വിഖ്യാത കൊളമ്പിയന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ ഡിസംബര്‍ 11 മുതല്‍ നെറ്റ്ഫ്ളിക്സ് സംപ്രേക്ഷണം ചെയ്യുമ്പോള്‍, ഈ നോവലിന്റെ ഇതിവൃത്തത്തെ കുറിച്ചും കഥാ പാത്രങ്ങളേയും കുറിച്ചും അറിയാന്‍ ഒട്ടേറെ പേര്‍ക്ക് താത്പര്യമുണ്ട്. സങ്കീര്‍ണമായ ബന്ധങ്ങളും കഥാപാത്രങ്ങളുമുള്ള ഈ നോവലില്‍ ബുവന്തിയ കുടുംബത്തിന്റെ ഏഴ് തലമുറകളുടെ കഥയും മക്കോണ്ട എന്ന ഗ്രാമത്തിന്റെ സ്ഥാപനവും ആ ഗ്രാമത്തിന്റെ നഗരമായുള്ള വളര്‍ച്ചയും അതിന്റെ തകര്‍ച്ചയും ബുവന്തിയ കുടുംബത്തിന്റെ ഒരു വേരുപോലും ശേഷിക്കാത്ത വിധത്തില്‍ മക്കോണ്ടയും ആ കുടുംബവും ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുന്നതും ഉള്‍ച്ചേരുന്നതാണ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍.
കാത്തിരിപ്പ് അവസാനിക്കുന്നു; ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ നെറ്റ്ഫ്‌ളിക്‌സില്‍
കൊളമ്പിയന്‍ തീരദേശ പട്ടണമായ റിയോറാച്ചയില്‍ നിന്ന് പതിനാറാം നൂറ്റാണ്ടില്‍ ഒരു ഗ്രാമത്തിലേയ്ക്ക് കുടിയേറിയ ഒരേ കുടുംബത്തിലെ രണ്ട് ശാഖകളിലുള്ള ഹൊസേ ആര്‍ക്കേഡിയോ ബുവന്തിയായും ഉര്‍സുല ഇഗ്വറാനും വിവാഹം കഴിക്കുന്നു. എന്നാല്‍ ഒരേ കുടുംബത്തിലുള്ളവര്‍ വിവാഹം കഴിച്ചുണ്ടാകുന്ന സന്തതികള്‍ പന്നിവാലുള്ളവരാകും എന്ന് ഉര്‍സുലയുടെ അമ്മ പറഞ്ഞ് ഭയപ്പെടുത്തുന്നതിനാല്‍ ഉര്‍സുല വിവാഹശേഷവും ലൈംഗിക ബന്ധത്തിന് സമ്മതിക്കുന്നില്ല. മാസങ്ങള്‍ക്ക് ശേഷം ഗ്രാമത്തില്‍ നടന്ന കോഴിപ്പോരില്‍ ഹൊസേ ആര്‍ക്കേഡിയോ ബുവന്തിയോട് പരാജയപ്പെടുന്ന പ്രുഡന്‍ഷ്യ അഗ്വിലാര്‍ എന്ന നാട്ടുകാരന്‍ ‘നിന്റെ പോരു കോഴികള്‍ക്കെങ്കിലും ഭാര്യക്ക് ഗര്‍ഭമുണ്ടാക്കി കൊടുക്കാന്‍ പറ്റുമായിരുക്കും’ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നു. പ്രുഡന്‍ഷ്യ അഗ്വിലാറിനെ കുന്തമെറിഞ്ഞ് കൊന്ന് അതേ കുന്തവുമായി ഉര്‍സുലയുടെ അടുത്തെത്തുന്ന ഹോസെ ജനിക്കുന്നത് മനുഷ്യകുഞ്ഞല്ലെങ്കിലും വേണ്ടില്ല, നമുക്ക് വളര്‍ത്താം, ഇതിന്റെ പേരില്‍ ഈ ഗ്രാമത്തില്‍ ഇനിയൊരു കൊലപാതകം പാടില്ല എന്ന് പ്രഖ്യാപിച്ച് കുടുംബ ജീവിതം ആരംഭിക്കുന്നു. എന്നാല്‍ മരണത്തിന് ശേഷം ഏകാന്തനും വിഷാദവാനുമായി മാറിയ പ്രുഡന്‍ഷ്വ അഗ്വിലാറിന്റെ പ്രേതം ഇവരെ വിട്ട് പോകാത്തതിനാല്‍ ഗ്രാമം തന്നെ ഉപേക്ഷിച്ച് ദൂരേക്ക് പോകാന്‍ ഹോസെ ആര്‍ക്കേഡിയോ ബുവന്തിയയും ഉര്‍സുലയും തീരുമാനിക്കുന്നു. അവര്‍ക്കൊപ്പം ഒരു കൂട്ടം നാട്ടുകാരും അവരുടെ കുടുംബങ്ങളും ചേരുന്നു.
അങ്ങനെ ഏതാണ്ട് മൂന്ന് വര്‍ഷത്തിന് മീതെ റിയോറാച്ചയ്ക്ക് എതിര്‍ ഭാഗത്തേയ്ക്ക് നടന്ന് ഇവര്‍ എത്തിച്ചേരുന്ന പട്ടണമാണ് മക്കോണ്ട. അവിടെ അവര്‍ പുതിയ ജീവിതം ആരംഭിക്കുന്നു. കഠിനാദ്ധ്വാനിയായ ഹോസെ ആര്‍ക്കേഡിയോയും സഹഗ്രാമീണരും വീടുകളും ഗ്രാമവും ഒരുക്കി. യാത്രയ്ക്കിടയില്‍ ഹോസെ ആര്‍ക്കേണ്ടിയോ ബുവന്തിയയ്ക്കും ഉര്‍സുലയ്ക്കും ഒരു മകന്‍ ജനിച്ചിരുന്നു. ഹേസെ ആര്‍ക്കേഡിയോ. രണ്ടാമത്തെ മകന് അവര്‍ അറീലിയാനോ ബുവന്തിയ എന്ന് പേര് നല്‍കി. മക്കോണ്ടയില്‍ ആദ്യം ജനിക്കുന്ന കുഞ്ഞാണ് അറീലിയാനോ. ധാരാളം കാനറി പക്ഷികള്‍ ഉണ്ടായിരുന്ന ഈ ഗ്രാമത്തിലെ പക്ഷികളുടെ ശബ്ദം കേട്ട് ദൂരെ വഴിയിലൂടെ പോയിരുന്ന ഒരു കൂട്ടം ജിപ്സികള്‍ അവിടെ എത്തുകയും അവരുടെ പല അത്ഭുതവിദ്യകളും പരീക്ഷിക്കുകയും ചെയ്യുന്നതോടെയാണ് കഥാഗതി തിരിയുന്നത്. ഹോസേ ആര്‍ക്കേഡിയോയും ജിപ്സികളുടെ നേതാവായ മല്‍ക്വിഡാസും അടുത്ത സുഹൃത്തുക്കളായി മാറും. ഒരോ വര്‍ഷവും ജിപ്സികള്‍ പുതിയ പരീക്ഷണങ്ങളുമായി എത്തിയതോടെ ഹോസെ ആര്‍ക്കേഡിയോ ബുവന്തിയ കഠിദ്ധ്വാനം ഉപക്ഷേിച്ച് പരീക്ഷണങ്ങളുടെ പുറകേ പോകുന്നു. അതിനിടയില്‍ ഹോസെ-ഉര്‍സുല ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടി ഉണ്ടാകുന്നു-അമരാന്റ. കൂടാതെ അവരുടെ വീട്ടില്‍ പുതുതായ പെണ്‍കുട്ടി എത്തിച്ചേരുന്നു. പരിചയമുള്ള ആരുടേയോ കത്തിനൊപ്പം ആളുകള്‍ എത്തിച്ച ആ പെണ്‍കുട്ടിക്ക് അവര്‍ റബേക്ക എന്ന് പേര് നല്‍കി.
റബേക്ക കൂടി ഉള്‍പ്പെട്ട ബുവേന്തിയ കുടുംബവും മക്കോണ്ടയുടെ വികാസവുമാണ് തുടര്‍ന്നുള്ള കഥ.
ബുവന്തിയ കുടുംബം
ഹോസെ ആര്‍ക്കേഡിയോ ബുവന്തിയ: മക്കോണ്ടയുടെ സ്ഥാപകന്‍, പിന്നീട് പരീക്ഷണങ്ങളിലും ആലോചനകളിലും മുഴുകി, സ്വയം സംസാരിച്ച് ഉന്മാദാവസ്ഥയില്‍ മുറ്റത്തെ ചെസ്റ്റ്നട്ട് മരത്തില്‍ ബന്ധിതനമായി, അതിന്റെ ചുവട്ടില്‍ തന്നെ കിടന്ന് മരിക്കുന്നു.
ഉര്‍സുല ഇഗ്വറാന്‍: ബുവന്തിയ കുടുംബത്തിലെ നിരവധി തലമുറകളെ വളര്‍ത്തുന്ന മതാമഹി. ഭര്‍ത്താവിന്റെയും മക്കളുടേയും ചെറുമക്കളുടേയും മരണങ്ങള്‍ക്ക് ശേഷവും 117 വയസിന് ശേഷം പിറന്നാള്‍ എണ്ണാതെ, നാല് വര്‍ഷം നീണ്ട മഹാമാരിയേയും അതിജീവിച്ച്, കാഴ്ചാ നഷ്ടത്തെ ബുദ്ധി വൈഭവം കൊണ്ട് മറികടന്ന് പതുക്കെ പതുക്കെ മരിച്ചു.
ഹോസെ ആര്‍ക്കേഡിയോ: ഭീമാകാരനായ മൂത്ത പുത്രന്‍. ജിപ്സികള്‍ക്കൊപ്പം ഒളിച്ചോടി, പന്ത്രണ്ട് തവണ ലോകം ചുറ്റി എത്രയോ കാലത്തിന് ശേഷം തിരിച്ച് വന്നു. കുടുംബത്തിലെ ഒരംഗം തന്നെയായ റബേക്കയെ വിവാഹം കഴിച്ച് ജീവിച്ചു. അജ്ഞാതരായ ആരോ വെടിവച്ച് കൊന്നു.
കേണല്‍ അറീലിയാനോ ബുവന്തിയ: രണ്ടാമത്തെ പുത്രന്‍. ചെറുപ്പത്തില്‍ ഏകാന്തന്‍. പിതാവിന്റെ പരീക്ഷണശാലയില്‍ വെള്ളിമീനുകളുണ്ടാക്കി വളര്‍ന്നു. മക്കാണ്ടോയുടെ മജിസ്ട്രേറ്റായി എത്തിയ ഡോണ്‍ അപോലിനാര്‍ മൊസ്‌കോട്ടിന്റെ ഇളയമകളായ ചെറിയ കുട്ടി റെമഡിയോസിനെ വിവാഹം കഴിച്ചു. റെമഡിയോസിന്റെ മരണശേഷം പതുക്കെ ലിബറല്‍ ആശയക്കാരനായി മാറിയ അറീലിയാനോ കണ്‍സര്‍വേറ്റീവ് സര്‍ക്കാരുകള്‍ക്കെതിരെ മുപ്പത് സായുധകലാപങ്ങള്‍ സംഘടിപ്പിച്ചു. സകലതും പരാജയപ്പെട്ടു. ഒട്ടേറെ കൊലപാതക ശ്രമങ്ങളെ അതീജീവിച്ചു. ആത്മഹത്യശ്രമത്തില്‍ പരാജയപ്പെട്ടു. തിരികെ വീട്ടിലെത്തി ഏകാന്തതയില്‍ സ്വര്‍ണ മത്സ്യങ്ങള്‍ ഉണ്ടാക്കാന്‍ ആരംഭിച്ചു. ആദരവും പുരസ്‌കാരവും നല്‍കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തെ തള്ളി, വൃദ്ധനായി ചെസ്റ്റ്നട്ട് മരത്തിന് കീഴെ മൂത്രമൊഴിക്കാന്‍ നില്‍ക്കുമ്പോള്‍ മരിച്ച് വീണു.
അമരാന്റ: പ്രണയ പരാജയത്തില്‍, അതുണ്ടാക്കിയ കയ്പില്‍ ലോകത്തോട് കലഹിച്ച് കുടംബത്തിലെ കുഞ്ഞുങ്ങളെ നോക്കി, കന്യകയായി തന്നെ മരിച്ചു. ചെറുപ്പത്തിലെ പ്രണയത്തില്‍ മത്സരിച്ച റബേക്കയ്ക്ക് മുമ്പേ മരിക്കാന്‍ ഇടയാക്കരുത് എന്ന് പ്രാര്‍ത്ഥിച്ചു. അത് സാധിച്ചില്ല. പക്ഷേ സ്വന്തം മരണ വിവരം നേരത്തേ പ്രഖ്യാപിച്ചു. മരിച്ചവര്‍ക്കുള്ള കത്തുകള്‍ ജീവിച്ചിരിക്കുന്ന ബന്ധുക്കളില്‍ നിന്ന് സ്വീകരിച്ചു. ഏതാണ്ട് വിശുദ്ധയെ പോലെ വിടവാങ്ങി.
റബേക്ക: അനാഥ. ബുവന്തിയ കുടുംബത്തില്‍ എങ്ങനെയോ കടന്ന് വന്ന് അവരുടെ ഭാഗമായി മാറി. ദുഖവും ഏകാന്തതയും വരുമ്പോള്‍ ചുമരിലെ കുമ്മായവും മണ്ണും തിന്നുന്ന അതിസുന്ദരിയായ റബേക്ക മക്കോണ്ടയില്‍ പിയാനോയും നൃത്തവും പഠിപ്പിക്കാനെത്തിയ പിയാത്രോ ക്രിസ്പിയുമായി പ്രണയത്തിനായി. എന്നാല്‍ പ്രിയാത്രോയെ ഒരു നാള്‍ ഉപേക്ഷിച്ച് ഹോസെ ആര്‍ക്കേഡിയോയുടെ ഭാര്യമായി. അയാളുടെ കൊലപാതകത്തിന് ശേഷം ആ വീട്ടില്‍ നിന്ന് ഇറങ്ങാതെ ഒരു ജോലിക്കാരിക്കൊപ്പം സര്‍വ്വരും മറന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആരോടും ബന്ധമില്ലാതെ ജീവിച്ച് മരിച്ചു.
ആര്‍ക്കേഡിയോ: പിലാര്‍ ടെര്‍ണേറ എന്ന സ്ത്രീയില്‍ ഹൊസെ ആര്‍ക്കേഡിയോയ്ക്ക് ഉണ്ടാകുന്ന മകന്‍. ബുവേന്തിയ കുടുംബത്തിലെ പ്രധാനി. സ്‌കൂള്‍ അധ്യാപകനും കുടുംബസ്നേഹിയുമായി ജീവിതം ആരംഭിച്ചു. സാന്തോ സോഫിയ ഡിലാ പിയാദയെ വിവാഹം കഴിച്ചു. അറീലിയാനോ ലിബറല്‍ കലാപം തുടങ്ങിയപ്പോള്‍ മക്കോണ്ടയുടെ ഭരണം ഏറ്റെടുത്തു. വൈകാതെ ഏറ്റവും വലിയ ഏകാധിപതിയായി മാറി. കലാപം അടിച്ചമര്‍ത്തപ്പെട്ടതോടെ ആര്‍ക്കേഡിയോയെ ഭരണകൂടത്തിന്റെ ഫയറിങ് സ്‌ക്വാഡ് വെടിവെച്ച് കൊന്നു.
അറീലിയാനോ ഹൊസെ: പിലാര്‍ ടെര്‍ണേറയില്‍ കേണല്‍ അറീലിയാനോ ബുവന്തിയക്ക് ഉണ്ടായ പുത്രന്‍. സ്വന്തം അമ്മായി അമരാന്റേയോടുള്ള അഭിനിവേശമായിരുന്നു അമരാന്റയെ വിവാഹം കഴിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പിതാവിന്റെ വിമത പോരാട്ടത്തിലുമ അറീലിയാനോ ഹൊസെ പങ്കാളിയായി. ഒടുവില്‍ കലാപമുപേക്ഷിച്ചുവെങ്കിലും സര്‍ക്കാര്‍ പട്ടാളക്കാര്‍ കൊന്ന് തള്ളി.
പതിനേഴ് അറീലിയാനോമാര്‍: കേണല്‍ അറീലിയാനോ ബുവന്തിയയ്ക്ക് കലാപകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല സത്രീകളില്‍ നിന്നുണ്ടായ മക്കള്‍. എല്ലാവരും ഉര്‍സുലയ്ക്കടുത്ത് വന്ന് അറീലിയാനോ എന്ന പേര് സ്വീകരിച്ച് സ്വന്തം അമ്മമാരുടെ പേര് കൂട്ടിച്ചേര്‍ത്ത് വളര്‍ന്നു. കുടുംബമോ തുടര്‍ പരമ്പരയോ ഉണ്ടാക്കുന്നതിന് മുമ്പ് പതിനേഴ് പേരും കൊല്ലപ്പെട്ടു.
സാന്തോ സോഫിയ ഡിലാ പിയാദ: മക്കോണ്ടയിലെ സാധാരണക്കാരിയായിരുന്നു സന്തോ സോഫിയ ഡിലാ പിയാദയെ ആണ് ആര്‍ക്കേഡിയോ വിവാഹം ചെയ്യുന്നത്. ആര്‍ക്കേഡിയോയുടെ കൊലപാതകത്തിന് ശേഷം ഉര്‍സുലയ്ക്ക് ഒപ്പം ബുവേന്തിയ കുടുംബത്തിന്റെ ഭാഗമായി മാറിയ അവര്‍ നിശബ്ദതയില്‍, ആരോരുമറിയാതെ, ജോലിക്കാരിയെ പോലെ അതി ദീര്‍ഘകാലം ജീവിച്ചു. മകള്‍ അപ്രത്യക്ഷമാവുകയും ഇരട്ടകളായ ആണ്‍മക്കള്‍ മരിക്കുകയും ചെയ്തതോടെ വീടുവിട്ടിറങ്ങി, ഏതാണ്ട് തകര്‍ച്ചയിലേയ്ക്ക് വീണുകൊണ്ടിരുന്ന, മക്കോണ്ടയില്‍ നിന്ന് അവര്‍ അപ്രത്യക്ഷയായി.
ഹോസെ ആര്‍ക്കേഡിയോ സെഗുണ്ടോ: ആര്‍ക്കേഡിയോ-സാന്തോ സോഫിയ ദമ്പതികളുടെ ഇരട്ട കുട്ടികളില്‍ ഒരാള്‍. കുടുംബത്തില്‍ നിന്നാദ്യമായി പള്ളിയുമായി ബന്ധമുണ്ടായിരുന്ന ഹോസെ ആര്‍ക്കേഡിയ വൈകാതെ കോഴിപ്പോരുകാരനായി. വൈകാതെ ഏകാന്തയിലേയ്ക്ക് പിന്മാറിയ അയാള്‍ പുതുതായി ഉണ്ടായി വന്ന ബനാനാ കോര്‍പറേഷനിനെ ഫോര്‍മാനായി. പിന്നീട് വാഴത്തോട്ട തൊഴിലാളികളെ സംഘടിപ്പിച്ചു. മൂവായിരം പേരെ വെടിവെച്ച് കൊന്ന ക്രൂരതയ്ക്ക് സാക്ഷിയായി. അതിന് ശേഷം കുടുംബത്തിന്റെ പാരമ്പര്യമായ ഏകാന്തമായ ഭ്രാന്തിന് കീഴടങ്ങി തന്റെ ഇരട്ട സഹോദരന്‍ മരിച്ച മാത്രയില്‍ തന്നെ മരിച്ച് വീണു.
അറീലിയാനോ സെഗുണ്ടോ: ഇരട്ടകളില്‍ രണ്ടാമത്തെയാള്‍. പെട്രോ കോട്ടസ് എന്ന വെപ്പാട്ടിക്കും ഫെര്‍ണാണ്ടോ ഡെല്‍ കോര്‍പിയോ എന്ന ഭാര്യയ്ക്കും ഇടയില്‍ അനന്തമായ ആഘോഷങ്ങളും തീറ്റയും മദ്യപാനവും പണം കൊണ്ടുള്ള അര്‍മാദങ്ങളുമായി ജീവിച്ചു. മൂന്ന് മക്കള്‍. തൊണ്ടയില്‍ ക്യാന്‍സര്‍ വന്ന് തന്റെ ഇരട്ട സഹോദരന്‍ മരിച്ച അതേ സമയത്ത് മരിച്ചു.
റെമഡിയോസ് സുന്ദരി: ആര്‍ക്കേഡിയോ-സന്താ സോഫിയ ദമ്പതികളുടെ മകള്‍. മക്കോണ്ടയും സമീപപ്രദേശങ്ങളും കണ്ടിട്ടുള്ള ഏറ്റവും വലിയ സുന്ദരി. അതീവ നിഷ്‌കളങ്കതയോടെ ജീവിച്ചു. ഒരു ദിവസം ആകാശത്തേയ്ക്ക് ഉയര്‍ന്ന് അന്തരീക്ഷത്തില്‍ ലയിച്ചു.
ഫെര്‍ണാണ്ടോ ഡെല്‍ കോര്‍പിയോ: മക്കോണ്ടയില്‍ നിന്ന് നൂറുകണക്കിന് മൈലുകളകലെ ഉള്ള ഒരു ദേശത്ത് മാതാപിതാക്കള്‍ രാജകുമാരിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് വളര്‍ത്തിയ പെണ്‍കുട്ടി. ദാരിദ്രത്തിന് ഇടയിലും തീന്‍മേശമര്യാദകളും ഉപചാരങ്ങളും വീടിന്റെ നിയന്ത്രണ രീതികളും പഠിച്ചു. മര്യാദകളോ ഉപചാരങ്ങളോ അറിയാത്ത സകല മക്കോണ്ടക്കാരോടും പുച്ഛം. തന്റെ സാങ്കല്‍പ്പിക ലോകത്തില്‍ ജിവിച്ച് അജ്ഞാത രോഗങ്ങള്‍ക്കൊടുവില്‍ അനാഥയായി മരിച്ചു.
മിമി: അറീലിയാനോ സെഗുണ്ടോ-ഫെര്‍ണാണ്ടോ ദമ്പതികളുടെ മൂത്ത മകള്‍. റെനാറ്റ റെമഡിയോസ് എന്നാണ് പേരെങ്കിലും അമ്മയൊഴികെ സകലരും മിമി എന്ന് വിളിച്ചു. പിതാവിന്റെ ഓമന. തൊഴിലാളിയായ മൗറീഷ്യ ബാബിലോണിയയുമായി പ്രേമത്തിലായി. അമ്മയുടെ എതിര്‍പ്പിനെ അതിജീവിച്ച് പ്രേമം തുടര്‍ന്നു. മൗറീഷ്യയെ അമ്മയുടെ നിര്‍ദ്ദേശപ്രകാരം മേയറുടെ പോലീസ് വെടിവെച്ച് വീഴത്തിയത് മുതല്‍ സംസാരം അവസാനിപ്പിച്ചു. ലോകത്തോടുള്ള ബന്ധവും തീര്‍ന്നു. ഒരു കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ഏതോ കന്യാസ്ത്രീ മഠത്തില്‍ ആരോടും മിണ്ടാതെ, വൃദ്ധയാകുന്നത് വരെ ജീവിച്ച് മരിച്ചു.
ഹോസെ ആര്‍ക്കേഡിയോ രണ്ടാമന്‍ : അറീലിയാനോ സെഗുണ്ടോ-ഫെര്‍ണാണ്ടോ ദമ്പതികളുടെ മകന്‍. മാര്‍പ്പാപ്പയാക്കി മാറ്റാന്‍ അമ്മ ആഗ്രഹിച്ചയാള്‍. ദൈവശാസ്ത്രം പഠിക്കാന്‍ പോയ ശേഷം തിരികെ വന്നത്. മാതാപിതാക്കളുടെ മരണശേഷം. തന്റെ ശിഷ്യരായ കൗമാരക്കാരാല്‍ കൊല്ലപ്പെട്ടു.
അമരാന്റ ഉര്‍സുല: അറീലിയാനോ സെഗുണ്ടോ-ഫെര്‍ണാണ്ടോ ദമ്പതികളുടെ ഇളയ മകള്‍. ബെല്‍ജിയത്തില്‍ പഠിക്കാന്‍ പോയ അവള്‍ മിടുക്കനായ ഭര്‍ത്താവിനൊപ്പം തിരിച്ചെത്തുമ്പോഴേയ്ക്കും മാതാപിതാക്കളും സഹോദരനും മരിച്ചിരുന്നു. മക്കോണ്ടയെ കുറിച്ചുള്ള ഗൃഹാതുരതയില്‍ ജിവിച്ച അവള്‍ പതുക്കെ പതുക്കെ ഭര്‍ത്താവിനോട് അകലുകയും തന്റെ പഴയ കളിക്കൂട്ടുകാരനും ആ വീട്ടില്‍ അനാഥനായി വളര്‍ന്ന ആളുമായ അറീലിയാനോ രണ്ടാമന്‍ അഥവാ അറീലിയാനോ ബാബിലോണിയയുമായി പ്രണയത്തിലാകുന്നു. പ്രസവത്തിന് ശേഷമുള്ള രക്തവാര്‍ച്ചയില്‍ മരിക്കുന്നു.
ഗാസ്റ്റണ്‍: അമരാന്റയുടെ ബല്‍ജിയം സ്വദേശിയായ ഭര്‍ത്താവ്. നല്ലവനും ബിസിനസുകാരനും പ്രാണി നിരീക്ഷകനുമായ ആള്‍. അമരാന്റയ്ക്കൊപ്പം മക്കോണ്ടയിലെത്തി ബിസിനസ് ആവശ്യത്തിനായി ബെല്‍ജിയത്തിലേയ്ക്ക് പോകുന്ന അയാള്‍ അമരാന്റയുടെ പുതിയ പ്രണയവാര്‍ത്ത അറിഞ്ഞതോടെ തിരിച്ച് വരുന്നില്ല.
അറീലിയാനോ രണ്ടാമന്‍: മിമിയുടേയും മൗറീഷ്യ ബാബിലോണിയുടേയും മകന്‍. ഫെര്‍ണാണ്ട അവന്റെ ഉത്ഭവം വെളിപ്പെടുത്താതിനാല്‍ അനാഥനായി ആ വീട്ടില്‍ രഹസ്യമായി വളര്‍ന്നു. തന്റെ ചെറിയമ്മയാണ് അമരാന്റ ഉര്‍സുല എന്നറിയാതെ അവളുമായി പ്രേമത്തിലായി. മെല്‍ക്വയാഡിന്റെ സംസ്‌കൃതത്തിലുള്ള കുടുംബ ചരിത്രം ആദ്യം വായിക്കുന്ന, ലോകത്തുള്ള ജ്ഞാനം മുഴുവന്‍ ആവാഹിച്ച അറീലിയാനോ ബാബിലോണിയ ആണ് ബുവന്തിയ കുടുംബത്തിന് അന്ത്യം കുറിച്ച് അവസാനം മക്കാണ്ടോയെ ഇല്ലാതാക്കിയ കൊടുങ്കാറ്റിനൊപ്പം മരിക്കുന്നത്.
അറീലിയാനോ മൂന്നാമന്‍: അറീലിയാനോ രണ്ടാമനും അമരാന്റ ഉര്‍സുലയ്ക്കും ജനിക്കുന്ന പുത്രന്‍. മുതു മുതു മുത്തശ്ശിയുടെ ഭയത്തെ സാധൂകരിച്ച്, ബുവേന്തിയ കുടുംബത്തിലെ രണ്ട് രക്തബന്ധുക്കള്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ പന്നിവാലുള്ള മക്കളുണ്ടാകും എന്ന പ്രവചനം പോലെ ജനിച്ചവന്‍. ജനിച്ച് അധികം വൈകാതെ മെല്‍ക്വിയാഡിന്റെ പ്രവചനം പോലെ തന്നെ മരിച്ചു.
ബുവന്തിയ കുടുംബത്തിന് പുറത്തുള്ള പ്രധാന കഥാപാത്രങ്ങള്‍:
മെല്‍ക്വിയാഡസ്: മുതിര്‍ന്ന ജിപ്സി. ബുവന്തിയ കുടുംബത്തിന്റെ കഥ പ്രവചിച്ച് നേരത്തേ തന്നെ തന്റെ മാതൃഭാഷയായ സംസ്‌കൃതത്തില്‍ എഴുതിയിട്ടുള്ള ആള്‍. കഥയില്‍ പലയിടത്തും പ്രത്യക്ഷപ്പെടുന്നു.
പിയാത്രേ ക്രെസ്പി: റബേക്കയുടെ പ്രേമഭാജനം. അവളുടെ പ്രേമ നിരാസത്തിന് ശേഷം തന്നോട് വലിയ പ്രേമമുണ്ടായിരുന്ന അമരാന്റയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നു. അവള്‍ നിരസിച്ചതോടെ ആത്മഹത്യ ചെയ്യുന്നു.
പിലാര്‍ ടെര്‍നേറ: പ്രദേശിക ചെറുപ്പക്കാരി. ഉര്‍സുലയുടെ സഹായി. ഹോസെ ആര്‍ക്കേഡിയോയ്ക്കും കേണല്‍ അറീലിയാനോയ്ക്കും പിലാര്‍ ടെര്‍നേറയില്‍ മക്കള്‍ ജനിക്കുന്നു. 145 വയസിനും അപ്പറും ജീവിച്ച്, കാര്‍ഡുകള്‍ നോക്കി ഭാവി പ്രവചിച്ച്, മക്കോണ്ടയുടെ അധപതനം കണ്ട് മരിച്ചു.
പെട്രോ കോട്ടസ്: അറീലിയാനോ സെഗുണ്ടയുടെ കാമുകി. അയാള്‍ക്കും പെറ്റ് പെരുകുന്ന കന്നുകാലി കൂട്ടങ്ങള്‍ക്കും ഒപ്പം ആഘോഷങ്ങളില്‍ മുഴുകി ജീവിച്ചു. അവസാന കാലത്ത് സ്വയം ഞെരുങ്ങിയാണെങ്കിലും കാമുകന്റെ ഭാര്യയേയും കുടുംബത്തേയും നോക്കി.
മൗറീഷ്യോ ബാബിലോണ: മിമിയുടെ കാമുകന്‍. തൊഴിലാളി. അവനൊപ്പം മഞ്ഞ ചിത്രശലഭങ്ങള്‍ എപ്പോഴുമുണ്ടാകും. വീട്ടുകാര്‍ മിമിയെ വീട്ടില്‍ പൂട്ടിയിട്ടപ്പോള്‍ കുളിമുറിയില്‍ വന്ന് അവളെ പ്രേമിച്ചവന്‍. ഒടുവില്‍ കോഴിക്കള്ളന്‍ എന്ന് പേരില്‍ വെടിവെച്ച് വീഴ്ത്തി. തുടര്‍ ജീവിതം മുഴുവന്‍ പകുതി തളര്‍ന്ന് കിടന്ന് ഏകാന്തനായി മരിച്ചു.
കേണല്‍ ജെറിനെല്‍ഡോ മാര്‍ക്കേസ്: കേണല്‍ അറീലിയാനോ ബുവന്തിയയുടെ വിശ്വസ്തനായ സുഹൃത്ത്. അമരാന്റയോട് കടുത്ത പ്രേമമായിരുന്നു. പക്ഷേ നിരസിക്കപ്പെട്ടു.
മിസ്റ്റര്‍ ഹെര്‍ബര്‍ട്ട്: ബുവേന്തിയ കുടുംബത്തില്‍ അതിഥിയായി എത്തി അവിടെ നിന്ന് തിന്ന വാഴപ്പഴത്തിന്റെ രുചിയും വലിപ്പവും കണ്ട് അമേരിക്കയില്‍ നിന്നുള്ള വന്‍ കമ്പിനിയെ മക്കോണ്ടായില്‍ എസ്റ്റേറ്റ് ഉണ്ടാക്കാന്‍ ക്ഷണിച്ച വിദേശി.
മിസ്റ്റര്‍ ബ്രൗണ്‍: വാഴത്തോട്ട കമ്പിനിയുടെ മുതലാളിയായ വിദേശി. തൊഴിലാളികള്‍ക്ക് വേതനം നല്‍കാതെ പറ്റിക്കുകയും അവസാനം ഭീകരമായ അടിച്ചമര്‍ത്തലിന് നേതൃത്വം നല്‍കുകയും ചെയ്ത ആള്‍. One Hundred Years of Solitude, Netflix series synopsis and characters
Content Summary; One Hundred Years of Solitude, Netflix series synopsis and characters