July 17, 2025 |

സമൂഹം കൂടി പ്രതിയാകുന്ന അരുംകൊലകള്‍, യുവതലമുറ അക്രമാസക്തമാകാന്‍ കാരണമെന്ത് ?

ഈ കഴിഞ്ഞ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊലപാതകങ്ങളിൽ പലതിലും പ്രതിസ്ഥാനത്ത് യുവാക്കളാണ്

അതിക്രൂരമായ കൊലപാതക പരമ്പരകൾക്കാണ് കുറച്ചുകാലങ്ങളായി കേരളം സാ​ക്ഷ്യം വഹിക്കുന്നത്. മുമ്പില്ലാത്ത വിധം കേരളത്തിൽ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും എണ്ണം വർദ്ധിക്കുകയാണ്. ഇപ്പോഴിതാ അതിലേക്ക് മറ്റൊരു കേസ് കൂടി കൂട്ടി ചേർക്കപ്പെട്ടിരിക്കുന്നു. വെഞ്ഞാറമൂട് സ്വദേശിയായ ഇരുപത്തി മൂന്നുകാരൻ അഫാൻ അഞ്ച് പേരെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി  പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. സ്വന്തം സഹോദരനെയും പെൺസുഹൃത്തിനെയും മുത്തശിയെയും പിതാവിന്റെ ജേഷ്ഠ്യൻ, ജേഷ്ഠ്യന്റെ ഭാര്യ എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്.

അഫാന് പുറമേ ഈ കഴിഞ്ഞ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊലപാതകങ്ങളിൽ പലതിലും പ്രതിസ്ഥാനത്ത് യുവാക്കളാണ്. ചേന്ദമംഗലത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ഋതുരാജും, ബലരാമപുരത്ത് രണ്ടര വയസുകാരി മരുമകളെ കൊലപ്പെടുത്തിയ ഹരികുമാറും, സ്വന്തം അമ്മയെ കഴുത്തറുത്ത് കൊന്ന താമരശേരിയിലെ ആഷിഖും, ചോറ്റാനിക്കരയിലെ അതീജീവിതയുടെ മരണത്തിന് കാരണക്കാരനായ വ്യക്തിയുമെല്ലാം 30നടുത്തോ അതിൽ താഴെ പ്രായമുള്ളവരോ ആണ്. യുവാക്കളെ കൊലപാതങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ പലതാണെന്ന് വിലയിരുത്തുകയാണ് റിട്ടയേർഡ് എസ് പിയായ സുഭാഷ് ബാബു.

ഇപ്പോഴത്തെ തലമുറയ്ക്കിടയിൽ ക്ഷമിക്കാനുള്ള കഴിവോ ക്ഷമിക്കാനുള്ള സാഹചര്യമോ ഉണ്ടാവുന്നില്ലെന്നും കുടുംബാം​ഗങ്ങൾക്കിടയിലെ ആത്മബന്ധം നഷ്ടപ്പെട്ട സാഹചര്യമാണ് നിലവിലുള്ളതെന്നും എന്തെങ്കിലും തരത്തിലുള്ള ലാഭങ്ങൾക്കോ നേട്ടങ്ങൾക്കോ ആണ് പലപ്പോഴും ഇവിടെ പ്രാധാന്യം നൽകുന്നത്.  സാമൂഹ്യ ജീവിതത്തിൽ വരുന്ന മാറ്റമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നത്. സ്നേഹബന്ധങ്ങളിൽ വന്ന മാറ്റവും നന്നായി തന്നെ പ്രതിഫലിക്കുന്നു. എന്തെങ്കിലുമൊരു വിഷയത്തിൽ വരുന്ന നിരാശ പകയായി രൂപാന്തരപ്പെടുന്നു. പ്രണയബന്ധങ്ങളുടെ അടക്കം നിലനിൽപ്പിനെയോ സ്ഥിരതയെയോ പറ്റി ഉണ്ടാക്കിയെടുക്കേണ്ടുന്ന ഒരു പൂർണ്ണ ബോധ്യമുണ്ട് അത് യുവാക്കൾക്കുള്ളിൽ ഇല്ലെന്നതാണ് വസ്തുത. ഈ ചിന്താശേഷിയില്ലായ്മ പലപ്പോഴും പ്രതികാരത്തിലേക്കും കൊലപാതകത്തിലേക്കും നയിക്കുന്നതായും  സുഭാഷ് ബാബു വ്യക്തമാക്കി.

മാനസികമായ വെല്ലുവിളി നേരിടുന്ന വ്യക്തികള്‍ എന്ന നിലയിലാണ് ചേന്ദമംഗലത്തെ ഋതുരാജും, ബലരാമപുരത്തെ ഹരികുമാറും ചിത്രീകരിക്കപ്പെട്ടത്. ഈ ഒരു കാരണം മുന്‍നിര്‍ത്തിയാല്‍ ഇവര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചേക്കാം. മാനസിക രോഗത്തിന്റെ തീവ്രതമൂലം താന്‍ ചെയ്യുന്ന പ്രവൃത്തി നിയമലംഘനമോ തെറ്റോ ആണെന്ന തിരിച്ചറിവ് ഇല്ലാത്ത അവസ്ഥയിലാണ് വ്യക്തിയെങ്കില്‍ അത് കുറ്റകൃത്യമായി കാണാനാകില്ലെന്ന് ഭാരതീയ ന്യായ സംഹിത 22-ാം വകുപ്പ് വ്യക്തമാക്കുന്നുമുണ്ട്. അതായത് രോഗമുള്ള വ്യക്തിക്ക് തീവ്രമായ അസുഖമുണ്ടാകണം. താന്‍ ചെയ്യുന്ന പ്രവൃത്തി എന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവുണ്ടാകരുത്. തീവ്രമായ ബുദ്ധി വളര്‍ച്ച കുറവ്, തീവ്രമായ ചിത്തഭ്രമം, തീവ്രമായ ഉന്മാദരോഗങ്ങള്‍ എന്നിവയുള്ള വ്യക്തിക്ക് മേല്‍പ്പറഞ്ഞ വകുപ്പിന്റെ ആനുകൂല്യം ലഭിക്കാം. എന്നാല്‍ മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ലെന്ന് സാരം. ലഹരി വസ്തുക്കളുടെ സ്വാധീനത്തില്‍ കുറ്റകൃത്യം ചെയ്യുന്ന ഒരു വ്യക്തിയ്ക്കും നിയമപരിരക്ഷ നല്‍കില്ല. അതേസമയം മാനസിക ആരോഗ്യ പ്രശ്നമുള്ളവരെ കൃത്യമായ ചികിത്സ ഉറപ്പുവരുത്താനുള്ള ബാധ്യത ജനങ്ങള്‍ക്കും നിയമസംവിധാനത്തിനുമുണ്ട്.

യുവാക്കൾക്കിടയിൽ രാസ ലഹരിയുടെ ഉപയോ​ഗം കൂടുന്നതായും. രാസ ലഹരി ഉപയോ​ഗിക്കുന്ന 90 ശതമാനം യുവാക്കളിൽ അക്രമവാസന ഉണ്ടാവുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നതെന്നും രാസ ലഹരിയുടെ ഉപയോഗം മൂലമുണ്ടാവുന്ന പ്രതികരണമാണ് ഏറ്റവും വലിയ പ്രശ്നമെന്നും ഇത് മനുഷ്യന്റെ സമനില തെറ്റിക്കുന്നതായി വിലയിരുത്തലുകളുണ്ടെന്നും സുഭാഷ് ബാബു പറയുന്നു.

മാനസികമായ സാഹചര്യം ഇത്തരം സംഭവവികാസങ്ങളിലേക്ക് വഴി തെളിക്കുന്നുണ്ട്. ചെന്താമരയെ മുൻനിർത്തി പരിശോധിക്കുമ്പോൾ ചെന്താമര അന്തവിശ്വാസത്തിന് അടിമയായിരുന്നു. അതിനെ മനസിലാക്കാനും ഉൾക്കൊള്ളാനും പരിഹരിക്കാനും വീട്ടിലെ അം​ഗങ്ങൾക്കോ, സംവിധാനങ്ങൾക്കോ സാധിച്ചില്ല. ഇത്തരം വ്യക്തികളിലെ മാനസികമായി പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ കഴിയാത്തത് വലിയ പരാജയം തന്നെയാണ്. ബലരാമപുരത്തെ കൃഷ്ണേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവനാണ്, വ്യക്തി വൈരാ​ഗ്യം തീർക്കാൻ വേണ്ടി ഇത്തരത്തിൽ ക്രൂരകൃത്യം ചെയ്യാൻ അമ്മാവൻ ഹരികുമാറിന് പ്രേരണയായത് സ്വന്തം സഹോദരി തന്നെ. ഋതുരാജിന്റെ കേസും സമാനമായത് തന്നെ, കൊലവിളി നടത്തിയിട്ടും സൂചന കൊടുത്തിട്ടും ഇതിനെ തടുക്കാൻ ആർക്കും കഴിഞ്ഞില്ല. സാമൂഹിക ക്രമത്തിൽ നിന്ന് വ്യതിചലിച്ച് പോകുന്ന വ്യക്തികളെ തിരികെ കൊണ്ടുവരാൻ ഒരു കൂട്ടായ പരിശ്രമമാണ് ആവശ്യമെന്നും സ്വാഭാവ വൈക്യലമുള്ളവരെ പൂർണ്ണമായും ക്രിമിനലുകളായി ചിത്രീകരിക്കുന്നതിന് മുമ്പ് അവ‍രെ അതിലേക്ക് നയിച്ച സാഹചര്യത്തെയും വ്യക്തികളെയും കൂടി വിലയിരുത്തേണ്ടതുണ്ടെന്നും സുഭാഷ് ബാബു കൂട്ടിച്ചേർത്തു

സ്കൂളിൽ നിന്ന് അച്ചടക്കം ആരംഭിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും അധ്യാപകരുടെ ഇടപെടലിനെയും അതിക്രമങ്ങളായി ചിത്രീകരിക്കാനുള്ള വ്യ​ഗ്രത ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യം കാണിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ഇത്തരം വിഷയത്തിലുള്ള രാഷ്ട്രീയ നിലപാടും അധ്യാപകരെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. സാമൂഹിക ക്രമത്തിന്റെ അഭാവവുമുണ്ട് നിലവിലെ സാഹചര്യത്തിൽ. കൈവിട്ടുപോയ സാമൂഹിക ക്രമം തിരിച്ചു പിടിക്കണമെങ്കിൽ കൂട്ടായ പരിശ്രമം ആവശ്യമാണ് ഇതിൽ ‌ഏറ്റവും ചെറിയ ഘടകമായ വീട് മുതൽ വലിയ ഘടകമായ സാമൂഹ്യസാഹചര്യം വരെ ഈ പരിശ്രമത്തിൽ ഭാ​ഗദാക്കാവേണ്ടതുണ്ട്.

പൊതു ഇടങ്ങളിലെയും വിഷയങ്ങളിലെയും ഇടപെടൽ പോലും മറ്റൊരുത്തന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായാണ് കാണുന്നത്. മനുഷ്യർ അനുഭൂതിയ്ക്കായി കൊലപാതകം ചെയ്യുകയും അമിതമായി സങ്കടം വരുമ്പോൾ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. ഇതാണ് ഇന്നത്തെ സാഹചര്യത്തിൽ കൂടുതലായി കണ്ട് വരുന്നത്. സമചിത്ത മനോഭാവത്തോടെ പെരുമാറാൻ ഇന്നത്തെ തലമുറയ്ക്ക് കഴിയാതെ വരുന്നുണ്ട്. ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ ഇത് പരിഹരിക്കപ്പെടാൻ കഴിയുമോ എന്നത് സംശയമാണ്. വെഞ്ഞാറമൂടിലെ കൊലപാതകത്തിന്റെ കാര്യം പരിശോധിച്ചാൽ കൊലപാതകത്തിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് പോലും വ്യക്തമല്ല. സ്വന്തം മുത്തശി, അനിയൻ, കാമുകി, പിതാവിന്റെ ജേഷ്ഠ്യൻ, ജേഷ്ഠ്യന്റെ ഭാര്യ എന്നിവരെയാണ് അഫാൻ കൊല്ലപ്പെടുത്തിയത്. മൂന്ന് ഉദ്ദേശങ്ങളാവാം ഈ കൊലപാതകത്തിന് പിന്നിലെ കാരണം. ഒരു വ്യക്തിയ്ക്ക് ഒരു സമയം ഒരു കുറ്റം മാത്രമേ ചെയ്യാൻ സാധിക്കൂ എന്നത് തെറ്റാണ്, ഇതിനിടയിൽ വരുന്ന പ്രതിരോധത്തെ തടുക്കാൻ കൂടുതൽ വഴികൾ അക്രമി സ്വീകരിച്ചേക്കാം. ഇതിന് പിന്നിലെ ഉദ്ദേശം കണ്ടുപിടിക്കുന്നത് തന്നെ ബുദ്ധിമുട്ടായിരിക്കും. മൂല്യങ്ങൾക്കും ബന്ധങ്ങൾക്കും വില കല്പിക്കാത്ത കുടുംബങ്ങളും, ആധിപത്യം നിറഞ്ഞ് നിൽക്കുന്ന വിദ്യാലയ അന്തരീക്ഷവും, രൂപ മാറ്റവും വിലക്കുകളും സംഭവിക്കപ്പെടുന്ന പൗരബോധവും സമൂഹത്തെ മുഴുവനായി മാറ്റിമറിക്കുന്നുവെന്ന് സുഭാഷ് ബാബു പറഞ്ഞ് നിർത്തി.

content summary: murders in Kerala and the involvement of the younger generation.


 
				
				  				
				
			    
								
				
				

Leave a Reply

Your email address will not be published. Required fields are marked *

×