മലപ്പുറം ജില്ലയിലെ കൂരിയാട് നിർമ്മാണത്തിനിടെ ദേശീയപാതയിൽ വിള്ളലുണ്ടായ സംഭവവും തുടർന്ന് ദേശീയപാത നിർമാണത്തിലുണ്ടായ അപാകതകൾ ചൂണ്ടിക്കാട്ടി ഉയർന്ന ചോദ്യങ്ങളും കേരളത്തിൽ രാഷ്ട്രീയ വിദാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വീഴ്ചയായാണ് പ്രതിപക്ഷം സംഭവത്തെ ഉയർത്തിക്കാട്ടുന്നത്. എന്നാൽ ആരാണ് വിഷയത്തിൽ യഥാർത്ഥ കുറ്റവാളി? ശരിക്കും ഉത്തരവാദിത്തം ആർക്കാണ് വരുന്നത്?
നിർമാണക്കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസ് ആണ് എൻഎച്ച് 66 ന്റെ കരാറെടുത്തിരിക്കുന്നത്. ഡി.പി.ആർ കൺസൾട്ടൻറ് കമ്പനിയായ ഹൈവേ എൻജിനീയറിങ്ങാണ് കൺസൾട്ടൻസി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (ബിഎസ്ഇ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (എൻഎസ്ഇ) ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു ഐഎസ്ഒ സർട്ടിഫൈഡ് കമ്പനിയാണ് കെഎൻആർ കൺസ്ട്രക്ഷൻസ്. ഹൈദരാബാദാണ് കമ്പനിയുടെ ഹെഡ് ക്വാട്ടേഴ്സ്. കൂരിയാട് സംഭവത്തെ തുടർന്ന് കേന്ദ്രം കെഎൻആർ കൺസ്ട്രക്ഷൻസിനെയും ഹൈവേ എൻജിനീയറിങിനെയും ഡീബാർ ചെയ്തിട്ടുണ്ട്. കൂടാതെ പദ്ധതിയുടെ പ്രോജക്ട് മാനേജർ എം. അമർനാഥ് റെഡ്ഡി, ദേശീയപാത നിർമാണത്തിന്റെ ടീം ലീഡറായ രാജ് കുമാർ എന്നീ ഉദ്യോഗസ്ഥരേയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി. അതിനാൽ തുടർകരാറുകളിൽ ഇരു കമ്പനികൾക്കും പങ്കെടുക്കാനാവില്ല.
ദേശീയപാത നിർമാണത്തിന്റെ ഡിപിആറിൽ (ഡീറ്റെയ്ൽഡ് പ്രൊജക്ട് റിപ്പോർട്ട്) മാറ്റം വരുത്തിയെന്നും സംസ്ഥാന സർക്കാരാണ് ഇതിന് ഉത്തരവാദികളെന്നുമുള്ള തരത്തിലായിരുന്നു വിമർശനങ്ങൾ ഉയർന്നിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ദേശീയപാതയുടെ ഡിപിആർ തയ്യാറാക്കുന്നത് ദേശീയപാത അതോറിറ്റി (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) ആണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഒരു സ്വതന്ത്ര ഏജൻസിയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). രാജ്യത്തുടനീളമുള്ള ദേശീയപാതകളും എക്‌സ്പ്രസ് വേകളും വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവുമായി ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്. റോഡുകളെ ഗതാഗത സൗകര്യത്തിന് സഹായിക്കുംവിധം മെച്ചപ്പെട്ടതായി നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്തം എൻഎച്ച്എഐയുടേതാണ്. അതിനാൽ ദേശീയപാതയുടെ ഉത്തരവാദിത്തം പൂർണമായും കേന്ദ്ര സർക്കാരിന്റെ കരാറുകാരായ കമ്പനിയുടേതുമാണ് എന്നാണ് വിദഗ്ധർ അഴിമുഖത്തോട് പറഞ്ഞത്. സംസ്ഥനങ്ങളിലെ എൻഎച്ച് ഒഴികെയുള്ള എല്ലാ റോഡുകളുടെയും ചുമതല അതത് സംസ്ഥാന സർക്കാരുകൾക്ക് കീഴിലും വരും. ദേശീയപാത നിർമാണത്തിൽ സ്ഥലം ഏറ്റെടുക്കുക മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തം. ഡിപിആറും അലൈൻമെന്റും തയ്യാറാക്കി ടെൻഡർ വിളിക്കുന്നതും നിർമാണ കമ്പനിയെ ഏൽപിക്കുന്നതെല്ലാം ദേശീയപാത അതോറിറ്റിയാണ്.
ഇക്കഴിഞ്ഞ മെയ് 19 നാണ് കൂരിയാട് ദേശീയപാത 66 ൽ നിർമാണത്തിലിരുന്ന ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ പലയിടത്തും വിള്ളൽ കണ്ടെത്തിയിരുന്നു.
മലപ്പുറം ജില്ലയിലെ കൂരിയാടും തലപ്പാറയ്ക്കും പുറമെ എടരിക്കോട് മമ്മാലിപടിയിലും ചെറുശാലയിലും വിള്ളൽ കണ്ടെത്തി. നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്തെ മേൽപ്പാലത്തിന് മുകളിലാണ് 50 മീറ്ററിലേറെ നീളത്തിൽ വിള്ളൽ കണ്ടെത്തിയത്. കാസർകോട് കാഞ്ഞങ്ങാട്ടും ദേശീയപാതയിൽ മാവുങ്കാലിൽ റോഡിന്റെ മധ്യത്തിലുമാണ് വിള്ളൽ രൂപപ്പെട്ടത്. തൃശൂർ ജില്ലയിലെ ചാവക്കാട് മണത്തല പ്രദേശത്തെ മേൽപ്പാലത്തിനു മുകളിലും റോഡ് വിണ്ടുകീറിയിട്ടുണ്ട്.
ദേശീയപാതയുടെ വികസനം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി റോഡ് തകര്‍ന്നത്. അഭിമാന പാതയായി കൊട്ടിഘോഷിച്ച ഹൈവേ നിര്‍മാണം ജനങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ഒമ്പത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ അടയാളപ്പെടുത്തിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ എന്‍എച്ച് 66 ന്റെ നിര്‍മാണവും ഉള്‍പ്പെടുത്തിയിരുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 14 ന് തൃശൂരില്‍ നടന്ന റാലിയില്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ അസാധ്യമായ കാര്യങ്ങളില്‍ ഒന്നായിരുന്നു ഹൈവേയുടെ വീതികൂട്ടല്‍ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
മെയ് 19 നാണ് മലപ്പുറം കൂരിയാടിലെ നെല്‍വയലുകള്‍ക്ക് കുറുകെ നിര്‍മിച്ചിരുന്ന റോഡ് ഇടിഞ്ഞുവീണ് സിമന്റ് കട്ടകളും അവശിഷ്ടങ്ങളും സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. സര്‍വീസ് റോഡിലൂടെ കടന്നുപോയ കാറിന് മുകളിലേക്കാണ് ഇന്റര്‍ലോക്ക് കട്ടകള്‍ ഉള്‍പ്പെടെ ഇടിഞ്ഞുവീണത്. മതിയായ അടിത്തറ കെട്ടാതെയാണ് 30 അടിയിലധികം ഉയരത്തില്‍ പാത കെട്ടിപ്പൊക്കിയതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
കാസര്‍ഗോഡ് മുതല്‍ മലപ്പുറം കാപ്പിരിക്കാട് വരെ ദേശീയപാത നിര്‍മാണം അവസാനഘട്ടത്തിലാണ്. മറ്റ് ജില്ലകളിലും നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിലാണ് പലയിടത്തും അപാകതകള്‍ കണ്ടെത്തിയിരിക്കുന്നത്.
കൂരിയാട് മാത്രമല്ല കാഞ്ഞങ്ങാട് മുതല്‍ ചാവക്കാട് വരെ പലയിടത്തും ഹൈവേയിലും സര്‍വീസ് റോഡിലും വിള്ളലുകളുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ തന്നെ തലപ്പാറയിലും എടരിക്കോട് മമ്മാലിപ്പടിയിലും ദേശീയ പാതയില്‍ വിള്ളലുകളുണ്ടായി. തലപ്പാറയില്‍ മണ്ണിട്ട് ഉയര്‍ത്തിയ ഭാഗത്ത് നിര്‍മാണം പൂര്‍ത്തിയായി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണു വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. കൂരിയാടിനു സമീപമുള്ള മമ്മാലിപ്പടിയില്‍ പാലത്തിലാണു വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് മണത്തല പ്രദേശത്തെ മേല്‍പ്പാലത്തിനു മുകളിലും റോഡ് വിണ്ടുകീറിയിട്ടുണ്ട്. കോഴിക്കോട് മലാപ്പറമ്പിലും ഗതാഗതത്തിനായി തുറന്നുകൊടുത്ത സര്‍വീസ് റോഡ് ഇടിഞ്ഞുതാഴ്ന്നു.
എന്‍എച്ച് 66 ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ്. സംസ്ഥാനത്തിന്റെ വടക്ക് നിന്ന് തെക്കോട്ട് ഒരേസമയം പ്രവര്‍ത്തനക്ഷമമായ ആറ് വരി പാതയാണ് വികസിപ്പിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കരാറെടുത്ത കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കമ്പനി ചെലവില്‍ തകരാര്‍ തീര്‍ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനല്ലെങ്കിലും ജനങ്ങള്‍ക്ക് അപകടമുണ്ടാക്കാത്ത വിധത്തിലുള്ള സുരക്ഷിത നിര്‍മ്മാണം നടക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കാനാവില്ല.
Content Summary: national highway 66 cracks; Contractors and Government Share Blame for Construction Flaws