April 28, 2025 |

വിമർശനം ജനാധിപത്യത്തിൻ്റെ ആത്മാവെന്ന് മോദി, ആത്മവഞ്ചന നിറഞ്ഞ പ്രസ്താവനയെന്ന് പൊതു സമൂഹം

മൂന്ന് മണിക്കൂർ നീണ്ട അഭിമുഖമായിരുന്നു ഫ്രിഡ്മാൻ മോദിയുമായി നടത്തിയത്

വിമർശനം ജനാധിപത്യത്തിന്റെ ആത്മാവാണെന്നും വിമർശിക്കുന്നവരെ ചേർത്തു നിർത്തുകയും ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷവും സാമൂഹ്യനിരീക്ഷകരും. രാഷ്ട്രീയ വിമർശനങ്ങളെ സ്വീകരിക്കാനോ ഉൾക്കൊള്ളുവാനോ തയ്യാറാവാകാതെ വിമർശകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി കേസെടുക്കുന്ന മോദിയുടെ ഈ പ്രസ്താവന കാപട്യമാണെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. അമേരിക്കൻ പോഡ്കാസ്റ്റർ ലെക്സ് ഫ്രീഡ്സ്മാനുമായി നടത്തിയ പോഡ്കാസ്റ്റിലാണ് മോദിയുടെ ഈ പ്രസ്താവന.

ഒരു സർക്കാരിന്റെ ഉത്തരവാദിത്വപ്പെട്ട എല്ലാ സംവിധാനങ്ങളെയും വ്യവസ്ഥാപിതമായി ഇല്ലാതാക്കുകയും വിമർശകരെ ചരിത്രത്തിലില്ലാത്ത വിധം
പ്രതികാര ബുദ്ധിയോടെ വേട്ടയാടുകയും ചെയ്യുന്നവർക്ക് ഇത് പറയാൻ ധൈര്യമുണ്ടായി, ഹിപ്പോക്രസിക്ക് അതിരുകളില്ലാ എന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് മോദിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചു.

വിമർശനം ജനാതിപത്യത്തിന്റെ ആത്മാവെന്നും വിമർശിക്കുന്നവരെ ചേർത്തു നിർത്തണമെന്നുമാണ് മോദി വ്യക്തമാക്കുന്നത്. വിമർശകരാകണം നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെന്ന് പുരാണങ്ങൾ പോലും പറഞ്ഞിട്ടുണ്ട്. എന്നാൽ, ആരോപണങ്ങൾ വിമർശനമല്ല, ഇക്കാലത്ത് യഥാർത്ഥ വിമർശനങ്ങൾ ഉണ്ടാകുന്നില്ലെന്നും മോദി പറയുന്നു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മോദി. എന്നാൽ എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന മോദി തന്റെ നയങ്ങളെ തന്നെ ഖണ്ഡിക്കുകയാണ് ചെയ്യുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. മൂന്ന് മണിക്കൂർ നീണ്ട അഭിമുഖമായിരുന്നു ഫ്രിഡ്മാൻ മോദിയുമായി നടത്തിയത്. തന്റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള മോദിയുടെ പരാമർശങ്ങൾക്കെതിരെയും സമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ നിരവധിയാണ്.

സത്യപ്രതിജ്ഞയ്ക്ക് പാക്കിസ്ഥാന് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് പിന്നിലെ കാരണവും മോദി പോഡ്കാസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്. സമാധാനത്തിനായുള്ള ശക്തമായ ശ്രമമാണ് താൻ നടത്തിയതെന്നാണ് മോദിയുടെ വാദം. സമാധാനത്തിനാണ് പ്രധാന്യമെന്ന ശക്തമായ സന്ദേശം ലോകത്തിന് നൽകാനാണ് തന്റെ ശ്രമമെന്ന് മോദി പോഡ്‌കാസ്റ്റിലൂടെ വ്യക്തമാക്കി. ലോകത്ത് എവിടെ ഭീകരാക്രമണം ഉണ്ടായാലും അതിന്റെ വേര് നീളുന്നത് പാക്കിസ്ഥാനിലേക്കാണെന്നും മോദി പറയുന്നു. ലോകയുദ്ധങ്ങളിലെല്ലാം സമാധാനം എത്രയും വേഗം പുനസ്ഥാപിക്കപ്പെടും എന്ന് പ്രതീക്ഷിക്കാമെന്നും സമാധാനത്തെ കുറിച്ചുള്ള ഇന്ത്യയുടെ വാക്കുകൾ ലോകം ശ്രവിക്കുന്നത് ഇത് ഗാന്ധിയുടെയും ബുദ്ധൻ്റെയും മണ്ണായതിനാലാണെന്നും മോദി പറയുന്നു. സമാധാന ശ്രമങ്ങൾക്കുള്ള അവസരം ഉത്തരവാദിത്തത്തോടെയും, സന്തോഷത്തോടെയും ഏറ്റെടുക്കും. മാധ്യമങ്ങളുടെ വിലയിരുത്തലുകളാണ് പലപ്പോഴും ജനം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനം നേരിട്ട് കാര്യങ്ങൾ മനസിലാക്കുന്നില്ല. മൂന്നാം കക്ഷിയുടെ ഇടപെടലാണ് പലപ്പോഴും കാര്യങ്ങൾ പ്രശ്നമുള്ളതാക്കുന്നതെന്നും മോദി പറയുന്നു.

ആർഎസ്എസിലൂടെയാണ് താൻ ഒരു ലക്ഷ്യബോധമുള്ള ജീവിതം കണ്ടെത്തിയതെന്നും. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിൽ ഒന്നാണ് ആർഎസ്എസെന്നും മോദി പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്‌നങ്ങളും, ഉക്രൈന്‍ സംഘര്‍ഷവും, ചൈനയെപ്പറ്റിയും 2002ലെ ഗുജറാത്ത് കലാപത്തെപ്പറ്റിയും സംഭാഷണത്തിലുണ്ട്.

ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമായി തുടരുമെന്നാണ് മോദിയുടെ പ്രഖ്യാപനം. ഭാവിയിലും ആ ബന്ധം വളരും. അതിർത്തി രാജ്യങ്ങളാകുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. നമ്മുടെയെല്ലാം വീടുകൾ പെർഫെക്ടാണോ? അഭിപ്രായ വ്യത്യാസം വലിയ കലഹത്തിലേക്ക് വഴി മാറരുതെന്നാണ് ആഗ്രഹം. ഇരു രാജ്യങ്ങളുടെയും താൽപര്യം പരസ്പരം പരിഗണിച്ച് ചർച്ചകളിലൂടെ സുസ്ഥിര ബന്ധത്തിന് ശ്രമിക്കുകയാണ്. അതിർത്തിയിൽ തർക്കമുണ്ടായെന്നത് ശരിയാണ്. 2020 ലെ അതിർത്തി സംഘ‍ർഷം സംഭവങ്ങൾ ഇരു രാജ്യങ്ങളുടെയും സമ്മർദ്ദം കൂട്ടി. ഷീജിൻപിംഗുമായുള്ള തൻ്റെ കൂടിക്കാഴ്ചക്ക് ശേഷം അതിർത്തി ശാന്തമായി. 2020 ന് മുൻപത്തെ സാഹചര്യത്തിലേക്ക് കാര്യങ്ങൾ മടങ്ങുകയാണെന്നും മോദി പറഞ്ഞു.

ഗുജറാത്ത് കലാപത്തിൽ തന്നെ കരുവാക്കാൻ രാഷ്ട്രീയ എതിരാളികൾ എല്ലാ ആയുധവും പ്രയോഗിച്ചുവെന്നും മോദി പറഞ്ഞു. എന്നാൽ അത്തരം നീച ശ്രമങ്ങളെല്ലാം കോടതികൾ തള്ളിക്കളഞ്ഞു. 2 തവണ ആഴത്തിൽ പരിശോധിച്ച ശേഷമാണ് കോടതി താൻ നിരപരാധിയാണെന്ന് വിധിച്ചത്. 2002 ന് ശേഷം ഈ 23 വർഷത്തിനിടെ അവിടെ ഒരു ചെറിയ കലാപം പോലും ഉണ്ടായിട്ടില്ല. ഗുജറാത്ത് ശാന്തമായി. എല്ലാവർക്കുമൊപ്പം എന്ന മന്ത്രം ഗുജറാത്തിനെ വികസനത്തിലെത്തിച്ചു.

content summary: Narendra Modi called criticism is soul of democracy in podcast with Lex Fridman

Leave a Reply

Your email address will not be published. Required fields are marked *

×