ദ്രാവക രൂപത്തിലുള്ള ജല സാന്നിധ്യം
ചൊവ്വയിൽ മനുഷ്യവാസം സാധ്യമാകുമോ എന്നും ഗ്രഹത്തിലെ ജലത്തിന്റെ ലഭ്യതയെ കുറിച്ചും ദിനം പ്രതി ഗവേഷണങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഈ ഗവേഷണങ്ങൾക്ക് ഒരു മുതൽ കൂട്ടായിരിക്കുകയാണ് പുതിയ കണ്ടെത്തൽ. ചൊവ്വയുടെ പുറംതോടിനുള്ളിൽ ജലം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഈ കണ്ടെത്തൽ ചൊവ്വയിൽ ജീവൻ്റെ സാധ്യതയെക്കുറിച്ച് കൂടുതൽ പഠിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. വളരെക്കാലം മുമ്പ്, ചൊവ്വയുടെ ഉപരിതലത്തിൽ തടാകങ്ങളും സമുദ്രങ്ങളും ഉണ്ടായിരുന്നു വെന്നും, എന്നാൽ ഗ്രഹത്തന്റെ അന്തരീക്ഷം പരിവർത്തനത്തിന് വിധേയമായതിനാൽ ജലാശയങ്ങൾ അപ്രത്യക്ഷമായി എന്നുമാണ് കരുതപ്പെടുന്നത്. ചൊവ്വയുടെ ധ്രുവങ്ങളിൽ തണുത്തുറഞ്ഞ ജലത്തിൻ്റെ സാന്നിധ്യവും അതിൻ്റെ അന്തരീക്ഷത്തിൽ ജലബാഷ്പം നിലനിന്നിരുന്നു എന്നും നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഗ്രഹത്തിൽ ദ്രവരൂപത്തിലുള്ള ജലം കണ്ടെത്തുന്നത് ഇതാദ്യമാണ്. നാസയുടെ ഇൻസൈറ്റ്‌സ് ലാൻഡറിൽ നിന്നുള്ള പുതിയ ഭൂകമ്പ വിവരങ്ങൾ ആണ് ചൊവ്വയുടെ ഉപരിതലത്തിനടിയിൽ ദ്രാവക രൂപത്തിലുള്ള ജലം കണ്ടെത്തിയിരിക്കുന്നത്.inding life on Mars
ചൊവ്വയിലെ ജല സാന്നിധ്യം പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ജലം ധാതുക്കളിൽ കുടുങ്ങിപ്പോകാനോ, ഐസ് രൂപത്തിൽ ആകാനോ സാധ്യതയുണ്ട്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 11.5-20 കിലോമീറ്റർ താഴെ പാറകൾക്കുള്ളിൽ വലിയ അളവിൽ ജലം കുടുങ്ങിക്കിടക്കുന്നതായാണ് തങ്ങളുടെ കണക്കുകൂട്ടലുകൾ എന്ന് ശാസ്ത്രജ്ഞർ പറയുന്നു.
നിലവിൽ, ചൊവ്വയിലെ ദ്രവ രൂപത്തിലുള്ള ജലത്തിനെ കുറിച്ചുള്ള കണക്കുകൂട്ടൽ പുരാതന ചൊവ്വയിലെ ഏതെങ്കിലും സമുദ്രത്തിൽ ഉണ്ടായിരുന്നുവെന്ന് കരുതിയിരുന്ന ജലത്തിൻ്റെ അളവിനേക്കാൾ കൂടുതലാണ് സ്‌ക്രിപ്‌സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫിയിലെ ഡോ വാഷൻ റൈറ്റ് പറഞ്ഞു.
നാഷണൽ അക്കാദമി ഓഫ് സയൻസസ് പ്രൊസീഡിംഗ്‌സിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ചൊവ്വയിൽ നിന്നുള്ള ഗുരുത്വാകർഷണ വിവരങ്ങളും നാസയുടെ ഇൻസൈറ്റ് ലാൻഡറിൽ നിന്നുള്ള വിവരങ്ങളും ഉപയോഗിച്ചതായി വാഷൻ റൈറ്റും സംഘവും വിശദീകരിച്ചു. ചൊവ്വയുടെ പുറംതോടിൻ്റെ വിവിധ ഭാഗങ്ങളെ കുറിച്ച് പഠിക്കുമ്പോൾ, ചൊവ്വയിൽ ഭൂചലനങ്ങളും ഉൽക്കാപതനങ്ങളും മൂലമുണ്ടാകുന്ന ഭൂകമ്പ തരംഗങ്ങളുടെ വേഗത എങ്ങനെ മാറുന്നുവെന്നും പഠനം വിശദീകരിക്കുന്നുണ്ട്. ഇൻസൈറ്റ് ലാൻഡർ ലൊക്കേഷനിലെ വിവരങ്ങൾ ചൊവ്വയെ മുഴുവനായി പ്രതിനിധീകരിക്കുന്നുവെങ്കിൽ, പാറയുടെ ഒടിവുകളിൽ കുടുങ്ങിക്കിടക്കുന്ന ജലം ചൊവ്വയിലെ 1-2 കിലോമീറ്റർ ആഴത്തിലുള്ള സമുദ്രത്തിൽ നിറയാൻ പാകത്തിലുള്ളതാണെന്നും വാഷൻ റൈറ്റ് കൂട്ടിച്ചേർത്തു. ഭൂമിയിലെന്നപോലെ, ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് വെള്ളം ഒഴുകിയിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളം കണ്ടെത്തിയത് ചൊവ്വയിൽ ജീവനുണ്ടെന്ന കാര്യത്തിൽ ഉറപ്പുനൽകുന്നില്ലെങ്കിലും, ജലം ജീവൻ്റെ ഒരു പ്രധാന ഘടകമാണെന്ന് വാഷൻ റൈറ്റ് പരാമർശിച്ചു. ഭൂമിയിൽ, ഭൂഗർഭജല സാന്നിധ്യം ഉള്ളിടത്താണ് ജീവൻ നിലനിൽക്കുന്നത്, അതിനാൽ ചൊവ്വയുടെ മധ്യഭാഗത്തെ ജലത്തിൻ്റെ സാന്നിധ്യം ഗ്രഹം വാസയോഗ്യമാണോ എന്ന് കണ്ടെത്തുന്നതിലെ നിർണായകഘടകമാണ്.
ചൊവ്വയിൽ ദ്രാവക രൂപത്തിലുള്ള ജലമുണ്ടോയെന്നും അത് കൃത്യമായി എവിടെയാണെന്നും കണ്ടെത്തേണ്ടത് പ്രധാനമാണെന്നും പ്ലാനറ്ററി സയൻസ് പ്രൊഫസറായ ബെഥാനി എൽമാൻ അഭിപ്രായപ്പെട്ടു. ഭൂമിയിൽ ജലം ഉള്ളിടത്ത് പലപ്പോഴും ജീവൻ ഉണ്ടെന്നും അതിനാൽ ചൊവ്വയിൽ ജലമുണ്ടെങ്കിൽ അവിടെ ജീവ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും എന്നും അവർ ചൂണ്ടിക്കാട്ടി.
ചൊവ്വയിൽ ജീവനുണ്ടെങ്കിൽ അത്ഭുതപ്പെടാനില്ലെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ഡോ ജോൺ വേഡ് പറഞ്ഞു. ചൊവ്വ ഭൂമിയെപ്പോലെ ലളിതമായ ജീവിതത്തിന് അനുയോജ്യവുമാകുമെന്നാണ് അദ്ദേഹം കരുതുന്നത്.
ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഡോ സ്റ്റീവൻ ബൻഹാം ചൊവ്വയുടെ മധ്യഭാഗത്തെ പുറംതോടിൽ ദ്രാവക ജലം കണ്ടെത്തിയത് ഗ്രഹത്തിന്റെ ആന്തരിക ഘടനയും സ്വഭാവവും മനസ്സിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. അതോടൊപ്പം, ഈ കണ്ടെത്തൽ ചൊവ്വയിൽ മനുഷ്യവാസം സാധ്യമാകുമോ എന്ന ഗവേഷണത്തിൽ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം ചൂണ്ടി കാട്ടി.
content summary; New hope of finding life on Mars after indication of water, scientists say