കിളിവാതില്‍ അടഞ്ഞ ക്രിസ്മസ് രാത്രി

അക്ഷരങ്ങള്‍ക്ക് പോലും ആ വാര്‍ത്തയാകാന്‍ മടിയായിരുന്നു. ദിന പത്രങ്ങള്‍ ഇല്ലാത്തതിനാല്‍ ആ വാര്‍ത്ത അച്ചടിച്ച പത്രം നമുക്ക് വായിക്കണ്ടി വന്നില്ല

”എഴുതേണ്ടതാണ് എന്നു തോന്നിയതൊക്കെ ഞാനെഴുതിയിട്ടുണ്ട്. എഴുതുന്നുമുണ്ട്. പറയേണ്ടതാണ് എന്നു തോന്നിയത് പറഞ്ഞിട്ടുണ്ട്. എഴുതാത്തതും പറയാത്തതുമായി ഇനിയും ചിലത് എന്റെ മനസിലുണ്ട്. അത് ഞാന്‍ പോകുമ്പോള്‍ എനിക്ക് കൊണ്ടുപോകാനുള്ളതാണ്. മുട്ടായിത്തെരുവത്തു നിരത്തി വെച്ചു വില്‍ക്കാന്‍ ഞാനതാര്‍ക്കും തരില്ല. അതിനാരു ശ്രമിച്ചിട്ടും ഫലമുണ്ടാകില്ല.”-എം.ടി.

അക്ഷരങ്ങള്‍ക്ക് പോലും ആ വാര്‍ത്തയാകാന്‍ മടിയായിരുന്നു. ദിന പത്രങ്ങള്‍ ഇല്ലാത്തതിനാല്‍ ആ വാര്‍ത്ത അച്ചടിച്ച പത്രം നമുക്ക് വായിക്കണ്ടി വന്നില്ല. മുന്‍പ് ഒരു ചലചിത്രത്തിന് വേണ്ടി എംടി എഴുതിയ ഒരു സന്ദര്‍ഭം പോലെ, പത്രത്തില്‍ അച്ചടിക്കാത്ത തന്റെ ചരമ വാര്‍ത്ത, അച്ചടിക്കാത്ത വാര്‍ത്ത, പിന്നീട് തന്റെ പത്രമാഫീസില്‍ മേശയില്‍ നിന്ന് എടുത്ത് കാണുന്ന പത്രപ്രവര്‍ത്തകന്‍ രവി ശങ്കര്‍- സുകൃതത്തിലെ നായകന്റെ കഥ ഒരിക്കല്‍ കൂടി ഇപ്പോള്‍ ആവര്‍ത്തിക്കുകയാണ്. ഒരിക്കലും അച്ചടി മഷി പുരളാത്ത എം ടിയുടെ ചരമവാര്‍ത്ത.

മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ എഡിറ്ററായ കാലം

സുകൃതം സിനിമയിലെ ആ രംഗം എം.ടി.യുടെ മാതൃഭൂമിയിലെ ജോലിക്കാലത്ത് ആദ്യ പാദത്തില്‍ സംഭവിച്ചതാണെന്ന് പറയപ്പെടുന്നു അത് നിഷധിക്കുകയോ ശരിയാണെന്ന് ഒരിക്കലും അതേ കുറിച്ച് എ.ടി. പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല. രംഗം ചിത്രീകരിച്ച സംവിധായകന്‍ ഹരികുമാറിനും ഇതിന്റെ സത്യാവസ്ഥ അറിയില്ല.

രണ്ട് തവണ തന്റെ മരണം അടുത്ത് പതുങ്ങിയിരുന്നത് എം.ടി എഴുതിയിട്ടുണ്ട്. ‘രണ്ടാമത്തെ കാലൊച്ച’ എന്ന കുറിപ്പില്‍ ചോര ശര്‍ദ്ദിച്ച് ഗുരുതരമായ രോഗവുമായി ആശുപത്രിയില്‍ പ്രവേശിച്ച എം.ടിയെ ശുശ്രൂഷിക്കാന്‍ വന്ന തന്റെ ആരാധകന്‍ കൃഷിക്കാരനായ വടക്കാഞ്ചേരിക്കാരന്‍ ബാലകൃഷ്ണന്‍ എഴുത്തച്ഛനെ കുറിച്ചായിരുന്നു ആദ്യത്തേത്. തന്റെ രോഗാവസ്ഥയേക്കാളും അപ്പോള്‍ എം ടിയെ ഉല്‍ക്കണ്ഠയിലാക്കിയത് ആരാധകനായ ബാലകൃഷ്ണന്റെ വരവായിരുന്നു.

ഒരിക്കല്‍ ബോധത്തിനും അബോധത്തിനും ഇടയില്‍ ഇടയ്ക്ക് എം.ടി കണ്ണു തുറന്നപ്പോള്‍ ആള്‍ അടുത്ത് തന്നെയുണ്ട്.

‘പോയില്ലെ?’

‘ഞാന്‍ ഇവിടെ നില്‍ക്കാന്‍ തയാറായിട്ടാണ് വന്നത്. കൃഷിപ്പണിക്കൊക്കെ വേറെ ആളെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.’

‘നോക്കൂ എനിക്ക് ആശ്വാസമുണ്ട്. ബാലകൃഷ്ണന്‍ നടക്കൂ’

ഞാന്‍ നിര്‍ബന്ധിച്ചു. ആവശ്യം വരുമ്പോള്‍ ഞാന്‍ ഇവരാരോടെങ്കിലും എഴുതാന്‍ പറയാം. വീട്ടില്‍ ഭാര്യയും കുട്ടികളും തനിച്ചല്ലെ. രാത്രി അധികം വൈകും മുന്‍പ് വീട്ടിലെത്താന്‍ നോക്കണമെന്ന് ഞാന്‍ ശാസിച്ചു.

മനസ്സില്ലാമനസ്സോടെയാണ് ബാലകൃഷ്ണന്‍ പോയത്. സന്ദര്‍ശകനെപ്പറ്റി ആരോ അന്വേഷിച്ചു.

‘നാട്ടില്‍ നിന്നൊരാള്‍’ എന്ന് മാത്രം പറഞ്ഞു.

മരണം അപ്പുറത്തെ ഇടനാഴികളിലെവിടെയോ പതുങ്ങി നടക്കുകയാണിപ്പോഴും. ബാലകൃഷ്ണന്റെ കാലൊച്ചകള്‍ പതുക്കെ പതുക്കെ അകലുന്നു. ആരും കാണാതെ ഞാനപ്പോള്‍ ആദ്യമായി കരഞ്ഞു.

സ്‌നേഹത്തിന്റെ മുഖം എന്നൊക്കെ ഇളം പ്രായത്തില്‍ എഴുതിയത് ശരിക്കും എന്തെന്നറിഞ്ഞ കുറെ നിമിഷങ്ങള്‍ എന്റെ രോഗശയ്യക്കടുത്ത് അദൃശ്യങ്ങളായ യന്ത്രത്തകിടുകള്‍ പോലെ നിക്ഷേപിച്ചാണല്ലോ ബാലകൃഷ്ണന്‍ പോകുന്നത്.

രണ്ടാമത്തെ കുറിപ്പ് ഇങ്ങനെ; ‘1977 ല്‍ മരണം വളരെ സമീപമെത്തി പിന്‍മാറിയ എന്റെ ജീവിതഘട്ടത്തില്‍ അവശേഷിച്ച കാലം കൊണ്ട് ഇതെങ്കിലും തീര്‍ക്കണമെന്ന വെമ്പലോടെ മനസില്‍ എഴുതാനും വായിച്ചു വിഭവങ്ങള്‍ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ, എഴുതി തീരാന്‍ 1983 ആകേണ്ടി വന്നു. സമയമനുവദിച്ച് തന്ന കാലത്തിന് നന്ദി.

‘രണ്ടാമുഴത്തിന്റെ അവസാനം ഒരു കുറിപ്പില്‍ എം.ടി എഴുതി. പിന്നീട് രണ്ടാമുഴം ചരിത്രമായി മാറി.

രണ്ടാമൂഴം കലാകൗമുദിയിൽ പ്രസിദ്ധീകരിക്കുന്ന കാലത്ത് കള്ളിക്കാട് രാമചന്ദ്രൻ , ആർട്ടിസ്റ്റ് നമ്പൂതിരി, എം.ടി.

50 വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് കലാകാരന്മാര്‍ക്ക് സംവദിക്കാന്‍ വഴുതക്കാട് ടാഗോര്‍ തിയേറ്ററിന് എതിരെയായ് നികുഞ്ജം എന്നൊരു ഹോട്ടല്‍ ഉണ്ടായിരുന്നു. ലാറി ബേക്കറും എം.വി. ദേവനും രൂപകല്‍പ്പന ചെയ്ത മനോഹരമായ ആ കെട്ടിടത്തില്‍ നമ്പൂതിരി, സി.എന്‍. കരുണാകരന്‍ എന്നിവരുടെ ചുമര്‍ ചിത്രങ്ങളും ശില്‍പ്പങ്ങളും തീര്‍ത്ത് വെച്ചിരുന്നു. സായാഹ്ന സദസ്സുകളില്‍ അരവിന്ദന്‍, ഭരതന്‍, പത്മരാജന്‍, എം.വി. ദേവന്‍, കടമ്മനിട്ട, പഴവിള രമേശന്‍, എന്‍.എല്‍. ബാലകൃഷ്ണന്‍, കാവാലം, ജോണ്‍ എബ്രഹാം, കാട്ടുമാടം നാരായണന്‍, നെടുമുടി വേണ തുടങ്ങിയവരുടെ കൂടിചേരല്‍ അവിടെ പതിവായിരുന്നു. കവിത ചൊല്ലല്‍, നാടന്‍ പാട്ടുകള്‍, രബീന്ദ്ര സംഗീതം വരെ അവിടെ പാതിരാവേറെ നടന്നു. നികുഞ്ജം യുഗം എന്ന് വിളിച്ച ആ കാലഘട്ടത്തില്‍ അവിടെ സമ്മേളിച്ചവരെല്ലാം പിന്നീട് കേരളത്തിലെ കലാസംസ്‌കാരരംഗത്ത് പ്രശസ്തരായി.

അന്ന് ആകാശവാണിയില്‍ വാര്‍ത്ത വായിച്ചിരുന്ന പത്മരാജന്‍ ഒരു വൈകുന്നേരം നികുഞ്ജത്തില്‍ വന്ന് കയറിയത് പരിഭ്രാന്തനായിട്ടായിരുന്നു. എം. ടി യെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ ഒരു നഴ്‌സിങ്ങ് ഹോമില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. 48 മണിക്കൂര്‍ കഴിഞ്ഞേ എന്തെങ്കിലും പറയാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. പത്രങ്ങളും റേഡിയോ നിലയങ്ങളും ചരമക്കുറിപ്പ് തയ്യാറാക്കുന്ന തിരക്കിലാണ്.

അന്ന് അവിടെയുണ്ടായിരുന്ന എഴുത്തുകാരന്‍ സേതു ആ സംഭവം അനുസ്മരിച്ചു. ‘ഇന്നത്തെപ്പോലെ ഫോണ്‍ സൗകര്യങ്ങള്‍ ഇല്ല. അരവിന്ദന്‍ കോഴിക്കോട്ടെ അറിയാവുന്ന നമ്പറുകളിലെല്ലാം വിളിച്ച് നോക്കി. ആരേയും കിട്ടുന്നില്ല. വിവരമറിയാന്‍ യാതൊരു മാര്‍ഗവുമില്ല. അന്നാണ് അരവിന്ദന്‍ കരയുന്നത് ഞാന്‍ ആദ്യമായി കാണുന്നത്. പഴയ കുറെ ഓര്‍മ്മകള്‍ തള്ളിക്കയറി വന്നപ്പോള്‍ അരവിന്ദന് പിടിച്ച് നില്‍ക്കാനായില്ല. വല്ലാത്ത ഒരു പ്രതിസന്ധിയില്‍ നിന്നാണ് അന്ന് എം.ടി. കരകയറിയത്.’

സത്യന്‍ മുതല്‍ സുകുമാരന്‍ വരെയുള്ളവരെ കുറിച്ച് എംടി എഴുതിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഏറ്റവും വായനക്കാരുള്ള കിളിവാതിലിലൂടെ എന്ന പങ്തിയില്‍ അടൂര്‍ഭാസി അന്തരിച്ചപ്പോള്‍ എഴുതിയ ലേഖനം ഒരു ക്ലാസ്സിക്കായിരുന്നു.

1976 ൽ മാർച്ച് ലക്കത്തിൽ എഴുതിയ ‘ കിളിവാതിലിലൂടെ’ എന്ന പങ്തി.

അടൂര്‍ ഭാസിയെന്ന നാമറിയുന്ന ഒരു സിനിമാ താരത്തെയും അറിയാത്ത അയാളിലെ മനുഷ്യനെയും കുറിച്ചുള്ള കൃത്യമായ നിരീക്ഷണമായിരുന്നു അത്. എം.ടിയുടെ ചിത്രങ്ങളില്‍ എറെയൊന്നും അടൂര്‍ ഭാസി അഭിനയിച്ചിട്ടില്ലെങ്കിലും സിനിമക്ക് പുറത്തെ അവരുടെ സൗഹൃദം വലുതായിരുന്നു.

അപൂര്‍വമായി ചിരിക്കുന്ന എം.ടി ‘നീണ്ട ചിരിയുടെ അവസാനം’ എന്ന ആ ലേഖനത്തില്‍ എഴുതി ‘ഇടയ്‌ക്കൊന്ന് ചിരിക്കണം. അല്ലെങ്കില്‍ ആ മഹാസിദ്ധി മറന്നു പോകും’, അടൂര്‍ ഭാസി ഒരിക്കല്‍ എം.ടി.യോട് തന്നെ പറഞ്ഞതാണ് ഇത്.’ ഹേയ് ചിന്ത ഒറ്റക്കിരിക്കുമ്പോഴാകാം ഇപ്പോള്‍ അല്‍പ്പം ചിരിച്ചാല്‍ തെറ്റില്ല. ഊണിന് വിശപ്പുണ്ടാകും.

‘എന്നെ ചിരിപ്പിച്ചവര്‍ കുറവാണ്. അവരാകട്ടെ ചില നേരങ്ങളില്‍ എന്നെ നിശബ്ദമായി കരയിപ്പിച്ചിട്ടുമുണ്ട്.’ എം.ടി എഴുതി. അതിലൊരാളായിരുന്നു അടൂര്‍ ഭാസി.

അന്നത്തെ ഏറ്റവും പ്രശസ്തനായ മലയാള താരം അടൂര്‍ ഭാസി എം ടിയുടെ നഗരത്തില്‍ വരുമ്പോള്‍ ജനം തിരക്കി കൂടും. അതൊഴിവാക്കാന്‍ ‘താന്‍ വരുന്നത് രാത്രി വൈകി മതി എന്ന് എംടിയും സുഹൃത്തുക്കളും ഭാസിയോട് പറഞ്ഞു.

‘പിന്നീട് ആരാധകരും ആള്‍ക്കൂട്ടവും ഒഴിഞ്ഞ ഒരു കാലത്തെപ്പറ്റി ഭാസി ചിരിച്ചു കൊണ്ട് പറഞ്ഞത് എന്നെ വേദനിപ്പിച്ചു’

അടൂര്‍ ഭാസി: ‘ഇപ്പോള്‍ ട്രെയിനില്‍ പോകുമ്പോള്‍ പണ്ട് ചില വേഷങ്ങള്‍ കെട്ടിയ ആളാണെന്ന് മനസിലാക്കിയ ചില പിള്ളേര്‍ അടുത്ത് വന്ന് ചോദിക്കും, ‘ഇപ്പോള്‍ ചാന്‍സൊന്നുമില്ലെ സാറെ?’

എംടി: എന്ത് മറുപടി പറയും?

അടൂര്‍ ഭാസി: ഇല്ല. കഷ്ടമാണെന്ന് പറയും. അവര്‍ക്കൊരു സമാധാനമാകട്ടെ.”

യാത്രയില്‍ പലപ്പോഴും നേരിടേണ്ടി വരുന്ന ഈ അനുഭവം വിവരിക്കുമ്പോഴും ഭാസി ഉറക്കെ ചിരിച്ചു, എംടി. എഴുതി. താരങ്ങള്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വരുന്ന ഒരു അവസ്ഥ കൂടിയുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തിയ, രേഖപ്പെടുത്തിയ, മനോഹരമായ ഒരു വായനാനുഭവമായിരുന്നു ‘നീണ്ട ചിരിയുടെ അവസാനം.’

ആദ്യം സംവിധാനം ചെയ്ത ചിത്രമായ നിര്‍മ്മാല്യം എം ടി യുടെ ഡ്രീം പ്രൊജക്റ്റായിരുന്നു. പി.ജെ. ആന്റെണിയെന്ന ധിക്കാരിയായ നടനെ മെരുക്കിയാണ് നിര്‍മാല്യം ഒരുക്കിയത്. എഴുപതുകളുടെ ആദ്യം സിനിമാ രംഗം വിട്ട് കൊച്ചിയിലേക്ക് ആന്റണി തിരികെ വന്നു. സിനിമ തന്നെ വേണ്ട എന്ന് വച്ച് നാടക രചനയിലേക്ക് വീണ്ടും തിരിഞ്ഞപ്പോഴാണ് എം ടിയുടെ കത്തുമായി ഒരാള്‍ വരുന്നത്. ‘നിര്‍മാല്യം’ എന്നൊരു ചിത്രമെടുക്കുന്നു വെളിച്ചപ്പാടിന്റെ കഥയാണ്, പ്രതിഫലം ഇത്ര തരും. മറുപടി വന്നയാളിന്റെ കയ്യില്‍ കൊടുത്തുവിടണം.
ആന്റണി മറുപടിയൊന്നും എഴുതിയില്ല. ദൂതനോട് പറഞ്ഞു ‘ഞാന്‍ മതിയെങ്കില്‍, എന്ന് എവിടെ എത്തണമെന്ന് അറിയിച്ചാല്‍ മതി’.

അങ്ങനെയാണ് ആന്റണി മേലേക്കാവിലെ വെളിച്ചപ്പാടാകാന്‍ ശുകപുരത്തെ മുക്കുതലയിലെത്തുന്നത്. പള്ളിവാളും കാല്‍ച്ചിലമ്പും എന്ന എം ടിയുടെ തന്നെ ചെറുകഥയായിരുന്നു ചിത്രത്തിനാധാരം. എം ടി ഈ പടത്തിലെ വേഷത്തെക്കുറിച്ച് ആദ്യമാലോചിച്ചത് നടന്‍ ശങ്കരാടിയുമായിട്ടാണ്. ശങ്കരാടി പറഞ്ഞു, ‘ചെയ്യാന്‍ എനിക്ക് മോഹമുണ്ട്. പക്ഷേ, എന്റെ നല്ല ശരീരം ദൈന്യം പിടിച്ച ആ വെളിച്ചപ്പാടിന് ചേര്‍ന്നതല്ലല്ലോ”. ശങ്കരാടിയാണ് ആന്റണിയെ നിര്‍ദേശിക്കുന്നത്. ആന്റണിയുടെ സ്വഭാവമറിയാവുന്ന എം ടി ആദ്യം തന്നെ നടനുമായി ധാരണയിലെത്തി. ‘ആശാന്‍ ജോലിയുള്ളപ്പോള്‍ കുടിക്കരുത്. രാത്രി വേണമെങ്കില്‍ ആവാം എന്നെ കുഴപ്പത്തിലാക്കല്ലേ!’ ആന്റണി പറഞ്ഞു, ‘കേട്ട അത്ര കുഴപ്പമൊന്നുമില്ല വാസു’.

അര നൂറ്റാണ്ട് മുന്നിലെ കേരള സൗന്ദര്യം മനോഹരമായി പകര്‍ത്തിയ ചിത്രം കൂടിയാണിത്. നിര്‍മ്മാല്യത്തില്‍ പുഴയുണ്ട്, ആല്‍മരമുണ്ട്, നാടന്‍ വേലികളുണ്ട്, ചെറിയ നാട്ടുവഴികളുണ്ട്, അമ്പലമുണ്ട്, ശാന്തിക്കാരനുണ്ട്, ഉത്സവമുണ്ട്. 50 വര്‍ഷം മുന്‍പത്തെ ഒരു കേരളീയ ഗ്രാമത്തെ മനോഹരമായി ബ്ലാക്ക് ആന്റ് വൈറ്റില്‍ ഒപ്പിയെടുത്ത ക്യാമറാമാന്‍ രാമചന്ദ്രബാബുവിന്റെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നാണ് നിര്‍മ്മാല്യം. എം.ടി യെന്ന ചലചിത്രകാരന്റെ ഏറ്റവും മികച്ച ദൃശ്യമൊരുക്കം.

‘നിര്‍മ്മാല്യം ആറിനെതിരെ പതിമൂന്ന് വോട്ടുകള്‍ നേടിയാണ് ഫൈനല്‍ റൗണ്ടില്‍ 1974ല്‍ ദേശീയ തലത്തിലെ മികച്ച ചിത്രമായത്. മികച്ച സംവിധായകന്‍, നടന്‍ എന്നീ അംഗീകാരങ്ങള്‍ മലയാളത്തിന് ലഭിച്ചു. സുകുമാരന്‍, രവി മേനോന്‍, സുമിത്ര എന്നീ താരങ്ങള്‍ ആദ്യമായി അഭിനയിച്ച ചിത്രമാണ് നിര്‍മ്മാല്യം.

ഡല്‍ഹിയില്‍ ജൂറിയില്‍ മലയാളത്തെ പ്രതിനിധീകരിച്ച അംഗം നിര്‍മാല്യത്തിനെതിരെ വാദിച്ചെന്നും എതിരെ വോട്ടു ചെയ്‌തെന്നും പിന്നീട് ചില പത്രപവര്‍ത്തകര്‍ എഴുതി. ‘നിര്‍മ്മാല്യത്തെക്കാള്‍ നല്ല പടമാണ് എന്ന് തോന്നിയ ഒന്ന് മത്സരത്തിലുണ്ടാകാം. അതിന് വേണ്ടി ഒരാള്‍ വാദിച്ചേക്കാം. ഒരു മലയാളി എടുത്തു എന്നതു കൊണ്ട് മാത്രം എന്റെ പടത്തിനു വേണ്ടി വാദിക്കാന്‍ ആ വ്യക്തിക്ക് ഒരു ബാധ്യതയും ഇല്ല എന്നായിരുന്നു എം.ടിയുടെ മറുപടി. വിവാദം അവിടെ തീര്‍ന്നു.

വര -നമ്പുതിരി

അരനൂറ്റാണ്ട് കാലം മലയാള സാഹിത്യം ചുറ്റപ്പെട്ടത് എം.ടിയെന്ന രണ്ടക്ഷരത്തിലായിരുന്നു. മലയാള ഗാനാലാപനത്തിന്റെ അവസാന വാക്ക് യേശുദാസായതു പോലെ സാഹിത്യ എഴുത്തിന്റെ അളവുകോല്‍ എം.ടിയായി എന്നത് പിന്നീട് വന്ന നാല് തറമുറയിലെ എഴുത്തുകാര്‍ എല്ലാരും നിശബ്ദമായി അംഗീകരിക്കപ്പെട്ട സത്യമാണ്.

‘മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായ എം.ടി. ഒരിക്കല്‍ ഒരു പ്രശസ്ത സാഹിത്യകാരനോട് പറഞ്ഞു. ‘ഇപ്പോള്‍ നിങ്ങള്‍ക്ക് സാമാന്യ പ്രശസ്തിയൊക്കെ ഉള്ളതു കൊണ്ട് നിങ്ങള്‍ എന്തയച്ചാലും ഞങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന് വരും. പക്ഷേ, അപ്പുറത്ത് നിങ്ങളെ ശ്രദ്ധിക്കുന്ന വായനക്കാര്‍ എന്ന ശക്തിയുണ്ടെന്ന് മറക്കരുത്. അത് കൊണ്ട് സ്വയമൊരു വിലയിരുത്തിന് ശേഷമേ ഞങ്ങള്‍ക്ക് അയക്കാവൂ’.

എം.ടിയുടെ കഥകള്‍ ഏറ്റവും കുറവ് അച്ചടിച്ച മാസികയായിരുന്നു മലയാളത്തിലെ ഏറ്റവും പ്രമുഖ പ്രസിദ്ധീകരണമായ, അദ്ദേഹം തന്നെ രണ്ട് കാലയളവില്‍ എഡിറ്ററായ മാതൃഭൂമി ആഴ്ചപ്പതിപ്പ്.

ഒരിക്കല്‍ എം ടിയുടെ അസോസിയേറ്റ് എഡിറ്ററായിരുന്ന ശത്രുഘ്‌നനെ ക്യാബിനില്‍ വിളിച്ച് ഒരു കടലാസ് കെട്ട് എല്‍പ്പിച്ചു. എം.ടിയുടെ കയ്യക്ഷരത്തിന്‍ കുനുകുനെ എഴുതിയ ഒരു ചെറുകഥയാണ്.. ‘ഗോവിന്ദന്‍ കുട്ടി ഒന്ന് വായിച്ച് നോക്കൂ’ എം.ടി പറഞ്ഞു. കുറെ കഴിഞ്ഞ് എം.ടി ചോദിച്ചു; ‘വായിച്ചുവോ?

‘ഉവ്വ് ‘ ശത്രുഘ്‌നന്‍ പറഞ്ഞു.

കൈനീട്ടിക്കൊണ്ട് എം.ടി. പറഞ്ഞു; ‘എങ്കില്‍ തിരിച്ചു തരൂ’.

ഞാനത് കമ്പോസ് ചെയ്യാന്‍ കൊടുത്തു. എം.ടിക്ക് അത് ഇഷ്ടപ്പെട്ടില്ലെന്ന് ശത്രുഘ്‌നന് തോന്നി. സ്വയം പത്രാധിപരായി ഇരിക്കുമ്പോള്‍ അതില്‍ തന്നെ എഴുതുന്നതില്‍ താല്‍പ്പര്യവും ഉണ്ടായിരുന്നില്ല.

‘കഥകള്‍ തെരഞ്ഞെടുക്കാന്‍ എന്നെ ചുമതലപ്പെടുത്തിയ സ്ഥിതിക്ക് ഞാനങ്ങനെ ചെയ്തതാണ്’ ശത്രുഘ്‌നന്‍ പറഞ്ഞു.

ഒരര്‍ദ്ധ മന്ദഹാസം. ഏതായാലും സാധാരണ ലക്കത്തില്‍ മതി. വിശേഷിച്ച് പരസ്യമൊന്നും വേണ്ട താനും’, എം.ടി. പറഞ്ഞു. പരസ്യമൊന്നുമില്ലാതെ വളരെ നാളുകള്‍ക്ക് ശേഷം എം.ടി യുടെ ഒരു കഥ രണ്ടു ലക്കത്തിലായി അച്ചടിച്ചു വന്നു. മലയാള സാഹിത്യലോകം ഹൃദയത്തില്‍ സ്വീകരിച്ച ആ കഥയാണ് ‘വാനപ്രസ്ഥം’.

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ തൊട്ട് സീറ്റില്‍ ഇരിക്കുന്ന എം.ടിയെ അറിയാത്ത അപരിചിതര്‍ അന്വേഷിക്കുമ്പോള്‍ എം.ടി. താന്‍ സാഹിത്യകാരനാണെന്ന് പറയാറില്ല. അങ്ങനെ അവകാശപ്പെടാന്‍ ഒരിക്കലും അദ്ദേഹം ആര്‍ജ്ജവം കാണിച്ചില്ല. പകരം പറയും ‘ ഒരു പത്രപ്രവര്‍ത്തകനാണ്’. ഒരു പക്ഷേ, തന്റെ ആദ്യത്തെ എഡിറ്റര്‍ എന്‍.വി. കൃഷ്ണവാര്യര്‍ പത്രപവര്‍ത്തനത്തെ കുറിച്ച് പറഞ്ഞത് എന്നും മനസ്സില്‍ സൂക്ഷിച്ചതാകാം കാരണം. എന്‍.വി അന്തരിച്ചപ്പോള്‍ എം.ടി. അത് എഴുതുകയും ചെയ്തു. ‘പത്രപ്രവര്‍ത്തനത്തെ കുറിച്ച് സഹപ്രവര്‍ത്തകര്‍ വേണ്ടി എന്‍.വി ഒരിക്കല്‍ പറഞ്ഞ ഒരു വാചകം പലപ്പോഴും ഞാന്‍ ഓര്‍മിക്കാറുണ്ട്. ‘ആളുകള്‍ക്ക് രസിക്കണം, എന്തെങ്കിലും പഠിക്കാനും ഉണ്ടാവണം’ അത് എന്നും പ്രസക്തമായ പത്രപ്രവര്‍ത്തകന്റെ തത്വശാസ്ത്രത്തിന്റെ രത്‌നച്ചുരുക്കമായി ഞങ്ങള്‍ മനസ്സില്‍ ആദരവോടെ സൂക്ഷിക്കുന്നു.’

എം.ടി. എപ്പോഴെങ്കിലും മരണത്തെ ഭയപ്പെട്ടിരുന്നോ? എന്ന ഒരു അഭിമുഖകാരന്‍ ചോദിച്ചപ്പോള്‍ എം.ടി പറഞ്ഞത് ഇങ്ങനെ:

‘ആദ്യമാദ്യം മരിച്ച ആളെ കാണാന്‍ പോലും എനിക്ക് ഭയമായിരുന്നു. പിന്നീടത് മാറി. കാരണം സാമൂഹിക ബാധ്യതയുടെ പേരില്‍ നമുക്ക് മൃതദേഹത്തിന്റെ അടുത്ത് പോയി നില്‍ക്കേണ്ടി വരുന്നു. അതിനേക്കാളധികം എന്നെ ഡിസ്റ്റര്‍ബ് ചെയ്യാറുള്ളത് മരണം കഴിഞ്ഞ അന്തരീക്ഷമാണ്. ആ പരിസരം, അവിടെ ആളുകള്‍ തമ്മില്‍ പറയുന്നത്. അവരുടെ വിനോദങ്ങള്‍. അതൊരു വല്ലാത്ത ‘മെറ്റീരിയലാ’ണ് . ജീവിതത്തിന്റെ വല്ലാത്തൊരു ഡ്രാമ എന്നു പറയാവുന്നത് മരണമാണ്. മരിച്ച ആളെ സംബന്ധിച്ച് അതൊരു പ്രശ്‌നമല്ല. പക്ഷേ, അതിനു ചുറ്റുമുള്ള ജീവിതം ഒരു തനതു നാടകം പോലെയിരിക്കും. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പ് – ചട്ടിയും വട്ടങ്ങളും – കയറ്… പാനി. അതൊരു ഭയങ്കര നാടകമാണ്.

തന്റെ ഭൗതിക ശരീരത്തിന്റെ പൊതുദര്‍ശനവും. പുഷ്പാലകൃത വാഹന ഘോഷയാത്രയും എന്ത് കൊണ്ട് ഒഴിവാക്കിയെന്ന് ചിന്തിച്ചവര്‍ക്കുള്ള മറുപടി മൂന്ന് പതിറ്റാണ്ട് മുന്‍പ് തന്നെ എംടി ഈ വാചകങ്ങളില്‍ പറഞ്ഞ് വെച്ചിരുന്നു.

പത്രപ്രവര്‍ത്തനം സാഹിത്യം, സിനിമ, സാംസ്‌കാരിക രംഗം എല്ലാറ്റിലും പൂര്‍ണത നേടിയ, എംടിയെന്ന സുകൃതം യാത്രയായി.

‘എന്റെ കടത്തു ബോട്ട് വന്നിരിക്കുന്നു, എനിക്കിനിയും കുറെക്കൂടി ഭാരങ്ങള്‍ ഇറക്കാനുണ്ട്. അതുകൊണ്ട് നിന്റെ വര്‍ഗ്ഗത്തിലെ മറ്റൊരു കിരാതനായ ഞാന്‍ നടക്കട്ടെ’.  MT Vasudevan Nair as a journalist writer and filmmaker

Content Summary; MT Vasudevan Nair as a journalist writer and filmmaker

This post was last modified on December 27, 2024 2:42 pm

അമർനാഥ്‌:
Related Post
Leave a Comment