ബാബറി മസ്ജിദിനെ പാഠപുസ്തകത്തില്‍ നിന്നും പൊളിച്ച് നീക്കിയിരിക്കുന്നു. എന്‍സിഇആര്‍ടിയുടെ പുതുക്കിയ 12 ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ ബാബറി മസ്ജിദിനെ ഒഴിവാക്കി പകരം ‘ മൂന്നു മിനാരങ്ങളുള്ള നിര്‍മിതി’ എന്നാക്കിയിരിക്കുന്നു. മുമ്പ് അയോധ്യയ എന്ന ഭാഗത്തില്‍ ബാബറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാല് പേജുകളില്‍ ഉണ്ടായിരുന്നത് രണ്ട് പേജുകളാക്കി കുറച്ചിട്ടുമുണ്ട്. പേജുകള്‍ കുറച്ചതിനൊപ്പം ബാബറി തകര്‍ക്കലുമായി ബന്ധപ്പെട്ട നേരത്തെയുണ്ടായിരുന്ന വിശദീകരണങ്ങളും വെട്ടിക്കളഞ്ഞിരിക്കുകയാണ്. കഴിഞ്ഞാഴ്ച്ചയാണ് പൊളിച്ചു നീക്കിയ ചരിത്രവുമായി പുതിയ പാഠപുസ്തകം ഇറങ്ങിയത്.
ബാബറി പള്ളിയുടെ തകര്‍ച്ചയ്ക്ക തുടക്കം കുറച്ച ഗുജറാത്തിലെ സോമനാഥില്‍ നിന്നും അയോധ്യയിലേക്കുള്ള രഥയാത്ര, പള്ളി തകര്‍ത്ത കര്‍സേവകരുടെ പങ്ക്, 1992 ഡിസംബര്‍ ആറില്‍ പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ സാമുദായിക കലാപം, ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം, അയോധ്യയില്‍ സംഭവിച്ചതിനെ കുറിച്ചുള്ള ബിജെപിയുടെ ഖേദം തുടങ്ങിയ കാര്യങ്ങളൊക്കെ പുസ്തകത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
മുമ്പത്തെ പാഠപുസ്‌കതത്തില്‍ 16 ആം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ സൈനിക മേധാവിയായിരുന്ന ജനറല്‍ മിര്‍ ബാഖി നിര്‍മിച്ച ആരാധനാലയമാണ് ബാബറി മസ്ജിദ് എന്ന് വിശദീകരിച്ചിട്ടുണ്ടായിരുന്നു. പുതുക്കിയ പുസ്തകത്തില്‍ 1528 ല്‍ ഹിന്ദു ദൈവമായ രാമന്റെ ജന്മസ്ഥലത്ത് നിര്‍മിച്ച മൂന്നു മിനാരങ്ങളുള്ള ഒരു നിര്‍മിതി മാത്രമായി മാറി ബാബറി പള്ളി. ഈ നിര്‍മിതിയുടെ അകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളുടെ അവശിഷ്ടങ്ങള്‍ ദൃശ്യമായിരുന്നുവെന്നു കൂടി കൂട്ടി ചേര്‍ത്തിട്ടുണ്ട്.
1986 ഫെബ്രുവരിയില്‍ ഫൈസാബാദ്(ഇപ്പോഴത്തെ അയോധ്യ) ജില്ല കോടതി മസ്ജിദ് തുറക്കാന്‍ ഉത്തരവിട്ടശേഷം ഇരു വിഭാഗങ്ങളില്‍ നിന്നുമുണ്ടായ സംഘം ചേരലുകളെക്കുറിച്ച് പഴയ പുസ്തകത്തിലെ രണ്ടു പേജുകളില്‍ വിശദീകരിച്ചിരുന്നു. കോടതിക്ക് വിധിക്കു പിന്നാലെയുണ്ടായ വര്‍ഗീയാന്തരീക്ഷം, സോമനാഥില്‍ നിന്നും അയോധ്യയിലേക്ക് നടന്ന രഥയാത്ര, രാമക്ഷേത്ര നിര്‍മാണത്തിനായി തീവ്രഹിന്ദുവിഭാഗം ഏറ്റെടുത്ത കര്‍സേവ, പള്ളി പൊളിക്കല്‍, അതിന്റെ തുടര്‍ച്ചയായി 1993 ജനുവരിയില്‍ നടന്ന സാമുദായിക ലഹള, ബിജെപിയുടെ ഖേദപ്രകടനം, മതനിരപേക്ഷതയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ചകള്‍ ഇതെല്ലാം എന്‍സിഇആര്‍ടി കുട്ടികള്‍ പഠിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്.
വെട്ടിക്കളഞ്ഞതിന് പകരമായി ചേര്‍ത്തിരിക്കുന്നത് ഇപ്രകാരമാണ്; ”1986ല്‍, ഫൈസാബാദ് ജില്ലാ കോടതി ഈ ‘നിര്‍മിതി’ തുറന്ന് ആരാധന നടത്താന്‍ ഉത്തരവിട്ടതോടെ ‘മൂന്ന് താഴികക്കുടങ്ങളുടെ നിര്‍മിതി’യെ സംബന്ധിച്ച നിര്‍ണായക വഴിത്തിരിവുണ്ടായി. ശ്രീരാമന്റെ ജന്മസ്ഥലത്തെ ക്ഷേത്രം തകര്‍ത്തതിന് ശേഷമാണ് മൂന്ന് താഴികക്കുടങ്ങള്‍ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പതിറ്റാണ്ടുകളായി നിലനിന്നിരുന്നു. ക്ഷേത്രത്തിനായുള്ള ശിലാന്യാസം നടത്തിയെങ്കിലും തുടര്‍ന്നുള്ള നിര്‍മാണം നിരോധിക്കപ്പെട്ടു. ശ്രീരാമന്റെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട തങ്ങളുടെ ആശങ്കകള്‍ അവഗണിക്കപ്പെട്ടുവെന്ന് ഹിന്ദു സമൂഹം കരുതി, അതേസമയം മുസ്ലീം സമുദായം നിര്‍മിതിയില്‍ തങ്ങളുടെ ഉടമസ്ഥത ഉറപ്പാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന്, ഉടമസ്ഥാവകാശത്തെച്ചൊല്ലി ഇരു സമുദായങ്ങള്‍ക്കുമിടയില്‍ പിരിമുറുക്കം വര്‍ദ്ധിച്ചു, അത് നിരവധി തര്‍ക്കങ്ങള്‍ക്കും നിയമപരമായ വൈരുദ്ധ്യങ്ങള്‍ക്കും കാരണമായി. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ് നത്തിന് ന്യായമായ പരിഹാരമാണ് ഇരു സമുദായങ്ങളും ആഗ്രഹിച്ചത്. 1992-ല്‍, ഈ നിര്‍മിതി തകര്‍ത്തതിനെത്തുടര്‍ന്ന്, ചില വിമര്‍ശകര്‍ ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നതായി വാദിച്ചു’.
പുതിയ പാഠപുസ്തകത്തില്‍ ‘ നിയമ നടപടികളില്‍ നിന്ന് സൗഹാര്‍ദ്ദപരമായ സ്വീകാര്യതയിലേക്ക്’ എന്ന തലക്കെട്ടില്‍ ബാബറി തര്‍ക്കത്തിലെ സുപ്രിം കോടതി വിധിയെ പ്രതിപാദിക്കുന്ന ഒരു ഉപവിഭാഗം ചേര്‍ത്തിട്ടുണ്ട്. ഏത് സമൂഹത്തിലും തര്‍ക്കങ്ങള്‍ അനിവാര്യമായതാണെങ്കിലും ഒരു ബഹുമത-ബഹുസ്വര ജനാധിപത്യ സമൂഹത്തില്‍ ഇത്തരം വൈരുദ്ധ്യങ്ങള്‍ നിയമാനുസൃത നടപടികള്‍ പാലിച്ച് പരിഹരിക്കപ്പെടുന്നുവെന്നാണ് ഈ അധ്യായത്തില്‍ കുട്ടികളെ പഠിപ്പിക്കാന്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. ബാബറി തര്‍ക്കത്തില്‍ 2019 നവംബര്‍ 9 ന് സുപ്രിം കോടതിയലെ അഞ്ചംഗ ഭരണഘടന ബഞ്ച് ഏകകണ്ഠമായി നടത്തിയ വിധിയെക്കുറിച്ചും പാഠത്തില്‍ പറയുന്നുണ്ട്. ഈ വിധിയനുസരിച്ചാണ് 2024 ജനുവരിയില്‍ ഉത്ഘാടനം ചെയ്ത രാമക്ഷേത്രം നിര്‍മിച്ചിരിക്കുന്നതെന്നും കുട്ടികളെ പഠിപ്പിക്കും.
സുപ്രിം കോടതി വിധി സമൂഹം ഒന്നടങ്കം ആഘോഷിച്ചുവെന്നും പുസ്തകത്തില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. സങ്കീര്‍ണമായൊരു വിഷയത്തില്‍ എങ്ങനെ സമവായം രൂപപ്പെടുത്തുമെന്നതിന് ഇന്ത്യന്‍ ജനാധിപത്യം കാണിച്ച ഉദ്ദാഹരണമാണ് പള്ളി നിന്നടത്ത് അമ്പലം പണിയാനും പള്ളി പണിയാന്‍ വേറെ സ്ഥലം നല്‍കിയതിലൂടെയും ഉണ്ടായിരിക്കുന്നതെന്നു കൂടി പറഞ്ഞുവയ്ക്കുന്നുണ്ട്.
മുന്‍ പാഠപുസ്തകത്തില്‍ ബാബറി തകര്‍ക്കലുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളിലെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. 1992 ഡിസംബര്‍ ഏഴിലെ ബാബറി മസ്ജിദ് പൊളിച്ചു, കേന്ദ്രം കല്യാണ്‍ സിംഗ് സര്‍ക്കാരിനെ പുറത്താക്കി, ഡിസംബര്‍ 13 ലെ ‘ അടല്‍ ബിഹാരി വാജ്‌പേയിയുടെ പ്രസ്താവനയായ, ബിജെപിയുടെ മോശം കണക്കുകൂട്ടല്‍, തുടങ്ങിയ തലക്കെട്ടുകളും പ്രസ്താവനകളുമെല്ലാം പുതിയ പുസ്തകത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
പള്ളി പൊളിക്കുന്ന കാലത്ത് ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന ബിജെപി മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെ കുറ്റക്കാരനായി വിധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റീസ് വെങ്കടാചലയ്യ, ജസ്റ്റീസ് ജി എന്‍ റായ് എന്നിവരുടെ വിധിയും പുതിയ പുസ്തകത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ncert new textbook rewrite of babri masjid demolition and ayodhya dispute
Content Summary; ncert new textbook rewrite of babri masjid demolition and ayodhya dispute