June 06, 2026 |
Share on

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍; കേരളം ഒന്നാമത്

നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഇന്ത്യക്കും മുന്നേറ്റം

സുസ്ഥിര വികസന ലക്ഷ്യത്തില്‍ രാജ്യത്ത് കേരളവും ഉത്തരാഖണ്ഡും ഒന്നാമത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍(എസ്ഡിജി) അടിസ്ഥാനമാക്കിയുള്ള നീതി ആയോഗിന്റെ 2023-24 കാലയളവിലെ സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന സൂചികയിലാണ് കേരളവും ഉത്തരാഖണ്ഡും ഒന്നാമതെത്തിയത്. എസ്ഡിജിയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനവും ഇത്തവണ മെച്ചപ്പെട്ടിട്ടുണ്ട്. 2020-21 ല്‍ 61 പോയിന്റായിരുന്നിടത്ത് നിന്നും 2023-24 ലെ പട്ടികയില്‍ രാജ്യം 71 പോയിന്റുകളാണ് നേടിയിരിക്കുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, സാമ്പത്തിക വളര്‍ച്ച, കാലാവസ്ഥ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ പുരോഗതിയാണ് രാജ്യത്തിന് സഹായകമായത്.

സുസ്ഥിര വികസന ലക്ഷ്യത്തിനായി നിര്‍ദേശിച്ചിരിക്കുന്ന 100 ഇന പരിപാടികളില്‍ 16 ലക്ഷ്യങ്ങള്‍ വിലയിരുത്തിയാണ് മാര്‍ക്ക് നല്‍കുന്നത്. കേരളവും ഉത്തരാഖണ്ഡും ഇക്കാര്യത്തില്‍ 71 പോയിന്റുകള്‍ വീതം നേടി മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. 57 പോയിന്റ് മാത്രമുള്ള ബിഹാറാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ബിഹാറിന് തൊട്ടു മുന്നിലുള്ളത് 62 പോയിന്റുള്ള ജാര്‍ഖണ്ഡാണ്. അവസാനമായി നീതി ആയോഗ് എസ്ഡിജി പട്ടിക പുറത്തിറക്കിയത് 2020-21 ലാണ്. അന്നത്തേതില്‍ നിന്നും പഞ്ചാബ്, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. യഥാക്രമം 76,72, 70, 65 എന്നിങ്ങനെയാണ് ഇത്തവണ പോയിന്റ് നേടിയിരിക്കുന്നത്. എസ്ഡിജിക്ക് കീഴില്‍ നിശ്ചയിച്ചിട്ടുള്ള 16 ലക്ഷ്യങ്ങളിലുടനീളം കാര്യമായ പുരോഗതി കൈവരിക്കാന്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടു കൊണ്ട് സംസാരിച്ച നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രമണ്യം പറഞ്ഞത്.

2030 ഓടെ കൈവരിക്കാന്‍ ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ചിരിക്കുന്ന പരസ്പരബന്ധിതമായ ആഗോള ലക്ഷ്യങ്ങളാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളെന്നു പറയുന്നത്. ഏറ്റവും പുതിയ എസ്ഡിജി ഇന്ത്യ സൂചികയുടെ നാലാമത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ പ്രകടനം വിലയിരുത്തുന്നതിന് 113 സൂചകങ്ങളെയാണ് പട്ടികയില്‍ ആശ്രയിച്ചിരിക്കുന്നത്. ദാരിദ്ര്യം ഇല്ലാതാക്കുക, മാന്യമായ തൊഴില്‍ ഉറപ്പാക്കുക, സാമ്പത്തിക വളര്‍ച്ച നേടുക, ഭൂമി ആവാസ യോഗ്യമാക്കി നിലനിര്‍ത്താനുള്ള കാലാവസ്ഥ അനുകൂല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളില്‍ സംസ്ഥാനങ്ങള്‍ 2020-21 നെ അപേക്ഷിച്ച് പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലിംഗ സമത്വം, സമാധാനം, നീതി, ശക്തമായ ഭരണ സംവിധാനം എന്നീ കാര്യങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ചെറിയ പുരോഗിതയും ഉണ്ടായിട്ടുണ്ട്.

അതേസമയം അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തില്‍ രാജ്യം പിറകിലേക്ക് പോകുന്നുവെന്നതാണ് ഈ റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായൊരു കാര്യം. 2020-21 ല്‍ അസമത്വം കുറയ്ക്കുന്ന എന്ന ലക്ഷ്യത്തിന് രാജ്യം 67 പോയിന്റുകള്‍ നേടിയിരുന്നുവെങ്കില്‍ ഇത്തവണയത് 65 ആയി കുറഞ്ഞു. സമ്പത്തിന്റെ വിതരണത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ കൂടി ഇക്കാര്യത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ റിപ്പോര്‍ട്ടില്‍ താഴേക്കു പോയ ഏക കാര്യവും അസമത്വമാണെന്നും നീതി ആയോഗ് ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക അസമത്വം ഇന്ത്യയില്‍ ഭൂരിഭാഗം ഇടങ്ങളിലും കാണാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘ഇന്ത്യയില്‍ അസമത്വം വര്‍ദ്ധിച്ചിട്ടില്ല, കുറഞ്ഞു. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന നികുതിദായകരുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ ഗണ്യമായി വര്‍ദ്ധിച്ചു. താഴ്ന്ന നികുതി സ്ലാബിലുള്ളവര്‍ ഉയര്‍ന്ന നികുതി സ്ലാബിലേക്ക് ഉയരുകയും ചെയ്തു. എന്നാല്‍ സമ്പന്നരായ 10 ശതമാനത്തിനും താഴെയുള്ള 10 ശതമാനത്തിനും ഇടയിലുള്ള ഉപഭോഗ വിടവ് കൂടിയിട്ടുണ്ട്’ എന്നാണ് നീതി ആയോഗ് സിഇഒ സുബ്രമണ്യം ചൂണ്ടിക്കാണിക്കുന്നത്.

സാമ്പത്തികത്തിനു പുറമെ തൊഴില്‍, ലിംഗ വിഷയങ്ങളും അസമത്വത്തിന്റെ കാര്യത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്നാണ് സിഇഒ പറയുന്നത്. ലിംഗ സമത്വത്തിന്റെ പോയിന്റ് 49 മാത്രമാണ്, ഇത് മറ്റെല്ലാത്തിനെക്കാളും താഴെയാണ്. കഴിഞ്ഞ റിപ്പോര്‍ട്ടില്‍ നിന്നും ഒരു പോയിന്റ് മാത്രമാണ് ഇത്തവണ കൂടിയിരിക്കുന്നത്. ആണ്‍-പെണ്‍ ജനനിരക്കിലെ വ്യത്യാസം, സ്ത്രീകള്‍ക്ക് സ്വന്തമായി തൊഴില്ലാത്തത്, വരുമാനമോ, ഭൂമിയോ ഇല്ലാത്തത്, തൊഴില്‍ ശക്തിയായി സ്ത്രീകള്‍ മാറാതെ പോകുന്നത് എന്നിവയെല്ലാം ലിംഗ അസമത്വം വര്‍ദ്ധിക്കുന്നതിന് കാരണമായി പറയുന്നുണ്ട്.

ദാരിദ്ര്യ നിര്‍മാര്‍ജനം എന്ന ലക്ഷ്യത്തില്‍ ഇന്ത്യ മുന്നേറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ ലക്ഷ്യത്തില്‍ മുന്‍ കാലത്തേതില്‍ നിന്നും എട്ട് പോയിന്റുകള്‍ കൂടി 72 ല്‍ എത്തിയിട്ടുണ്ട്. പട്ടിണിയെ ഇല്ലാതാക്കുക എന്ന കാര്യത്തിലും രാജ്യം മുന്നേറിയിട്ടുണ്ട്. അഞ്ച് പോയിന്റുകള്‍ കൂടി 52 ല്‍ എത്തിയിരിക്കുകയാണ് ഇത്തവണത്തെ മാര്‍ക്ക്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിലും രാജ്യം പുരോഗതി നേടുന്നുണ്ട്. നാല് പോയിന്റുകള്‍ വര്‍ദ്ധിച്ച് ഇത്തവണ ഈ ലക്ഷ്യം 61 പോയിന്റില്‍ എത്തിയിട്ടുണ്ട്.  NITI Aayog-s-sdg-india-Index-kerala-uttarakhand-at-top

Content Summary; NITI Aayog-s-sdg-india-Index-kerala-uttarakhand-at-top

Leave a Reply

Your email address will not be published. Required fields are marked *

×