രാമരാജ്യം’ സ്ഥാപിക്കാന്‍ സഹായിച്ചില്ലെന്നാരോപിച്ച് ക്ഷേത്ര പുരോഹിതന് മര്‍ദ്ദനം. ചില്‍കൂര്‍ ബാലാജി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ സി എസ് രംഗരാജനെയാണ് ഒരു കൂട്ടം ഹിന്ദുത്വ മതമൗലികവാദികള്‍ വീട് കയറി ആക്രമിച്ചത്. ഫെബ്രുവരി ഏഴിനായിരുന്നു ആക്രമണം. ഞായറാഴ്ച്ച രംഗരാജന്റെ പിതാവും ക്ഷേത്ര സംരംക്ഷണ സിമിതി കണ്‍വീനറുമായ എം വി സൗന്ദര്‍രാജന്‍ ഈ വിഷയം മാധ്യമങ്ങളോട് പറയുമ്പോഴാണ് പുറം ലോകം അറിയുന്നത്. അക്രമണത്തിന് നേതൃത്വം നല്‍കിയ വീരരാഘവ റെഡ്ഡി എന്നയാളെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാമരാജ്യം സ്ഥാപിക്കുക, അതിന്റെ ഭാഗമായി ഒരു സൈന്യത്തെ രൂപീകരിക്കുക എന്നതായിരുന്നു രംഗരാജനെ അക്രമിച്ച സംഘത്തിന്റെ ലക്ഷ്യം. തങ്ങളുടെ ദൗത്യമോ അജണ്ടയോ അംഗീകരിക്കാത്തവരെ ശിക്ഷിക്കുന്നതിനാണ് സൈന്യം. ഈ ആവശ്യവുമായി റെഡ്ഡിയുടെ നേതൃത്വത്തില്‍ രംഗരാജനെ സമീപിച്ചിരുന്നു. അവരുടെ ആവശ്യത്തെ പിന്തുണയ്ക്കുക മാത്രമല്ല, സാമ്പത്തിക സഹായവും ആവശ്യമായിരുന്നു. ഇതിന് തയ്യാറാകാതിരുന്നതോടെയാണ് ക്ഷേത്ര പൂജാരിയെ തന്നെ വീട്ടില്‍ കയറി തല്ലിയത്. രംഗരാജന്‍ വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് ആക്രമണം. അക്രമി സംഘത്തില്‍ 20 ഓളം പേരുണ്ടായിരുന്നു.
ഇക്ഷ്വാകു വംശത്തിന്റെ പിന്‍ഗാമികളെന്ന് സ്വയം പ്രഖ്യാപിച്ചവരാണ് ആക്രമണത്തിന് പിന്നില്‍. തങ്ങളുടെ ദൗത്യമോ അജണ്ടയോ അംഗീകരിക്കാത്ത ആളുകളെ ശിക്ഷിക്കാന്‍ സ്വകാര്യ സൈന്യത്തെ സൃഷ്ടിച്ച് അതുവഴി രാമരാജ്യം രൂപീകരിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്താണ് രാമരാജ്യം എന്ന ആശയം മനസ്സിലാക്കിയിട്ടില്ലാത്തവരാണവര്‍. എന്റെ മകന്‍ അവരുമായി ബന്ധപ്പെടാന്‍ വിസമ്മതിച്ചതോടെയാണ് ആക്രമിക്കപ്പെട്ടതെന്നാണ് സൗന്ദര്‍രാജന്‍ പറയുന്നത്.
https://t.co/B5WsKMzfkM pic.twitter.com/51CU1kLRJ4
— Rangarajan chilkur (@csranga) February 9, 2025
രാമരാജ്യ സൈന്യത്തിന്റെ സര്‍വ്വാധികാരിയായാണ് ഒന്നാം പ്രതി വീരരാഘവ റെഡ്ഡി സ്വയം അവകാശപ്പെട്ടിരുന്നത്. ആന്ധ്രപ്രദേശിലും തെലങ്കാനയിലും മുഴുവന്‍ തങ്ങളുടെ സൈന്യത്തിന് സ്വാധീനം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. എല്ലാവരും തന്റെ വാക്കുകള്‍ അനുസരിക്കണമെന്നും റെഡ്ഡിയുടെ ആജ്ഞയുണ്ടായിരുന്നു. എട്ടുവര്‍ഷത്തോളമായി ഈ സംഘം പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഉഗാദി ഉത്സവത്തിന് മുമ്പ് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് സംഘം രംഗരാജനെ ഭീഷണിപ്പെടുത്തിയിരുന്നു. മറ്റ് മതങ്ങളിലെ പുരോഹിതന്മാര്‍ ചെയ്യുന്നതുപോലെ ധര്‍മ്മരക്ഷയുടെ സന്ദേശം രംഗരാജനും പ്രചരിപ്പിക്കണമെന്നും മുഖ്യപ്രതിയുടെ നേതൃത്വത്തില്‍ ഭീഷണിയുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കറുത്ത വസ്ത്രവും കാവി തോര്‍ത്തും ധരിച്ചാണ് അക്രമികള്‍ എത്തിയത്. ഇവരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൈകൂപ്പി അപേക്ഷിക്കുന്ന രംഗരാജന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ സംഭവം രാഷ്ട്രീയമായും ഏറ്റെടുക്കപ്പെട്ടിട്ടുണ്ട്. തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതി രംഗത്തു വന്നിട്ടുണ്ട്. Not help establishing Rama Rajya, fringe group attacks hyderabad priest
Content Summary; Not help establishing Rama Rajya, fringe group attacks hyderabad priest