കൂടി വേണം ഇവർക്ക്. ഈ സാഹചര്യം കണക്കിലെടുത്താണ് സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടമെന്ന നിർദ്ദേശം മന്ത്രി മുന്നോട്ട് വയ്ക്കുന്നത്. ഇരിപ്പിടത്തിന് പുറമേ പ്രതികൂല കാലാവസ്ഥയെ നേരിടാൻ കുട, കുടിവെള്ളം, മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണം. തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിക്കുന്നുണ്ട്. വെയിലത്തും ദുഷ്‌കരമായ കാലാവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള ഡേ – നൈറ്റ് റിഫ്ളക്ടീവ് കോട്ടുകൾ, തൊപ്പി, കുടകൾ, കുടിവെള്ളം, സുരക്ഷാകണ്ണടകൾ എന്നിവ തൊഴിലുടമകൾ നൽകണം. തൊഴിലുടമകൾ ഈ നിർദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർമാർ ഉറപ്പുവരുത്തണം. ഇതിനായി ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ മേഖല കേന്ദ്രീകരിച്ച് സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തണമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
നമ്മൾ കണ്ടിട്ടുള്ളതും നേരിട്ട് അറിഞ്ഞിട്ടുള്ളതും ആണ് സെക്യൂരിറ്റി ജീവനക്കാരുടെ പ്രശ്നങ്ങൾ. മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യുന്നവർ, ഇരിക്കാൻ അനുവാദം ഇല്ലാത്തവർ, എന്തിന് ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യം പോലും ഇവർക്ക് പലപ്പോഴും ലഭ്യമാകുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. ഇതിനെ തൊഴിൽ വകുപ്പ് വളരെ ഗൗരവമായി എടുക്കുന്നു എന്നതിന്റെ തെളിവാണ് ഈ സർക്കുലറെന്ന് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ് അഴിമുഖത്തോട് പറഞ്ഞു.
വ്യവസായ സൗഹൃദം എന്നത് പോലെ തൊഴിലാളി സൗഹൃദവുമാണ് കേരളം. പാവപ്പെട്ട തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ട എല്ലാ നടപടികളും കൈക്കൊള്ളും. സംസ്ഥാനത്തെ വ്യവസായിക ലോകം ഈ സർക്കുലറിനെ പിന്തുണയ്ക്കുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്. സെക്യൂരിറ്റി ജീവനക്കാർക്ക് വേണ്ട എല്ലാ പിന്തുണയും നൽകും. ഇക്കാര്യത്തിൽ വിവിധ തൊഴിലാളി സംഘടനകളുടെ പിന്തുണയും സർക്കാരിനുണ്ടെന്നും ഓഫീസ് കൂട്ടിച്ചേർത്തു.
‘നല്ല തീരുമാനം, ഞാനൊരു സെക്യൂരിറ്റി ജീവനക്കാരനാണ് ഒന്നര വർഷം മുന്നേ ഇടപ്പള്ളിയിലുള്ളൊരു ഏജൻസിയുടെ കീഴിൽ പാലാരിവട്ടത്തുള്ള പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിൽ താമസിച്ചു ജോലി ചെയ്യേണ്ടി വന്നിരുന്നു. കുടിവെള്ളം പോയിട്ട് മര്യാദക്ക് പ്രാഥമിക കൃത്യങ്ങൾ നടത്താനുള്ള വെള്ളം പോലും അവിടെയുണ്ടായിരുന്നില്ല. ദിവസം കിട്ടുന്ന 500 രൂപ കൂലിയിൽ നിന്നാണ് പുറത്തെ കടയിൽ നിന്നും 20 രൂപ നിരക്കിൽ ദിവസവും 3 ഉം 4 ഉം കുപ്പിവെള്ളം വാങ്ങിയാണ് ജീവൻ നിലനിർത്തിയത്”. സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം ഒരുക്കി കൊണ്ടുള്ള മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പങ്കുവച്ച അനുഭവമാണിത്.
തൊഴിലാളികൾക്ക് മിനിമം വേതനം, ഓവർടൈം വേതനം. അർഹമായ ലീവുകൾ, തൊഴിൽപരമായ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നാണ് ഈ അനുഭവം വ്യക്തമാക്കുന്നത്. കൂടാതെ സ്ഥാപനം വേതന സുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും സർക്കുലറിൽ പറയുന്നു. നിയമലംഘനങ്ങൾ കണ്ടെത്തിയാലും സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിലും തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി പരാമർശിക്കുന്നത്. കൂടാതെ സ്ഥാപനം വേതന സുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും. നിയമലംഘനങ്ങള്‍ കണ്ടെത്തിയാലും സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലും തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
സർക്കാർ അംഗീകരിച്ച മിനിമം കൂലി പോലും ഇവർക്ക് കിട്ടുന്നില്ല എന്നതാണ് വസ്തുത. സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാനും ഏകീകരിക്കാനും പത്തു വര്‍ഷത്തിലധികമായി ഇവർ ശ്രമിക്കുന്നുണ്ട്. 12000 രൂപയാണ് സംസ്ഥാനത്ത് സെക്യൂരിറ്റി ജീവനക്കാരുടെ ഏറ്റവും ഉയര്‍ന്ന മാസശമ്പളം. പക്ഷേ, 6000 മുതല്‍ 9000 വരെയാണ് ഇവര്‍ക്കു കൊടുക്കുന്നത്. ബാക്കി 3000 മുതല്‍ 6000 വരെ ഏജന്‍സികള്‍ കീശയിലാക്കുകയും ചെയ്യും. എട്ടു മണിക്കൂര്‍ ജോലിയാണ് സാധാരണ തൊഴിൽ മേഖലകളിലെ തൊഴിൽ സമയമെങ്കിൽ 12 മണിക്കൂറാണ് ഈ മേഖലയിലെ ‘അംഗീകൃത’ തൊഴില്‍ സമയം. ഭക്ഷണം സമയത്തു കഴിക്കാനോ ഇരുന്നു കഴിക്കാനോ പോലും കഴിയാത്ത സാഹചര്യവുമുണ്ട് ഇവർക്ക്. കുടിവെള്ളം പോലും കിട്ടാത്ത സ്ഥലങ്ങളവമുണ്ടെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.
ദുരിതപൂർണ്ണമായ തൊഴിൽ സാഹചര്യങ്ങളിൽ ജോലി ചെയ്തിട്ടും കൃത്യത പാലിക്കുന്ന വിഭാഗത്തിന്റെ ശമ്പളപരിഷ്കരണം ഉൾപ്പെടെയുള്ള മറ്റു ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷിക്കാം
content summary: Minister v Sivankutty orders improved working condition for security workers