വ്യാജ ഇന്ത്യന്‍ ദൈവം നിത്യാനന്ദ, തന്റെ രാജ്യം സ്ഥാപിക്കാന്‍ ലാറ്റിന്‍ അമേരിക്കയില്‍ ഭൂമി പാട്ടത്തിനെടുക്കുന്നു. ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍പ്പെട്ട നിത്യാനന്ദ അറസ്റ്റ് ഭയന്നാണ് ഇന്ത്യയില്‍ നിന്നും മുങ്ങുന്നത്. പിന്നീട് ഇയാളെക്കുറിച്ച് കേള്‍ക്കുന്നത് ” കൈലാസ’ എന്ന സ്വതന്ത്ര രാജ്യം സ്ഥാപിച്ചു എന്ന വാര്‍ത്തകളിലാണ്. കഴിഞ്ഞ ദിവസം ഇയാള്‍ മരണപ്പെട്ടുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് ‘ കൈലാസ’ ത്തിലെ പ്രതിനിധികള്‍ തന്നെ ‘ വ്യജ’ ദൈവം ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന വിശദീകരണവുമായി രംഗത്തു വന്നു.
ഒരു ബൊളീവിയന്‍ മാധ്യമാണ് കൈലാസയുടെ ഭൂമി ഇടപാടുകളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു കൊണ്ടുവരുന്നത്. ദി ഗാര്‍ഡിയനും ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കി നിത്യാനന്ദയുടെ രാജ്യത്തിനായി ഭൂമി പാട്ടത്തിനെടുത്ത കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലാറ്റിന്‍ അമേരിക്കയില്‍ ഉടനീളം നിത്യാനന്ദയുടെ അനുയായികള്‍ ഭൂമിക്കായി തിരയുന്നുണ്ട്. ഇക്വഡോറിലും പരാഗ്വേയിലും ഇപ്പോള്‍ ബൊളീവയിലുമെല്ലാം ലക്ഷകണക്കിന് ഡോളറാണ് ഭൂമിക്കായി വാഗ്ദാനം ചെയ്യുന്നത്. ബൊളീവിയന്‍ ആമസോണിലെ തദ്ദേശീയ ജനതയായ ബൗറെ വിഭാഗത്തിന്റെ ഒരു പ്രതിനിധി നിത്യാനന്ദയുടെ ആളുകളുമായി കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഒരു ദീര്‍ഘകാല കരാറില്‍ ഒപ്പുവച്ചതായി ഗാര്‍ഡിയന്‍ പറയുന്നു. ബൗറെ വിഭാഗത്തിന്റെ കൈവശമുള്ള മഴക്കാടുകളുടെ ഭാഗമായ 60,000 ഹെക്ടര്‍ ഭൂമി( 148,260 ഏക്കര്‍) 108,000 ഡോളര്‍ (8,856,000 രൂപ) വാര്‍ഷിക പ്രതിഫലം നിശ്ചയിച്ച് പാട്ടത്തിന് നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റൊരു തദ്ദേശ ജനതയായ കയുബബ വിഭാഗത്തിന്റെ ഒരു പ്രതിനിധിയും നിത്യാനന്ദ സംഘവുമായി വേറൊരു പാട്ടക്കാര്‍ കൂടി ഒപ്പ് വച്ചതായി ഗാര്‍ഡിയന്‍ പറയുന്നുണ്ട്. 31,000 ഹെക്ടര്‍ ഭൂമി വര്‍ഷം 55,800 ഡോളറിന്(ഏകദേശം 45.67 ലക്ഷം രൂപയ്ക്ക്) ആണ് പാട്ടത്തിന് നല്‍കുന്നത്.
പരാഗ്വയെ കബളിപ്പിച്ച് നിത്യാനന്ദയുടെ ‘കൈലാസ ‘
ആശ്രമത്തിലേക്ക് കുട്ടികളെ തട്ടിക്കൊണ്ടു പോവുക, ശിഷ്യയെ ബലാത്സംഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ രാജ്യം വിട്ടശേഷം 2019 ല്‍ ‘ സ്ഥാപിച്ച’ സ്വന്തം സാമ്രാജ്യത്തിന് ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ’ എന്നാണ് നിത്യാനന്ദ പേരിട്ടത്. കൈലാസയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ ‘ രാജ്യ’ത്തെക്കുറിച്ച് കൊടുത്തിരിക്കുന്ന വിശേഷണം കൗതുകകരമാണ്, ‘ലോകമെമ്പാടുമുള്ള കുടിയിറക്കപ്പെട്ട ഹിന്ദുക്കളാല്‍ പുനരുജ്ജീവിപ്പിക്കപ്പെട്ട പുരാതന പ്രബുദ്ധ ഹിന്ദു നാഗരിക രാഷ്ട്രം’. എന്നാല്‍ ഇതിപ്പോഴും ഒരു സാങ്കല്‍പ്പിക രാജ്യം മാത്രമാണ്. ഐക്യരാഷ്ട്ര സഭയോ, മറ്റേതെങ്കിലും ഒരു രാജ്യമോ കൈലാസയെ അംഗീകരിച്ചിട്ടില്ല. ഇപ്പോഴും ദുരൂഹമായി തുടരുന്ന ഒരു സംവിധാനവുമായിട്ടാണ് ലക്ഷകണക്കിന് ഭൂമിയുടെ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തദ്ദേശ ജനത ചെയ്തിരിക്കുന്ന അബദ്ധമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഇക്വഡോറിലും പരാഗ്വേയിലും ഭൂമി വാങ്ങാനായിരുന്നു ആദ്യ ശ്രമങ്ങള്‍. ഇത് പരാജയപ്പെട്ടതോടെ യുഎസ് നഗരമായ ന്യൂവാര്‍ക്കുമായി ഒരു കരാറില്‍ ഒപ്പുവച്ചു. എന്നാല്‍ കൈലാസ നിലവിലില്ലാത്ത രാജ്യമാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയതോടെ കരാര്‍ റദ്ദാക്കി. ഇതോടെയാണ്‌നിത്യാനന്ദയുടെ കണ്ണുകള്‍ ബൊളീവിയയിലേക്ക് തിരിഞ്ഞത്. 2024 സെപ്റ്റംബറിനും നവംബറിനും ഇടയില്‍, കൈലാസ പ്രതിനിധികള്‍ കുറഞ്ഞത് നാല് തദ്ദേശീയ ഗ്രൂപ്പുകളുമായി കരാറുകളില്‍ ഒപ്പുവച്ചു. തദ്ദേശ ജനതയുടെ ഭൂമി 1,000 വര്‍ഷത്തെ പാട്ടത്തിനാണ് സമ്മതം ഉറപ്പിച്ചിരിക്കുന്നത്. ‘യാന്ത്രികവും ശാശ്വതവുമായ പുതുക്കല്‍’ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, പാട്ടക്കരാര്‍ അനിശ്ചിതമായി നീട്ടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ടെന്നാണ്. ബൊളീവിയന്‍ പത്രമായ എല്‍ ഡെബര്‍ കഴിഞ്ഞ മാസമാണ് ഈ കഥകളെല്ലാം പുറത്തു കൊണ്ടുവരുന്നത്. അതുവരെ എല്ലാ ‘ കൈലാസ’ത്തിന്റെ തീരുമാന പ്രകാരം തന്നെ നടന്നുവരികയായിരുന്നു.
കരാറുകള്‍ ആദ്യം വായിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നാണ് വാര്‍ത്ത പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകയായ സില്‍വാന വിസെന്റി പറയുന്നത്. ‘ആദ്യമായി കരാറുകള്‍ വായിച്ചപ്പോള്‍ കരുതിയത് ഞാന്‍ ഇതൊക്കെ വെറുതെ സങ്കല്‍പ്പിക്കുന്നതായിരിക്കുമെന്നാണ്. യുക്തിരഹിതമായ കാര്യങ്ങളായിരുന്നു എല്ലാം. പിന്നീടെനിക്ക് തോന്നിയത് ഇതെല്ലാം ഒരു മാജിക്കല്‍ റിയലിസമാണെന്നാണ്.’ വിസെന്റി ഗാര്‍ഡിയനോടു പറയുന്നു. ഭൂമിയുടെ പാട്ടക്കരാറുകള്‍ ഗാര്‍ഡിയനും പരിശോധിച്ചിരുന്നു. കരാര്‍ പ്രകാരം, കരാറിലേര്‍പ്പെട്ട ഓരോ തദ്ദേശീയ ഭൂമിയും ‘പൂര്‍ണ്ണമായ പരമാധികാരത്തോടെയും സ്വയംഭരണത്തോടെയും കൈലാസ നിയന്ത്രിക്കും. ഭൂമിയുടെ വ്യോമാതിര്‍ത്തിയുടെയും ഭൂമിക്ക് മുകളിലോ താഴെയോ ഉള്ള എല്ലാ പ്രകൃതിവിഭവങ്ങളുടെയും മേലുള്ള അവകാശങ്ങളും കൈലാസയ്ക്ക് മാത്രമായിരിക്കും എന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. കരാറിലെ മറ്റൊരു വ്യവസ്ഥ ഇങ്ങനെയാണ്; ‘ഏത് നിയമനടപടികളിലും കൈലാസയെ പ്രതിരോധിക്കാനും’ ‘ഒരു പരമാധികാരവും സ്വതന്ത്രവുമായ രാഷ്ട്രമെന്ന നിലയില്‍ അതിന്റെ അംഗീകാരത്തെ പിന്തുണയ്ക്കാനും, ആക്രമണത്തില്‍ നിന്ന് അതിനെ സംരക്ഷിക്കാനും, യുഎന്‍ പോലുള്ള അന്താരാഷ്ട്ര സംഘടനകളില്‍ അതിന്റെ പ്രവേശനത്തെ പിന്തുണയ്ക്കാനും’ തദ്ദേശീയ ഗ്രൂപ്പുകള്‍ ബാധ്യസ്ഥരാണ് എന്നും കരാറില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. തദ്ദേശ ജനതയെ തങ്ങളുടെ വിധേയരാക്കി കൊണ്ടുള്ള ഒരു രാജവാഴ്ച്ചയാണ് കൈലാസ ആസൂത്രണം ചെയ്തിരുന്നതെന്നാണ് ബൊളീവിയന്‍ മാധ്യമപ്രവര്‍ത്തക പറയുന്നു.
പുറത്തു വന്നിരിക്കുന്ന വിവരങ്ങളോട് ബൊളീവിയന്‍ സര്‍ക്കാര്‍ ഇതുവരെ പൂര്‍ണമായൊരു പ്രതികരണം നടത്തിയിട്ടില്ല. അതേസമയം അവര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്, ഈ സാങ്കല്‍പ്പിക രാജ്യവുമായി തങ്ങള്‍ ഇതുവരെ യാതൊരു നയതന്ത്രബന്ധവും സ്ഥാപിച്ചിട്ടില്ലെന്നാണ്.
കാവി നിറത്തിലുള്ള സാരി ധരിച്ച ഒരു സ്ത്രീയില്‍ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ എന്ന പുസ്തകം ചിരിയോടെ സ്വീകരിക്കുന്ന ബൊളീവിയന്‍ പ്രസിഡന്റ് ലൂയിസ് ആര്‍സിന്റെ ഒരു ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇത് ഔദ്യോഗക ചടങ്ങിലെ ഫോട്ടോ അല്ലെന്നും തദ്ദേശ ജനതയെ സന്ദര്‍ശിച്ച വേളയില്‍ ഒരു സ്ത്രീ ഒപ്പം നിന്ന് ഫോട്ടോ എടുക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രസിഡന്റിന്റെ ഓഫിസില്‍ നിന്നും അറിയിക്കുന്നത്. Fake god Nithyananda deceived Bolivian indigenous people to lease land for his self-proclaimed country, Kailasa.
Content Summary; Fake god Nithyananda deceived Bolivian indigenous people to lease land for his self-proclaimed country, Kailasa.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.