സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരെ തീരുമാനിക്കുന്നതില്‍ ചാന്‍സിലര്‍മാര്‍ക്ക് സമ്പൂര്‍ണാധികാരം നല്‍കുന്നത് മുതല്‍ കോളേജ്/സര്‍വ്വകലാശാല നിയമനങ്ങളില്‍ അധ്യാപക നിയമനത്തിന്റെ അടിസ്ഥാന യോഗ്യതയായ നെറ്റ് പരീക്ഷ വിജയം എടുത്ത് കളയുന്നത് വരെ സമഗ്രമാറ്റം വരുത്തിക്കൊണ്ടുള്ള യു.ജി.സി നിയമഭേദഗതി രാജ്യത്തെ പൊതുവിദ്യാഭ്യാസത്തെ പൂര്‍ണമായും കൈപ്പിടിയിലാക്കാം സര്‍വ്വതലത്തിനും സമ്മര്‍ദ്ദത്തിലാക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസമാണ് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ (മിനിമം ക്വാളിഫിക്കേഷന്‍ ഫോര്‍ അപോയ്ന്റ്മെന്റ് ആന്‍ഡ് പ്രമോഷന്‍ ഓഫ ടീച്ചേഴ്സ് ആന്‍ഡ് അക്കാദമിക് സ്റ്റാഫ് ഇന്‍ യൂണിവേഴ്സിറ്റീസ് ആന്‍ഡ് കോളേജസ് ആന്‍ഡ് മെഷേഴ്സ് ഫോര്‍ മെയ്ന്റനന്‍സ് ഓഫ് സ്റ്റാന്‍ഡേര്‍ഡ്സ് ഇന്‍ ഹയര്‍ എഡ്യൂക്കേഷന്‍) റെഗുലേഷന്‍ 2025 എന്ന നിയമത്തിന്റെ കരട് രൂപം പുറത്ത് വിട്ടത്. പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും ഒരു മാസത്തിനുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം.
നിലവില്‍ കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും വൈസ് ചാന്‍സിലര്‍ നിയമത്തില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. പല സംസ്ഥാന സര്‍വ്വകലാശാലകളുടേയും ചാന്‍സിലര്‍മാര്‍ ഗവര്‍ണര്‍മാരാണ് എന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍വ്വകലാശാലകളിലും സംസ്ഥാനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിലും ഇടപെടുന്നതിന് സാധിക്കുന്നത്. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍ തുടങ്ങി പല സംസ്ഥാനങ്ങളിലും വൈസ് ചാന്‍സിലാര്‍മാരെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് പിരിച്ച് വിടുന്നതില്‍ വരെ എത്തി നില്‍ക്കുന്ന ഈ അമിതാധികാര പ്രയോഗത്തിന് കൂടുതല്‍ കരുത്ത് നല്‍കുന്നതിനാണ് ഈ നിയമ ഭേദഗതി വരുന്നതെന്നാണ് പ്രതിപക്ഷ കക്ഷികളും വിദ്യാര്‍ത്ഥി സംഘടനകളും വിദ്യഭ്യാസ വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല ഇതുവരെയുള്ള നിയമം അനുസരിച്ച് യു.ജി.സിയുടെ നിയമാവലികളില്‍ വീഴ്ച വരുത്തിയാല്‍ സര്‍വ്വകലാശാലകള്‍ക്ക് യു.ജി.സി നല്‍കുന്ന ധനസഹായത്തില്‍ കുറവുണ്ടാവുകയോ തടസമുണ്ടാവുകയോ മാത്രമായിരുന്നു ശിക്ഷ. ഇപ്പോള്‍ സര്‍വ്വകലാശാലകള്‍ നല്‍കുന്ന ബിരുദങ്ങളുടെ അംഗീകാരം എടുത്തുകളയാനും നിലനില്‍പ്പ് തന്നെ തടസപ്പെടുത്തുന്ന രീതിയില്‍ തീരുമാനങ്ങളെടുക്കാനും യു.ജി.സിക്ക് കഴിയും.
വൈസ്ചാന്‍സിലറുടെ തിരഞ്ഞെടുപ്പ് അഖിലേന്ത്യ തലത്തിലുള്ള പബ്ലിക് നോട്ടിഫിക്കേഷന്‍ വഴിയും തിരഞ്ഞെടുപ്പ് സമിതിയുടെ ടാലന്റ് സേര്‍ച്ച് വഴിയുമാകാമെന്നാണ് നിയമഭേദഗതിയുടെ കരട് പറയുന്നത്. ചാന്‍സിലര്‍ നിര്‍ദ്ദേശിക്കുന്ന ആളാകും തിരഞ്ഞെടുപ്പ്/അന്വേഷണ സമിതിയുടെ അധ്യക്ഷന്‍. യു.ജി.സി നോമിനിയും വൈസ് ചാന്‍സിലറെ ആവശ്യമുള്ള യൂണിവേഴ്സിറ്റിയുടെ പ്രതിനിധിയും അംഗങ്ങളായിരിരിക്കും. അഥവാ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളാകും അധ്യക്ഷനടക്കം രണ്ട് പേരും എന്നത് മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന് ഈ സമിതിയില്‍ പ്രാതിനിധ്യം ഉണ്ടാവുകയുമില്ല.
സബ്ഓഡിനേറ്റ് ലെജിസ്ലേഷനും അള്‍ട്രാവൈറസും
ഇത് അടിസ്ഥാനപരമായി യു.ജി.സി നിയമത്തിന്റെ അന്തസത്തയുടെ അട്ടിമറിയാണെന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. എം.വി.നാരായണന്‍ ചൂണ്ടിക്കാണിച്ചു. അധ്യാപനം, ഗവേഷണം, പരീക്ഷ എന്നിങ്ങനെ മൂന്ന് കാര്യങ്ങളില്‍ മാത്രമാണ് യു.ജി.സിക്ക് അധികാരമുള്ളത്. സര്‍വ്വകലാശാലയുടെ ഭരണവും നടത്തിപ്പും യു.ജി.സിയുടെ അധികാര പരിധിയില്‍ പെടുന്നതല്ല. അക്കാദമിക് തലവനാണെങ്കിലും യു.ജി.സിയുടെ നിയമമനസുസരിച്ച് വൈസ് ചാന്‍സിലര്‍ അധ്യാപകനല്ല. ഇക്കാര്യം ബോംബേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2012-ല്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈസ് ചാന്‍സിലറെ നിയമിക്കാനുള്ള സേര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍ ആരായിരിക്കണം എന്നൊന്നും നിശ്ചയിക്കാന്‍ യു.ജി.സിക്ക് അധികാരമില്ല.
സംസ്ഥാന സര്‍വ്വകലാശാലകള്‍ സംസ്ഥാന നിയമസഭകളുടെ നിയമനിര്‍മാണത്തിലൂടെ പ്രദേശികമായ താത്പര്യങ്ങള്‍ കണക്കിലെടുത്ത് സൃഷ്ടിക്കപ്പെടുന്നതാണ്. അതിന്റെ മുഴുവന്‍ ചെലവുകളും നിര്‍വ്വഹിക്കുന്നതും സംസ്ഥാന സര്‍ക്കാരുകളാണ്. സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന നിയമങ്ങളുടെ പരാമാധികാരം സംസ്ഥാന നിയമസഭകള്‍ക്കാണ്. ഈ നിയമങ്ങളെ അസാധുവാക്കുന്ന നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന് മാത്രമാണ് അധികാരം. ഏതെങ്കിലും തരത്തിലുള്ള ഉദ്യോഗസ്ഥ തലത്തിലുള്ള ഉത്തരവുകള്‍ കൊണ്ടോ മന്ത്രിസഭാ തീരുമാനങ്ങള്‍ കൊണ്ടോ സൃഷ്ടിക്കപ്പെടുന്ന നിയമനിര്‍മ്മാണം (സബ്ഓര്‍ഡിനേറ്റ് ലജിസ്ലേഷന്‍) കൊണ്ട് സംസ്ഥാന നിയമസഭകള്‍ സൃഷ്ടിക്കുന്ന നിയമങ്ങളെ മറികടക്കാനാവില്ല. യു.ജി.സി ചെയ്യുന്നത് അതാണ്.
എന്നാല്‍ 2015 മാര്‍ച്ച് 11ന് കല്യാണി മതിവാണന്‍ വേഴ്സസ് കെ.വി.ജയരാജ് കേസില്‍ സുപ്രീം കോടതി യാതൊരു വിശദീകരണവും കൂടാതെ ബോംബേ ഹൈക്കോടതിയുടെ വിധി തള്ളിക്കളയുകയായിരുന്നു. എക്സിക്യൂട്ടീവ് ഓര്‍ഡര്‍ വഴിയുള്ളതാണെങ്കിലും യു.ജി.സി പാര്‍ലമെന്റ് നിയമപ്രകാരം രൂപവത്കരിച്ചത് കൊണ്ട് സബ്ഓര്‍ഡിനേറ്റ് ലജിസ്ലേഷന്‍ നിലനില്‍ക്കുമെന്നും അതിനെ മറികടക്കാന്‍ പാര്‍ലമെന്റിനെ കഴിയൂ എന്നും അവര്‍ വിധിച്ചു. ബോംബേ ഹൈക്കോടതിയുടെ ഉത്തരവിന്റെ വിശദാംശങ്ങളിലേയ്ക്ക് കോടതി കടന്നില്ല. -പ്രൊഫ.നാരായണന്‍ വിശദീകരിച്ചു. തുടര്‍ന്ന് വന്ന എല്ലാ വിധികളും വിശദീകരണമില്ലാത്ത ഈ സുപ്രിം കോടതി വിധിയുടെ തുടര്‍ച്ചയായിരുന്നു. യു.ജി.സി പാര്‍ലമെന്റ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സൃഷ്ടിച്ചതാണെന്നും അതിന്റെ നിയമങ്ങള്‍ ലംഘിച്ച് കൊണ്ട് വൈസ് ചാന്‍സിലറെ നിയമിക്കാന്‍ അധികാരം സംസ്ഥാനങ്ങള്‍ക്ക് ഇല്ല എന്നും കോടതികള്‍ ചൂണ്ടിക്കാണിച്ചു.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍
കല്യാണി മതിവാണന്‍ കേസിലെ സുപ്രീം കോടതി വിധിയെ മറികടക്കുന്ന നിയമനിര്‍മ്മാണം നടത്തുന്നതിന് പകരം യുജിസിയുടെ ‘അള്‍ട്രാ വൈറസ്’ (ഇല്ലാത്ത അധികാരത്തിന്റെ പുറത്ത് നടത്തുന്ന നടപടികള്‍) നിലപാടുകളേയും ഉത്തരവുകളേയും കൂടുതല്‍ ബലപ്പെടുത്തുന്ന നിയമനിര്‍മ്മാണത്തിലേയ്ക്കാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കടന്നിരിക്കുന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഒരു സിവില്‍ കോഡ് എന്നൊക്കെ പോലെ സകല സര്‍വ്വകലാശാലകള്‍ക്കും ഒരു നിയമം എന്നതാണ് ഈ നിയമഭേദഗതിയുടെ ലക്ഷ്യം. നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വൈവിധ്യമായ പ്രവര്‍ത്തനത്തേയും പ്രദേശിക ഊന്നിത്യങ്ങളേയും ഇല്ലായ്മ ചെയ്യുന്ന നടപടിയാണിത്- പ്രൊഫ.എം.വി.നാരായണന്‍ പറഞ്ഞു.
സര്‍വ്വകലാശാലകളുടെ അധികാരങ്ങളില്‍ ഇടപെടാന്‍ കാലങ്ങളായി സര്‍ക്കാരും കോടതികളും യു.ജി.സിയും പല വിധ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സംസ്ഥാന, കേന്ദ്ര സര്‍വ്വകാലശാലകളുടെ ഭരണം കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലുറപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു ഇവ. അതിന്റെ അപകടരമായ പരിസമാപ്തിയിലൊന്നാണ് ഈ നിയമനിര്‍മ്മാണം. സബ്ഓഡിനേറ്റ് ലെജിസ്ലേഷനും എക്സിക്യൂട്ടീവ് ഓര്‍ഡറുകളും വഴി സംസ്ഥാന നിയമസഭകളുടെ നിയമനിര്‍മ്മാണത്തെ കേന്ദ്രസര്‍ക്കാരിന് അട്ടിമറിക്കാം എന്ന അപകടകരമായ സ്ഥിതിവിശേഷത്തിലേയ്ക്കും ഇത് നയിക്കുന്നുണ്ട്. അഥവാ ഈ നിയമഭേദഗതി രാജ്യത്തെ ഉന്നത വിദ്യഭ്യാസത്തെ അട്ടിമറിക്കുക മാത്രമല്ല ചെയ്യുന്നത്, ഫെഡറല്‍ വ്യവസ്ഥയെ തന്നെ ഇല്ലാതാക്കുകയാണ്. സെന്ററിസ്റ്റായ, യൂണിയന്‍ സര്‍ക്കാരിനെ മാത്രം കേന്ദ്രീകരിച്ചുള്ള ഭരണക്രമത്തിലേയ്ക്ക് നമ്മളെ നയിക്കുന്ന ശ്രമങ്ങളുടെ തുടക്കമാകുമിത്. അതുകൊണ്ട് തന്നെ ഈ നിയമഭേദഗതിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്. പ്രതിപക്ഷ കക്ഷികള്‍ക്ക് അടക്കമുള്ളവര്‍ അതീവ ഗൗരവത്തോടെ ഇതിനെ കാണണം- പ്രൊഫ.എം.വി.നാരായണന്‍ പറഞ്ഞു.
കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. എം വി നാരായണന്‍
പുതിയ നിയമഭേദഗതി വഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത് സംസ്ഥാന സര്‍വ്വകലാശാലകളെ മുകള്‍ തട്ടില്‍ നിന്നും കീഴ്തട്ടില്‍ നിന്നും ഒരു പോലെ നിയന്ത്രിക്കാനും സമ്മര്‍ദ്ദത്തിലാക്കാനുമാണ്. സംസ്ഥാന സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സിലര്‍മാരുടെ നിയമത്തില്‍ പൂര്‍ണമായും ഇടപെട്ട് നിയന്ത്രിക്കുന്നത് പോലെ താഴെ തട്ടില്‍ അധ്യാപന നിയമനം മുതല്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം യു.ജി.സിയുടെ നിയന്ത്രണത്തില്‍ നിന്ന് അണുവിടെ വിട്ടാല്‍ അംഗീകാരം റദ്ദാക്കപ്പെടുമെന്ന ഭീഷണി വരെ ഈ നിയമ ഭേദഗതിയിലുണ്ട്.
നിയമനങ്ങള്‍ക്ക് വ്യവസ്ഥകളില്ലാതാകുന്നു
കരട് നിയമ പ്രകാരം പ്രൊഫസര്‍മാരല്ലാത്തവാണെങ്കിലും വ്യവസായം, പബ്ലിക് പോളിസി, അഡ്മിനിസ്ട്രേഷന്‍, പൊതുമേഖല എന്നിവടങ്ങളില്‍ മുതിര്‍ന്ന പദവികളില്‍ ഇരിക്കുന്നവരെ വൈസ് ചാന്‍സിലര്‍മാരായി പരിഗണിക്കാം. സാമൂഹിക പ്രതിബദ്ധത, കൂട്ടായി പ്രവര്‍ത്തിക്കുന്നതിലുള്ള വിശ്വാസം, ബഹുസ്വരതയിലും ഭരണഘടന മൂല്യങ്ങളിലുമുള്ള വിശ്വാസം എന്നിങ്ങനെ രേഖാമൂലം തെളിയിക്കാന്‍ ആകാത്തതും തിരഞ്ഞെടുപ്പ് സമിതിക്ക് നിശ്ചയിക്കാവുന്ന പല മാനദണ്ഡങ്ങളും വൈസ് ചാന്‍സിലര്‍ നിയമനത്തിന്റെ യോഗ്യതകളായി വരും. അതേസമയം അന്തരാഷ്ട്ര സര്‍വ്വകലാശാലകളിലും ഉന്നത നിലവാരമുള്ള വിദേശസ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവെന്ന അധിക യോഗ്യത ഇനിമുതല്‍ പരിഗണിക്കുകയും ഇല്ല. ഇതോടെ കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവര്‍ണര്‍ അഥവാ ചാന്‍സിലര്‍ നിശ്ചയിക്കുന്ന ആള്‍ അധ്യക്ഷനായും മറ്റൊരു കേന്ദ്ര സ്ഥാപനമായ യു.ജി.സിയുടെ പ്രതിനിധിയായ അംഗവും ഭൂരിപക്ഷമാകുന്ന വൈസ് ചാന്‍സിലര്‍ നിര്‍ണയ സമിതിയില്‍ സര്‍വ്വകലാശാലയുടെ പ്രതിനിധിക്ക് തങ്ങളുടെ വൈസ് ചാന്‍സിലറെ കണ്ടെത്തുന്നതിനോ നിര്‍ണയിക്കുന്നതിനോ വലിയ പങ്ക് ഉണ്ടാവുക അസാധ്യമാണ്. ഏതെങ്കിലും കാരണവശാല്‍ പേരുകള്‍ നിര്‍ദ്ദേശിച്ചാല്‍ തന്നെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് സമിതി സമര്‍പ്പിക്കുന്ന മൂന്നോ അഞ്ചോ പേരുകളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കും. അത്തരത്തില്‍ തീരുമാനമെടുക്കാനുള്ള ഗവര്‍ണറുടെ യോഗ്യത എന്താണ് എന്നുള്ള ചോദ്യവും ബാക്കിയാണ്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് യാതൊരു തരത്തിലുള്ള അടിസ്ഥാനയോഗ്യതയും ഗവര്‍ണര്‍ക്ക് ആവശ്യമില്ല.
യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍
ഇന്റര്‍ ഡിസ്പ്ലിനറി അഥവാ ബിരുദ/ബിരുദാനന്തര വിഷയങ്ങള്‍ക്കപ്പുറമുള്ള വിഷയങ്ങള്‍ തുടര്‍ പഠനം നടത്താനും അതിന്റെ സ്വന്തം വിഷയമുമായി ബന്ധപ്പെടുത്തി പഠിക്കുകയും ഗവേഷണം നടത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട് പുതിയ നിയമം എന്നതാണ് ഇതിന്റെ കരട് ഭേദഗതിയുടെ ഗുണപരമായ വശമായി ചൂണ്ടിക്കാണിക്കുന്നത്. അത് ബിരുദാനന്തര വിഷയമല്ലാത്ത വിഷയങ്ങളില്‍ ചെയ്യുന്ന പിഎച്ച്ഡികളേയും അത്തരത്തിലുള്ള അധ്യാപക നിയമനത്തേയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തിലും തീരുമാനമെടക്കാനുള്ള അവകാശം പൂര്‍ണമായും വൈസ് ചാന്‍സിലര്‍ക്കും യുജിസി പ്രതിനിധികള്‍ക്കുമായിരിക്കും എന്നതും അത് രേഖകളുടെ അടിസ്ഥാനത്തിലാകില്ല, താത്പര്യങ്ങളുടെ പുറത്താകും എന്നതുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
യുജിസി നിയമാവലികള്‍ ഏതെങ്കിലും തരത്തില്‍ ലംഘിക്കുകയാണെങ്കില്‍ ഗ്രാന്‍ഡ് നിര്‍ത്തലാക്കുമെന്നുമുള്ള പഴയ നിലപാടിന് പകരം യുജിസി അന്വേഷണ കമ്മീഷനെ വച്ച് സര്‍വ്വകലാശാല നല്‍കുന്ന ബിരുദങ്ങളുടെ യോഗ്യത റദ്ദ് ചെയ്യുമെന്ന നിലപാട് യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍വ്വകലാശാലകള്‍ക്ക് ഭീഷണി തന്നെയാണ്.
നമ്മുടെ ഭരണഘടനയനുസരിച്ച് വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ പെട്ട ഒന്നാണ്. അതനുസരിച്ച് സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്ന അധികാരം സംസ്ഥാന സര്‍ക്കാരിനാണ്- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ.ജേക്കബ്ബ് ചൂണ്ടിക്കാണിച്ചു. 66-ാം വകുപ്പ് പ്രകാരം സര്‍വ്വകലാശാലകളുടെ അക്കാദിക നിലവാരം കാത്തു സൂക്ഷിക്കാനും ഏകോപനം നടത്താനുമുള്ള ചുമതല മാത്രമേ കേന്ദ്ര സര്‍ക്കാരിനുള്ളൂ. അതിനുള്ള ഏജന്‍സിയാണ് യു.ജി.സി. പക്ഷേ സര്‍വ്വകലാശാലകളുടെ ഭരണപരമായ കാര്യങ്ങളില്‍ യാതൊരു അവകാശവും യു.ജി.സിക്കോ കേന്ദ്രസര്‍ക്കാരിനോ ഇല്ല. വൈസ് ചാന്‍സിലര്‍മാരെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിന് മേലുള്ള നഗ്‌നമായ കടന്ന് കയറ്റമാണ് യു.ജി.സി ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ഇത് ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ വെല്ലുവിളിയാണ്. ഇതിനെ ഏത് നിലയിലും ചെറുക്കേണ്ടതാണ്-അദ്ദേഹം പറഞ്ഞു.
പ്രതിഷേധിച്ച് നേതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും
ഉന്നത വിദ്യാഭ്യാസമേഖലയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായും ഇല്ലാതാക്കുന്ന ഗൂഢപദ്ധതിയാണ് യുജിസിയുടെ 2025 ലെ ചട്ടഭേദഗതിയുടെ കരടില്‍ ഒളിച്ചു കടത്തുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുജിസിയും കേന്ദ്ര സര്‍ക്കാരും അടിച്ചേല്‍പ്പിക്കുന്ന വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണ, വര്‍ഗ്ഗീയവല്‍ക്കരണ, കേന്ദ്രീകരണ നയങ്ങളുടെ തുടര്‍ച്ചയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ രൂപീകരണം പോലും ചാന്‍സലറുടെ മാത്രം അധികാരമാക്കി മാറ്റുന്ന പുതിയ മാനദണ്ഡങ്ങള്‍ ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനവുമാണ്. ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ മന്തിസഭയുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണമെന്ന ഭരണഘടനാ കാഴ്ചപ്പാടാണ് ഇവിടെ തകര്‍ക്കപ്പെടുന്നത്. സംസ്ഥാന സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനമുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ താല്പര്യ പ്രകാരം തീരുമാനിക്കപ്പെടുന്നത് ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിനോടുള്ള വെല്ലുവിളി കൂടിയാണ്. -മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന അമിതാധികാര പ്രവണതയുടെ ഭാഗമായാണ് പുതിയ നിയമം വന്നിട്ടുള്ളത് എന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. നമ്മുടെ നിയമമനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുസര്‍വ്വകലാശാലകളില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കടന്ന് കയറ്റം മാത്രമല്ല ഇത്. നമ്മുടെ അക്കാദമിക് രംഗത്തെ കാവിവത്കരിക്കാനും ദുര്‍ബലമാക്കാനുമുള്ള ശ്രമം കൂടിയാണ്. ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്ന കേന്ദ്രീകരണ നീക്കമാണ് ഈ നിയമഭേദഗതിയുടെ കരടിലുള്ളത്- മന്ത്രി പറഞ്ഞു. യുജിസിയുടെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഏകാധിപത്യപരവും ഫെഡറലിസത്തിനെ നേരെയുള്ള ആക്രമണവും ഭരണഘടനവിരുദ്ധവുമാണ് എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയെ പൂര്‍ണ്ണമായും കാവിവത്കരിക്കാനുള്ള നീക്കമാണ് യുജിസി ചട്ടഭേദഗതി 2025ന്റെ കരട് എന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പി.എം.ആര്‍ഷോ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ റദ്ദ് ചെയ്ത് പൂര്‍ണ്ണമായും കേന്ദ്രവത്കരിക്കാനും, വാണിജ്യവത്കരിക്കാനും, വര്‍ഗീയവത്കരിക്കാനുമാണ് ശ്രമം. വൈസ് ചാന്‍സലര്‍ സെര്‍ച്ച് ആന്‍ഡ് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അധികാരം തീര്‍ത്തും ചാന്‍സലര്‍മാരെയും വിസിറ്റര്‍മാരെയും ഏല്‍പ്പിക്കുകയാണ് യുജിസി. മാത്രമല്ല, അക്കാദമിക്ക് യോഗ്യതകള്‍ ഇല്ലാത്തവര്‍ക്കും വൈസ് ചാന്‍സലര്‍മാര്‍ ആവാം എന്നാണ് യുജിസി പറയുന്നത്. ഇത് രണ്ടും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുടെ തലപ്പത്ത് സംഘപരിവാറുകാരെ നിയമിക്കാനുള്ള നീക്കമാണ്. യുജിസിക്കെതിരെ അതിശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരും- ആര്‍ഷോ പറഞ്ഞു.
സര്‍വ്വകലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന യുജിസിയുടെ കരട് ചട്ടം വിദ്യാഭ്യാസ മേഖലകയുടെ മുഴുവന്‍ ഒന്നത്യത്തെയും ഇല്ലാതാക്കുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഭൂഷണമായ പരിഷ്‌ക്കാരങ്ങളല്ല കരട് ഭേദഗതിയിലുള്ളത്. സംഘ പരിവാര്‍ ആലയില്‍ വിദ്യാഭ്യാസ മേഖലയെ തളച്ചിടാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് യാതൊരു സംഭാവനയും ചെയ്യാത്ത സംഘപരിവാറിന് ഇടം നല്‍കാനുള്ള ബിജെപി കേന്ദ്രങ്ങളില്‍ നിന്നുള്ള നീക്കമാണിതെന്നതില്‍ സംശയമില്ല. എത്ര പദ്ധതിയിട്ടാലും കാവിവത്കരണത്തിനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ യുജിസി ഡ്രാഫ്റ്റ് ജനാധിപത്യ ശക്തികള്‍ ഒരുമിച്ച് എതിര്‍ക്കേണ്ടതാണെന്ന് എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസ് പറഞ്ഞു. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ അക്കാഡമിക്ക്സിനപ്പുറം വ്യാവസായിക പ്രമുഖരെ ഉള്‍പ്പെടെ നിയമിക്കാമെന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അദ്ധ്യാപക നിയമനങ്ങളില്‍ ചിലതില്‍ നെറ്റ്(NET) വേണ്ടതില്ല എന്ന തീരുമാനം ക്വാളിറ്റി എഡ്യൂക്കേഷനെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. രാജ്യത്തെ മൈനോറിറ്റി സ്റ്റാറ്റസുള്ള സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ ഈ പുതിയ നിയമം കവര്‍ന്നെടുക്കുന്നു- പി.കെ.നവാസ് പറഞ്ഞു. New UGC amendment undermines public education appointment of VC and Teachers is now in the interest of the Centre Government
Content Summary; New UGC amendment undermines public education appointment of VC and Teachers is now in the interest of the Centre Government