UPDATES

വായന/സംസ്കാരം

എന്‍ എസ് മാധവനും സക്കറിയയും എഴുത്തുകാരായ കഥ

ശിശു മുതല്‍ തേന്‍ വരെ

                       

എന്‍ എസ് മാധവന്‍

എഴുത്തില്‍ ഞാന്‍ പാലിച്ചിട്ടുള്ള ശീലം അതില്‍ ആത്മകഥാംശം പാടില്ല എന്നുള്ളതാണ്. ഏലിയട്ടൊക്കെ വായിച്ചിട്ടു സ്വന്തം വ്യക്തിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് എഴുത്ത് എന്ന ബോധം കുട്ടിക്കാലത്ത് തന്നെ ഉണ്ടായിരുന്നു. ഞാന്‍ ജനിച്ചത് എറണാകുളത്താണ്. നിങ്ങള്‍ക്കൊന്നും വിചാരിക്കാന്‍ പറ്റാത്ത രീതിയിലുള്ള ആധുനിക നഗരമായിരുന്നു എറണാകുളം. 1964 ല്‍ എറണാകുളത്തെ ഒരേ ഒരു റെകോര്‍ഡിംഗ് കമ്പനിയില്‍ ഇംഗ്ലണ്ടിലെ ബീറ്റില്‍സിന്റെ റെക്കോര്‍ഡ് വാങ്ങിക്കാന്‍ പോയപ്പോള്‍ അവര്‍ വരുത്തിച്ചിരുന്ന അഞ്ചോ ആറോ റെകോര്‍ഡുകള്‍ എല്ലാം വിറ്റുപോയി എന്നു പറയുന്ന ഒരു ഘട്ടം ഉണ്ടായിരുന്നു. അന്ന് വായനയുടെ തുടക്ക കാലത്ത് തന്നെ എനിക്കു വേറൊരു ഗുണം ഉണ്ടായിരുന്നു. ഞാന്‍ നാലാം ക്ളാസ്സില്‍ എത്തിയപ്പോള്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ രണ്ടോ മൂന്നോ ഗവണ്‍മെന്‍റ് സ്കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആരംഭിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചതിന്റെ ഫലമായിട്ടു ഏതാണ്ട് പത്താം ക്ലാസ് എത്തിയപ്പോള്‍ തന്നെ ഞാന്‍ കാമ്യുവിനെയാണ് ആദ്യം വായിച്ചത്. വല്യ കാര്യമായിട്ടൊന്നും മനസ്സിലായിട്ടില്ലെങ്കിലും അത്തരത്തിലുള്ള പുസ്തകങ്ങളൊക്കെ ലഭിക്കുന്ന ഒരു ചുറ്റുപാട് ഉണ്ടായിരുന്നു. എന്റെ വീട്ടില്‍ തന്നെ ഒരു സാഹിത്യ അന്തരീക്ഷവും ഉണ്ടായിരുന്നു. എന്റെ പിതാമഹി വളരെ പ്രശസ്തയായ തര്‍ക്ക വിദഗ്ദയായിരുന്നു. സാഹിത്യ നിപുണ അംഗീകാരം ബനാറസ് യൂണിവേഴ്സിറ്റിയില്‍ നിന്നു അവര്‍ക്ക് ലഭിച്ചിരുന്നു. ശങ്കരാചാര്യരെ ആദ്യമായിട്ട് മലയാളത്തിലേക്കു വ്യാഖ്യാനം ചെയ്തത് എന്റെ പിതാമഹിയാണ്. സാഹിത്യവും എഴുത്തും വലിയ കാര്യമാണെന്ന് കരുതിയിരുന്ന ഒരു അന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നത്.

അതോടൊപ്പം തന്നെ അന്ന് നിലനിന്നിരുന്ന സാഹിത്യ അന്തരീക്ഷവും ഉണ്ട്. അതായത് സവര്‍ണ്ണ സംസ്കൃത മേധാവിത്വത്തില്‍ നിന്നു പുരോഗമന സാഹിത്യം, ജീവല്‍ സാഹിത്യം എന്നെല്ലാം തകഴി, കേശവദേവ്, ബഷീര്‍ തുടങ്ങിയവര്‍ പുതിയ പാന്ഥാവ് വെട്ടിയ ആ ഒരു കാലഘട്ടത്തിലാണ് എന്റെ വായന തുടങ്ങുന്നത്. ആദ്യ കാലത്ത് കേരളവര്‍മ്മ ആയാലും ഉള്ളൂരായാലും ഇവരെല്ലാം ശഠിച്ചിരുന്നത് പോലെ എഴുത്തുകാരന് ചില ഗുണങ്ങള്‍ വേണമായിരുന്നു. അന്ന് സംസ്കൃതമായിരുന്നു എഴുത്തു ഭാഷ.  പിന്നെ കുമാരനാശാന്‍ ഒഴിച്ച് ബാക്കിയുള്ള എല്ലാവരും സവര്‍ണ്ണരായിരുന്നു.  സംസ്കൃത സാഹിത്യം നോക്കുകയാണെങ്കില്‍ എഴുത്തിനേക്കാള്‍ കൂടുതലായിട്ടു എഴുത്തുകാരനെ കുറിച്ചുള്ള വര്‍ണ്ണനയാണ്. ഇത് ഈ പുരോഗമന സാഹിത്യം വന്നപ്പോള്‍ ഇല്ലാതായി. അതിനു പകരം ബഷീര്‍, കേശവദേവ്, തകഴി എന്നിവര്‍ മുന്നോട്ട് വെച്ച ഒരു കാര്യം അനുഭവം ആണ്. എന്നെപ്പോലെ ഒരു കുട്ടിക്ക് എന്തനുഭവം ഉണ്ടാകാന്‍. അനുഭവം ഉണ്ടെങ്കിലേ എഴുത്തുകാരന്‍ ആകൂ എന്ന ഒരു അപകര്‍ഷതാ ബോധം ഉള്ളില്‍ തരുന്ന കാലഘട്ടമായിരുന്നു.   ബഷീറിനെയൊക്കെ പോലെ പത്തോ പന്ത്രണ്ടോവര്‍ഷം യാത്ര ചെയ്യാനൊന്നും പറ്റില്ലല്ലോ. ഇതൊന്നും ചെയ്യാത്തവരെ നിരൂപകര്‍ പുച്ഛിക്കുന്ന ഒരു കാലവും കൂടിയായിരുന്നു അത്.

അന്നത്തെ എറണാകുളം പോലെ ആധുനികമായ ഒരു നഗരം വളരെ അധികം സ്വാധീനം ഉണ്ടായിരുന്നു. അവിടത്തെ പബ്ലിക് ലൈബ്രറിയില്‍ ഇല്ലാത്ത വിദേശ മാസികകള്‍ ഇല്ലായിരുന്നു. ഇതിലൂടെ എഴുത്തിന്റെ ക്രാഫ്റ്റ് ഞാന്‍ മനസിലാക്കി. എങ്ങനെ എഴുതണം എന്നതിനെ കുറിച്ച് വല്യ വല്യ എഴുത്തുകാരുമായിട്ട് ഇന്‍റവ്യൂകള്‍ പാരീസ് റിവ്യൂ പോലുള്ള വിദേശ മാസികയില്‍ വരുമായിരുന്നു. അതെല്ലാം വായിച്ചു ഹൃദിസ്ഥമാക്കുക എന്നുള്ളതായിരുന്നു അന്നത്തെ ഒരു പ്രധാന ജോലി. കൂട്ടത്തില്‍ ആ കാലത്തെ സമകാലീനരില്‍ പലരും ഒത്തു ചേര്‍ന്ന ഒരു സ്ഥലമായിരുന്നു മഹാരാജാസ് കോളേജ്. അന്നൊക്കെ പഠിച്ചു വലുതായി മഹാരാജാസില്‍ ചേരുക എന്നുള്ളതായിരുന്നു. പത്താം ക്ലാസ്സിലെ സമീപ ലക്ഷ്യം ഇത്രയേയുള്ളൂ. മഹാരാജാസില്‍ അഡ്മിഷന്‍ കിട്ടാനുള്ള മാര്‍ക്കിനപ്പുറത്ത് ചിന്തിക്കാത്ത ഒരു കാലഘട്ടമായിരുന്നു. ഞാന്‍ പ്രീഡിഗ്രിക്ക് വരുമ്പോള്‍ സച്ചിദാനന്ദന്‍ എം എയ്ക്കു അവിടെ ഉണ്ടായിരുന്നു. ഏതാണ്ട് വിശ്വസാഹിത്യം മഹാരാജാസില്‍ അന്ന് പ്രതിഫലിച്ചിരുന്നു. 1964 ലാണ് ജീന്‍ പോള്‍ സാര്‍ത്രേ നോബല്‍ പ്രൈസ് വേണ്ട എന്നുപറയുന്നത്. അതൊരു വല്യ സംഭവം ആയിരുന്നു. സച്ചിദാനന്ദന്‍ അടക്കമുള്ള വിലപ്പെട്ട കുറെ സൌഹൃദം ഉണ്ടായിരുന്നു.

സാഹിത്യത്തോടൊപ്പം എനിക്കു രാഷ്ട്രീയത്തിലും താത്പര്യം ഉണ്ടായിരുന്നു. സാഹിത്യവും രാഷ്ട്രീയവും ഒന്നിക്കുമ്പോള്‍ അത് വേറൊരു പ്രശ്നമായിരുന്നു. കഴുത്തോ എഴുത്തോ എന്നുള്ളതായിരുന്നു. കഴുത്തുണ്ടെങ്കിലല്ലേ എഴുത്തുണ്ടാവൂ. എഴുതുക എന്നത് കുറച്ചുകൂടെ സോഫ്റ്റാവുക എന്നാണ്. അതുകൊണ്ടു തന്നെ ഒരു വിമുഖതയുണ്ട്. ഈ വിമുഖതയില്‍ കൂടെ കടന്നുപോയിക്കൊണ്ട് എഴുത്തുകാരനാകണം എന്നു സബ്കോന്‍ഷ്യസ് മൈന്‍ഡില്‍ ഉണ്ടെങ്കിലും പരസ്യമായി തോന്നാത്ത ഒരു കാലഘട്ടത്തിലൂടെയാണ് അന്ന് കടന്നുപോയത്.

മലയാളത്തിലെ ഏറ്റവും നല്ല കഥാകൃത്തുക്കളില്‍ ഒരാളായ ടി ആര്‍ നല്ല സുഹൃത്തായിരുന്നു. ഞങ്ങള്‍ സന്ധ്യക്ക് ഒത്തുകൂടുമ്പോള്‍ എല്ലാ എഴുത്തുകാരെയും നിശിതമായി വിമര്‍ശിക്കുമായിരുന്നു. ഇതിന് പ്രധാന കാരണം ഞങ്ങള്‍ എഴുതുകയില്ല എന്ന ഒരു തീരുമാനത്തിന്റെ പുറത്താണ്. അപ്പോള്‍ നമുക്ക് ആരെയും വിമര്‍ശിക്കാമല്ലോ. ഇങ്ങനെ ഇരിക്കുമ്പോള്‍ ടി ആറിന്റെ ‘മൃഗം’ എന്ന കഥ രഹസ്യമായിട്ട് മാതൃഭൂമിയില്‍ അച്ചടിച്ചു വന്നു. അന്നത്തെ കാലത്തെ കഥകളുടെ വോക്കാബുലറി വളരെ വിചിത്രമായിരുന്നു അവന്‍, നഗരം, കാലഘട്ടം ഇങ്ങനെ ഒരു അമ്പതു വാക്കുകള്‍ ഒരുദിവസം ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. ഈ വാക്കുകള്‍ എഴുത്തില്‍ പ്രയോഗിക്കില്ല എന്നൊരു ഉടമ്പടിയും ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത്തരം വാക്കുകള്‍ ഉപയോഗിക്കില്ല എന്ന ഉടമ്പടി പില്‍ക്കാലത്തും തുടര്‍ന്നു. ഞാന്‍ പ്രധാനമായും അന്ന് എഴുതിയിരുന്നത് ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ഥി സംഘടനക്ക് വേണ്ടിയുള്ള ലഘുലേഖകളായിരുന്നു. എന്നാല്‍ ടി ആര്‍ ഈ വലിയൊരു ഉടമ്പടി ലംഘിച്ചു കഥ എഴുതിയപ്പോള്‍ ഞാന്‍ ടി ആറിനോട് ചോദിച്ചു. അപ്പോള്‍ പറഞ്ഞു കൂക്കുവിളിക്കാനുള്ള ധൈര്യമല്ല നമുക്ക് വേണ്ടത്. നമുക്ക് പ്രവര്‍ത്തിച്ചു കാണിക്കണം.

അന്നൊന്നും ഞാന്‍ കഥ എഴുതിയില്ല. പിന്നീട് തിരുവനന്തപുരത്തു താമസിക്കുമ്പോഴാണ് മാതൃഭൂമിയുടെ മത്സരത്തിന് വേണ്ടി കഥ എഴുതുന്നത്. അന്ന് എന്റെ ഹോസ്റ്റലിലെ എല്ലാവരും തന്നെ അതിനുവേണ്ടി കഥ എഴുതിയിരുന്നു. എന്റെയും സച്ചിയുടെയുമൊക്കെ സുഹൃത്ത്  ഒരു നമ്പൂതിരിയുണ്ട്. ഡെക്കാന്‍ ഹെറാള്‍ഡില്‍ ഒക്കെ വര്‍ക്ക് ചെയത ഒരാള്‍. നമ്പൂതിരി എന്നോടു പറഞ്ഞു നീ കുറെ ആശയങ്ങള്‍ പറയുന്നതല്ലേ അതില്‍ ഒരെണ്ണം കഥയാക്കി മാറ്റിക്കൂടേ എന്നു. അങ്ങനെയാണ് ‘ശിശു’ എന്ന ആദ്യ കഥ എഴുതുന്നത്. അതില്‍ അനുഭവം ഇല്ല. ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ കുട്ടിയില്ലാതിരിക്കുന്ന ഒരു കഥയാണത്. അന്നെനിക്ക് പത്തോന്‍പതോ ഇരുപതോ വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരു സ്ത്രീയെ പറ്റിപ്പോലും ശരിക്ക് അറിയാത്ത ഒരു കാലത്ത് ഞാന്‍ കഥ എഴുതി. അതിന് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു. ഒന്നാം സമ്മാനം ഒന്നുമായിരുന്നില്ല അതിലെ വലിയ കാര്യം. അനുഭവം ഇല്ല എന്ന അപകര്‍ഷതയെ ഒഴിച്ച് നിര്‍ത്തിക്കൊണ്ട് ഭാവനയുടെ ഒരു ലോകം സൃഷ്ടിക്കുകയും ഭാവന എന്നു പറഞ്ഞാല്‍ അത് ആകാശത്തു നിന്ന് പൊട്ടിവീണതൊന്നും അല്ല. ചുറ്റുപാടുകളുടെ സ്വാധീനം ഒക്കെയുണ്ടാവും അതില്‍. അനുഭവമുണ്ടെങ്കില്‍ മാത്രമല്ല കഥ എഴുതാന്‍ പറ്റുക എന്നതിനെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഈ ഒന്നാം സമ്മാനം. പിന്നെ ഞാന്‍ അതേ രീതിയില്‍ തുടര്‍ച്ചയായി എട്ടു പത്ത് കഥകള്‍ എഴുതി. അതിനു ശേഷം എനിക്കു കേരളം വിട്ടുപോകേണ്ടി വന്നു. അങ്ങനെ നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ എന്‍ ബി എസ് ഇറക്കിയ മലയാളം എന്‍സൈക്ലോ പീഡികയില്‍ മലയാള ചെറുകഥയുടെ ചരിത്രം ഉണ്ട്. അതില്‍ എന്നെ പറ്റി പരാമര്‍ശിക്കുന്നത് കത്തിത്തീര്‍ന്ന പ്രതിഭകളാണ് ജയദേവന്‍, എന്‍ എസ് മാധവന്‍ തുടങ്ങിയവര്‍ എന്നാണ്. അന്ന് മലയാളവുമായി എനിക്കു യാതൊരു ബന്ധവും ഇല്ല. ഇന്നത്തെപ്പോലെയല്ല. അന്ന് പുറത്തു താമസിക്കുമ്പോള്‍ മലയാളവുമായിട്ടുള്ള ഏക ബന്ധം വല്ലപ്പോഴും വിളിക്കുന്ന എസ് ടിഡി കോളാണ്. ഇന്നിപ്പോള്‍ ടെലിവിഷന്‍ വന്നു. മൊബൈല്‍ വന്നു. ഭാഷയില്‍ നിന്നു എസ്കേപ് ചെയ്യാന്‍ പറ്റാതായി.

കേരളത്തിന് പുറത്തുപോയി അഞ്ചാറ് വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ എഴുത്തുകാരനാണ് എന്ന വിചാരം ഇല്ലാതായി. കുട്ടിക്കാലത്ത് ഒന്നോ രണ്ടോ കഥകള്‍ എഴുതാത്ത ആളുകള്‍ കുറവായിരിക്കും. അതുപോലെ ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ തുടര്‍ന്നു. പിന്നെ ജീവിതം വളരെ സുഗമമായി. എനിക്കു ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. വായിക്കുക, ഫുട്ബോള്‍ കളി കാണുക. അന്ന് തുടര്‍ച്ചയായിട്ട് ഫുട്ബോള്‍ കളി കണ്ടപ്പോഴാണ് ഹിഗ്വിറ്റ പോലൊരു കഥ എഴുതാന്‍ എനിക്കു തോന്നിയത്. പക്ഷേ അതെഴുതുമ്പോള്‍ തന്നെ എനിക്കു മനസ്സിലായി. ഇതെഴുതുന്നത് പഴയ ഞാനല്ല. വളരെ മടിച്ചിട്ടാണ് അതെഴുതിയത്. അതിന്റെ മാനുസ്ക്രിപ്റ്റ് കാണാതാകുകയും എന്റെ ഭാര്യ അതെടുത്ത് തരികയും ഒക്കെ ചെയ്യുകയുണ്ടായി. ഒടുവില്‍ ഒരു ദിവസം ധൈര്യം സംഭരിച്ച് തിരിച്ചയക്കാനുള്ള കവറുമായിട്ട് മാതൃഭൂമിയില്‍ എം ടിക്ക് അയച്ചു കൊടുത്തു. എം ടിയെ പോലെ സ്വന്തം ഏരിയയില്‍ നില്‍ക്കുന്ന ആള്‍ക്കാരെ പ്രോത്സാഹിപ്പിക്കുന്ന പത്രാധിപരെ എത്ര ശ്ലാഘിച്ചാലും മതിയാവില്ല. അദ്ദേഹം അടുത്ത ലക്കത്തില്‍ ഇറങ്ങേണ്ട കഥയെ പിന്‍വലിച്ച് ഈ കഥ ഇട്ടു. പിന്നെ തുടര്‍ച്ചയായിട്ട് എനിക്കു എഴുതാന്‍ സാധിച്ചു.

സക്കറിയ

പുസ്തകപ്പുഴു ആയിരുന്ന ഞാന്‍ എഴുത്തുകാരനായി ആത്രേയുള്ളൂ. എങ്ങനെ പുസ്തകപ്പുഴു ആയി എന്നതിന് കൃത്യമായ ഉത്തരമില്ല. എന്റെ കുടുംബം ഒരു കുഗ്രാമത്തിലെ കര്‍ഷക കുടുംബമായിരുന്നു. ക്രിസ്ത്യാനികളുടെ ഇടയ്ക്ക് വായന തീരെ കുറവാണ്. അന്നത്തെ കാലത്ത് ക്രിസ്ത്യാനികള്‍ പുസ്തകം വായിക്കാന്‍ പാടില്ല എന്നൊരു അലിഖിത നിയമം സഭ അന്ന് ഉണ്ടാക്കിയിരുന്നു. ഇന്നും അതൊക്കെ തന്നെയാണ് ക്രിസ്ത്യാനികളെ സബന്ധിച്ചിച്ചിടത്തോളം ഉള്ള അലിഖിത നിയമങ്ങള്‍. എന്റെ അപ്പനും അമ്മയും പുസ്തകങ്ങളില്‍ താത്പര്യം ഉണ്ടായിരുന്നതുകൊണ്ടാണ് വായന നടന്നത്. പ്രത്യേകിച്ചു എന്റെ അപ്പന്‍ പുസ്തകം വാങ്ങിക്കൊണ്ട് വരുന്നയാളായിരുന്നു. അങ്ങനെ വീട്ടില്‍ ഞാന്‍ ജനിച്ചു അക്ഷരാഭ്യാസം ഉണ്ടാകുമ്പോഴേക്കും എസ് കെ പൊറ്റക്കാട്, തകഴി, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി തുടങ്ങി അക്കാലത്തെ പ്രശസ്തരായ എഴുത്തുകാരുടെയെല്ലാം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് എന്റെ വീട്ടില്‍ വരുത്തുന്നുണ്ടായിരുന്നു. അങ്ങനെ ഞാനൊരു വായനക്കാരനായിട്ട് മാറി. ആ ചുറ്റുപാടുള്ള ചില ഗ്രാമീണ വായനശാലകളുടെ ഉപഭോക്താവായിട്ടു മാറി. അവിടെ ഉണ്ടായിരുന്ന പുസ്തകങ്ങള്‍ എല്ലാം വായിച്ചു. എനിക്കതിന് കഴിഞ്ഞത് എന്‍റെ അപ്പനും അമ്മയും അതില്‍നിന്നെന്നെ വിലക്കിയില്ല എന്നുള്ളതുകൊണ്ടാണ്. എന്നുമാത്രമല്ല ഞാന്‍ വായനക്കാരനായതില്‍ അവര്‍ സന്തോഷിച്ചിട്ടും ഉണ്ട്. അവരെന്നെ വിലക്കിയിരുന്നെങ്കില്‍ അങ്ങനെയാവില്ലായിരുന്നു. ഞങ്ങള്‍ കുട്ടികളായിരുന്ന കാലത്ത് പരീക്ഷയില്‍ ജയിക്കുക, 95% മാര്‍ക്ക് വാങ്ങിക്കുക അങ്ങനെ ഒരു പ്രയോരിട്ടീസും ഞങ്ങള്‍ക്കൊന്നും ഉണ്ടായിരുന്നില്ല. എന്റെ അപ്പനും അമ്മയും എന്നോടു പറയും നീ ജയിച്ചാല്‍ വളരെ ഉപകാരം. തോറ്റാലും വലിയ പ്രശ്നം ഒന്നും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടാണ് ധാരാളം വായിക്കാന്‍ അവസരം കിട്ടിയതു. ആ രീതിയില്‍ ഞങ്ങള്‍ വളരെ ഭാഗ്യവാന്‍മാരാണ്.

ഞാന്‍ പതിനഞ്ച് വയസ്സില്‍ കേരളം വിട്ടു മൈസൂരിലേക്ക് പഠിക്കാന്‍ പോയി അപ്പോഴേക്കും അന്ന് മലയാളത്തില്‍ ഉള്ള എല്ലാ കവിതയും നാടകവും തത്വശാസ്ത്രവും ഒക്കെ ഞാന്‍ വായിച്ചു തീര്‍ത്തിരുന്നു. അത്യാവശ്യം ഒന്നും വായിക്കാന്‍ ഇല്ലാത്ത അവസ്ഥയിലാണ് ഞാന്‍ മൈസൂരിലേക്ക് പോകുന്നത്. മൈസൂരില്‍ ചെന്നു ഇംഗ്ലീഷ് സാഹിത്യം പഠിച്ചു തുടങ്ങിയപ്പോഴാണ് പണ്ട് വായിച്ചതും അതും തമ്മില്‍ ഒരു ഉരസല്‍ ഉണ്ടാകുന്നത്. അപ്പോഴാണ് വായിച്ചു വന്ന ലോകവും എംടിയും മാധവിക്കുട്ടിയും ഒക്കെയുള്ള ലോകവും ഇതും തമ്മില്‍ മുഖാമുഖം വന്നപ്പോള്‍ സാഹിത്യത്തില്‍ വേറെയും ലോകമുണ്ടെന്ന് മനസ്സിലാകുന്നത്. എനിക്കു അതി ഗംഭീരനായ ഒരു അദ്ധ്യാപകനാണ് ഉണ്ടായിരുന്നത്. അദ്ദേഹമാണ് കന്നഡ കവിതയുടെ തലതൊട്ടപ്പന്‍. ഗോപാല കൃഷ്ണ അഡിഗ എന്നുപറയുന്നയാള്‍. ആധുനിക കന്നഡ കവിതയ്ക്ക് അടിത്തറയിട്ടത് അദ്ദേഹമാണ്. എനിക്കു അന്നൊന്നും അദ്ദേഹത്തെ കുറിച്ച് കാര്യമായിട്ട് അറിഞ്ഞുകൂടായിരുന്നു. അദ്ദേഹം ഞങ്ങളെ അതിമനോഹരമായി ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ചു. ഷേക്സ്പിയറെ മാത്രമല്ല. ടി എസ് എലിയറ്റ് പോലെയുള്ള പുതിയ കവികളെ കുറിച്ചും അദ്ദേഹം പഠിപ്പിച്ചു. ഇതാണ് എനിക്കു മൈസൂരിലെ ജീവിതത്തില്‍ വന്ന പരിവര്‍ത്തനം. അങ്ങനെയാണ് ഞാന്‍ നമ്മള്‍ മലയാളത്തില്‍ അന്നുവരെ കണ്ട രീതിയില്‍ അല്ലാതെ വേറൊരു തരത്തില്‍ സാഹിത്യമെഴുത്ത് ഉണ്ട് എന്നുപഠിക്കുന്നത്. അതെന്റെ തലക്കകത്ത് കയറി അവിടെ ഇരുന്നു. ഇതിനിടക്ക് ഞാന്‍ എഴുത്തുകാരന്‍ ആകുമെന്ന് ഒരിയ്ക്കലും സ്വപ്നം കണ്ടിട്ടും ചിന്തിച്ചിട്ടും ഇല്ല. വായിക്കണം എന്നൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ചുരുക്കി പറഞ്ഞാല്‍ ബി എ ഫൈനല്‍ ഇയറിന് പഠിക്കുന്ന സമയത്ത് അന്ന് ഒരു പതിനെട്ടു വയസ്സുകാരന്റെ എല്ലാ തോന്ന്യാസങ്ങളുമായിട്ടു ഇങ്ങനെ മുറിയില്‍ ജീവിക്കുകയായിരുന്നു. എന്റെ കയ്യില്‍ ഒരു സൈക്കിളും ഉണ്ടായിരുന്നു. സൈക്കിളില്‍ കറങ്ങി നടക്കലുമൊക്കെ ആയിരുന്നു ജീവിതം. അന്നെനിക്ക് ടി എസ് എലിയട്ടിന്റെ ഒരു കവിത മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യാന്‍ തോന്നി. ജീവിതത്തില്‍ ആദ്യമായിട്ടു സൃഷ്ടിപരമായ ആവശ്യത്തിന് വേണ്ടി മലയാളം എഴുതുന്ന സന്ദര്‍ഭമാണത്. ആ കവിത വിവര്‍ത്തനം ചെയ്തു രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഓര്‍മ്മക്കുറിപ്പ് പോലെ ഉരുളിക്കുന്നം എന്ന എന്റെ ഗ്രാമത്തിലെ ഒരു കൊച്ചു കുട്ടിയുടെ ജീവിതത്തെ പറ്റിയുള്ള ഒരു സാധനം ഞാന്‍ എഴുതി. എഴുതിക്കഴിഞ്ഞു വായിച്ചപ്പോള്‍ അതിനൊരു കഥയുടെ ഘടന ഉള്ളതായിട്ട് എനിക്കു തോന്നി. ഒരു കഥ എഴുതിയാല്‍ വീണ്ടും ഒന്നുകൂടെ ശരിയാക്കി എടുക്കണം എന്നെനിക്ക് അറിഞ്ഞുകൂടാ. ഞാന്‍ അത് വീണ്ടും ഒന്നുകൂടെ പകര്‍ത്തി എഴുതി ‘ഉണ്ണി എന്ന കുട്ടി’ എന്ന പേരും ഇട്ടു. എന്റെ പേര് അന്നും ഇന്നും എം പി സ്കറിയ എന്നാണ്. ആ പേര് എനിക്കു ഇഷ്ടമില്ലായിരുന്നു. അങ്ങനെ ഞാന്‍ ബൈബിള്‍ എടുത്തു മറിച്ചു നോക്കി. അന്ന് ഞങ്ങളാരും ബൈബിള്‍ കണ്ടിട്ടില്ല. കാരണം ക്രിസ്ത്യാനികളുടെ വീട്ടില്‍ അന്ന് ബൈബിള്‍ കയറ്റില്ല. പള്ളികളില്‍ നിന്നു നിരോധനം ഉണ്ട്. അച്ചന്‍മാര്‍ പറയുന്നത് നിങ്ങള്‍ സ്വയം ബൈബിള്‍ വായിച്ചാല്‍ ചീത്തയായിപ്പോകും എന്നാണ്. അതിനകത്ത് നിങ്ങള്‍ അറിയേണ്ടാത്ത കാര്യങ്ങള്‍ പലതും ഉണ്ട്. അതുകൊണ്ട് സ്വയം വായിക്കാന്‍ പാടില്ല. ഞാന്‍ ആദ്യമായിട്ട് ബൈബിള്‍ വായിക്കുന്നത് ബി എ ലിറ്ററേച്ചറിന് ബൈബിള്‍ ഒരു പേപ്പര്‍ ആയപ്പോഴാണ്. അപ്പോ പഴയ നിയമത്തിന്റെ ഏറ്റവും അവസാനത്തെ ചാപ്റ്റര്‍ സക്കറിയ എന്നാണ്. അങ്ങനെ ഞാന്‍ സക്കറിയ എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന് കഥ അയച്ചു. എം ടി വാസുദേവന്‍ നായരും എന്‍വി കൃഷ്ണ വാരിയറും 1964 ലെ റിപ്പബ്ലിക് ദിന പതിപ്പിലെ പതിനാറ് കഥകളിലെ മലയാളം കഥയായിട്ട് അത് പ്രസിദ്ധീകരിച്ചു. ഇതിലും ഗംഭീരമായിട്ടുള്ള ഒരു എന്‍ട്രി ഒരാള്‍ക്കും മലയാളത്തില്‍ കിട്ടിയിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഇത്തരത്തില്‍ കയറി വരിക എന്നത് വലിയ ഭാഗ്യമാണ്. സത്യം പറഞ്ഞാല്‍ അതില്‍ പിന്നെ ഞാന്‍ തിരിഞ്ഞു നോക്കിയിട്ടില്ല. എന്റെ മടികൊണ്ട് എഴുതാതിരുന്നിട്ടുണ്ടെങ്കിലേയുള്ളൂ. അതോടുകൂടി ഞാന്‍ പിന്നെ എല്ലാ ദിവസവും കഥയെഴുത്ത് തുടങ്ങി. പിന്നെ ഒന്നുരണ്ട് കൊല്ലത്തേക്ക് മാസത്തില്‍ ഒരു കഥവെച്ച് ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്. ഇടയ്ക്കൊക്കെ ഓരോന്നും തിരിച്ചുവരും. മൈസൂരിലും പിന്നെ ബാംഗ്ലൂരില്‍ പോയപ്പോള്‍ അവിടെയിരുന്നും ഒക്കെയാണ് ഞാന്‍ പിന്നീട് എഴുതിയത്. അങ്ങനെയാണ് ഞാന്‍ ഒരു കഥയെഴുത്തുകാരനായി ഇരുന്നു കൊണ്ട് പ്രവേശിക്കുക എന്നൊക്കെ പറയുന്നതുപോലെ ഇങ്ങനെ പ്രവേശിച്ചത്.

ഞാന്‍ തീരിഞ്ഞു നോക്കുമ്പോള്‍ എനിക്കു തോന്നുന്നത് ഞാന്‍ നടത്തിയ വായനയാണ് എന്റെ അടിസ്ഥാന കൈമുതല്‍ എന്നാണ്. മലയാളം വായനയുടെ കൂടെ ഇംഗ്ലീഷിലെ ആധുനികത കൂടി മനസ്സിലാക്കിയപ്പോള്‍ പുതീയ ഫോംസ് സൃഷ്ടിക്കാന്‍ പറ്റും പുതിയ രീതിയില്‍ ചില കാര്യങ്ങളെ വൈകാരികത എടുത്തുകളഞ്ഞിട്ട് സംയമനത്തോടെ എഴുതാന്‍ പറ്റും എന്നൊക്കെയുള്ള കാര്യങ്ങള്‍ അങ്ങനെയാണ് മനസ്സിലായത്. അങ്ങനെ എഴുതാന്‍ തുടങ്ങി, എഴുത്ത് തുടരുന്നു.

ഏറ്റവും പുതിയ കഥയായ ‘തേന്‍’ ഉണ്ടാകുന്നത് ഒരു അമേരിക്കന്‍ അനുഭവത്തില്‍ നിന്നാണ്. അമേരിക്കയില്‍ യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക് എന്ന പതിനായിരത്തിലധികം ഏക്കര്‍ വരുന്ന ഒരു നാഷണല്‍ പാര്‍ക്ക് ഉണ്ട്. അവിടെ മുഴുവന്‍ കരടികളാണ്. വഴിക്കെല്ലാം കരടി വന്നാല്‍ എന്തു ചെയ്യണം കരടിയെ സൂക്ഷിക്കുക എന്നൊക്കെ വാണിംഗ് എഴുതി വെച്ചിട്ടുണ്ട്. അവിടെ നിന്ന് എനിക്കു കരടിക്കഥകള്‍ എന്നൊരു പുസ്തകം കിട്ടി. ട്രൈബല്‍ സ്ത്രീകളെ കരടികള്‍ പിടിച്ചുകൊണ്ട് പോയി കല്യാണം കഴിക്കുന്നതായിട്ടൊക്കെ നിരവധി കഥകള്‍ അതിലുണ്ട്. അന്ന് ഞാന്‍ എവിടെയോ കുറിച്ചു വെച്ചിരുന്നു. കരടി മനുഷ്യപ്പെണ്ണിനെ കല്യാണം കഴിക്കുന്നു എന്നു. അഞ്ചാറ് കൊല്ലം കഴിഞ്ഞപ്പോള്‍ അതെടുത്ത് നോക്കിയിട്ട് എന്നാല്‍ അതിനെ പറ്റി ഒരു കഥ എഴുതാം എന്നു തീരുമാനിക്കുന്നു. ഏട്ടുപത്ത് കൊല്ലമായിട്ട് ഞാന്‍ അധികം കഥകള്‍ എഴുതിയിട്ടില്ല. ഒന്നോരണ്ടോ കഥകളെ എഴുതിയിട്ടുള്ളൂ. അതിനിടക്ക് എനിക്കൊരു സര്‍ജ്ജറിയുണ്ടായിരുന്നു. മൊത്തത്തില്‍ നിരാശനായിരിക്കുന്ന സമയം കഴിഞ്ഞു ഉഷാറായപ്പോഴാണ് ഞാന്‍ ‘റാണി’ എന്ന കഥ എഴുതുന്നത്. അതിനുശേഷം ‘സിനിമാക്കമ്പം’ എന്നൊരു കഥയെഴുതി. ഇത് രണ്ടില്‍ നിന്നുമാണ് ‘തേന്‍’ എന്ന കഥയിലേക്ക് വരുന്നത്.  കരടിയാണോ പെണ്ണാണോ ഇതിനകത്തെ പ്രധാന കഥാപാത്രം എന്നാലോചിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത് കേരളത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരേ ഒരു വിഭാഗമേയുള്ളൂ അത് സ്ത്രീയാണ് എന്നതാണ്. ഇതൊരു പുരുഷ മേധാവിത്വ സമൂഹമാണ്. അടിച്ചമര്‍ത്തപ്പെടുന്നത് ആസ്വദിക്കുന്നവരാണോ മലയാളി സ്ത്രീകള്‍ എന്നെനിക്ക് സംശയം ഉണ്ട്. പാരതന്ത്ര്യമാണ് ഏറ്റവും എളുപ്പം. എന്തിനാണ് ഇങ്ങനെ കിടന്നു കഷ്ടപ്പെടുന്നത്, ആരെങ്കിലും എന്തെങ്കിലും കൊണ്ടുവന്നു തന്നാല്‍ മതി എന്ന ചിന്തയാണ്. ഇതിനെതിരെ ശക്തിമതികളായ സ്ത്രീകളെയാണ് ഞാന്‍ എന്റെ കഥയില്‍ കൊണ്ടുവന്നിട്ടുള്ളത്. അതാണ് എനിക്കു ഈ കാത്തില്‍ ചെയ്യാവുന്ന ഒരു കുഞ്ഞ് കോണ്‍ട്രിബ്യൂഷന്‍. തേനില്‍ ഞാന്‍ അങ്ങനെ ഒരു സ്ത്രീയെ ആണ് കൊണ്ടുവന്നത്.

(ഡി സി ബുക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിച്ചത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍