March 26, 2025 |
ഷൗക്കത്ത്
ഷൗക്കത്ത്
Share on

നടരാജഗുരു: ശ്രീനാരായണ ഗുരുവിലെ ഗുരുവിനെ നമുക്ക് നൽകിയ അറിവിന്റെ മുറിയാത്ത പ്രവാഹം

ഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു നടരാജഗുരു

ഇന്ന് നടരാജഗുരുവിന്റെ ജന്മദിനം. ഗുരുവിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഉള്ളില്‍ നിറയുന്നത് നിത്യാന്തരംഗം എന്ന പുസ്തകത്തിന് വിനയണ്ണന്‍ ആമുഖമെഴുതിയപ്പോള്‍ നടരാജഗുരുവിനെ സ്മരിച്ച് എഴുതിയ വാക്കുകളാണ്. വിനയണ്ണന്‍ നടരാജഗുരുവിന്റെ ശിഷ്യനായിരുന്നു.nataraja guru birthday today; uninterrupted flow of knowledge 

”നടരാജഗുരു മുഖ്യാതിഥിയായിരുന്ന ഒരു യോഗത്തില്‍ സ്വാഗത പ്രാസംഗികന്‍ ഗുരുവിനെ This Holy Man (ഈ വിശുദ്ധനായ മനുഷ്യന്‍) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചപ്പോള്‍ ഗുരു അദ്ദേഹത്തോട് ക്ഷമാപണത്തോടെ പ്രസംഗത്തിനിടയ്ക്ക് കയറി പറഞ്ഞു: I am not a Holy Man, to me Man is Holy (ഞാന്‍ ദിവ്യമനുഷ്യനല്ല. എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യനാണ് ദിവ്യന്‍).”

നടരാജഗുരുവും ഗുരുനിത്യയും ഹിമാലയത്തില്‍ യാത്ര ചെയ്ത അനുഭവങ്ങള്‍ ‘ഗുരുവും ശിഷ്യനും’ എന്ന പുസ്തകത്തില്‍ ഗുരുനിത്യ ഹൃദ്യമായി എഴുതിയിട്ടുണ്ട്. അത് വായിക്കുമ്പോള്‍ നടരാജഗുരുവിന്റെ ഹൃദയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരു വാതിലായി നമുക്ക് അനുഭവപ്പെടും.

ഇടതൂര്‍ന്ന് നില്ക്കുന്ന മഹാമരങ്ങളും അവയില്‍ ചുറ്റിപ്പടര്‍ന്ന് കെട്ടുപിണഞ്ഞ് കിടക്കുന്ന വള്ളികളും ഒന്നിനുപിന്നാലെ ഒന്നായി അടുക്കിവെച്ചിരിക്കുന്ന മലകളും പൂത്തുമറിഞ്ഞ് കിടക്കുന്ന ചെടികളും നോക്കി ഇഹലോകജീവിതത്തെ തീനരകമായും സംസാരം ദുഃഖമായും ചിത്രീകരിക്കുന്ന വൈരാഗികളെ മനസാ പരിഹസിച്ചും കൊണ്ട് നടരാജഗുരുവും നിത്യനും ഹിമാലയത്തിലെ വനമാര്‍ഗത്തില്‍ക്കൂടി അലസമായി നടക്കുന്നതിനിടയില്‍ വിനയം തോന്നിക്കുന്ന ഒരു ചെറിയ പൂവ് പൊട്ടിച്ചെടുത്ത് ഒരു കലാകാരന്റെ സ്വാരസ്യത്തോടുകൂടി അതിനെ അഭിനന്ദിച്ചുകൊണ്ട് ഗുരു പറഞ്ഞു: ”നിത്യാ, നിങ്ങള്‍ ആരെങ്കിലും എന്നെപ്പറ്റി എഴുതുകയാണെങ്കില്‍ ആല്‍പ്‌സ് പര്‍വ്വതനിരകളില്‍ ഇടയന്മാരോടൊപ്പം പാട്ടുപാടിയും ഹിമാലയത്തിലെ കാടുകളില്‍ ചുറ്റിത്തിരിഞ്ഞ് കാണുന്ന ചെറിയ പൂക്കളെയെല്ലാം’ പ്രിയപ്പെട്ട ജന്‍ഷിയന്‍’ എന്ന് വിളിച്ച് പ്രശംസിച്ച് നടന്നിരുന്ന ഒരാളായിരുന്നുവെന്ന് എഴുതാന്‍ മറന്നുപോകരുത്.

nataraja guru painting

നടരാജഗുരുവിൻ്റെ ശിഷ്യനായിരുന്ന Jean Letsheart (സ്വാമി ആശ്ചര്യാചര്യ) വരച്ചത്

ഹിമാലയ സന്ദര്‍ശനത്തിലെ മറ്റൊരു സന്ദര്‍ഭത്തെ സ്മരിച്ച് നിത്യഎഴുതുന്നു: പിന്നീട് ഞങ്ങള്‍ സ്‌നോവ്യൂ എന്നൊരു സ്ഥലത്തേക്കുപോയി. വടക്കോട്ട് നോക്കിയപ്പോള്‍ കണ്ട കാഴ്ച എല്ലാവരെയും നിശബ്ദരാക്കി. ഞങ്ങള്‍ എത്രനേരം ആ ഘനീഭവിച്ച മൂകതയുമായി താദാത്മ്യം പ്രാപിച്ച് നിന്നുപോയെന്ന് പറയുവാന്‍ കഴിയില്ല. തനിവെള്ളിയില്‍ വാര്‍ത്തെടുത്ത മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുവെച്ചതുപോലെയുള്ള അഞ്ച് ഹിമവത്ശൃംഗങ്ങള്‍!

അവസാനം ഗുരു പറഞ്ഞു: ”ഹിമാലയത്തിന്റെ അനശ്വരമായ ഈ പ്രഭാവം കാളിദാസനെപ്പോലെയുള്ള ഒരു മഹാകവിയെ സ്വാധീനം ചെയ്തതില്‍ ഒട്ടും അത്ഭുതത്തിന് വകയില്ല. ഇത് കണ്ടിട്ട് ഒരുവന്‍ ദൈവത്തെ കണ്ടിട്ടില്ലെന്ന് പറയുമെങ്കില്‍ ഒരിക്കലും അവന് ദൈവത്തെ കാണാന്‍ കഴിയുകയില്ല. ഇപ്പോള്‍ നമ്മുടെ ഹൃദയത്തെ ആശ്ലേഷിച്ചിരിക്കുന്ന ആശ്ചര്യം തന്നെയാണ് ഈശ്വരന്‍. ഇതിനെത്തന്നെ ആത്മാവെന്നും ബ്രഹ്‌മമെന്നും മറ്റും പേരിട്ട് വിളിക്കുന്നു.”

ഗുരുവിനെക്കുറിച്ച്, ഗുരുത്വത്തെക്കുറിച്ച് നടരാജഗുരു പറഞ്ഞ വാക്കുകള്‍ കൂടി എഴുതി ഗുരുവിന്റെ ഈ ജന്മദിനത്തില്‍ ആ മഹാഗുരുവിന് മുന്നില്‍ ഹൃദയമര്‍പ്പിക്കട്ടെ. നാരായണഗുരുവിലെ ഗുരുവിനെ നമുക്ക് പകര്‍ന്ന് കിട്ടിയത് നടരാജഗുരുവിലൂടെയായിരുന്നു. ഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു നടരാജഗുരു. ആ പരമ്പരയാണ് ഗുരു നിത്യയിലൂടെയും ഗുരു മുനി നാരായണപ്രസാദിലൂടെയും ഇപ്പോഴും മുറിയാതെ ഒഴുകുന്നത്. അറിവിന്റെ പ്രവാഹം. അതെന്നെന്നും പല വഴികളില്‍ ഒഴുകിക്കൊണ്ടേയിരിക്കും.

നടരാജഗുരു പറയുന്നു: ”യൗവനാരംഭത്തില്‍ നിന്ന് ശരിയായ പ്രായപൂര്‍ത്തിയിലേക്ക് സ്വയം പരിവര്‍ത്തനം ചെയ്യുന്ന കാലത്ത് ഒരു സദ്ഗുരുവിനോടൊത്ത് ഒരേ ഭവനത്തില്‍ താമസിക്കാനിടയാവുക, അസുലഭവും അനര്‍ഘവുമായ ഭാഗ്യമാണ്. സിംഹം തന്നെ നിങ്ങളുടെ ഗുഹയില്‍ വന്നു കയറുക. ഗംഗാനദി ഹരിദ്വാരത്തിലെന്നപോലെ നിങ്ങളുടെ ഗൃഹഭിത്തികളെ തഴുകിയൊഴുകുക. വന്യമൃഗങ്ങള്‍ നിങ്ങളുടെ അയല്‍പക്കക്കാരാവുക. നിങ്ങളുടെ അടുക്കളയിലെ ജനാലപ്പഴുതിലൂടെ ഹിമാലയപര്‍വ്വതനിരയുടെ ഒരു മുഴുവന്‍ ദൃശ്യവും ലഭിക്കുക. എന്നാലും നിങ്ങള്‍ക്കതിലധികം ആമോദം അനുഭവമാകുകയില്ല. ഒരു യഥാര്‍ത്ഥ ഗുരു നിങ്ങളോട് സസന്തോഷം അഭിമുഖം സംസാരിക്കുക. അദ്ദേഹത്തിന്റെ സ്വയം പ്രകൃതിയിലും രീതിയിലും നിങ്ങള്‍ക്കദ്ദേഹത്തെ ദര്‍ശനം ചെയ്യാനിടയാകുക. മെരുങ്ങാത്ത മാന്‍പേട നിങ്ങളുടെ കൈക്കുമ്പിളില്‍നിന്ന് വെള്ളം കുടിക്കുകയോ കാട്ടുപക്ഷികള്‍ നിങ്ങളുടെ നീട്ടിയ കൈത്തലത്തില്‍ നിന്ന് ധാന്യങ്ങള്‍ കൊത്തിക്കൊണ്ടുപോവുകയോ ചെയ്താലെന്നതുപോലെ അതു നിങ്ങള്‍ക്ക് ഉത്തേജകമായി തോന്നും.”

ഗുരുവിന് പ്രണാമം…nataraja guru birthday today; uninterrupted flow of knowledge 

Content Summary: nataraja guru birthday today; uninterrupted flow of knowledge

ഷൗക്കത്ത്

ഷൗക്കത്ത്

ഗുരു നിത്യചൈതന്യയുടെ ശിഷ്യനും എഴുത്തുകാരനും പ്രഭാഷകനുമാണ് ഷൗക്കത്ത്. നാരായണ ഗുരുവിന്റെയും യതിയുടെയും നടരാജ ഗുരുവിന്റെയും ആത്മീയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഷൗക്കത്ത് നിര്‍വഹിക്കുന്നത്.

More Posts

×