February 14, 2025 |

ഞെട്ടിച്ച് നിതീഷ്; മണിപ്പൂരില്‍ ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ച് ജെഡിയു

60 അംഗ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 37 എംഎല്‍എമാരുണ്ട്

മണിപ്പൂരില്‍ ബിജെപിയെ കയ്യൊഴിഞ്ഞ് ജെഡിയു. മണിപ്പൂരിലെ ബിജെപി സര്‍ക്കാരിന് വലിയ തിരിച്ചടിയാണുണ്ടായത്. എന്‍. ബിരേന്‍ സിങ് നയിക്കുന്ന ബിജെപി സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ ഇനിയില്ലെന്ന് സഖ്യകക്ഷിയായ ജെഡിയു വ്യക്തമാക്കി. നിതീഷ് കുമാര്‍ അധ്യക്ഷനായ ജെഡിയുവിന് മണിപ്പൂര്‍ നിയമസഭയിലുള്ളത് ഒരു അംഗമാണ്. പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിനെ ബാധിക്കില്ലെങ്കിലും പ്രധാന സമയത്ത് തന്നെ നിര്‍ണായക സഖ്യകക്ഷിയായ ജെഡിയുവിന്റെ പിന്തുണ പിന്‍വലിക്കല്‍ പ്രഖ്യാപനം കേന്ദ്ര സര്‍ക്കാരിനുള്ള മുന്നറിയിപ്പാണെന്നാണ് സൂചനകള്‍.

കോണ്‍റാഡ് സാഗ്മ അധ്യക്ഷനായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നേരത്തെ തന്നെ മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന് മണിപ്പൂരില്‍ ആറ് സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് ശേഷം അഞ്ച് എംഎല്‍എമാര്‍ കൂടുമാറി ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ നിലവില്‍ ജെഡിയുവിന് ഒരു എംഎല്‍എ മാത്രമാണുള്ളത്.

60 അംഗ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 37 എംഎല്‍എമാരുണ്ട്. ഇത് കൂടാതെ നാഗാ പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്.

നിലവില്‍ 12 എംപിമാരാണ് ജെഡിയുവിന് ലോക്‌സഭയിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക സഖ്യകക്ഷികളില്‍ ഒന്നാണ് ജെഡിയു എന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയുവിന്റെ തലവനുമായ നിതീഷ് കുമാര്‍ പലതവണ മുന്നണി മാറിയ ചരിത്രമുള്ളതിനാല്‍ ബിജെപി ആശങ്കയിലാണ്. ബിഹാറലും ബിജെപിയും ജെഡിയുവും സഖ്യത്തിലാണ്.

content summary; nitish kumar jdu withdraws support to bjp led government in manipur

×