കേന്ദ്രസര്‍ക്കാരില്‍ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിനായി ഒരു പൊതുയോഗ്യതാ പരീക്ഷ നടത്തുമെന്ന് 2020ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. നാലു വർഷങ്ങൾക്കിപ്പുറം യുവാക്കൾ ഇപ്പോഴും കാത്തിരിക്കുകയാണ്
2014നും 2022നുമിടയില്‍ 22 കോടിയിലേറെ ഉദ്യോഗാര്‍ത്ഥികളാണ് കേന്ദ്രസര്‍ക്കാര്‍ ജോലിക്കായി അപേക്ഷിച്ചത്. അക്കൂട്ടത്തിലൊരാളാണ് പരഞ്ജയ്(സ്വകാര്യത മാനിച്ച് പേര് മാറ്റിയിട്ടുണ്ട്). ഒരു എന്‍ജിനിയറിംഗ് ബിരുദധാരിയാണെങ്കിലും കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചില്‍ പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം മതിയായ ഒരു ടെക്‌നീഷ്യന്റെ ഒഴിവിലേക്കാണ് ഇദ്ദേഹം അപേക്ഷിച്ചത്. 2021 ഡിസംബറിലായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. മൂന്ന് വര്‍ഷമായി ആവര്‍ത്തിച്ചുള്ള പരീക്ഷകളും പിന്നീട് ഫലങ്ങള്‍ റദ്ദാക്കലുമൊക്കെ നടക്കുന്നുണ്ടെങ്കിലും ഇദ്ദേഹം ഇപ്പോഴും ജോലിയും കാത്ത് ലിസ്റ്റില്‍ തുടരുകയാണ്.
‘നിയമന പ്രക്രിയ പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷമെടുക്കുമെന്ന് വന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തീര്‍ച്ചയായും നിരാശരാകും’ എന്നാണ് പരഞ്ജയ് പറയുന്നത്.
പരഞ്ജയ് ഇതാദ്യമായല്ല സര്‍ക്കാരിന്റെ ഒരു പരാജയപ്പെട്ട നിയമന പ്രക്രിയയെ അഭിമുഖീകരിക്കുന്നത്. മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷിച്ചപ്പോഴും ഇദ്ദേഹം നേരിട്ടത് സമാന അനുഭവം തന്നെയാണ്. 2021ല്‍ ഹരിയാന പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ അവരുടെ പരീക്ഷ എട്ട് മാസത്തിന് ശേഷം കാരണങ്ങളൊന്നും വ്യക്തമാക്കാതെ റദ്ദാക്കിയിരുന്നു. 2022ല്‍ ഇദ്ദേഹം ബിഹാര്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ പരീക്ഷയും എഴുതിയെങ്കിലും ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ആ പരീക്ഷ അസാധുവാക്കി. ഈ വര്‍ഷം ജൂണ്‍ 16ന് യു.പി.എസ്.സി സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയിരിക്കുകയാണ് ഇദ്ദേഹം.
പരഞ്ജയിനെ പോലെ ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് ഓരോ വര്‍ഷവും നിരവധി പരീക്ഷകള്‍ എഴുതുന്നത്. ഓരോ ശ്രമത്തിനും മാനസിക പിരിമുറുക്കം, ഫോമുകള്‍ പൂരിപ്പിക്കുന്നതിനുള്ള ശാരീരിക സമ്മര്‍ദ്ദം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി പരീക്ഷ എഴുതല്‍ എന്നിവയുടെ രൂപത്തില്‍ ചെലവുകള്‍ വരുന്നുണ്ട്. എല്ലാവരും ഓരോ വര്‍ഷവും ലഭ്യമാകുന്ന ചുരുക്കം സര്‍ക്കാര്‍ ജോലികളില്‍ ഒന്ന് നേടാമെന്ന പ്രതീക്ഷയിലെഴുതുന്ന പരീക്ഷകള്‍ക്ക് സാമ്പത്തിക ബാധ്യതകളും നേരിടുന്നു.
ഈ പ്രശ്‌നം പരിഹരിക്കാനായി കുറഞ്ഞപക്ഷം കേന്ദ്രസര്‍ക്കാരെങ്കിലും 2020 ഫെബ്രുവരിയില്‍ ഒരു ആശയം മുന്നോട്ട് വയ്ക്കുകയുണ്ടായി. ഇടത്തരം, ജൂനിയര്‍ തലത്തിലുള്ള ജോലികള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നതിനുള്ള അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പൊതുയോഗ്യതാ പരീക്ഷ എന്നതായിരുന്നു ആ ആശയം. ഓരോ വര്‍ഷവും മൂന്ന് കോടി പേര്‍ ഇതിലേക്ക് അപേക്ഷിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ നടത്തുന്ന സമ്മര്‍ദ്ദം നിറഞ്ഞതും സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതുമായ ഒന്നിലധികം പരീക്ഷകള്‍ ഇനി ഇന്ത്യയിലെ യുവാക്കള്‍ സഹിക്കേണ്ടി വരില്ല. ഈ പദ്ധതിയിലൂടെ അവര്‍ ഒരു പരീക്ഷ എഴുതിയാല്‍ മതിയാകും. കൂടാതെ ലഭിച്ച മാര്‍ക്കിലൂടെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്കും നിര്‍ദ്ദിഷ്ട തലത്തില്‍ അപേക്ഷിക്കാനാകും.
ഈ പരീക്ഷ സംഘടിപ്പിക്കാന്‍ ഒരു ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി(എന്‍.ആര്‍.എ) രൂപീകരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഗംഭീര പ്രസ്താവനകളിറക്കുകയും ആശയങ്ങളെയും പദ്ധതികളെയും പര്‍വതീകരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതിവ് രീതിയില്‍ ഈ ഉദ്യമവും വലിയ അവകാശ വാദങ്ങളോടെയാണ് പ്രഖ്യാപിച്ചത്. കോടിക്കണക്കിന് യുവാക്കള്‍ക്കുള്ള അനുഗ്രഹം എന്നായിരുന്നു മോദി ഇതിനെ വിശേഷിപ്പിച്ചത്.
ഒരു ഏകീകൃത നിയമന പ്രക്രിയ സൃഷ്ടിക്കുന്നതിനാല്‍ മോദി സര്‍ക്കാരിന്റെ അഭൂതപൂര്‍വ്വമായ നടപടിയാണ് എന്‍.ആര്‍.എ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരിനെ സംബന്ധിച്ച് ഈ നീക്കത്തെ വിപ്ലവകരമെന്നൊന്നും വിശേഷിപ്പിക്കാനാകില്ലെങ്കിലും പ്രതീക്ഷ നല്‍കുന്നതായിരുന്നു.
ഇന്ത്യയില്‍ ജോലിക്ക് അപേക്ഷിക്കുന്നതിലെ സങ്കീര്‍ണ്ണത പരിഹരിക്കുന്നതായിരുന്നു അത്. പ്രക്രിയ കാര്യക്ഷമമാക്കുന്നതിനേക്കാളുപരി ഇതിലൂടെ ഒരു പരിഹാരമാണ് പ്രതീക്ഷിച്ചത്. പരീക്ഷാ പേപ്പറുകള്‍ ചോരുന്നതിന്റെ പേരില്‍ തുടര്‍ച്ചയായി പരീക്ഷകള്‍ റദ്ദാക്കുന്നത് ഈ പ്രക്രിയയെ ബാധിച്ച ഒരു പ്രശ്നമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്കായുള്ള എന്‍.ആര്‍.എയുടെ ഒറ്റ, കാര്യക്ഷമമെന്ന് പറയപ്പെട്ട പരീക്ഷാ സംവിധാനം ്പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു.
എന്നാല്‍ പ്രഖ്യാപിക്കപ്പെട്ട് നാല് വര്‍ഷം കഴിഞ്ഞിട്ടും എന്‍.ആര്‍.എ ഒരു യോഗ്യതാ പരീക്ഷ പോലും സംഘടിപ്പിച്ചിട്ടില്ലെന്ന് ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് കണ്ടെത്തി. ഏജന്‍സിയില്‍ ഇതുവരെയും ജീവനക്കാരെ പോലും നിയമിച്ചിട്ടില്ലാത്ത സര്‍ക്കാര്‍ കാലതാമസത്തിന് ഓരോ തവണയും ഓരോ കാരണങ്ങള്‍ നിരത്തുകയാണ്. തൊഴില്‍രഹിതരായ രാജ്യത്തെ ചെറുപ്പക്കാരെ മോഹിപ്പിച്ച ഒറ്റ പരീക്ഷ കടലാസില്‍ മാത്രമായി അവശേഷിക്കുന്നു.
‘പാര്‍ലമെന്റിലേക്കോ നിയമസഭയിലേക്കോ ഒരു അംഗത്തെ തെരഞ്ഞെടുക്കുമ്പോള്‍ ഈ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കും. അതേ സംവിധാനം തന്നെ സാധാരണക്കാരായ ചെറുപ്പക്കാരെ ഒരു ജോലിക്കായി തെരഞ്ഞെടുക്കുമ്പോള്‍ പരാജയപ്പെടും. രാഷ്ട്രീയേച്ഛയുടെ അഭാവം തന്നെയാണ് ഇതിന് കാരണം. സുഗമമായ നിയമന പരീക്ഷകള്‍ നടത്താനുള്ള രാഷ്ട്രീയ ഇച്ഛ ഇവിടെയില്ല.’ തൊഴില്‍രഹിതരമായ യുവാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുവ ഹല്ലാബോല്‍ സ്ഥാപകന്‍ അനുപം(ഇദ്ദേഹം തന്റെ പേരിന്റെ ആദ്യ ഭാഗം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്) പറഞ്ഞു.
എന്‍.ആര്‍.എയ്ക്ക് അയച്ച വിശദമായ ചോദ്യാവലിക്ക് മറുപടി നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല. മറുപടി കിട്ടുന്നതനുസരിച്ച് വാര്‍ത്തയില്‍ കൂട്ടിച്ചേര്‍ക്കുന്നതാണ്.
നിയമനത്തിന്റെ പകുതിഘട്ടങ്ങള്‍
2020ലെ ബജറ്റ് സമ്മേളനത്തില്‍ എന്‍.ആര്‍.എ എന്ന ആശയം അവതരിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ ആദ്യ മൂന്ന് വര്‍ഷത്തെ ഇതിന്റെ നടത്തിപ്പിലേക്കായി 1,517.57 കോടി രൂപ വകയിരുത്തുകയും ചെയ്തു.
‘നിലവില്‍ ഒരേ തസ്തികയിലേക്ക് ഒന്നിലേറെ ഏജന്‍സികള്‍ വിവിധ സമയങ്ങളിലായി നടത്തുന്ന ഒന്നിലേറെ പരീക്ഷകള്‍ക്ക് ഹാജരാകാന്‍ ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുകയാണ്. ഇത് യുവാക്കളുടെ വളരെയധികം സമയവും അധ്വാനവും പണവും നഷ്ടപ്പെടുത്തുന്നു. അവരുടെ കഷ്ടപ്പാടുകള്‍ പരിഹരിക്കാന്‍ ഗസറ്റഡ് അല്ലാത്ത തസ്തികകളിലെ നിയമനങ്ങള്‍ക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പൊതു യോഗ്യതാ പരീക്ഷകള്‍ നടത്തുന്നതിന് സ്വതന്ത്രവും പ്രൊഫഷണലുമായ ഒരു പ്രത്യേക സംഘടനയായി ഒരു ദേശീയ നിയമന ഏജന്‍സി രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.’ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ വാക്കുകള്‍.
2020 ഫെബ്രുവരിയില്‍ ആയിരുന്നു അത്. എന്‍.ആര്‍.ഐയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈദ്ധാന്തികമായെങ്കിലും ഒരു രൂപരേഖ തയ്യാറാക്കാന്‍ സര്‍ക്കാരിന് പിന്നെയും ആറ് മാസം വേണ്ടി വന്നു. 2020 ഓഗസ്റ്റില്‍ ഏജന്‍സി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.
ഗസറ്റഡ് ഇതരം എന്ന് വിളിക്കപ്പെടുന്ന ബി, സി ലെവല്‍ തസ്തികകളിലേക്കും യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ പോലുള്ള മറ്റ് സര്‍ക്കാര്‍ നിയമന ഏജന്‍സികളുമായി കൂടിയാലോചന ആവശ്യമില്ലാത്ത ബി ലെവല്‍ ഗസറ്റഡ് തസ്തികകളിലേക്കുമുള്ള നിയമനത്തിനായി കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചു.
നിരവധി അവസരങ്ങളുള്ളതും എന്നാല്‍ ഹൈസ്‌കൂള്‍ മുതല്‍ ബിരുദം വരെ മാത്രം വിദ്യാഭ്യാസം വേണ്ടതുമായ വിവിധ കേന്ദ്രസര്‍ക്കാര്‍ വിഭാഗങ്ങളിലെ ഇടത്തരം, ജൂനിയര്‍ ലെവല്‍ തസ്തികകളാണ് ഇവ. ഡ്രൈവര്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, സ്റ്റെനോഗ്രാഫര്‍മാര്‍, സ്റ്റാഫ് നേഴ്സ് മുതല്‍ അക്കൗണ്ടന്റുമാര്‍ വരെയും സബ്-ഇന്‍സ്പെക്ടര്‍മാരും ഈ ഗണത്തില്‍ വരുന്നു.
പൊതു യോഗ്യതാ പരീക്ഷയും(സി.ഇ.ടി) എന്‍.ആര്‍.എയും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടയും വീമ്പ് പറച്ചിലിനനുസരിച്ചു വരുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിപ്പിന്റെ ലളിതമായ വായനയില്‍ നിന്ന് തന്നെ മനസ്സിലാക്കാം.
എന്‍.ആര്‍.എ സംഘടിപ്പിക്കുന്ന യോഗ്യതാ പരീക്ഷയ്ക്ക് മൂന്ന് തലത്തിലുള്ള പ്രവേശന പരീക്ഷകളാണ് ഉണ്ടാകുകയെന്ന് സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു. ബിരുദധാരികള്‍, പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍, പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ എന്നിങ്ങനെയാണ് മൂന്ന് തലങ്ങള്‍.
ഈ പരീക്ഷ അപേക്ഷകരുടെ ഒരേയൊരു പരീക്ഷയോ വിധിനിര്‍ണ്ണയ പരീക്ഷയോ ആയിരിക്കില്ല. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍(എസ്.എസ്.സി), റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍(ഐ.ബി.പി.എസ്) എന്നീ നിലവിലുള്ള മൂന്ന് സര്‍ക്കാര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തിലുള്ള സാങ്കേതികേതര സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള ആദ്യഘട്ട പരീക്ഷകള്‍ എന്നാണ് സര്‍ക്കാര്‍ ഇവയെ വിശേഷിപ്പിക്കുന്നത്. ഈ മൂന്ന് റിക്രൂട്ട്മെന്റ് ഏജന്‍സികളും മുന്‍ഗണന നല്‍കിയിരിക്കുന്ന നിര്‍ദ്ദിഷ്ട തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ അധിക പരീക്ഷകള്‍ എഴുതേണ്ടി വരും.
നിലവിലുള്ള മൂന്ന് സര്‍ക്കാര്‍ നിയമന ഏജന്‍സികള്‍ക്കും കൈകാര്യം ചെയ്യുന്ന അപേക്ഷകരുടെ എണ്ണം കുറയ്ക്കാനുള്ള പ്രാഥമിക ഫില്‍റ്ററായാണ് അടിസ്ഥാനപരമായി എന്‍.ആര്‍.എ പരീക്ഷയെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള അത്രയും ജോലികള്‍ക്ക് മുമ്പുണ്ടായിരുന്ന മൂന്ന് ഏജന്‍സികള്‍ക്ക് പകരം ഇപ്പോള്‍ നാല് ഏജന്‍സികള്‍ ആയെന്നാണ് ഇതിന്റെ അര്‍ത്ഥം.
എന്‍.ആര്‍.എ രൂപീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ഏജന്‍സി പൂര്‍ണ്ണ സജ്ജമാകാനും ഭാഗികമായി സജ്ജമാകാനും സമയപരിധിയില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ വളരെ വ്യക്തമായ ലക്ഷ്യങ്ങളും സമയപരിധികളും നിര്‍വ്വചിച്ച് കൊട്ടിഘോഷിക്കുന്ന മറ്റ് വന്‍കിട സാമൂഹിക ക്ഷേമ പദ്ധതികളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇത്.
സുനിശ്ചിതമല്ലാത്ത തുടക്ക കാലത്ത് രണ്ട് വര്‍ഷം കൂടുമ്പോള്‍ യോഗ്യതാ പരീക്ഷ നടത്തുമെന്ന് ഉത്തരവില്‍ പറയുന്നു. എന്‍.ആര്‍.എ ‘പൊതു യോഗ്യതാ പരീക്ഷയുടെ തുടര്‍ച്ച ഓരോഘട്ടത്തിലും ത്വരിതപ്പെടുത്തുകയും അങ്ങനെ മത്സരാര്‍ത്ഥിക്ക് താല്‍പര്യമുള്ള സമയത്ത് പരീക്ഷയെഴുതാനുള്ള അവസരം ഒരുക്കുകയും ചെയ്യും.’
എന്‍.ആര്‍.എ ഒരു പുതിയ സംരംഭമാണെങ്കിലും അനിശ്ചിത കാലത്തിന് ശേഷം അതിന്റെ പ്രവര്‍ത്തനമെങ്ങനെയായിരിക്കുമെന്ന രൂപരേഖയല്ലാതെ പരീക്ഷാ തിയതി മാറ്റാനുള്ള നീക്കമുണ്ടായിരുന്നില്ല.
എന്‍.ആര്‍.എയുടെ ഘടന അതിനെത്തന്നെ കുഴപ്പത്തിലാക്കുകയാണുണ്ടായത്. ഇതൊരു രജിസ്റ്റേര്‍ഡ് സൊസൈറ്റിയായി രൂപീകരിക്കുമെന്നും എന്നാല്‍ ഒരു കമ്പനി പോലെ പ്രവര്‍ത്തിക്കുമെന്നുമാണ് സര്‍ക്കാര്‍ സൂചിപ്പിച്ചത്. നിയമപ്രകാരം ഒരു സൊസൈറ്റി താരതമ്യേന ലളിതമായ റിപ്പോര്‍ട്ടിംഗ്, അക്കൗണ്ടിംഗ് മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്. ഇതിന് വിപരീതമായി ഒരു കമ്പനി അതിന്റെ അക്കൗണ്ടുകളും പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുകയും അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യണം.
എന്‍.ആര്‍.എയ്ക്ക് സ്വയംഭരണാധികാരം ഉണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും മറ്റൊരു വരിയില്‍ എന്‍.ആര്‍.എയ്ക്കും അതിന്റെ ഭരണസമിതിക്കും കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നയങ്ങള്‍ക്കനുസരിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും വിവരിച്ച് ഈ സ്വയംഭരണാധികാരം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.
വളരെ നീളമുള്ള ഒരു പാലം
പ്രഖ്യാപിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും എന്‍.ആര്‍.എ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഒരു സ്ഥാപനമായി തുടര്‍ന്നു. 2021 ഫെബ്രുവരില്‍ അന്നത്തെ പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ് ആന്‍ഡ് പെന്‍ഷന്‍സ് സഹമന്ത്രി ജിതേന്ദ്ര സിംഗ് ആ വര്‍ഷം എന്‍.ആര്‍.എ ആദ്യ പരീക്ഷ സംഘടിപ്പിക്കുമെന്ന് ലോക്സഭയില്‍ അറിയിച്ചു.
അതൊരു വ്യാജവാഗ്ദാനമായിരുന്നു. എന്‍.ആര്‍.എ പിന്നീടും പ്രവര്‍ത്തനം ആരംഭിച്ചില്ല. 2022 മെയില്‍ ആ വര്‍ഷം അവസാനത്തോടെ എന്‍.ആര്‍.എ ഗസറ്റഡ് ഇതര തസ്തികകളിലേക്ക് ഒരു കേന്ദ്രപരീക്ഷ സംഘടിപ്പിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.
‘യുവാക്കള്‍ക്ക് പ്രത്യേകിച്ചും നഗരങ്ങളില്‍ നിന്നും ഏറെ അകലെയുള്ള കുഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒരു വലിയ അനുഗ്രഹമായി മാറുന്ന ചരിത്രപരവും പരിഷ്‌കരണമെന്നാണ് ഈ വ്യാജവാഗ്ദാനം പ്രഖ്യാപിക്കുമ്പോഴും മന്ത്രി എന്‍.ആര്‍.എയെ വിശേഷിപ്പിച്ചത്.
പദ്ധതിയ്ക്ക് കാര്യമായ പുരോഗതിയുണ്ടെന്ന് അവകാശപ്പെട്ട മന്ത്രി ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെ എട്ട് ഭാഷകളില്‍ നടത്തുന്ന പരീക്ഷ പിന്നീട് ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ ഭാഷകളിലും നടത്തുമെന്നും അറിയിച്ചു.
അതേസമയം സിലബസ്, പരീക്ഷാ സമ്പ്രദായം, ഫീസ് ഘടന എന്നിവയ്ക്ക് അന്തിമരൂപം നല്‍കാനോ വിദ്യാര്‍ത്ഥികള്‍ക്ക് നീതിപൂര്‍വ്വമായ സംവിധാനം ഒരുക്കാനോ എന്‍.ആര്‍.എയ്ക്ക് സാധിച്ചിട്ടില്ല. ഏത് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ 2022 മാര്‍ച്ചിന് മുമ്പ് ഒരു ഉപദേശക സമിതി രൂപീകരിച്ചിരുന്നു. ഒരു വര്‍ഷത്തിന് ശേഷവും ഈ സമിതിയുടെ കണ്ടെത്തലുകള്‍ പുറത്തുവന്നിട്ടില്ല.
സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവകാശപ്പെട്ട വൈകിയ സമയക്രമത്തിലും ഏറെ പിന്നിലാണ് അത്. 2023 ഓഗസ്റ്റില്‍ സമര്‍പ്പിക്കപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാരിന്റെ ഇന്‍ഫോമാറ്റിക്സ് വിഭാഗമായ നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ (എന്‍.ഐ.സി) 2022 ജൂലൈയോടെ സമര്‍പ്പിച്ച പ്രൊജക്ടില്‍ എന്‍.ആര്‍.എ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരിക്കേണ്ടതുണ്ടെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്‍.ഐ.സി ഒരു പുതുക്കിയ പ്രൊപ്പോസല്‍ അയച്ചുകൊടുക്കുകയും ഇതിന് അനുമതി നല്‍കിയ അവരുടെ സോഫ്റ്റ്വെയര്‍ ടീം ഡിജിറ്റല്‍ പ്ലാറ്റ്ഫോം പ്രവര്‍ത്തനക്ഷമമാകാന്‍ എട്ട് മുതല്‍ പത്ത് മാസം വരെ അധികമായി ആവശ്യപ്പെടുകയും ചെയ്തതായി രേഖകള്‍ പറയുന്നു.
അതിന് ശേഷം മാത്രമേ എന്‍.ആര്‍.എയ്ക്ക് പരീക്ഷകള്‍ സംഘടിപ്പിക്കാനാകൂവെന്ന് സര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും രേഖകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ നിന്ന് തന്നെ സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ ആ വര്‍ഷം അവസാനവും 12 ഭാഷകളില്‍ പരീക്ഷ സംഘടിപ്പിക്കാനാകില്ലെന്ന് ആര്‍ക്കും മനസ്സിലാകും.
പ്രതീക്ഷിച്ചതുപോലെ സമയപരിധി അവസാനിച്ചു. മൂന്ന് വര്‍ഷത്തേക്ക് എന്‍.ആര്‍.എയുടെ പ്രവര്‍ത്തനത്തിനായി വകയിരുത്തിയ 1,517 കോടിയില്‍ 2022 ഡിസംബര്‍ വരെ 20.50 കോടി മാത്രമാണ് ചെലവഴിച്ചത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 13.85 കോടി ചെലവഴിക്കുകയും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 396 കോടി വകയിരുത്തുകയും ചെയ്തെങ്കിലും 2022 ഡിസംബര്‍ വരെ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്ന് വിവരാവകാശ നിയമ പ്രകാരം ഈ റിപ്പോര്‍ട്ടര്‍ നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ പറയുന്നു.
എന്‍.ആര്‍.എ പ്രഖ്യാപിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം 2023 ഓഗസ്റ്റില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം രണ്‍ദീപ് സിംഗ് സുര്‍ജേവാല ഒരു സമ്പൂര്‍ണ പരീക്ഷാ സമ്പ്രദായം നടപ്പിലാക്കാന്‍ രൂപീകരിച്ച ഏജന്‍സി എന്തുകൊണ്ടാണ് ഒരു പരീക്ഷ പോലും നടത്താത്തതെന്ന് സര്‍ക്കാരിനോട് ചോദിച്ചു.
ഇത്തവണ സാങ്കേതിക ഒഴിവുകഴിവുകളുടെ പേരിലായിരുന്നു സര്‍ക്കാരിന്റെ മഹത്തായ ന്യായീകരണം.
ഗ്രൂപ്പ് ബി, സി തസ്തികകള്‍ക്കുള്ള സി.ഇ.ടിയിലെ സമഗ്രമായ മാറ്റത്തിന് ഇന്ത്യയിലുടനീളം വിവിധ ഘട്ടങ്ങള്‍ക്കുള്ള മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൂടാതെ വിശ്വസനീയമായ ഐ.ടി ഭൗതിക അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. അതിനാല്‍ ഐ.ടി, ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും വിവിധഘട്ടങ്ങള്‍ക്കുള്ള മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും രൂപപ്പെടുത്തുകയും ചെയ്തതിന് ശേഷം മാത്രമേ സി.ഇ.ടി സമഗ്രമാറ്റം നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ.
എന്‍.ആര്‍.എയും അതിന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സര്‍ക്കാരും മൂന്ന് വര്‍ഷമായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
രാജ്യത്തെ എല്ലാ ജില്ലകളിലുമായി ആയിരം കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തുമെന്നാണ് 2020ല്‍ സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ 2023 ഓഗസ്റ്റില്‍ ഈ റിപ്പോര്‍ട്ടര്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി സര്‍ക്കാര്‍ അറിയിച്ചത് ഇതുവരെയും പരീക്ഷാ കേന്ദ്രങ്ങള്‍ പോലും തീരുമാനിച്ചിട്ടില്ലെന്നാണ്.
അതുവരെയും എന്‍.ആര്‍.എ അവര്‍ ആസൂത്രണം ചെയ്തിരുന്നതിനേക്കാളും കുറച്ച് മാത്രമാണ് പ്രവര്‍ത്തിച്ചത്. ഏഴ് പ്രാദേശിക ഓഫീസുകളുണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഒന്ന് പോലും സ്ഥാപിക്കപ്പെട്ടില്ല. എന്‍.ആര്‍.എ ആസ്ഥാനത്തേക്ക് അനുമതിയായ 33 തസ്തകകളില്‍ 24 എണ്ണവും (72%) ഒഴിഞ്ഞ് തന്നെ കിടക്കുന്നു.
വിവരാവകാശ അപേക്ഷയ്ക്ക് സര്‍ക്കാര്‍ തന്നെ നല്‍കിയ മറുപടിയില്‍ നിന്നും സര്‍ക്കാരിന്റെ അലംഭാവം വ്യക്തമാണ്. ഒരു ചെയര്‍മാനും പേഴ്സണല്‍ ആന്‍ഡ് ട്രെയ്നിംഗ് ഡിപ്പാര്‍ട്ട്മെന്റ് റെയ്ല്‍വേ സ്റ്റാഫ് സെലക്ഷന്‍ കമ്മിറ്റി എന്നിവ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്ന എട്ട് അംഗങ്ങളും ഉള്‍പ്പെടുന്ന ഉന്നതതല ഭരണ സമിതിക്ക് കീഴിലാണ് എന്‍.ആര്‍.എ പ്രവര്‍ത്തിക്കുന്നത്.
രൂപീകരിക്കപ്പെട്ടതിന് ശേഷം ഈ സമിതി രണ്ട് തവണ മാത്രമാണ് കൂടിച്ചേര്‍ന്നത്. 2022 ജൂണ്‍ 21നും പിന്നീട് 2023 ജനുവരി 12നും. രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി ഈ കൂടിയാലോചനയുടെ സമയ ദൈര്‍ഘ്യം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
ഏതാണ്ട് ഇതേസമയത്താണ് പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ്, നിയമം, നീതി എന്നിവ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ഗ്രൂപ്പ് ബി, സി തലത്തിലുള്ള ജീവനക്കാര്‍ക്കായി പരീക്ഷ നടത്താന്‍ രൂപീകരിക്കപ്പെടുകയും ഏറെനാളായി കാത്തിരിക്കുകയും ചെയ്യുന്ന ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി(എന്‍.ആര്‍.എ) ഇതുവരെയും പ്രവര്‍ത്തന സജ്ജമാകാത്തത് ഗൗരവമായി കാണുന്നു.’ എന്നാണ് 2023 ഓഗസ്റ്റിലെ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറിച്ചത്.
മൂന്നര വര്‍ഷമായിട്ടും എന്‍.ആര്‍.എ പ്രവര്‍ത്തനക്ഷമമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഏജന്‍സി എന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഈ റിപ്പോര്‍ട്ടില്‍ അത്ഭുതപ്പെടുന്നുമുണ്ട്.
എന്‍.ആര്‍.എ പൂര്‍ണ്ണ സജ്ജമാകാന്‍ ഇനിയും രണ്ട് വര്‍ഷം കൂടി എടുക്കുമെന്നും അതില്‍ പറയുന്നുണ്ട്.
മന്ദഗതിയിലുള്ള ഇതിന്റെ പ്രവര്‍ത്തനം കണക്കിലെടുക്കുമ്പോള്‍ ചെറിയ തോതിലുള്ള പരീക്ഷകള്‍ നടത്താനെങ്കിലും ഏജന്‍സി ശ്രമിക്കണമെന്ന് കമ്മിറ്റി അംഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
‘എന്‍.ആര്‍.എ ബിരുദതലത്തിലുള്ള പരീക്ഷകള്‍ നടത്തി ആരംഭിക്കണമെന്നും അതിലൂടെ മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറയുമെന്നും കമ്മിറ്റി ഉപദേശിക്കുന്നു. പത്താംതരം യോഗ്യതയുള്ളവര്‍ക്കായി പരീക്ഷ ആരംഭിച്ചാല്‍ ബിരുദധാരികളും സ്വാഭാവികമായും യോഗ്യരാകുകയും അതിന് അപേക്ഷിക്കുകയും ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം നിയന്ത്രണാധീതമാകുകയും ചെയ്യും.’ കമ്മിറ്റി ശുപാര്‍ശ ചെയ്തു.
എന്‍.ആര്‍.എയുടെ രൂപീകരണത്തോടെ ഭാഗികമായി അപ്രസക്തമായ എസ്.എസ്.സി പോലുള്ള മറ്റ് സര്‍ക്കാര്‍ നിയമന ഏജന്‍സികളുമായി എന്‍.ആര്‍.എ അഭിപ്രായം ചോദിക്കണമെന്നും ഈ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നതാണ് ഏറെ രസകരം.
അത് 2023ലെ റിപ്പോര്‍ട്ടാണ്
2024 ഫെബ്രുവരിയോടെ സര്‍ക്കാര്‍ എന്‍.ആര്‍.എയെ മറന്ന മട്ടായി. കോപ്പിയടിയും ചോദ്യപേപ്പര്‍ ചോര്‍ച്ചയും തടയാന്‍ ധൃതിപിടിച്ച് നിയമം പാസാക്കിയ സര്‍ക്കാര്‍ യു.പി.എസ്.സി, എസ്.എസ്.സി, ആര്‍.ആര്‍.ബി തുടങ്ങിയ കേന്ദ്ര നിയമന ഏജന്‍സികള്‍ക്ക് ഈ നിയമം ബാധകമാണെന്ന് പറയുന്നുണ്ടെങ്കിലും എന്‍.ആര്‍.എയെ അതില്‍ നിന്നും ഒഴിവാക്കി.
സര്‍ക്കാര്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് കടന്നെങ്കിലും എന്‍.ആര്‍.എയും പൊതു യോഗ്യതാ പരീക്ഷയും ഇപ്പോഴും പ്രവര്‍ത്തനക്ഷമമല്ല. എന്നാല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു.
ഭാരതീയ ജനതാപാര്‍ട്ടി തങ്ങളുടെ മേലുള്ള സംശയങ്ങളെയെല്ലാം അതിലും വലിയ വാഗ്ദാനങ്ങളെ മറയാക്കി ഒളിപ്പിച്ചു.
‘നിയമന പരീക്ഷകള്‍ എങ്ങനെ സുതാര്യമായി നടത്താമെന്ന് കാണിച്ചുതന്ന ഞങ്ങള്‍ ലക്ഷക്കണക്കിന് യുവാക്കളെ സര്‍ക്കാര്‍ ജോലിയില്‍ നിയമിച്ചു. സമയബന്ധിതമായും സുതാര്യമായും സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തുന്നത് ഞങ്ങള്‍ തുടരും.’ എന്നാണ് അവര്‍ തങ്ങളുടെ പ്രകടന പത്രികയില്‍ അവകാശപ്പെടുന്നത്.
അതേസമയം എന്‍.ആര്‍.എയെക്കുറിച്ച് പ്രകടന പത്രികയില്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ അത് മാത്രമാണ് സുതാര്യവും സമയബന്ധിതവുമായി യോഗ്യതാപരീക്ഷകള്‍ നടത്താന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനം.
കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്കുള്ള നിയമന പരീക്ഷകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും ബിജെപി യാതൊരു നാണവുമില്ലാതെ 2024ലെ പ്രകടനപത്രികയില്‍ തങ്ങളുടെ നേട്ടങ്ങളുടെ കൂട്ടത്തില്‍ അത് പ്രസ്താവിക്കുകയും ചെയ്തു. നിയമന പരീക്ഷകള്‍ സംഘടിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശേഷി ഞങ്ങള്‍ വര്‍ധിപ്പിക്കും.’ എന്നാണ് അവര്‍ പ്രസ്താവിച്ചത്.
നരേന്ദ്ര മോദി ഇപ്പോള്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വന്നിരിക്കുകയാണ്. എന്നാല്‍ യോഗ്യതാ പരീക്ഷയെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമായി തുടരുന്നു. പരീക്ഷ റദ്ദാക്കപ്പെടുമോ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടാകുമോ എന്നൊക്കെയുള്ള ഭയങ്ങളുമായി പരഞ്ജയെ പോലുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒന്നിലേറെ പരീക്ഷകള്‍ എഴുതേണ്ട ഗതികേടില്‍ തുടരുന്നു.
അന്വേഷണങ്ങള്‍ക്കൊന്നും ഔദ്യോഗികമായി മറുപടി പറയാന്‍ എന്‍.ആര്‍.എ തയ്യാറായില്ലെങ്കിലും പരീക്ഷാ സിലബസ് തയ്യാറാക്കുന്നതും രാജ്യത്തുടനീളം ഉറപ്പ് പറഞ്ഞ ആയിരം പരീക്ഷാ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതും ആദ്യ പൊതു യോഗ്യതാ പരീക്ഷയുടെ തിയതി നിശ്ചയിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഒരു എന്‍.ആര്‍.എ ഉദ്യോഗസ്ഥന്‍ അനൗദ്യോഗികമായി ദ കളക്ടീവിനോട് പറഞ്ഞത്. narendra modi promised a common eligibility exam to hire young indians for jobs in the union government
ഈ അന്വേഷണ റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിച്ചത് ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് ആണ്.
Content Summary; narendra modi promised a common eligibility exam to hire young indians for jobs in the union government