UPDATES

മരണാനുഭവങ്ങളുടെ തീക്കടല്‍ കടന്ന എഴുത്തുകാരന്‍, സല്‍മാന്‍ റുഷ്ദിയ്ക്ക് ഇന്ന് 79ാം ജന്മദിനം

ഭീഷണികളെ അതിജീവിച്ചാണ് ഇന്ന് വരെയുള്ള ജീവിതം

                       

മരണം നിന്റെ അരികിലേക്ക് വരുമ്പോള്‍,
ഈ ലോകം മുഴുവന്‍ നിന്നില്‍ നിന്ന് ദൂരെ അകന്നുപോകാം
അപ്പോള്‍ നീ ഒറ്റപ്പെടല്‍ അനുഭവിക്കാം
ആ സമയങ്ങളില്‍ കരുണയുള്ള വാക്കുകള്‍ ആശ്വാസവും ശക്തിയും നല്‍കുന്നു-        Salman Rushdie Birthday

പലതവണ മരണത്തെ മുഖാമുഖം കണ്ട പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ വാക്കുകളാണിത്.
1988ല്‍ പ്രസിദ്ധീകരിച്ച ദ സാറ്റാനിക് വെര്‍സസ് എന്ന പുസ്തകമാണ് റുഷ്ദിയുടെ ജീവിതത്തെ മാറ്റി മറിച്ചത്. പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ അദ്ദേഹത്തിനെതിരേ അനേകം വിവാദങ്ങളും ഭീഷണികളും ഉണ്ടാക്കി. ഇസ്ലാമിക മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അദ്ദേഹം കാലങ്ങളോളം ഫത്വയുടെ ഭീഷണിയിലായിരുന്നു. 80കളില്‍ ആരംഭിച്ച ആ ഭീഷണി അവസാനിച്ചിട്ടില്ല എന്നതിന്റെ ഒടുവിലത്തെ തെളിവായിരുന്നു 2022-ല്‍ ന്യൂയോര്‍ക്കില്‍ ഒരു പൊതുപരിപാടിക്കിടയിലുണ്ടായ ആക്രമണം. ഈ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. എന്നാല്‍ വാക്കിനെ പടവാളാക്കിയ ആ എഴുത്തുകാരന്‍ തോല്‍വി സമ്മതിച്ചില്ല, തന്റെ ജീവിതത്തിലുണ്ടായ വധശ്രമങ്ങളെ പരാമര്‍ശിക്കുന്ന പുസ്തകം ആരാധകര്‍ക്കായി നല്‍കി. അതിന് നൈഫ് എന്ന് പേരിട്ടു. കൃതിയില്‍ ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങളെ ആഴത്തില്‍ വിലയിരുത്തി. ഭയവും പ്രതിരോധവും, സ്വാതന്ത്ര്യവും പര്യവേക്ഷിക്കുന്ന തന്റെ അനുഭവങ്ങളുടെ ശക്തമായ പ്രസ്താവനയായി അതിനെ മാറ്റി. സാഹസികതയും സാഹിത്യമികവുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ആരാണ് സല്‍മാന്‍ റുഷ്ദി?

1947 ജൂണ്‍ 19ന് മുംബൈയിലാണ് റുഷ്ദിയുടെ ജനനം. വിദ്യാഭ്യാസം കേംബ്രിഡിജിലെ കിങ്സ് കോളജില്‍ നിന്ന് പൂര്‍ത്തിയാക്കി. 1975-ല്‍ ഗ്രിംസ് എന്ന നോവലിലൂടെ റുഷ്ദി സാഹിത്യജീവിതം ആരംഭിച്ചു. 1981ല്‍ പ്രസിദ്ധീകരിച്ച മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന നോവലാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കാലം പശ്ചാത്തലമാക്കിയ ഈ കൃതി ബുക്കര്‍ സമ്മാനം നേടിയതിനൊപ്പം, ബുക്കര്‍ ഓഫ് ബുക്കേഴ്‌സ് അവാര്‍ഡും നേടി.
1988ല്‍ പ്രസിദ്ധീകരിച്ച ദ സാറ്റാനിക് വെര്‍സസ് എന്ന നോവല്‍ ഇസ്ലാമിക മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തോടെ വലിയ വിവാദങ്ങളില്‍ പെട്ടു. പിന്നാലെ ഇറാന്‍ മുന്‍ ദേശീയ നേതാവ് അയത്തുള്ള റൂഹൊല്ലാഹ് ഖൊമേനി അദ്ദേഹത്തിനെതിരെ ഫത്വ പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന് റുഷ്ദി വര്‍ഷങ്ങളോളം ഒളിജീവിതം നയിച്ചു. ആയിരക്കണക്കിന് ഭീഷണികളാണ് അക്കാലത്ത് അദ്ദേഹത്തെ തേടിയെത്തിയത്.

2022 ഓഗസ്റ്റ് 12ന് ന്യൂയോര്‍ക്കിലെ ഷൗട്ടാക്ക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ ഒരു പൊതുപരിപാടിക്കിടയില്‍ അദ്ദേഹം സംസാരിക്കുമ്പോള്‍, 24-കാരനായ ഹാദി മാതര്‍ അദ്ദേഹത്തെ ആക്രമിച്ചു. റുഷ്ദിയുടെ തലയിലും, കഴുത്തിലും ശരീരത്തിലുടനീളം നാല്പതോളം കുത്തേറ്റു. ആക്രമണത്തില്‍ സല്‍മാന്‍ റുഷ്ദിക്ക് ഗുരുതര പരിക്കുകള്‍ സംഭവിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും മറ്റേ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുകയും, കൈവിരലുകള്‍ക്ക് സാരമായ ക്ഷതങ്ങള്‍ അനുഭവിക്കുകയും ചെയ്തു. ആ ഭീഷണികളെ അതിജീവിച്ചാണ് ഇന്ന് വരെയുള്ള അദ്ദേഹത്തിന്റെ ജീവിതം.

സല്‍മാന്‍ റുഷ്ദിയുടെ എഴുത്ത് ആശയങ്ങളുടെ ആഴം, ഭാഷയുടെ മികവ്, കാലത്തിന്റെ സവിശേഷതകള്‍ എന്നിവയിലൂടെ വായനക്കാരെ ആകര്‍ഷിക്കുന്നു. മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍, ദ സാറ്റാനിക് വെര്‍സസ്, ദ മൊറീസ് ലാസ്റ്റ് സൈ തുടങ്ങിയവ ആ സാഹിത്യമികവിന്റെ തെളിവുകളാണ്. സല്‍മാന്‍ റുഷ്ദി, തന്റെ പ്രതിസന്ധികള്‍ക്കിടയിലും, സ്വന്തം ശബ്ദം കണ്ടെത്തിയ എഴുത്തുകാരനാണ്. ആഗോള സാംസ്‌കാരികവും സാമൂഹികവുമായ വിവാദങ്ങളില്‍ വ്യക്തമായ നിലപാട് പ്രകടിപ്പിക്കുന്ന അദ്ദേഹത്തിന്റെ സാഹിത്യജീവിതം, ഭാവിയിലെ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരു പ്രചോദനമാണ്.

 

English Summary: On Salman Rushdie’s Birthday, Travel Vicariously Through His Oeuvre

Share on

മറ്റുവാര്‍ത്തകള്‍