ഇന്ത്യയിലെ കത്തോലിക്ക കന്യാസ്ത്രീകള്‍ ബലാത്സംഗ കേസില്‍ ആരോപണവിധേയനായ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുന്നു എന്നാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരളത്തിലെ കന്യാസ്ത്രീകളുടെ സമരം സംബന്ധിച്ച് യുഎസ് ചാനലായ സിഎന്‍എന്നിന്റെ വാര്‍ത്ത. ദക്ഷിണേന്ത്യയിലെ കേരളത്തിലുള്ള ഈ കേസ് അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നതായി സിഎന്‍എന്‍ പറയുന്നു. ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ കേരളത്തില്‍ നിന്നടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ കാത്ത് നില്‍ക്കുന്ന ഫോട്ടോകളും സിഎന്‍എന്‍ കൊടുത്തിട്ടുണ്ട്.
ഇന്ത്യന്‍ ജനസംഖ്യയുടെ വെറും 2.3 ശതമാനം മാത്രമാണ് ക്രിസ്ത്യാനികളെങ്കിലും കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായം പ്രബലമാണെന്നും അതിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്നും സിഎന്‍എന്‍ ചൂണ്ടിക്കാട്ടുന്നു. കേരള ജനസംഖ്യയില്‍ 19 ശതമാനം ക്രിസ്ത്യാനികളാണ്. 60 ലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ കേരളത്തിലുണ്ട്. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ അടക്കമുള്ള സംഘടനകളുടെ സമരത്തിലെ പങ്കാളിത്തം റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു.
കത്തോലിക്ക സഭയിലേയും സര്‍ക്കാരിലേയും ഉന്നതരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസ് ബോധപൂര്‍വം കേസ് വലിച്ചുനീട്ടുകയാണ് എന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആരോപിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും അറസ്റ്റില്‍ തിടുക്കം കാണിക്കരുതെന്നുമുള്ള ഹൈക്കോടതി പരാമര്‍ശം വരെ ഇതുവരെയുള്ള കേസിലെ സംഭവവികാസങ്ങള്‍ ചുരുക്കത്തില്‍ സിഎന്‍എന്‍ റിപ്പോര്‍ട്ടിലുണ്ട്. ആഗോളതലത്തില്‍ കത്തോലിക്ക പുരോഹിതര്‍ക്കെതിരായ ലൈംഗിക പീഡന പരാതികളും ഇതില്‍ പോപ്പ് ഫ്രാന്‍സിസിന്റെ ഇടപെടലുകളും സിഎന്‍എന്‍ ചൂണ്ടിക്കാട്ടുന്നു.
വായനയ്ക്ക്: https://goo.gl/VfNUSQ