UPDATES

വിദേശം

ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ആഫ്രിക്കയിൽ പടർന്ന് പിടിച്ച് മങ്കിപോക്സ്

                       

1970 ന്റെ തുടക്കത്തിലും 80- കളിലുമായാണ് എച്ച്ഐവി പടർന്ന് പിടിച്ചത്. അന്ന് കാലത്ത് എച്ച്ഐവിയെക്കുറിച്ച് വലിയ രീതിയിൽ അവബോധം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിന് സമാനമായാണ് ആഫ്രിക്കയിൽ എംപോക്സ് അല്ലെങ്കിൽ മങ്കിപോക്സ് പൊട്ടിപ്പുറപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ. അസുഖത്തിന്റെ വ്യാപനത്തെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന.Mpox outbreak in Africa

രോഗബാധിത പ്രദേശങ്ങളിലെ തുടർച്ചയായുള്ള പരിശോധന, വാക്‌സിനുകൾ, ചികിത്സാ മരുന്നുകൾ തുടങ്ങിയവ അടിയന്തരമായി ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് മെഡിക്കൽ വിദഗ്ധർ. വൈറസിനെ കുറിച്ചുള്ള പൊതുബോധം മെച്ചപ്പെടുത്തുന്നതിന് കാമ്പെയ്‌നുകൾ നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) പടരുന്ന വൈറസിൻ്റെ പുതിയ വകഭേദത്തെക്കുറിച്ച് നിരവധി കാര്യങ്ങൾ ഇനിയും കണ്ടുപിടിക്കേണ്ടതുണ്ട്. ഇതിനു വേണ്ടി കൂടുതൽ ഗവേഷണം നടത്തണമെന്നും വിദഗ്ധർ ഊന്നിപ്പറഞ്ഞു. 2022 ജനുവരി മുതൽ, ആഫ്രിക്കയിൽ 38,465 എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,456 മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഡിആർസിയിൽ ഈ വർഷം മാത്രം 14,000 കേസുകളും 524 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോംഗോയിലും സമീപ രാജ്യങ്ങളിലും പൊട്ടിപ്പുറപ്പെടുന്നത്, ക്ലേഡ്സ് I, II എന്നറിയപ്പെടുന്ന വൈറസിൻ്റെ വിവിധ രൂപങ്ങളും ക്ലേഡ് ഐബി എന്ന പുതിയ വകഭേദവുമാണ്. പുതിയ തരം വൈറസ് കുട്ടികളിൽ വലിയ അപകടസാധ്യതയുള്ളതായാണ് വിലയിരുത്തുന്നത്. ക്ലേഡ് I ൻ്റെ, വ്യതിയാനമാണ് ക്ലേഡ് Ib, ഈ പ്രദേശങ്ങളിൽ വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള പ്രധാന കാരണം ഈ വകഭേദമായിരുന്നു.

ലോകാരോഗ്യ സംഘടന (WHO) പറയുന്നത് അസുഖം വളരെ ഗുരുതരമാണെന്നാണ്, അതിനാൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എബോള, കോവിഡ്-19, യൂറോപ്പിൽ 2022-ൽ വ്യപിച്ച പോക്സ് തുടങ്ങിയ വലിയ പ്രശ്നങ്ങൾക്ക് നൽകിയ അതേ മുന്നറിയിപ്പാണിത്. സ്ഥിതി വളരെ ആശങ്കാജനകമാണെന്നും അന്താരാഷ്ട്ര ആരോഗ്യ നിയമത്തിന് കീഴിലുള്ള ഏറ്റവും വലിയ ജാഗ്രത നിർദേശം നൽകണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഡിആർസിയുടെ കിഴക്ക് ഭാഗത്ത് ക്ലേഡ് ഐബിൻ്റെ ആവിർഭാവവും, അയൽ രാജ്യങ്ങളിൽ ഇത് കണ്ടെത്തിയതും അദ്ദേഹം എടുത്തുകാട്ടിയിരുന്നു. സഹായത്തിനായി ലോകാരോഗ്യ സംഘടന ഇതിനകം 1.5 മില്യൺ ഡോളർ അതിൻ്റെ എമർജൻസി ഫണ്ടിൽ നിന്ന് നൽകിയിട്ടുണ്ട്, കൂടുതൽ തുക നൽകാനും പദ്ധതിയിടുന്നുണ്ട്. ഈ മേഖലയിലെ ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ആവശ്യമായി വരുന്ന 15 മില്യൺ ഡോളർ സമാഹരിക്കാനും ആവശ്യപ്പെട്ടിരുന്നു.

“ഇതിനെ എച്ച്ഐവിയുടെ ആദ്യ നാളുകളിലെ സാഹചര്യവുമായി സാമ്യമുള്ളതായി പലരും പരാമർശിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.” ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗ്ലോബൽ ഹെൽത്ത് റിസർച്ച് പ്രൊഫസറായ ട്രൂഡി ലാങ് പറയുന്നു. പ്രധാനമായും ലൈംഗിക ശൃംഖലകളിലൂടെയാണ് വൈറസ് പടരുന്നത്, ഇത് യുവാക്കളെയും ദുർബലരായ ലൈംഗികത്തൊഴിലാളികളെയും അപകട സാധ്യതയിലാക്കുന്നുവെന്ന് അവർ പറയുന്നു. വൈറസിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ ഒഴിവാക്കുന്നതിനും ആവശ്യമായ ചികിത്സ ലഭ്യമാക്കാനും കാമ്പെയ്‌നുകൾ നടത്തണമെന്നും ട്രൂഡി ലാങ് വ്യക്തമാക്കി.

വിശദമായ ഡാറ്റ ഇതുവരെ ലഭ്യമല്ലെങ്കിലും, ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് വൈറസ് പകരാൻ സാധ്യതയുണ്ട്. ഇതിലൂടെ നവജാത ശിശുക്കളിലും എംപോക്സ് കണ്ടെത്തിയിട്ടുണ്ട്. ”ആശുപത്രികളിൽ മാത്രം റിപ്പോർട്ട് ചെയ്യുന്ന കേസുകളാണിത്, അതിനപ്പുറമുള്ളത് നമുക്കിനിയും കണ്ടെത്തേണ്ടതുണ്ട്. ഞാൻ ഏറ്റവും ആശങ്കപ്പെടുന്ന വസ്തുത കേസുകളുടെ എണ്ണത്തെക്കുറിച്ചാണ്. ആർക്കെങ്കിലും അണുബാധയുടെ തീവ്രത കുറവാണെങ്കിൽ, പ്രത്യേകിച്ച് ഇത് ജനനേന്ദ്രിയ അണുബാധയാണെങ്കിൽ, അവർ അറിയാതെ അത് മറ്റുള്ളവരിലേക്ക് വ്യാപിച്ചേക്കാം.” ട്രൂഡി ലാങ് കൂട്ടിച്ചേർത്തു.

പബ്ലിക് ഹെൽത്ത് ഏജൻസിയായ, ആഫ്രിക്ക സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി) ചൊവ്വാഴ്ച തന്നെ എംപോക്സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണെന്ന് പ്രഖ്യാപിച്ചിരുന്നു. കേവലം ഔപചാരികതക്ക് വേണ്ടിയുള്ള ഒരു പ്രഖ്യാപനം എന്നതിനുപരി ഓരോരുത്തരും പ്രവത്തന സജ്ജമാകാനുള്ള വ്യക്തിഗത ആഹ്വനം കൂടിയാണ്. വൈറസിനെ നിയന്ത്രിക്കുന്നതിനും ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കണമെന്നും സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ജീൻ കസേയ പറഞ്ഞു.

Content summary; Mpox outbreak in Africa is public health emergency, declares WHO  Mpox outbreak in Africa

Share on

മറ്റുവാര്‍ത്തകള്‍