നെയ്യാറ്റിൻകരയിലെ ഗോപന്റെ മൃതദേഹത്തിന്റെ സംസ്‌കാരം ഇന്ന്. മൃതദേഹം സംസ്‌കരിക്കുന്നതിനായി പുതിയ കല്ലറ ഒരുക്കി. പോലിസ് നേരത്തെ പൊളിച്ച കല്ലറയ്ക്ക് സമീപമാണ് പുതിയ കല്ലറ ഒരുക്കിയിരിക്കുന്നത്. ഋഷിപീഠം എന്നാണ് പുതിയ സംസ്‌കാര സ്ഥലത്തിന് പേര് നൽകിയിരിക്കുന്നത്.
ഉച്ചയ്ക്ക് 12 മണിയോടെ ഗോപന്റെ മൃതദേഹം മോർച്ചറിയിൽ നിന്നും നാമജപഘോഷയാത്രയായി വീട്ടിലെത്തിക്കും. തുടർന്ന് മതാചാര്യന്മാരുടെ നേതൃത്വത്തിൽ മഹാസമാധിയായി സംസ്‌കാരം നടത്തുമെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം ഗോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. നേരത്തെ നൽകിയ മൊഴിയിലെ വൈരുധ്യങ്ങൾ ദുരീകരിക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്. അതേസമയം ഫൊറൻസിക് ലാബ്, കെമിക്കൽ ലാബ് തുടങ്ങിയ രാസപരിശോധനാ ഫലങ്ങൾ കൂടി ലഭിച്ചാലേ മരണം സംബന്ധിച്ചുള്ള അവ്യക്തതകൾ പൂർണമായി നീങ്ങൂവെന്ന് പൊലീസ് അറിയിച്ചു.
കല്ലറയ്ക്കുള്ളിൽ നിന്ന് പുറത്തെടുത്ത നെയ്യാറ്റിൻകര ഗോപന്റേത് സ്വാഭാവികമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമികനിഗമനത്തെ തുടർന്നാണ് മൃതദേഹം കുടുംബത്തിന് വിട്ടു നൽകുന്നത്. ഗോപന്റെ പോസ്റ്റ്‌മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു നടത്തിയിരുന്നത്.
ഗോപൻ സ്വാമിയുടെ ഇൻക്വസ്റ്റിൽ അസ്വഭാവികമായൊന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തിൽ പ്രത്യക്ഷത്തിൽ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാവിലെയാണ് ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്. ശരീരം മുഴുവൻ തുണി കൊണ്ട് പൊതിഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു ഗോപൻസ്വാമിയുടെ മൃതദേഹം.
പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിലാണ് കൊലപാതകമല്ലെന്ന തരത്തിലുള്ള സൂചനകളുണ്ടായിരുന്നത്. അതേസമയം, ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കൂടി ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുളളൂ.
content summary; new tomb was prepared for samadhi gopan swamys funeral today