‘ബ്രിട്ടീഷുകാരെന്നാല്‍ തൊലി വെളുത്ത സായിപ്പന്മാര്‍ മാത്രമല്ല’: ഒലേ മുതല്‍ ഓംചേരി വരെ: ഭാഗം-2
കോട്ടയം ജില്ലയിലെ വൈക്കത്ത് 1924 ഫെബ്രുവരി ഒന്നിനാണ് ഈ നാരായണപിള്ള ഓംചേരിയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ഓംചേരി എന്‍. എന്‍. പിള്ളയുടെ ജനനം. ഓംചേരേി എന്നത് വീട്ടുപേരാണ്. തരക്കേടില്ലാത്ത ഇടത്തരം കുടുംബം. ഓംചേരിക്ക് രണ്ട് പേര്‍ മൂത്തവരായുണ്ട്. ഒരു ജേഷ്ഠനും, ഒരു സഹോദരിയും. ജേഷ്ഠന്‍ പതിനാറ് വയസിന് മൂത്തതാണ്. സഹോദരി പതിനാല് വയസിനും. അവര്‍ക്ക് അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ സ്ഥാനമാണ് നല്‍കിയിരുന്നത്.
വൈക്കം ഇംഗ്ലീഷ് ഹൈസ്‌കൂള്‍, കോട്ടയം സി.എം.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എറണാകുളം ലോ കോളേജ്, അമേരിക്കയിലെ പ്രശസ്തമായ പെനിന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി, യു.എസ്.എ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നാണ് ഓംചേരി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഠനത്തില്‍ മിടുക്കനായ ഓംചേരിക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. കോളേജ് പഠന കാലത്ത് പത്രസ്ഥാപനങ്ങളില്‍ ജോലിയും ചെയ്തിരുന്നു.
ഓംചേരി കുട്ടിക്കാലം മുതല്‍ ദേശസ്‌നേഹി ആയിരുന്നു. ഓംചേരിക്ക് ദേശസ്‌നേഹം കൂടുവാന്‍ കാരണവുമുണ്ട്. ജനിച്ചുവളര്‍ന്ന വീടിന്റെ ചുമരുകളിലെല്ലാം ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ പതിപ്പിച്ചിരുന്നു. ശ്രീരാമകൃഷ്ണനും, വിവേകാനന്ദനും, മഹാത്മ ഗാന്ധിയും. ജവഹര്‍ലാല്‍ നെഹ്‌റുവും, ഗോപാലകൃഷ്ണ ഗോഖലെയും, ലാലാ ലജ്പത്ത് റായും, ബാലഗംഗാധര തിലകനും, മൗലാനാ അസാദും, സി എഫ് ആന്‍ഡ്രൂസും, കമലാദേവിയും, സരോജിനി നായിഡുവും തുടങ്ങി കോണ്‍ഗ്രസ് പ്രസിഡന്റുമാരും ദേശീയ നേതാക്കളും ആയിരുന്നു വീട്ടിലെ ചുമരുകള്‍ മുഴുവന്‍. കുട്ടിക്കാലം മുതല്‍ ഈ ചിത്രങ്ങള്‍ കണ്ടുകൊണ്ടാണ് ഓംചേരി വളര്‍ന്നത്.
ഓംചേരിയുടെ വീട്ടില്‍ വരുത്തിയിരുന്ന പ്രസിദ്ധീകരണങ്ങളും ദേശസ്‌നേഹം വളര്‍ത്തുന്നവ തന്നെയായിരുന്നു. സ്വദേശാഭിമാനി, ലക്ഷ്മിഭായി, കവനകൗമുദി എന്നീ മൂന്ന് പ്രസിദ്ധീകരണങ്ങളാണ് വീട്ടില്‍ സ്ഥിരമായി വന്നിരുന്നത്. ഈ മൂന്ന് പ്രസിദ്ധീകരണങ്ങളും ബ്രിട്ടീഷ് ഭരണത്തിനെതിരെയും രാജഭരണത്തിനെതിരെയും ജനങ്ങളെ ബോധവത്ക്കരിപ്പിക്കുന്ന ലേഖനങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. സ്വദേശാഭിമാനിയുടെ പത്രാധിപരായ രാമകൃഷ്ണപിള്ള ഓംചേരിയുടെ പിതാവിന്റെ സുഹൃത്തായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം നിരവധി കത്തുകള്‍ അക്കാലത്ത് പിതാവിന് അയച്ചുകൊണ്ടിരുന്നു. ഈ കത്തുകളൊക്കെ കുട്ടിയായ ഓംചേരി വായിക്കുമായിരുന്നു. എല്ലാ കത്തിലും സ്വദേശാഭിമാനിയുടെ ദേശീയ ബോധം പ്രതിഫലിക്കുന്ന വാക്കുകള്‍ ഓംചേരിയെ സ്വാധീനിച്ചു എന്നുവേണം കരുതുവാന്‍. അതുപോലെ പാറപ്പുറത്ത് എന്ന ആദ്യ രാഷ്ട്രീയ നോവല്‍ എഴുതിയ സാഹിത്യകാരനും, രാഷ്ട്രീയ പ്രവര്‍ത്തകനുമായ നാരായണ കുരുക്കളും പിതാവിന്റെ സുഹൃത്തായിരുന്നു. അതുപോലെയുള്ള മറ്റ് ഒട്ടേറെ പുരോഗമന ചിന്താഗതിയുള്ള എഴുത്തുകാരുമായും പിതാവ് അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. അവര്‍ പിതാവുമായി നടത്തുന്ന സംവാദങ്ങള്‍ കേള്‍ക്കുകയും അവരുടെ രചനകളും, കത്തുകളും വായിക്കുകയും ചെയ്തത് ഓംചേരിയുടെ ദേശീയ ബോധം വളരാന്‍ കാരണമായിട്ടുണ്ട്.
ഓംചേരിയുടെ ജേഷ്ഠന്‍ പതിനാറ് വയസിന് മൂത്തതാണ് എന്ന് മുന്‍പ് സൂചിപ്പിച്ചിരുന്നല്ലോ. അദ്ദേഹം സ്‌കൂള്‍ ഫൈനല്‍ കഴിഞ്ഞ് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് സേലത്ത് പോവുകയും കോണ്‍ഗ്രസ് പ്രസ്ഥാനമായി അടുക്കുകയും ഉണ്ടായി. ഖാദിയുമായും സ്വാദേശി പ്രസ്ഥാനവുമായും അടുത്തിടപെട്ട് പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുകയും മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനാവാതെ മടങ്ങുകയും ചെയ്തു. കമ്പൗണ്ടര്‍ പരീക്ഷ പാസ്സായി കേരളത്തില്‍ തന്നെയാണ് പിന്നീട് ജോലി ചെയ്തിരുന്നത്. ഈ കാലത്താണ് ജ്യേഷ്ഠന്റെ താല്പര്യ പ്രകാരം വീടിന്റെ ചുമരുകളില്‍ ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ പതിപ്പിച്ചത്. ജേഷ്ഠന്‍ നല്ല വായനാശീലം ഉള്ള വ്യക്തി ആയതുകൊണ്ട് ഒട്ടേറെ പുരോഗമന ചിന്താഗതിയുള്ള പുസ്തകങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നിരുന്നു. അതൊക്കെ തന്നെ കുട്ടിയായ ഓംചേരി വായിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ എല്ലാവര്‍ക്കും വായനാശീലം ഉള്ളതും ഓംചേരിയില്‍ വായനാശീലം വളര്‍ത്താന്‍ കാരണമായി. വീട്ടില്‍ ഒട്ടേറെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അതും അദ്ദേഹം വായിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതലുള്ള വായനാശീലം തന്നെയാണ് പുരോഗമന ചിന്താഗതി ഉള്ളില്‍ ഉറപ്പിക്കുവാന്‍ കാരണമായതെന്ന് ഇന്നും ഓംചേരി വിശ്വസിക്കുന്നു.
ഇന്ത്യയെ ബ്രിട്ടീഷുകാര്‍ ഭരിക്കുകയാണെന്നും അവരില്‍നിന്ന് സ്വാതന്ത്ര്യം കിട്ടുന്നതിന് വേണ്ടി മഹാത്മാഗാന്ധിയോടൊപ്പം ഒട്ടേറെ പേര്‍ സമരം ചെയ്യുന്നുണ്ടെന്നും അച്ഛനും അമ്മയും കുട്ടിയായ ഒംചേരിയോട് പറയുമായിരുന്നു. ബ്രിട്ടീഷുകാര്‍ എന്നാല്‍ തൊലി നിറം വെളുത്ത സായിപ്പാണെന്നാണ് മാത്രമാണ് ഓംചേരി മനസ്സിലാക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാരെ ഓംചേരി കണ്ടിട്ടുമില്ല. വൈക്കത്ത് ബ്രിട്ടീഷുകാര്‍ വന്നിരുന്നില്ല എന്നുള്ളത് കൊണ്ട് കുട്ടിക്കാലത്ത് മാതാപിതാക്കള്‍ പറഞ്ഞുകൊടുത്ത രൂപം മാത്രമാണ് ബ്രിട്ടീഷുകാരെ കുറിച്ച് കുട്ടിയായ ഓംചേരിക്ക് ഉണ്ടായിരുന്നത്. ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടുന്ന ദേശീയ നേതാക്കളെ കുറിച്ച് അച്ഛനും, അമ്മയും പറഞ്ഞു കൊടുത്തിരുന്നു. ദേശീയ നേതാക്കളുടെ കഥകളും, സ്വാതന്ത്ര സമര കഥകളുമാണ് ഓംചേരി കൂടുതല്‍ കേട്ടിട്ടുള്ളത്.
പുരാണ കഥകളെക്കാള്‍ കൂടുതല്‍ കേട്ട ദേശസ്‌നേഹത്തിന്റെയും സ്വാതന്ത്ര സമരത്തിന്റെയും മാതാപിതാക്കളുടെ കഥകള്‍ ഓചേരിയെ ദേശസ്‌നേഹിയാക്കി. വീട്ടില്‍ വരുത്തിയിരുന്ന പുരോഗമന ചിന്താഗതിയുള്ള പുസ്തകങ്ങള്‍ വായിക്കുവാനുള്ള അവസരം ദേശീയതയെ നെഞ്ചോട് ചേര്‍ക്കാന്‍ കാരണമായി. നമ്മുടെ രാജ്യം ഭരിക്കുന്നത് വിദേശികളായ ബ്രിട്ടീഷുകാരാണ് എന്ന അറിവും അവരില്‍ നിന്ന് അധികാരം പിടിച്ചെടുക്കുവാന്‍ മഹാത്മാഗാന്ധിയും കൂട്ടുകാരും ചെയ്യുന്ന സമരവും അതിന്റെ പിന്നിലെ പല പല കഥകളും ഓംചേരിയില്‍ ദേശീയ ബോധം ശക്തിപ്പെടുവാന്‍ കാരണമായി. ഇന്ത്യയെ ബ്രിട്ടീഷുകാര്‍ കീഴടക്കി ഭരിക്കുന്നു എന്നുള്ള കാര്യം അമ്മയും അച്ഛനും പറഞ്ഞു തന്നത് ഓംചേരി ഇന്നലെയെന്നോണം ഓര്‍ക്കുന്നു. തന്റെ മാതാപിതാക്കള്‍ പുരോഗമന ചിന്താഗതിയുള്ള വ്യക്തികളായിരുന്നു എന്നതില്‍ ഓംചേരി അഭിമാനിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകുവാന്‍ ഓംചേരി ചെറുപ്രായത്തില്‍ തന്നെ മാനസികമായി തയ്യാറെടുക്കുന്നതിന് ഇതൊക്കെ കാരണമായി.
മഹാത്മാഗാന്ധിയും കോണ്‍ഗ്രസും ആയുധമില്ലാതെയാണ് ബ്രിട്ടീഷുകാരോട് ഇന്ത്യയുടെ സ്വാതന്ത്രത്തിനായി പോരാടുന്നതെന്നും മാതാപിതാക്കളില്‍ നിന്ന് മനസ്സിലാക്കിയ ഓംചേരി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തക്കുറിച്ച് അവരില്‍ നിന്നു തന്നെ കൂടുതല്‍ അറിഞ്ഞു. ബ്രിട്ടീഷുകാരെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെ രീതിയില്‍ ഓംചേരി അങ്ങിനെ ആകൃഷ്ടനായി.
ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള വെറുപ്പും, വിദ്വേഷവും, വെള്ളക്കാരോടുള്ള ദേഷ്യവും കുട്ടിയായ ഓംചേരിയുടെ മനസ്സില്‍ കടന്നു കൂടുകയായിരുന്നു. ബ്രിട്ടീഷുകാരെ എതിര്‍ക്കുന്നവരോട് ഓംചേരിയില്‍ ബഹുമാനം വളര്‍ന്നു വന്നു. അവരോട് ഓംചേരിക്ക് ആരാധന ഉണ്ടായി. omchery nn pillai journalist playwright and novelist share his life story part 2
Content Summary; omchery nn pillai journalist playwright and novelist share his life story part 2