ഗുര്‍മെഹര്‍ കൗറിനെ ഓര്‍മ്മയില്ലേ? എബിവിപിയുടെ ഭീഷണിയെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി അവസാനം തനിക്ക് എബിവിപിയെ ഭയമില്ലെന്ന പ്ലക്കാര്‍ഡ് പിടിച്ചവള്‍. പട്ടാളക്കാരനായ തന്റെ അച്ഛന്‍ മരിച്ചതിന് കാരണം പാക്കിസ്ഥാനികളല്ല, യുദ്ധമാണെന്ന് പ്ലക്കാര്‍ഡ് ഏന്തി പല സെലിബ്രറ്റികളുടെയും ജനപ്രതിനിധികളുടെയും പരിഹാസത്തിന് പാത്രമായവള്‍. ശരിക്കും ഗുര്‍മെഹര്‍ ആരാണ്. അതാണ് ഗുര്‍മെഹര്‍ തന്റെ ബ്ലോഗില്‍ കുറിച്ചിട്ട വരികളിലൂടെ പറയുന്നത്. ആരാണ് താനെന്ന്, മാധ്യമങ്ങള്‍ കാണിച്ച് തന്നതല്ലെന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന്റെ മകളും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയുമായ ഗുര്‍മെഹര്‍ കൗര്‍ തന്റെ ബ്ലാഗില്‍ ഏപ്രില്‍ 9-ന് കുറിച്ച വരികളുടെ സ്വതന്ത്ര പരിഭാഷ-
‘ആരാണ് ഞാന്‍?
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു വിലക്കുമില്ലാതെ, ഒരു തരത്തിലും മുന്‍കരുതല്‍ എടുക്കാതെ ഉത്തരം പറയാവുന്ന, സാധാരണഗതിയിലുള്ള ഉത്സാഹത്തിന്റെ ഭാഗമാകുമായിരുന്ന ഒരു ചോദ്യമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം അത്. ഇപ്പോള്‍, പക്ഷെ അക്കാര്യത്തില്‍ എനിക്കുറപ്പില്ല.
എന്നെ ട്രോള്‍ ചെയ്യുന്നവര്‍ വിചാരിക്കുന്ന ആളാണോ ഞാന്‍?
മാധ്യമങ്ങള്‍ വരച്ചുകാണിച്ച വ്യക്തിയാണോ ഞാന്‍?
ഈ പ്രശസ്തരൊക്കെ എന്നെ കുറിച്ച് വിചാരിക്കുന്ന ആളാണോ ഞാന്‍?
അല്ല, അങ്ങനെയൊരാളാവാന്‍ എനിക്ക് പറ്റില്ല. മിഴിയിണകള്‍ പൊക്കി, നോട്ടം സെല്‍ഫോണ്‍ ക്യാമറയുടെ ലെന്‍സിലേക്ക് തന്നെ പതിപ്പിച്ച് കൈയില്‍ പ്ലക്കാര്‍ഡും പിടിച്ച് നിങ്ങളുടെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ പ്രത്യക്ഷപ്പെട്ട കുട്ടി എന്നെ പോലെ തന്നെയിരിക്കും. ആ ചിത്രത്തില്‍ പ്രതിഫലിച്ചു കണ്ട ആ പെണ്‍കുട്ടിയുടെ തീവ്രചിന്തകളുടെ പ്രതിഫലനങ്ങള്‍ തീര്‍ച്ചയായും എന്നിലുണ്ട്. അവരുടെ സമരോത്സുകത പ്രകടമായിരുന്നു. അതുമായി എനിക്ക് ബന്ധമുണ്ട്. പക്ഷെ ‘തുളച്ചുകയറുന്ന വാര്‍ത്തകളുടെ തലക്കെട്ടുകള്‍’ മറ്റൊരു കഥയാണ് പറഞ്ഞത്. ആ തലക്കെട്ടുകള്‍ ഞാനായിരുന്നില്ല.
രക്തസാക്ഷിയുടെ മകള്‍
രക്തസാക്ഷിയുടെ മകള്‍
രക്തസാക്ഷിയുടെ മകള്‍
എന്റെ അച്ഛന്റെ മകളാണ് ഞാന്‍. പപ്പയുടെ ഓമനയായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാവക്കുട്ടിയായിരുന്നു ഞാന്‍. രണ്ട് വയസുണ്ടായിരുന്ന എനിക്ക് വാക്കുകള്‍ പരിചിതമായിരുന്നില്ല. പക്ഷെ എന്റെ വിലാസങ്ങളിലേക്ക് വന്നിരുന്ന കത്തുകളില്‍ അദ്ദേഹം വരച്ചിരുന്ന രൂപങ്ങള്‍ എനിക്ക് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. എന്റെ അമ്മയുടെ തലവേദനയായിരുന്നു ഞാന്‍. ദുര്‍വാശിക്കാരിയായ, വീണ്ടുവിചാരമില്ലാത്ത, വിഷണ്ണയായ കുട്ടി. അമ്മയുടെ പ്രതിഫലനമായിരുന്നു ഞാന്‍. എന്റെ സഹോദരിയുടെ, ജനപ്രിയ സംസ്‌കാരത്തിലെ ഗുരുവായിരുന്നു ഞാന്‍. വലിയ മത്സരങ്ങള്‍ക്ക് മുമ്പ് എപ്പോഴും അവളോട് തര്‍ക്കിക്കുന്നവളും. സാഹിത്യം ആ വഴിക്കാണ് കൂടുതല്‍ രസകരം എന്ന് തോന്നിയിരുന്നതിനാല്‍, അധ്യാപകരെ മനഃപൂര്‍വം ശല്യം ചെയ്യുകയും ചുറ്റുമുള്ള എന്തിനെ കുറിച്ചും കടുത്ത സംവാദങ്ങളിലേക്ക് അവരെ വലിച്ചിഴയ്ക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ മുന്‍ ബഞ്ചില്‍ ആദ്യമേ സ്ഥാനം പിടിക്കുന്ന പെണ്‍കുട്ടിയുമായിരുന്നു ഞാന്‍. എന്റെ സുഹൃത്തുക്കള്‍ക്ക് എന്നോട് ഒരു തരത്തിലുള്ള ഇഷ്ടമുണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. വരണ്ട ഹാസ്യമാണ് എനിക്കുള്ളതെങ്കിലും ചില ദിവസങ്ങളിലൊക്കെ അത് പ്രവര്‍ത്തിക്കാറുണ്ടെന്ന് അവര്‍ എന്നോട് പറയുമായിരുന്നു (അതില്‍ വിശ്വസിച്ച് ഞാന്‍ ജീവിക്കാറുണ്ടായിരുന്നു). പുസ്തകങ്ങളും കവിതയും എല്ലാക്കാലത്തും എന്റെ സമാശ്വാസമായിരുന്നു.
ഒരു പുസ്തകപ്പുഴുവായ എന്റെ വീട്ടിലെ വായനശാല നിറഞ്ഞു കവിയുകയാണ്. എന്റെ വിളക്കുകാലുകളും ചിത്രങ്ങളുടെ ഫ്രെയിമുകളും ചേര്‍ന്ന് എങ്ങനെ പുതിയ ഒരു അലമാര ഉണ്ടാക്കാം എന്ന് അമ്മയെ ബോധ്യപ്പെടുത്താം എന്നാണ് കഴിഞ്ഞ കുറച്ച് മാസമായി ഞാന്‍ ആലോചിക്കുന്ന സുപ്രധാന കാര്യം.
ഞാനൊരു ആദര്‍ശവാദിയാണ്. ഒരു കായികതാരമാണ്. ഒരു സമാധാനവാദിയാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന കോപാകുലയായ, പ്രതികാരദാഹിയായ ഒരു യുദ്ധക്കൊതിച്ചിയല്ല ഞാന്‍. യുദ്ധത്തിന്റെ വില എന്തെന്ന് അറിയാവുന്നതിനാല്‍ ഞാന്‍ അതാഗ്രഹിക്കുന്നില്ല; അത് വളരെ ചിലവേറിയ ഒരു കാര്യമാണ്. ഒരോ ദിവസവും അതിന്റെ വില ഞാന്‍ നല്‍കുന്നതിനാല്‍ നിങ്ങള്‍ക്ക് എന്നെ വിശ്വസിക്കാം. ഇപ്പോഴും. ആ ചിലവിന്റെ രസീതുകളൊന്നും ബാക്കിയില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ചിലരെങ്കിലും എന്നെ ഇത്രയും വെറുക്കില്ലായിരുന്നു. കണക്കുകളാണ് അതിനെ കൂടുതല്‍ വിശ്വസനീയമാക്കുന്നത്.
‘ഗുര്‍മെഹറിന്റെ വേദന ശരിയോ തെറ്റോ?’ എന്ന് ആക്രോശിക്കുന്ന വാര്‍ത്ത ചാനലിന്റെ വോട്ടെടുപ്പ്, കുറെ കണക്കുകള്‍ വച്ച് നമ്മള്‍ സാധാരണക്കാരുടെ മനസില്‍ ഒരു വിശ്വാസ്യത ഉണ്ടാക്കിയെടുക്കുന്നു.
ഹേയ്! അതിന്റെ മുന്നില്‍ നമ്മുടെ സഹനത്തിന് എന്ത് മൂല്യമാണുള്ളത്? ഞാന്‍ തെറ്റാണെന്ന് 51 ശതമാനം ആളുകള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ എനിക്ക് തെറ്റുപറ്റി. അത്തരം ഒരു സാഹചര്യത്തില്‍, എന്റെ മനസിനെ മലിനീകരിക്കുന്നത് ആരാണെന്ന് ദൈവത്തിന് മാത്രമേ അറിയാവൂ.
അച്ഛന്‍ എന്നോടൊപ്പം ഇവിടെയില്ല; കഴിഞ്ഞ 18 വര്‍ഷങ്ങളായി അദ്ദേഹം ഇല്ല. വെറും 200 വാക്കുകള്‍ മാത്രമുണ്ടായിരുന്ന എന്റെ ചെറിയ പദസമ്പത്തില്‍, 1999 ഓഗസ്റ്റ് ആറിന് ശേഷം മരണം, യുദ്ധം, പാകിസ്ഥാന്‍ തുടങ്ങിയ പുതിയ വാക്കുകള്‍ കയറിവന്നു. അത്തരം വാക്കുകളില്‍ അന്തര്‍ലീനമായിരിക്കുന്ന വ്യാഖ്യാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനസിലാക്കാന്‍ പ്രത്യക്ഷമായ കാരണങ്ങളാല്‍ കുറച്ച് വര്‍ഷങ്ങള്‍ എനിക്ക് വേണ്ടി വന്നു. അവയുടെ യഥാര്‍ത്ഥ അര്‍ത്ഥം ആര്‍ക്കെങ്കിലും അറിയാമോ എന്ന് അറിഞ്ഞുകൂടാത്തത് കൊണ്ട് അന്തര്‍ലീനം എന്ന വാക്ക് വളരെ സത്യസന്ധമായി തന്നെ ഞാന്‍ ഉപയോഗിക്കുന്നത്. അതില്‍ ഞാന്‍ ജീവിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ യാഥാര്‍ത്ഥ്യത്തെ മനസിലാക്കിക്കൊണ്ട് അതിന്റെ അര്‍ത്ഥം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഞാന്‍.
എന്റെ പിതാവ് ഒരു രക്തസാക്ഷിയാണ്. പക്ഷെ ആ നിലയിലല്ല ഞാന്‍ അദ്ദേഹത്തെ അറിഞ്ഞത്. വലിയ കാര്‍ഗോ ജാക്കറ്റില്‍ മിഠായികള്‍ നിറച്ചിരുന്ന, അദ്ദേഹത്തിന്റെ നെറ്റിയില്‍ ഉമ്മവെക്കുമ്പോള്‍ എപ്പോഴും എന്റെ മൂക്കില്‍ കുറ്റിരോമങ്ങള്‍ കൊണ്ടുകയറിയിരുന്ന, എങ്ങനെയാണ് ഒരു സ്‌ട്രോ ഉപയോഗിക്കേണ്ടതെന്ന് എന്നെ പഠിപ്പിച്ച, ചൂയിംഗ് ഗം എന്താണെന്ന് എനിക്ക് മനസിലാക്കി തന്നെ ഒരാളായിട്ടാണ് അദ്ദേഹത്തെ ഞാന്‍ മനസിലാക്കുന്നത്. എന്റെ അച്ഛനായാണ് ഞാന്‍ അദ്ദേഹത്തെ അറിയുന്നത്. ഒരു പക്ഷെ അത്രയും മുറിക്കിപ്പിടിച്ചില്ലെങ്കില്‍ വിട്ടുപോകുമോ എന്ന് ഭയന്ന് എന്റെ കുഞ്ഞ് ദേഹം ഉപയോഗിച്ച് ഇറുക്കിപ്പിടിക്കുന്ന ഒരു ചുമലായും എനിക്ക് അദ്ദേഹത്തെ അറിയാം. പക്ഷെ അദ്ദേഹം പോയി. പിന്നെ മടങ്ങിവന്നുമില്ല.
എന്റെ പിതാവ് ഒരു രക്തസാക്ഷിയാണ്. ഞാന്‍ അദ്ദേഹത്തിന്റെ മകളും.
പക്ഷെ,
ഞാന്‍ നിങ്ങളുടെ ‘രക്തസാക്ഷിയുടെ മകളല്ല.’