UPDATES

വീണ്ടും കല്‍ക്കരിക്കൊള്ള: ലേലം അട്ടിമറിക്കാന്‍ ഗോയങ്ക കമ്പിനിക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം

വന്‍ തോതിലുള്ള കല്‍ക്കരി ശേഖരം ലക്ഷ്യം വച്ച് ലേലം അട്ടിമറിക്കാന്‍ ആര്‍.പി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ഷെല്‍ കമ്പിനികളെ ഉപയോഗിച്ചുവെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ച് അഴിമതിക്ക് കൂട്ട് നിന്നതിന്റെ ചരിത്രം

                       

2015 ജനുവരി 31ന് രാവിലെ പതിനൊന്ന് മണിക്കാണ് പശ്ചിമ ബംഗാളിലെ സരിസറ്റോളി കല്‍ക്കരി ഖനിയുടെ ഓണ്‍ലൈന്‍ ലേലം കേന്ദ്ര കല്‍ക്കരി മന്ത്രാലയം ആരംഭിച്ചത്. പക്ഷേ സാധാരണ ഉണ്ടാകാറുള്ള ആവേശമോ വാശിയോ ഒന്നും ഈ ലേലത്തിലുണ്ടായില്ല. ആദ്യത്തെ വിലപറച്ചില്‍ തന്നെ വന്നത് തന്നെ ആരംഭിച്ച് ഒരു മണിക്കൂറും 37 മിനുട്ടും കഴിഞ്ഞാണ്. അഞ്ച് കമ്പിനികള്‍ക്കേ ലേലത്തിന് മത്സരിക്കാന്‍ യോഗ്യത ലഭിച്ചുള്ളൂ. ഇതില്‍ ഒരു കമ്പിനി മാത്രമാണ് മത്സരിക്കാന്‍ താത്പര്യം കാണിച്ചത്. ഒരു കമ്പിനി ഒന്ന് തലകാണിച്ച് പോയി. മറ്റുള്ളവര്‍ ലേലം വിളിച്ചേ ഇല്ല.

ലേലത്തിന് അനുമതി ലഭിച്ച അഞ്ച് കമ്പിനികളില്‍ മൂന്നെണ്ണവും ആര്‍.പി സഞ്ജീവ് ഗോയങ്ക (ആര്‍.പി.എസ്.ജി) കമ്പിനി സമുച്ചയത്തില്‍ പെട്ടവയായിരുന്നുവെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി)യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവരസാങ്കേതികത, വിദ്യാഭ്യാസം, ഊര്‍ജ്ജം, മാധ്യമം, റീറ്റെയ്ല്‍ എന്നിങ്ങനെയുള്ള പല മേഖലകളിലുമായി ഏതാണ്ട് 400 കോടി ഡോളറിന് മീതെ വരുമാനമുള്ള സ്ഥാപനമാണിത്.

രേഖകള്‍ പ്രകാരം, ആര്‍.പി.എസ്.ജി അനുബന്ധ കമ്പിനികളില്‍ ഒരെണ്ണം ലേലം വിളിച്ചതേ ഇല്ല. മറ്റൊന്ന് മാതൃസ്ഥാപനവും ലേലം ലഭിച്ച കമ്പിനിയുമായ കല്‍ക്കത്ത ഇലക്ട്രിസിറ്റി സപ്ലെ കോര്‍പറേഷന്‍ (സി.ഇ.എസ്.സി) ഉപയോഗിച്ച അതേ ഐ.പി അഡ്രസില്‍ നിന്നാണ് ലേലം രേഖപ്പെടുത്തിയത്. ഈ ഷെല്‍ കമ്പിനിയാകട്ടെ ലേലത്തിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് ആര്‍.പി.എസ്.ജി വാങ്ങിയത്.

ഏത് ലേലത്തിലും പൂര്‍ണ്ണമായ മൂല്യം ലഭിക്കുന്നതിന് അവശ്യം വേണ്ട കാര്യമായ രഹസ്യാത്മകത ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് രേഖകള്‍ വെളിപ്പെടുത്തുന്നത്. പരസ്പരം ബന്ധപ്പെട്ടിട്ടുള്ള കമ്പിനികള്‍ ലേലത്തില്‍ പങ്കെടുക്കുന്നതും ലേല പ്രക്രിയയ്ക്കിടയില്‍ പരസ്പരം ആശയവിനിമയം നടത്തുന്നതും ‘ലേലം അട്ടിമറി’യായാണ് സി.എ.ജി മാനദണ്ഡങ്ങള്‍ പ്രകാരം പൊതുവേ കണക്കാക്കപ്പെടുന്നത്.

സരിസറ്റോളിയില്‍ ഖനനം നടത്താനുള്ള ലൈസന്‍സ് 2014 വരെ സി.ഇ.എസ്.സിക്ക് തന്നെയായിരുന്നു. 2014-ല്‍ സുപ്രീം കോടതി ഖനന ലൈസന്‍സുകള്‍ പൊതുവേ റദ്ദാക്കിയപ്പോള്‍ മറ്റ് 203 ഖനികള്‍ക്കൊപ്പം ഇതിന്റേതും ലൈന്‍സ് ഇല്ലാതായി. മുന്‍ സര്‍ക്കാരുകള്‍ നിയമവിരുദ്ധമായും തുച്ഛമായ തുകയ്ക്കും ലൈസന്‍സുകള്‍ നല്‍കുകയായിരുന്നുവെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. 2000 കോടി ഡോളറിന്റെ കല്‍ക്കരി അഴിമതിയായാണ് അത് കണക്കാക്കപ്പെടുന്നത്. ഇത്തരം അഴിമതികള്‍ക്കെതിരെയുള്ള ജനകീയ മുന്നേറ്റങ്ങളുടെ തരംഗത്തിലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് തന്നെ. അതിന്റെ ഭാഗമായാണ് പുനര്‍ ലേലം കൂടുതല്‍ സുതാര്യമായി നടത്താനും ഇലക്ട്രോണിക് ലേല പ്രക്രിയ നടപ്പിലാക്കാനും തീരുമാനിച്ചത്.

ഞങ്ങളുടെ അന്വേഷണത്തില്‍ ആദ്യഭാഗത്ത് വെളിപ്പെടുന്നത് മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ കൂടവും മുന്‍ സര്‍ക്കാരുകളെ പോലെ തന്നെ സി.എ.ജിയുടെ നിരവധി മുന്നറിയിപ്പുകളെ അവഗണിച്ച് സ്വകാര്യ കോര്‍പറേഷനുകള്‍ക്ക് വന്‍ കല്‍ക്കരി ശേഖരങ്ങള്‍ മത്സരാധിഷ്ഠിത പ്രക്രിയകള്‍ ഒഴിവാക്കി കൊണ്ട് ലഭ്യമാക്കാക്കുന്നത് തുടര്‍ന്നുവെന്നും അതുവഴി പൊതുഖജനാവിന് വലിയ നഷ്ടമുണ്ടായി എന്നുമാണ്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം, കല്‍ക്കരി ശേഖരങ്ങള്‍ സ്വകാര്യ കമ്പിനികള്‍ക്ക് ഖനനം നടത്താന്‍ കൈമാറുന്നതിനുള്ള ആദ്യ ലേലത്തില്‍ ഉള്‍പ്പെട്ട ഖനിയായിരുന്നു സരിസറ്റോളിയിലേത്. കല്‍ക്കരി ഖനികള്‍ സംബന്ധിച്ച കണക്കുകള്‍ പരിശോധിച്ച് ,2016 ഓഗസ്റ്റില്‍, പാര്‍ലമെന്റില്‍ വച്ച അന്തിമ സി.എ.ജി റിപ്പോര്‍ട്ട്, സരിസറ്റോളിയിലേയും മറ്റ് പത്ത് ഖനികളിലേയും ഇലക്ട്രോണിക് ലേലത്തില്‍ പിഴവുണ്ടായിട്ടുള്ളതായി ചൂണ്ടിക്കാണിച്ചു. ‘യഥാര്‍ത്ഥത്തില്‍ നടക്കേണ്ട മത്സരം’ ഈ ലേല പ്രക്രിയില്‍ നടന്നിട്ടില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. ഉദ്യോസ്ഥരുടെ അത്യാവേശം ലേല പ്രക്രിയയെ തന്നെ പരാജയപ്പെടുത്തിയെന്നാണ് സി.എ.ജിയുടെ നിരീക്ഷണം.

ഏതെങ്കിലും തരത്തിലുള്ള വസ്തുവോ, ആസ്തിയോ ലഭിക്കാന്‍ വിവിധ വ്യക്തികളോ, സ്ഥാപനങ്ങളോ മത്സരിക്കുകയും അതിനായി കൂടെ മത്സരിക്കുന്നവര്‍ വാഗ്ദാനം ചെയ്യുന്ന തുകയെന്താണ് എന്ന് അറിയാതെ തന്നെ തങ്ങള്‍ക്ക് മുടക്കാന്‍ കഴിയുന്ന തുകയെത്രയെന്ന് നിശ്ചയിക്കുകയും ചെയ്യുമ്പോഴാണ് ഒരു ലേലം വിജയകരമാവുക. യഥാര്‍ത്ഥ മത്സരത്തില്‍ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്തിട്ടുള്ള ആള്‍ക്ക് വസ്തു/ആസ്തി ലഭിക്കുകയും വില്‍ക്കുന്ന ആള്‍ക്ക് മാന്യമായ വിപണിവില ലഭ്യമാവുകയും ചെയ്യും. ഇവിടെ സംഭവിച്ചത് ചില കമ്പിനികള്‍ അവരുടെ തന്നെ അനുബന്ധ കമ്പിനികളുമായി ചേര്‍ന്ന് കല്‍ക്കരി ശേഖരങ്ങള്‍ക്ക് കൃത്രിമമായി വളരെ കുറഞ്ഞ ലേലത്തുകകള്‍ വാഗ്ദാനം ചെയ്യിക്കുകയും അങ്ങനെ മൂല്യം താഴ്ത്തുകയും ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ശരിയായ ലേലപ്രക്രിയ ഇവിടെ നടന്നിട്ടില്ല.

ഇത്തരത്തില്‍ കമ്പിനികള്‍ അവരുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കൊപ്പം 11 ഖനികളിലെ ലേലത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് സി.എ.ജിയുടെ അന്തിമ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആര്‍.പി.സി.ജി ഗ്രൂപ്പിന് പുറമെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍കോ ലിമിറ്റഡ്, വേദാന്ത ഗ്രൂപ്പിന്റെ ബാല്‍കോ, ഒ.പി.ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ് എന്നീ കമ്പിനികളൊക്കെ ഇതേ വിദ്യ പ്രയോഗിച്ചവരാണ്.

ആര്‍.പി.എസ്.ജി കമ്പിനികള്‍ ഒരേ ഐ.പി.അഡ്രസില്‍ നിന്നാണ് സരിസറ്റോളി ഖനിക്ക് വേണ്ടി ലേലം വിളിച്ചത് എന്നതിന് സി.എ.ജിയുടെ പക്കല്‍ തെളിവുണ്ടെങ്കിലും റിപ്പോര്‍ട്ടില്‍ ഈ പ്രവര്‍ത്തന പദ്ധതിയെ ഒരു ‘കേസ് സ്റ്റഡി’യായാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ കേസ് സ്റ്റഡിയില്‍ ഖനിയുടെ പേരോ ലേലം വിളിച്ചവരുടെ വിവരങ്ങളോ സി.എ.ജി വെളിപ്പെടുത്തുന്നില്ല. എന്നിട്ടും കല്‍ക്കരി മന്ത്രാലയം സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞു. സി.എ.ജി ഖനിയുെട പേരും ലേലം വിളിച്ചവരുടെ പേരും മറച്ച് വച്ചിരുന്നതിനാല്‍ സരിസറ്റോളി കേസ് ആരും അറിയാതെ പോയി.

എന്നാല്‍ സി.എ.ജിയുടെ ആഭ്യന്തര രേഖകള്‍ ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് (റ്റി.ആര്‍.സി) കണ്ടെത്തി. ഇതില്‍ ആര്‍.പി.എസ്.ജിയുടെ അനുബന്ധ സ്ഥാപനങ്ങളുടെ പേരും എങ്ങനെയാണ് അവര്‍ ഈ ലേലം കൈക്കലാക്കിയത് എന്നും വിശദമാക്കുന്നുണ്ട്. കല്‍ക്കരി ഖനനത്തിന്റെ തൊട്ട് മുമ്പ് തിരക്കിട്ട് മൂന്ന് ഷെല്‍ കമ്പിനികള്‍ ഈ ഗ്രൂപ്പ് വാങ്ങിയതായും അവരുടെ സാമ്പത്തിക രേഖകള്‍ വ്യക്തമാക്കുന്നു. മറ്റ് രണ്ട് ഖനികളിലെ ലേലത്തിലും ഈ ഷെല്‍ കമ്പിനികള്‍ ഇടപെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഈ ലേലം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ലേലപ്രക്രിയ ‘ദുരുപയോഗിക്കപ്പെടാന്‍ സാധ്യത കൂടിയതാണ്’ എന്നും ലേലത്തിലെ നിയമങ്ങള്‍ ‘മത്സരത്തെ നിയന്ത്രിക്കാന്‍’ ലേലത്തില്‍ പങ്കെടുക്കുന്നവരെ സഹായിക്കുന്നതാണെന്നും മോദി സര്‍ക്കാര്‍ തന്നെ ആഭ്യന്തരമായി സമ്മതിച്ചു. എന്നിട്ടും ഉടനെ ഖനനം ആരംഭിക്കാന്‍ പറ്റുന്ന തരത്തിലുള്ള ഖനികളുടെ ലേലം നടന്നപ്പോള്‍ മാത്രമാണ് ഈ നിയമങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായത്. അതിന് മുമ്പ് ലേലം നേടിയവരൊക്കെ, ആര്‍.പി.എസ്.ജിയുടെ സി.ഇ.എസ്.സി അടക്കം, ഇപ്പോഴും ഖനനം തുടരുന്നുണ്ട്.

റിപ്പോര്‍ട്ടേഴ്സ് കളക്ടീവും അല്‍ ജസീറയും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ആര്‍.പി.എസ്.ജിയോടും കല്‍ക്കരി മന്ത്രാലയത്തിനോടും സി.എ.ജിയോടും ഉന്നയിച്ചുവെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായില്ല.

ഹിന്‍ഡാല്‍കോ, ബാല്‍കോ, ജി.എസ്.പി.എല്‍ എന്നിവര്‍ക്കും ചോദ്യങ്ങള്‍ അയച്ചിരുന്നുവെങ്കിലും ജെ.എസ്.പി.എല്‍ മാത്രമാണ് പ്രതികരിച്ചത്. വേണ്ട വിധത്തിലുള്ള മത്സരം ലേലത്തില്‍ നടന്നിട്ടില്ല എന്ന സി.എ.ജിയുടെ കണ്ടെത്തല്‍ ‘അടിസ്ഥാന രഹിത’മാണ് എന്ന് അവര്‍ പറഞ്ഞു. ‘മറിച്ച്, ഇന്ത്യയുടെ ലേല നയം വലിയ മത്സരം സൃഷ്ടിക്കുന്നതും രാജ്യത്തെവിടെയും ഇല്ലാത്തവിധത്തില്‍ ഉയര്‍ന്ന തുക ലഭ്യമാക്കുന്നതുമാണ്’- അവര്‍ വിശദമാക്കുന്നു. ലേലത്തിലുള്ള പങ്കെടുക്കല്‍ തികച്ചും നിയമാനുസൃതമായാണ് നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

മത്സരത്തെ നിയന്ത്രിക്കുന്ന വിദ്യ
ലേലം മത്സരാധിഷ്ഠിതമാക്കുന്നതിനും രാജ്യത്തിന്റെ ആസ്തിക്ക് ഏറ്റവും മികച്ച തുക ലഭ്യമാക്കുന്നതിനും അപേക്ഷകരെ ആദ്യം പരിശോധിച്ചതിന് ശേഷം അന്തിമ ഘട്ടത്തില്‍ ചുരുങ്ങിയത് മൂന്ന് യോഗ്യരായ ലേല മത്സരാര്‍ത്ഥികളെങ്കിലും ഉണ്ടാകണമെന്നാണ് മന്ത്രാലത്തിന്റെ നിയമാവലിയില്‍ പറയുന്നത്.

സരിസറ്റോളി കല്‍ക്കരി ഖനിയുടെ ലേലത്തിന് അപക്ഷേിക്കുന്നതിനുള്ള 2015 ജനുവരിയിലെ അവസാന ദിനത്തിന് രണ്ട് ദിവസം മുമ്പ് സി.ഇ.എസ്.സിയും അതിന്റെ രണ്ട് അനുബന്ധ കമ്പിനികളായ ഹാല്‍ദിയ എനര്‍ജി, ധാരിവാള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയും ചേര്‍ന്ന് മൂന്ന് ഷെല്‍ കമ്പിനികള്‍ വാങ്ങിച്ചു. ശീഷം കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്, വിഗ്യോണ്‍ കോമോട്രേഡ പ്രൈവറ്റ് ലിമിറ്റഡ്, വാട്ടര്‍ ഹൈസിന്ത് കോമോസെയ്ല്‍ പ്രൈവറ്റ് ലിമിഡറ്റ് എന്നിവ.

സി.ഇ.എസ്.സിയും ശീഷം കൊമേഴ്സ്യലും ഹാല്‍ദിയ ലിമിറ്റഡും സരിസറ്റോളി കല്‍ക്കരി ബ്ലോക്കിന്റെ ലേലത്തില്‍ പങ്കെടുത്തു. പങ്കെടുത്ത മറ്റുള്ളവര്‍ അദാനി പവര്‍ ലിമിറ്റഡും ജി.എം.ആര്‍ ഛത്തീസ്ഗഢ എനര്‍ജി ലിമിറ്റഡുമാണ്. അങ്ങനെ മത്സരത്തില്‍ അഞ്ച് മത്സരാര്‍ത്ഥികളായി. എന്നാല്‍ അദാനി ഔദ്യോഗികമായി പങ്കെടുത്തതല്ലാതെ ലേലത്തില്‍ മത്സരിച്ചതേ ഇല്ല. ജി.എം.ആര്‍ കുറച്ച് സി.ഇ.എസ്.സിയുമായി മത്സരിച്ചുവെങ്കിലും വിജയിച്ചില്ല.

2015 അവസാനം സി.എ.ജി ഈ ലേലം സംബന്ധിച്ച ഇലക്ട്രോണിക് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ആദ്യഘട്ടത്തില്‍ ഹാല്‍ദിയ എനര്‍ജി ഒരു തുക പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലേലത്തുക കൂട്ടി വിളിച്ചതേ ഇല്ല എന്ന് മനസിലാകും. ഒരിക്കല്‍ മാത്രം ശീഷം കൊമേഴ്സ്യല്‍ ലേലത്തില്‍ തുക പറഞ്ഞ് മത്സരിച്ചുവെങ്കിലും അത് സി.ഇ.എസ്.സിയുടെ അതേ ഐ.പി. അഡ്രസില്‍ നിന്നായിരുന്നു.

നിയമപ്രകാരം സ്വന്തമായി വൈദ്യുത നിര്‍മ്മാണ പ്ലാന്റുകള്‍ ഉള്ളവര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. ഖനിയില്‍ നിന്നുള്ള കല്‍ക്കരി ഉപയോഗിക്കുന്നതിനുള്ള സ്വന്തം ഊര്‍ജ്ജോത്പാദന പ്ലാന്റുകള്‍ ഏതാണെന്നാണ് അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടത്. സ്വന്തമായി ഊര്‍ജ്ജോത്പാദന പ്ലാന്റ് ഇല്ലാത്ത ശീഷം കൊമേഴ്സ്യല്‍സ് സി.ഇ.എസ്.സിയുടെ ഒരു പ്ലാന്റാണ് സ്വന്തമെന്ന നിലയില്‍ രേഖപ്പെടുത്തിരുന്നതെന്നും സി.എ.ജി കണ്ടെത്തി. എന്നാല്‍ ലേലം വിജയിച്ച ശേഷം ഖനിയിലെ കല്‍ക്കരി ശീഷം കൊമേഴ്സ്യല്‍സ് അവരുടെത് എന്ന് കാണിച്ച പ്ലാന്റിലേയ്ക്ക് മാറ്റാനുള്ള അപേക്ഷ സി.ഇ.എസ്.സി മന്ത്രാലയത്തിന് നല്‍കി. അത് മന്ത്രാലയം ഉടനെ അംഗീകരിക്കുകയും ചെയ്തു.

പരസ്പര മത്സരങ്ങള്‍ ഒഴിവാക്കി വ്യവസായ സ്ഥാപനങ്ങള്‍ ലാഭം കൊയ്യുന്നതെങ്ങനെ എന്നതിന്റെ കൃത്യം ദൃഷ്ടാന്തമാണിതെന്ന് അഭിഭാഷകനായ സുദീപ് ശ്രീവാസ്തവ ചൂണ്ടിക്കാണിച്ചു. 2014-ല്‍ കല്‍ക്കരി ഖനികളുടെ ലൈസന്‍സ് സുപ്രീം കോടതി റദ്ദാക്കിയ കേസിലെ പ്രധാന വാദികളിലൊരാളായിരുന്നു സുദീപ്. ”ഒരേ ഗ്രൂപ്പിലെ മൂന്ന് കമ്പിനികള്‍ ഒരുമിച്ച് ലേലം വിളിക്കുന്നു. രണ്ട് കമ്പിനികള്‍ മനപൂര്‍വ്വം തോറ്റ് കൊടുത്ത് മൂന്നാമത്തെ കമ്പിനിക്ക് തുച്ഛമായ തുകയ്ക്ക് ലേലം ലഭിക്കാനുള്ള വഴി ഉണ്ടാക്കുന്നു. ലേലത്തില്‍ വിജയിച്ച കമ്പിനിയാകട്ടെ തോറ്റ കമ്പിനിയുടെ ഊര്‍ജ്ജോത്പാദ പ്ലാന്റിലേയ്ക്ക് കല്‍ക്കരി മാറ്റുന്നു. അതോടെ ലേലത്തില്‍ തോറ്റ അനുബന്ധ കമ്പിനിയ്ക്കും ജയിച്ച കമ്പിനിയുടെ അതേ തുകയ്ക്ക് കല്‍ക്കരി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുന്നു’-അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വരുമാന ശൂന്യ കമ്പിനികളുടെ ശൃംഖല
സി.ഇ.എസ്.സിയുടെ ഷെല്‍ കമ്പിനികളായ ശീഷം കൊമേഴ്സ്യല്‍, വിഗ്യോണ്‍ കോമോട്രേഡ്, വാട്ടര്‍ ഹൈസിന്ത് കോമോസെയ്ല്‍ എന്നിവ കൊല്‍ക്കത്ത ആസ്ഥാനമാക്കി 2012-ല്‍ ആരംഭിച്ചവയാണ്. കല്‍ക്കരി ഖനികള്‍ അനുവദിച്ചതിനുള്ള വന്‍ അഴിമതി സി.എ.ജിയുടെ കരട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് വാര്‍ത്ത പുറത്ത് വന്ന് രണ്ട് മാസത്തിനുള്ളിലായിരുന്നു അത്. കമ്പിനി രൂപീകരണം സംബന്ധിച്ച രേഖകളില്‍ കമ്പിനിയുടെ പ്രധാന ലക്ഷ്യമായി പറയുന്നത് ഓഹരി ഉടമകളുടെ വൈദ്യുതി പ്ലാന്റുകളിലേയ്ക്ക് കല്‍ക്കരി വിതരണം ചെയ്യുന്നതിനുള്ള ഖനനം നടത്തുക എന്നതാണ്.

രേഖകളില്‍ എന്തായാലും ഈ കമ്പിനികളുടെ ഓഹരി ഉടമകള്‍ക്ക് താപവൈദ്യുത പ്ലാന്റുകളോ കല്‍ക്കരി വ്യവസായമോ ആയി ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി ഒരു തെളിവുമില്ല. മൂന്ന് കമ്പിനികള്‍ക്കും ഒരേ ഇമെയ്ല്‍ അഡ്രസാണ് ഉള്ളത്. രണ്ട് കമ്പിനികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഒരേ പോസ്റ്റല്‍ അഡ്രസില്‍ നിന്നുമാണ്.

2013-’14 സാമ്പത്തിക വര്‍ഷത്തിലെ, ലേലത്തിന് ഒരു വര്‍ഷം മുമ്പുള്ള, ഇവരുടെ ബാലന്‍സ് ഷീറ്റില്‍ മൂന്ന് കമ്പിനികള്‍ക്കും കൃത്യം ഒരേ തുകയാണ് കാണിച്ചിരിക്കുന്നത്. വാസ്തവത്തില്‍ വാട്ടര്‍ ഹൈസിന്തിന്റെ പല സാമ്പത്തിക രേഖകളും ശീഷം കൊമേഴ്സ്യലിന്റെ രേഖകളായും ചേര്‍ത്തിട്ടുണ്ട്.

2014 ഓഗസ്റ്റില്‍ മറ്റ് പല കമ്പിനികളും ശീഷം കൊമേഴ്സ്യലിന്റേയും വാട്ടര്‍ ഹൈസിന്തിന്റേയും ഓഹരിയുടമകളായി മാറി. ഇവയുടെ സാമ്പത്തിക രേഖകളും റിപ്പോര്‍ട്ടേഴസ് കളക്ടീവ് പരിശോധിച്ചു. ഇതില്‍ നിന്ന് ഈ കമ്പിനികള്‍ക്ക് പലതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായും ആര്‍.പി.എസ്.ജിയുമായി ഇവയ്ക്ക് ബന്ധമുള്ളതായും കണ്ടെത്തി.

2015 ജനുവരി 29-ന്, ലേലത്തിന് 48 മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, ആര്‍.പി.എസ്.ജിയുടെ മുന്‍നിര സ്ഥാപനമായ സി.ഇ.എസ്.സി ഈ മൂന്ന് ഷെല്‍ കമ്പിനികളുടേയും നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു.

കല്‍ക്കരി ലേലത്തിന് ശേഷമുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഈ മൂന്ന് കമ്പിനികളും ഒരു ബിസിനസ് ഇടപാടുപോലും നടത്തിയിട്ടില്ല. 2016 വരെയുള്ള അവരുടെ രേഖകള്‍ പ്രകാരമുള്ള ഒരേയൊരു ബിനിസസ് നടപടി മാതൃസ്ഥാപനത്തില്‍ നിന്ന് ലോണ്‍ എടുത്ത് ഈ കല്‍ക്കരി ലേലത്തില്‍ പങ്കെടുത്തുവെന്നുള്ളതാണ്. 2016-ല്‍ ശീഷം കൊമേഴ്സ്യലിന്റെ പേര് കോട്ട ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് എന്നാക്കി ആര്‍.പി.എസ്.ജി മാറ്റുകയും ആദ്യത്തെ ശരിയായ ബിസിനസായ വൈദ്യുതി വിതരണത്തിന്റെ മേഖലയിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു. അതുപോലെ തന്നെ വിഗ്യോണ്‍ കോമോട്രേഡിന്റെ പേര് ഭരത്പൂര്‍ ഇലക്ട്രിസിറ്റി സര്‍വ്വീസ് എന്നും ഹൈസിന്തിന്റെ പേര് ബിക്കാനീര്‍ ഇലക്ട്രിസിറ്റി സപ്ലെ ലിമിറ്റഡ് എന്നുമാക്കി മാറ്റി. ഇവരും വൈദ്യുതി വിതരണം എന്ന ശരിയായ ബിസിനസിലേയ്ക്ക് പ്രവേശിച്ചു.

വ്യവസ്ഥയുടെ പിഴവ്
സരിസറ്റോളി ഖനിയുടെ ലേല അപേക്ഷകളുടെ അവസാന തീയതിക്ക് രണ്ട് ദിവസം മുമ്പ് ശീഷം കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥാവകാശം സി.ഇ.എസ്.സി ലിമിറ്റഡ് കൈവശപ്പെടുത്തിയ വസ്തുതയെ കുറിച്ച് ഗ്രഹിച്ചിരുന്നുവോ എന്ന് 2015 ഒക്ടോബറിലെ ഓഡിറ്റ് സംശയങ്ങളില്‍ ഖനി മന്ത്രാലയത്തോട് സി.എ.ജി ചോദിച്ചിരുന്നു. രണ്ട് സ്ഥാപനങ്ങളും ലേലത്തുക സമര്‍പ്പിച്ചിരുന്നത് ഒരേ ഐ.പി. അഡ്രസില്‍ നിന്നാണെന്ന കാര്യവും ശീഷം കൊമേഴ്സ്യല്‍ സ്വന്തം വൈദ്യുതി പ്ലാന്റ് എന്ന നിലയില്‍ അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് സി.ഇ.എസ്.സിയുടെ വൈദ്യുതി പ്ലാന്റാണ് എന്നുള്ള വസ്തുതയും മന്ത്രാലയത്തിന് അറിയുമായിരുന്നോ എന്നും സി.എ.ജി ചോദിച്ചിരുന്നു. ‘അറിയുമായിരുന്നുവെങ്കില്‍, മന്ത്രാലയം ഇത് സംബന്ധിച്ച ഏതെങ്കിലും വിശദീകരണം ലേലത്തില്‍ വിജയിച്ച കമ്പിനിയോട് ചോദിച്ചിരുന്നോ?’ എന്നും സി.എ.ജി അന്വേഷിച്ചു.

2015 നവംബര്‍ ഒന്‍പതിനുള്ള ആഭ്യന്തര ഇമെയ്ല്‍ സന്ദേശത്തില്‍ സംയുക്ത സംരംഭ കമ്പിനികളും അവരുടെ മാതൃസ്ഥാപനങ്ങളും ഒരേ ലേലത്തില്‍ പങ്കെുക്കുന്നത് ‘സാധാരണ’യാണെന്നാണ് കല്‍ക്കരി മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നത്. ‘ടെണ്ടര്‍ രേഖകള്‍ക്കൊപ്പം’ ഉപഭോക്താക്കള്‍ എന്ന നിലയില്‍ പൊതുവായി ഉപയോഗിക്കുന്ന പ്ലാന്റുകളെ ഉള്‍പ്പെടുത്താനും അനുവദിച്ചിട്ടുണ്ട് എന്നും പറയുന്നു.

ലേലം നടത്തിപ്പിന്റെ നിയമാവലി രേഖപ്പെടുത്തുന്ന സ്റ്റാന്‍ഡേര്‍ഡ് ടെന്‍ഡര്‍ ഡോക്യുമെന്റ് (എസ്.റ്റി.ഡി) ആദ്യം വാഗ്ദാനം ചെയ്തിട്ടുള്ള തുകയുടെ -കല്‍ക്കരി ലഭിക്കുന്നതിന് സര്‍ക്കാരിന് അവര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന തുക- അടിസ്ഥാനത്തിലാകണം അപേക്ഷകളുടെ ക്രമം നിശ്ചയിക്കേണ്ടത് എന്നാണ്. കൂടിയ തുക വാഗ്ദാനം ചെയ്യുന്ന അഞ്ച് കമ്പിനികളേയോ അല്ലെങ്കില്‍ പകുതി അപേക്ഷകരേയോ അവസാന വട്ട ലേലത്തിനായി വിളിക്കാവുന്നതാണ്.

അതേസമയം സംയുക്ത സംരംഭ കമ്പിനികളേയും അവരുടെ മാതൃസ്ഥാപനങ്ങളേയും പൊതുവായ വൈദ്യുതി പ്ലാന്റുകള്‍ ഉപയോഗിക്കുന്നവരേയും ലേലത്തില്‍ മത്സരാര്‍ത്ഥികളായി പങ്കെടുക്കാനും ഇതേ എസ്.റ്റി.ഡി അനുവദിക്കുന്നുണ്ട്. ഇതോടെ പരസ്പര ബന്ധമുള്ള കമ്പിനികള്‍ക്ക് ലേലത്തുക സംബന്ധിച്ച ധാരണയുണ്ടാക്കി ലേലത്തില്‍ പങ്കെടുക്കുകയും ലാഭം പങ്കുവയ്ക്കുകയും ചെയ്യാവുന്നതുമായ സാഹചര്യം ഈ നിയമവ്യവസ്ഥ ഉണ്ടാക്കുന്നു. അന്തിമ ലേല നടപടിയില്‍ പങ്കെടുക്കാന്‍ പറ്റുന്ന കമ്പിനികളുടെ എണ്ണത്തില്‍ നിയന്ത്രണം ഉള്ള സാഹചര്യത്തില്‍ ഇത് എളുപ്പവുമായി മാറുന്നു.

2015 ഫെബ്രുവരിക്കുള്ളില്‍ തന്നെ -അതുവരെ 11 ഖനികള്‍ മാത്രമാണ് ലേലം ചെയ്തിരുന്നത്- ഈ വ്യവസ്ഥയെ ലേലത്തില്‍ പങ്കെടുത്ത ഒരു കൂട്ടര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ഇത് ‘പരസ്പരം മത്സരം ഒഴിവാക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ഒരു സഖ്യം’ രൂപപ്പെടാന്‍ ഇടയാക്കുമെന്നും അവസാന ലേലത്തുക വളരെ താഴുന്ന അവസ്ഥയുണ്ടാക്കുമെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി നല്‍കിയത്. എന്നാല്‍ 2015 ഫെബ്രുവരി 18ന് ഈ ഹര്‍ജി കോടതി തള്ളി. അതുവരെ നടന്ന നടപടികളില്‍ ‘നടപടി ക്രമങ്ങള്‍ കൃത്യമായാണ് പാലിക്കപ്പെട്ടത്’ എന്നും പരസ്പരം മത്സരം ഒഴിവാക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ സഖ്യത്തെ കുറിച്ചുള്ള ‘തെളിവോ സൂചനകളോ’ യാതൊരു ലഭ്യമായിട്ടില്ല എന്നും കോടതി പറഞ്ഞു.

സരിസറ്റോളി ഖനിയുടെ ആഭ്യന്തര ലേല രേഖകള്‍ ഡല്‍ഹി ഹൈക്കോടതിക്ക് മുന്നില്‍ തെളിവായി ഹാജരാക്കപ്പെട്ടില്ലായിരുന്നു. അതേ സമയം ലേലപ്രക്രിയയില്‍ തെറ്റായി യാതൊന്നും നടന്നിട്ടില്ല എന്നതിന്റെ തെളിവായി ഈ കോടതി വിധി സി.എ.ജിക്ക് മുന്നിലും പാര്‍ലമെന്റിലും കല്‍ക്കരി മന്ത്രാലയം ആവര്‍ത്തിച്ച് ഉപയോഗിച്ചു.

ഇതേ മന്ത്രാലയം, എന്തായാലും, പിന്നീട് സംയുക്ത സംരംഭങ്ങളേയും മാതൃസ്ഥാപനങ്ങളേയും ലേലത്തില്‍ പരസ്പരം മത്സരിക്കാന്‍ അനുവദിച്ചത് തെറ്റായി പോയെന്ന് ആഭ്യന്തര ആശയവിനിമയങ്ങളില്‍ സമ്മതിക്കുകയും ഈ നിയമം മാറ്റുകയും ചെയ്തു.

2015 ജൂണില്‍ മൂന്നാം റൗണ്ട് ലേലം നടക്കുന്നതിന് മുമ്പായി നിയമം മാറ്റുന്നതിന് മന്ത്രാലയം ശുപാര്‍ശ ചെയ്തത് ‘ഈ വ്യവസ്ഥ ദുരുപയോഗപ്പെടുത്താന്‍ വളരെ സാധ്യതയുള്ളതാണെന്ന് മനസിലാക്കിയാണ്’ എന്ന് സി.എ.ജി ചൂണ്ടിക്കാണിച്ചു.

തുടര്‍ന്നുള്ള ലേലങ്ങളില്‍ എല്ലാ സംയുക്ത സംരംഭങ്ങളേയും അനുബന്ധ കമ്പിനികളേയും ഒരു കമ്പിനിയാക്കി കണക്കാക്കിയാണ് മത്സരത്തില്‍ പങ്കെടുപ്പിച്ചത്. കൂടതല്‍ സ്വതന്ത്ര മത്സരാര്‍ത്ഥികളെ കൂടി ലേലത്തില്‍ ഉള്‍പ്പെടുത്തി സുതാര്യത ഉറപ്പ് വരുത്താനും ശ്രമിച്ചു.

എങ്കിലും സി.ഇ.എസ്.സിയും അതിന്റെ അനുബന്ധ കമ്പിനികളും സരിസറ്റോളി ലേലത്തില്‍ ഈ വ്യവസ്ഥ ദുരുപയോഗിച്ചുവെന്ന സി.എ.ജിയുടെ കണ്ടെത്തലിന് പുറത്ത് നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സി.ഇ.എസ്.സിയും ശീഷം കമേഴ്സ്യലും ഒരേ ഐ.പി. അഡ്രസില്‍ നിന്ന് ലേലത്തുക സമര്‍പ്പിച്ചതിനെ കുറിച്ച് വിശദീകരണം ചോദിച്ചുള്ള സി.എ.ജിയുടെ അന്വേഷണത്തിന് മറുപടി നല്‍കാനും സര്‍ക്കാര്‍ തയ്യാറായില്ല.

സര്‍ക്കാരും സി.എ.ജിയും
2016 ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ സരിസറ്റോളി ലേലത്തെ കുറിച്ചുള്ള പ്രത്യേകമായ വിശദാംശങ്ങളൊന്നും സി.എ.ജി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സര്‍ക്കാര്‍ സംയുക്ത സംരംഭങ്ങളേയും അനുബന്ധ സ്ഥാപനങ്ങളേയും സ്വതന്ത്ര കമ്പിനികളായി ലേലം കൊള്ളാന്‍ അനുവദിച്ചത് നിമിത്തം അതുവരെ നടന്ന 29 ലേലങ്ങളില്‍ 11 എണ്ണത്തിലെങ്കിലും ശരിയായ മത്സരം നടന്നിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചു. സാങ്കേതികമായി പല കമ്പിനികളും ഈ ലേലത്തില്‍ പങ്കെടുത്തുവെങ്കിലും ശരിക്കും രണ്ടോ മൂന്നോ കമ്പിനികള്‍ക്കിടയില്‍ മാത്രമാണ് ലേലത്തിനായുള്ള ശരിയായ മത്സരം നടന്നത് എന്നായിരുന്നു സി.എ.ജിയുടെ നിരീക്ഷണം.

മാത്രമല്ല, ഏഴ് കല്‍ക്കരി ഖനി ലേലത്തിലും (ആകെയുള്ളതിന്റെ 27 ശതമാനം) ലേലം നേരിയത് കൂട്ടുകമ്പിനികളാണ് എന്ന് ചൂണ്ടിക്കാണിച്ച സി.എ.ജി ‘കല്‍ക്കരി ഖനികള്‍ക്കായുള്ള രണ്ടാം ഘട്ട ലേലത്തില്‍ ശരിക്കും നടക്കേണ്ട വിധത്തിലുള്ള മത്സരം നടന്നിട്ടുണ്ട് എന്നുള്ള കാര്യത്തിലുള്ള ഉറപ്പ് കണക്കെടുപ്പില്‍ നിന്ന് ലഭിച്ചിട്ടില്ല’ എന്നും പറഞ്ഞു.

സി.എ.ജിയുടെ റിപ്പോര്‍ട്ടിലുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം എന്തായായിരുന്നു എന്ന് ഉറപ്പ് വരുത്താന്‍ റിപ്പോര്‍ട്ടേഴസ് കളക്ടീവ് വിവരാവകാശ നിയമപ്രകാരം കല്‍ക്കരി മന്ത്രാലയത്തിന്റെ കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച രേഖയുടെ പകര്‍പ്പ് ലഭ്യമാക്കി. സി.എ.ജിയുടെ കണ്ടെത്തലുകളെ കുറിച്ച് പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്ന ഔദ്യോഗിക രേഖയാണത്.

അനുബന്ധ സ്ഥാപനങ്ങളെ മാതൃസ്ഥാപനങ്ങള്‍ക്കൊപ്പം സ്വതന്ത്ര മത്സരാര്‍ത്ഥികളായി ലേലം കൊള്ളാന്‍ അനുവദിച്ചത് ‘ലേല പ്രക്രിയയുടെ യുക്തിപരമായ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികളുടെ ഫലമായാണ്’ എന്നാണ് മന്ത്രാലയം ഈ രേഖയില്‍ പറയുന്നത്.

‘ഒരേ കമ്പിനിയുടെ ഭാഗമായുള്ള വ്യത്യസ്ത മത്സരാര്‍ത്ഥികളാണെന്ന് ഊഹിച്ചാല്‍ പോലും ചില ഖനികളുടെ അവസാന ലേലത്തില്‍ പങ്കെടുക്കുന്ന 50 ശതമാനത്തിലെത്താന്‍ വേണ്ടി അവര്‍ക്ക് പരസ്പരം വാശിയോടെ മത്സരിക്കേണ്ടി വരുമെന്നുള്ളതും യാഥാര്‍ത്ഥ്യമാണ്’- മന്ത്രാലയം വിശദമാക്കുന്നു.

‘ദുരുപയോഗിക്കാന്‍ വളരെയേറെ സാധ്യതയുണ്ട്’ എന്ന് കണ്ടെത്തി പിന്നീട് മാറ്റം വരുത്തിയ അതേ വ്യവസ്ഥയെ മന്ത്രാലയം ന്യായീകരിക്കുകയാണെന്ന് സി.എ.ജി പ്രതികരിച്ചു. ലേലത്തില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ട മത്സരം ഉണ്ടായിട്ടുണ്ടോ എ്ന്ന് സി.എ.ജിക്ക് തിട്ടപ്പെടുത്താന്‍ കഴിയാത്ത സരിസറ്റോളി ഖനി അടക്കമുള്ള 11 കേസുകളില്‍ പ്രത്യേകമായി ഉന്നയിച്ച പ്രശ്നങ്ങളോട് മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നും സി.എ.ജി പറഞ്ഞു.

 

സി.എ.ജിയുടെ പരാമര്‍ശങ്ങളോടെ പാര്‍ലമെന്റില്‍ സര്‍പ്പിച്ച, കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച മന്ത്രാലയത്തിന്റെ രേഖ ചര്‍ച്ചയ്ക്കെടുക്കുകയോ അതിന്മേല്‍ നടപടികള്‍ കൈക്കൊള്ളുകയോ ചെയ്തിട്ടില്ല. ലേലനടപടികള്‍ അട്ടിമറിക്കെട്ടുവോ എന്ന് സംശയിക്കുന്ന 11 കേസുകളില്‍ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ സി.എ.ജിയും ശ്രമിച്ചിട്ടില്ല.

ഈ നടപടിക്രമങ്ങളുടെ മേല്‍നോട്ടം വഹിച്ച മുന്‍ കല്‍ക്കരി സെക്രട്ടറി അനില്‍ സ്വരൂപ് സി.എ.ജിയുടെ കണ്ടെത്തലുകളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സി.എ.ജിയുടെ പ്രാഥമിക കണ്ടെത്തലുകളില്‍ പലതും പാര്‍ലമെന്റില്‍ ഔദ്യോഗികമായി സമര്‍പ്പിക്കുന്ന അവസാന റിപ്പോര്‍ട്ടില്‍ ഉണ്ടാകരുത് എന്നുള്ള കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നു.

2015-ലെ കല്‍ക്കരി ലേല കാലത്ത് ചുമതലയില്‍ ഉണ്ടായിരുന്ന മുന്‍ സി.എ.ജി ശശി കാന്ത് ശര്‍മ്മയാകട്ടെ ഒരു അഭിമുഖം അനുവദിക്കണമെന്ന കളക്ടീവിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിച്ചില്ല.

ഭാവിയിലേയ്ക്കുള്ള ദ്രുത മുന്നേറ്റം
സര്‍ക്കാര്‍ നിയമങ്ങള്‍ മാറ്റുകയും മിക്കവാറും പൂര്‍ണ്ണമായും കല്‍ക്കരി ഖനനത്തിന് തയ്യാറായിരിക്കുന്ന ഖനികള്‍ ആദ്യ രണ്ട് റൗണ്ടുകളില്‍ തന്നെ ലേലത്തിന് പോവുകയും ചെയ്തതോടെ തുടര്‍ന്നുള്ള ലേലങ്ങളില്‍ കമ്പിനികള്‍ക്ക് താത്പര്യം കുറഞ്ഞു. 2020 വരെ പിന്നീട് രണ്ട് ഖനികള്‍ മാത്രമാണ് സ്വകാര്യ കമ്പിനികള്‍ ഖനനത്തിനായി ലേലം വിളിച്ചെടുത്തത്.

ആ വര്‍ഷം കല്‍ക്കരി സ്വന്തം വൈദ്യുതി പ്ലാന്റുകളില്‍ ഉപയോഗിക്കുന്നതില്‍ ലേലം കൊള്ളുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ എടുത്ത് മാറ്റി. ഈ മാറ്റത്തോടെ, പൊതുവിപണിയില്‍ വില്‍ക്കുന്നതിന് കല്‍ക്കരി ഖനനം നടത്താം എന്നായി മാറി. ഈ ഇളവിന് ശേഷം 43 കല്‍ക്കരി പാടങ്ങള്‍ കല്‍ക്കരിയുടെ വാണിജ്യ വില്‍പ്പനയ്ക്കായി വിജയകരമായി ലേലം ചെയ്തു. 141 പുതിയ ഖനികള്‍ നവംബറില്‍ ലേലം നടത്താനായി തീരുമാനിച്ചു.

കല്‍ക്കരി ഖനനത്തിന്റെ മത്സരത്തെ മറികടക്കാന്‍ ലേലപ്രക്രിയയെ ദുരുപയോഗപ്പെടുത്തുക മാത്രമല്ല വന്‍കിട വ്യവസായ ഭീമന്മാര്‍ ചെയ്യുന്നത്. ഈ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ എങ്ങനെയാണ് മറ്റൊരു വന്‍ കോര്‍പറേഷനെ മറ്റൊരു വഴിയിലൂടെ മോദി സര്‍ക്കാര്‍ സഹായിച്ചതെന്ന് വെളിപ്പെടുത്തുന്നു.

(ശ്രീഗിരീഷ് ജലിഹലും, കുമാര്‍ സംഭവും റിപ്പോര്‍ട്ടേഴ്‌സ് കളക്ട്ടീവ് അംഗങ്ങളാണ്. അല്‍ ജസീറ ഇംഗ്ലീഷിലാണ് ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്)

 

 

Share on

മറ്റുവാര്‍ത്തകള്‍