June 26, 2026 |
Share on

പാപ്പാത്തിചോലയിലെ പുതിയ മരക്കുരിശ് അപ്രത്യക്ഷമായി

പൊളിച്ചു നീക്കിയ ഭീമന്‍ കുരിശിന്റെ സ്ഥാനത്ത് അജ്ഞാതര്‍ മരക്കുരിശ് സ്ഥാപിക്കുകയായിരുന്നു

മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ റവന്യൂ അധികൃതര്‍ പൊളിച്ചു നീക്കിയ ഭീമന്‍ കുരിശിന്റെ സ്ഥാനത്ത് സ്ഥാപിച്ച പുതിയ മരക്കുരിശ് അപ്രത്യക്ഷമായി. ആരാണ് ഇത് നീക്കം ചെയ്തതിന് പിന്നിലെന്ന് വ്യക്തമല്ല. ഇന്നലെ രാത്രിയോടെ അഞ്ച് അടി ഉയരമുള്ള മരക്കുരിശാണ് വീണ്ടും ഇവിടെ സ്ഥാപിച്ചത്. സംഭവം മാധ്യമങ്ങളില്‍ ബ്രീക്കിംഗ് ന്യൂസായി പ്രത്യക്ഷപ്പെട്ട ഉടന്‍ തന്നെ കുരിശ് നീക്കം ചെയ്യപ്പെടുകയായിരുന്നു. ആരാണ് ഇത് ചെയ്തത് എന്നു വ്യക്തമല്ല. വിവാദമായ സാഹചര്യത്തില്‍ മരക്കുരിശ് സ്ഥാപിച്ചവര്‍ തന്നെയാകാം ഇത് മാറ്റിയത് എന്നാണ് അധികൃതരുടെ അനുമാനം.

അതേസമയം പുതിയ കുരിശുമായി ബന്ധമില്ലെന്ന് നേരത്തെ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചിരുന്ന സ്പിരിറ്റ് ഇന്‍ ജീസസ് വ്യക്തമാക്കിയിരുന്നു.

ഏപ്രില്‍ 20 വ്യാഴാഴ്ചയാണ് റവന്യൂ സംഘം പാപ്പാത്തിചോലയിലെ കൈയേറ്റ ഭൂമിയില്‍ ലോഹക്കുരിശ് പൊളിച്ചു നീക്കിയത്. കുരിശ് പൊളിച്ചു നീക്കിയതിനെതിരെ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്സ് അടക്കമുള്ള പാര്‍ട്ടികളും മത മേലദ്ധ്യക്ഷന്മാരും വിമര്‍ശനവുമായി രംഗത്ത് എത്തുകയായിരുന്നു.

രാഷ്ട്രീയ വിവാദത്തെ തുടര്‍ന്ന് കയ്യേറ്റമൊഴിപ്പിക്കല്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ എല്‍ ഡി എഫ് തീരുമാനിച്ചിരിക്കുകയാണ്. ഒഴിപ്പിക്കലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വ കക്ഷി യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×