കേരളത്തിലെ തൊഴിലാളികളെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനക്കെതിരെ സി.ഐ,റ്റി.യു, ഐ.എൻ.റ്റി.യു.സിയു നേതൃത്വവും മന്ത്രിമാരും രംഗത്തെത്തി. കേരളത്തിലെ തൊഴിലാളികളെ അധിക്ഷേപിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ഹീനവും, കേരളവിരുദ്ധവുമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടി എളമരം കരീം പറഞ്ഞു. നിർമല സീതാരാമന്റെ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഐ.എൻ.റ്റിയു.സി. സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരന്‍ അറിയിച്ചു. Nokkookuli comment
കഴിഞ്ഞ ദിവസം രാജ്യസഭയിൽ മണിപ്പൂർ വിഷയത്തിൽ സംസാരിക്കവേയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. കേരളത്തിൽ വ്യവസായം വളരാൻ അനുവദിക്കാത്ത നോക്കുകൂലി സമ്പ്രദായം നിലനിൽക്കുന്നുവെന്ന് നിർമല സീതാരാമൻ പറഞ്ഞു. കേന്ദ്രമന്ത്രിയുടെ തൊഴിലാളി വിരുദ്ധവും, കേരളവിരുദ്ധവുമായ നിലപാടിൽ പ്രതിഷേധിക്കാൻ സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളും ട്രേഡ് യൂണിയനുകളും മുന്നോട്ടുവരണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി പറഞ്ഞ വിധത്തിലുള്ള ‘നോക്കുകൂലി’ പോലെയുള്ള അനഭിലഷണീയ പ്രവണതകൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചവരാണ് കേരളത്തിലെ ട്രേഡ് യൂണിയനുകൾ. ഏതാനും വർഷങ്ങൾക്കുമുമ്പ് അപൂർവ്വം ചില തൊഴിൽ കേന്ദ്രങ്ങളിൽ ഉണ്ടായ തെറ്റായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രേഡ് യൂണിയനുകൾ സ്വീകരിച്ചത്. സംസ്ഥാനത്ത്, സിഐടിയു മാത്രമല്ല ട്രേഡ് യൂണിയൻ. ഐഎൻടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു തുടങ്ങിയ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്രമന്ത്രിയുടെ വിമർശനത്തിന് സിഐടിയുനെയും സിപിഐ(എം)നെയും മാത്രം ഇരയാക്കിയത് അവരുടെ രാഷ്ട്രീയ വിരോധം കൊണ്ട് മാത്രമാണ്.- കരീം പറഞ്ഞു.
നിർമല സീതാരാമൻ നടത്തിയത് സർവ്വ തൊഴിലാളി പ്രസ്ഥാനങ്ങൾക്കും എതിരായ തെറ്റായ പ്രസ്ഥാവനയാണെന്ന് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ വ്യക്തമാക്കി. കേരളത്തിൽ നോക്കുകൂലി കമ്യൂണിസ്റ്റാണ് എന്ന് പറഞ്ഞത് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെയാണെങ്കിലും ഒരു തൊഴിലാളി സംഘടനകളും നോക്കുകൂലിയെ അനുകൂലിക്കുന്നതായി കണ്ടിട്ടില്ലെന്നും കേരളത്തിൽ നോക്കുകൂലി വേണമെന്ന് ആവിശ്യപ്പെട്ടത് ബിജെപി സംഘടനയായ ബിഎംഎസ് ആണ്. പരസ്യമായി പല വേദികളിലും ബിഎംഎസ് അത്തരം നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും ചന്ദ്രശേഖരൻ പറയുന്നു.
തൊഴിലാളികളെ അധിക്ഷേപിക്കുക എന്നത് ബിജെപി സർക്കാറിന്റെ ഒരു പ്രഖ്യാപിത നയമായിട്ടാണ് ഞങ്ങൾ കാണുന്നത്. 2014ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നമ്മുടെ രാജ്യത്തെ തൊഴിൽ നിയമങ്ങളും മാറ്റി, തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കി. കേന്ദ്രത്തെ ഭരിക്കുന്ന സർക്കാരിലെ ഒരു പ്രധാനപ്പെട്ട വ്യക്തി എന്ന നിലയിൽ നിർമല സീതാരാമന്റെ പരാമർശം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ കാലങ്ങളായി തുടരുന്ന വർഗ്ഗീയ ആക്രമണങ്ങളേയും വംശഹത്യയേയും സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയുടെ തുടർച്ചയായാണ് കേരളത്തിലെതിരെ നിർമല സീതാരാമൻ രംഗത്തെത്തിയത്. മണിപ്പൂരിലുണ്ടായത് സമാനതകളില്ലാത്ത ആക്രമണങ്ങളാണെന്ന് ഇടത്പക്ഷ എംപിമാർ ചൂണ്ടിക്കാണിച്ചിരുന്നു. ഇതാണ് നിർമല സീതാരാമനെ ചൊടിപ്പിച്ചത്. കേരളത്തിലെ വ്യവസായ രംഗത്തെ സമ്പൂർണമായും കുഴപ്പത്തിൽ ചാടിച്ചത് സിപിഐഎമ്മിന്റെ നയങ്ങളാണെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിൽ ഇപ്പോൾ നോക്കുകൂലി ഇല്ല എന്ന് മുഖ്യമന്ത്രി പറയുന്നു, അതിനർത്ഥം നേരത്തെ നോക്കുകൂലി കൊടുക്കേണ്ടി വന്നിരുന്നു എന്നാണ്. ഇത്തരം കമ്യൂണിസമാണ് കേരളത്തിൽ വ്യവസായത്തെ വളരാനനുവദിക്കാത്തത്.
കേരളത്തിൽ ഒരാൾ ബസിൽ പോയി ഇറങ്ങുകയാണെങ്കിൽ ബാഗ് പുറത്തെടുക്കുന്നതിന് അൻപത് രൂപയും ഒപ്പം നോക്കുകൂലിയായി സിപിഐഎം കാർഡുള്ളവർക്ക് നൽകേണ്ടി വരും- നിർമല സീതാരാമൻ പറഞ്ഞു. തന്നെ കൂടുതൽ പഠിപ്പിക്കാൻ നിൽക്കേണ്ടെന്നും താനും ആ മേഖലയിൽ നിന്നുള്ള ആളാണെന്നും പ്രതിപക്ഷ അംഗങ്ങളോട് മന്ത്രി ക്ഷുഭിതയായി.
നിർമല സീതാരാമന്റെ പ്രസംഗം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് വ്യക്തമാക്കിക്കൊണ്ട് മന്ത്രി പി രാജീവും രംഗത്തെത്തിയിരുന്നു. വസ്തുതകൾ ഇല്ലാതെ കാര്യങ്ങൾ പറഞ്ഞാൽ അവരുടെ വിശ്വാസ്യത തകരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുകയാണ്. നോക്കുകൂലി സംബന്ധിച്ച് തെറ്റായ പ്രവണതകളുണ്ടായിരുന്നുവെന്നും അത് അവസാനിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തെ അപമാനിക്കാൻ ശ്രമിക്കുകയാണ് നിർമലാ സീതാരാമൻ എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചു. കേന്ദ്ര ധനമന്ത്രി കേരളത്തെ അപമാനിക്കാനാണ് ശ്രമിച്ചതെന്നും, കേരളത്തെക്കുറിച്ച് നടത്തിയ പരാമർശം തെറ്റിദ്ധാരണ പടർത്തുന്നതാണെന്നും ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചതാണ്, നോക്കുകൂലി പോലുള്ള പ്രവണതകൾക്കെതിരെ സർക്കാർ നടപടിയെടുത്ത സംസ്ഥാനമാണ് കേരളമെന്നും, ചെയ്യാത്ത ജോലിക്ക് കൂലി ആവിശ്യപ്പെടുന്നതും, അമിത കൂലി ചോദിക്കുന്നതും സർക്കാർ ഉത്തരവ് പ്രകാരം വിലക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒറ്റപ്പെട്ട സംഭവങ്ങൾ പർവ്വതീകരിച്ച് കാണിക്കുകയാണ് നിർമല സീതാരാമൻ എന്നും മന്ത്രി പറഞ്ഞു.
”ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാൾ മികച്ച തൊഴിൽ അന്തരീക്ഷമാണ് കേരളത്തിൽ നിലനിൽക്കുന്നത്. തൊഴിൽ മേഖലയിൽ രാജ്യത്തിന് തന്നെ വഴികാട്ടിയാണ് കേരളം. ലോകമെങ്ങും തൊഴിലാളി സംരക്ഷണ നിയമങ്ങളും നയങ്ങളും മാറ്റിവയ്ക്കപ്പെടുന്ന സാഹചര്യത്തിലാണ് കേരളം മികച്ച തൊഴിലാളി-തൊഴിലുടമാ ബന്ധം ഉറപ്പാക്കുകയും തൊഴിലിട സൗഹൃദ സംസ്‌കാരം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നത്. രാജ്യത്ത് ആദ്യമായി തൊഴിൽ നയം ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സംസ്ഥാനമാണ്.” ശിവൻകുട്ടി വ്യക്തമാക്കി. Nokkookuli comment
content summary; Nokkookuli comment; Trade unions reject Nirmala Sitharaman