November 07, 2024 |
Share on

മറ്റൊരു ഒക്ടോബര്‍ 7 ലേക്ക് ലോകമെത്തുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വിനാശകരമാണ്

വിനാശകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ അനുദിനം വളരുകയാണ്

അവധി ദിനത്തില്‍ അലറി വിളിക്കുന്നതുപോലെ അപകട സൈറണ്‍ മുഴങ്ങിയപ്പോഴാണ് തങ്ങള്‍ അപകടത്തിലാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നത്. ഇസ്രയേലിനെ സംബന്ധിച്ച് അതൊരു കറുത്ത ശനിയാഴ്ച്ചയായിരുന്നു. മരണത്തിന്റെ ഗന്ധം തിങ്ങിയൊരു ദിവസം.

2023 ഒക്ടോബര്‍ 7 ശനിയാഴ്ച്ച രാവിലെ 6.30(പ്രാദേശിക സമയം) നാണ് ഹമാസ് തെക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ആരംഭിക്കുന്നത്. കൃത്യമായി ഏത് സ്ഥലത്ത് നിന്നാണ് റോക്കറ്റ് ആക്രമണം അവര്‍ ആരംഭിച്ചതെന്ന് വ്യക്തമല്ല.

ആയിരക്കണക്കിന് റോക്കറ്റുകളാണ് ഗാസയില്‍ നിന്നും ഇസ്രയേലില്‍ പതിച്ചത്. ഇതിന് സമാന്തരമായി ഇസ്രയേലിനെ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന അത്യാധുനിക സാങ്കേതിക വിദ്യകളാല്‍ നിര്‍മിച്ച അതിര്‍ത്തി വേലികള്‍ ഭേദിച്ച് ഹമാസിന്റെ സായുധ തീവ്രവാദികള്‍ കടന്നു കയറി. അവര്‍ സൈനികരെയും സാധാരണക്കാരെയും വെടിവച്ചു കൊല്ലുകയും ജീവനോടെ പിടികൂടുകയും ചെയ്തു. കടല്‍മാര്‍ഗം ഇസ്രയേലിലേക്ക് കടന്നു കയറാനുള്ള ശ്രമവും ഒരുഭാഗത്ത് നടത്തിയിരുന്നു.

ഹമാസിന്റെ ഭാഗത്ത് നിന്നും മുന്‍ മാതൃകയില്ലാത്ത തരം ഭീകരാക്രമണമാണ് ഇസ്രയേലിന് നേരിടേണ്ടി വന്നത്. അതേസമയം ഈ ആക്രമണം ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംവിധാനത്തെ പാടെ അപഹസിക്കുന്നതുമായിരുന്നു.

ശനിയാഴ്ച്ച രാവിലെ 7.45 ഓടെയാണ് ഗാസ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇസ്രയേല്‍ ഭാഗത്തെ ജൂത സമൂഹത്തിനിടയിലേക്കു ഹമാസിന്റെ ഇസ്ലാമിക തീവ്രവാദികള്‍ കടന്നു കയറിയത്. അവര്‍ സൈനികരെയും സാധാരണക്കാരെയും ഒരുപോലെ ശത്രുക്കളായി കണ്ട് കൊന്നു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഇസ്രയേലി പൗരന്മാരെയും, കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ ബന്ധനസ്ഥരായി കിടക്കുന്നവര്‍ക്ക് സമീപം തോക്കു ചൂണ്ടി നില്‍ക്കുന്ന ഭീകരരുടെയും വീഡിയോകള്‍ പുറത്തു വന്നു. ജീവഭയത്താല്‍ രക്ഷാമാര്‍ഗം തേടിയോടുന്ന മനുഷ്യരുടെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

തെക്കന്‍ ഇസ്രയേലില്‍ അവധിയോടനുബന്ധിച്ച് നൃത്തപരിപാടികള്‍ നടന്നുവന്നിരുന്ന സ്ഥലത്ത് ഭീകരവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. നൂറോളം ചെറുപ്പക്കാരായ ഭീകരവാദികളാണ് ഇവിടെ അക്രമം നടത്തിയത്. അവര്‍ മരങ്ങള്‍ക്കു മുകളില്‍ കയറി രണ്ട് ഭാഗത്ത് നിന്നുമായി വെടിയുതിര്‍ക്കുകയായിരുന്നു. 260 ഓളം മൃതദേഹങ്ങളാണ് അവിടെ നിന്നു മാത്രം കണ്ടെത്തിയത്.

ഇസ്രയേല്‍ പ്രതിരോധ സേന(ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ്-ഐഡിഎഫ്) പറയുന്നതനുസരിച്ച് 200 മുതല്‍ 300 ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് കടന്നു കയറിയിരുന്നു. സംഘങ്ങളായി പിരിഞ്ഞശേഷം എട്ട് പോയിന്റുകളില്‍ നിലയുറപ്പിച്ചായിരുന്നു ഇവരുടെ ആക്രമണങ്ങള്‍. ഈ കേന്ദ്രങ്ങളുടെ നിയന്ത്രണം വീണ്ടെടുക്കാനായിരുന്നു ഐഡിഎഫിന്റെ ആദ്യശ്രമം.

12000 ഇസ്രയേലികളെയാണ് അന്ന് കൊന്നൊടുക്കിയത്. 250 ലേറെ പേറേ ഹമാസ് തടവിലാക്കി കൊണ്ടു പോന്നു.

പ്രത്യാക്രമണം
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ആദ്യം പകച്ചു പോയെങ്കിലും ഉടനടി പ്രത്യാക്രമണം തുടങ്ങിയ ഇസ്രയേല്‍, ഗാസയിലേക്ക് മിസൈലുകള്‍ അയച്ചായിരുന്നു ആക്രമണത്തിന് തുടക്കമിട്ടത്. 2.3 മില്യണ്‍ പലസ്തീനികള്‍ താമസിക്കുന്ന പ്രദേശമാണ് ഗാസ മുനമ്പ്. ഇസ്രയേലിന്റെ ആക്രമണം തുടങ്ങുന്നതിന് മുമ്പായി നെതന്യാഹൂ നല്‍കിയ മുന്നറിയിപ്പ്, ഗാസയിലെ താമസക്കാര്‍ എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നായിരുന്നു. ഹമാസിന്റെ ഒളിത്താവളങ്ങള്‍ ഞങ്ങള്‍ വെറും അവശിഷ്ടങ്ങളാക്കുമെന്നാണ് ഇസ്രയേല്‍ പ്രതിജ്ഞയെടുത്തത്. അതിനവര്‍ ഗാസയെ തകര്‍ക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍, അവിടെയുള്ള സാധാരണക്കാര്‍ക്ക് നെതന്യാഹൂ പറഞ്ഞതുപോലെ, പെട്ടെന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍ കഴിഞ്ഞില്ല. 16 വര്‍ഷത്തോളം ഇസ്രയേലും ഈജിപ്തും ഏര്‍പ്പെടുത്തിയ ഉപരോധം ഗാസ മുനമ്പിന്റെ ആഭ്യന്തര സാമ്പത്തികാവസ്ഥയെ പാടെ തകര്‍ത്തിരുന്നു. അവിടെയുള്ള ജനങ്ങളുടെ ജീവിതം കഠിനമായ ദുരിതത്തിലായിരുന്നു.

ഇസ്രയേലിന്റെ യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും 42, 870 പലസ്തീനികള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഹസാമിനെ തുടച്ചു നീക്കാന്‍ പ്രതിജ്ഞയെടുത്ത് ആരംഭിച്ച യുദ്ധത്തില്‍ ഏറിയ പങ്കും കൊല്ലപ്പെട്ടത് സാധാരണക്കാരാണ്. ഏകദേശം 16,500 കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. ഗസയിലും വെസ്റ്റ് ബാങ്കിലുമൊന്നും പാര്‍പ്പിടങ്ങളില്ല. സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയേണ്ടി വരുന്ന ജനതയാണ് ഇപ്പോള്‍ പലസ്തീനികള്‍.

എന്തിനായിരുന്നു അപ്രതീക്ഷിത ആക്രമണം?
ഇസ്രയേലില്‍ കടന്നു കയറി ആക്രമിക്കാന്‍ ഹമാസിന പ്രേരിപ്പിച്ചതിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാല്‍, വെസ്റ്റ്ബാങ്കില്‍ മാസങ്ങളായി സംഘര്‍ഷം നടക്കുന്നുണ്ടായിരുന്നു. ഇസ്രയേല്‍ സൈനികരും കുടിയേറ്റക്കാരും പലസ്തീനികളും തമ്മില്‍ ഏറ്റുമുട്ടല്‍ വലുതായി വരുന്നുണ്ടായിരുന്നു. ഇസ്രയേല്‍ കുടിയേറ്റക്കാര്‍ പലസ്തീന്‍ ഗ്രാമങ്ങളില്‍ ആക്രമണങ്ങള്‍ നടത്തി. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ സൈനികര്‍ക്കും കുടിയേറ്റക്കാര്‍ക്കും നേരെ പലസ്തീന്‍ പോരാളികള്‍ തിരിച്ചടിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് പലസ്തീന്‍ നഗരങ്ങളിലേക്ക് കടന്നു ചെന്നു. സംഘര്‍ഷം അങ്ങനെ പലരീതിയില്‍ വളര്‍ന്നു കൊണ്ടിരുന്നു.

ഇപ്പോഴത്തെ യുദ്ധത്തിലേക്ക് കാര്യങ്ങളെത്താന്‍ ഒരു കാരണം കൂടി പറയുന്നുണ്ട്

പുരാതന ജറുസലേം നഗരത്തിലെ അല്‍-അഖ്സ പള്ളി വളപ്പില്‍ ഏതാനും ജൂതര്‍ കഴിഞ്ഞാഴ്ച്ച പ്രാര്‍ത്ഥന നടത്തിയിരുന്നു. അവര്‍ പ്രാര്‍ത്ഥന നടത്തിയ പ്രദേശം ജൂതരെ സംബന്ധിച്ച് ഏറെ വിശേഷപ്പെട്ടതാണ്. ബൈബിളില്‍ പറയുന്ന ജൂത പൂണ്യസ്ഥലമായ ടെമ്പിള്‍ മൗണ്ട് ഇതാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. അവിടെ പ്രാര്‍ത്ഥന നടത്തുന്നത് പുണ്യമായി അവര്‍ കരുതുന്നു. എന്നാല്‍ മുസ്ലിങ്ങളെ സംബന്ധിച്ച് ഈ പ്രദേശം ഹാറാം അല്‍-ഷരീഫ് ആണ്. മക്കയും മദീനയും കഴിഞ്ഞാല്‍ മുസ്ലിമിന്റെ മൂന്നാമത്തെ പുണ്യദേശം. അല്‍-അഖ്സ പള്ളിയുടെ ഉള്ളിലേക്ക് ജൂതര്‍ കയറുകയെന്നത് അനുവദിക്കാനെ കഴിയാത്ത കാര്യമാണ്. ആ വിലക്ക് ലംഘിച്ച് ജൂതര്‍ പ്രാര്‍ത്ഥിച്ചു എന്നത് വല്ലാത്ത പ്രകോപനമുണ്ടാക്കി. ഇപ്പോള്‍ ഇസ്രയേലില്‍ കടന്നു കയറി നടത്തിയ ആക്രമണത്തിന് ഹമാസ് നല്‍കിയിരിക്കുന്ന പേര്; ഒപ്പറേഷന്‍ അല്‍-അഖ്സ പ്രളയം എന്നാണ്.

ഇപ്പോഴത്തെ ഹമാസ് ആക്രമണത്തിന് പിന്നില്‍ ഇറാന്റെ പിന്തുണയുള്ളതായും ആരോപണമുണ്ട്. ഇസ്രയേലുമായി നല്ലബന്ധത്തില്‍ പോകാന്‍ സൗദി അറേബ്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സൗദി-ഇസ്രയേല്‍ ബന്ധം ഇറാന്‍ ആഗ്രഹിക്കുന്നില്ല. ആ ബന്ധം ഫലവത്താകാതിരിക്കാന്‍ ഹമാസിനെ പ്രകോപിച്ച് അക്രമണം നടത്തിയതാകാമെന്ന ഊഹാപോഹങ്ങളും പറഞ്ഞു കേട്ടിരുന്നു.

‘വിശ്വാസം’ നഷ്ടപ്പെട്ട ഇസ്രയേലികള്‍
ഇസ്രയേലില്‍ കടന്നു കയറിയുള്ള ഹമാസ് ആക്രമണത്തില്‍ ലോകം ഞെട്ടിയതിന് ഒരു കാരണം, ഇസ്രയേലിന് ഈ ആക്രമണം എന്തുകൊണ്ട് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല എന്നതാണ്. തീര്‍ച്ചയായും മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലായിരിക്കണം ഹമാസ് ഇസ്രയേലിനെ ആക്രമിച്ചിരിക്കുന്നത്. എന്നാലത് ഇസ്രയേല്‍ മുന്‍കൂട്ടി കണ്ടില്ല എന്നതാണ് അത്ഭുതം. ഇസ്രയേല്‍ ഇന്റലിജന്‍സിന് ഇത്തരത്തിലൊരു ആക്രമണം നേരിടേണ്ടിവരുമെന്നതില്‍ യാതൊരു സൂചനയും കിട്ടിയിരുന്നില്ല.

ഗാസയിലേക്ക് രണ്ടു കണ്ണും തുറന്നിരിക്കുന്നവരാണ് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍. ഒരോ ചെറിയ നീക്കങ്ങളും അവര്‍ സസൂക്ഷ്മം ശ്രദ്ധിക്കാറുണ്ട്. ഗാസയിലെ ജനങ്ങളുടെ ദൈന്യംദിന ജീവിതം നടക്കുന്നത് തന്നെ ഇസ്രയേലിന്റെ ചാരക്കണ്ണിനു മുന്നിലാണ്. മിക്ക സമയങ്ങളിലും ഇസ്രയേല്‍ ഡ്രോണുകള്‍ ഗാസ മുനമ്പിനു മുകളില്‍ പറക്കുന്നുണ്ടാകും. ഇതൊന്നും കൂടാതെ പലസ്തീനികള്‍ക്കിടയില്‍ നിന്നു തന്നെ ധാരാളം ഇന്‍ഫോര്‍മാര്‍(വിവരം കൈമാറുന്നവര്‍) ഇസ്രയേലിനുണ്ട്. ഇത്തരക്കാരെ ബ്ലാക് മെയ്ല്‍ ചെയ്തോ മറ്റു രീതിയില്‍ പേടിപ്പിച്ചോ വധഭീഷണി നിലനിര്‍ത്തിയോ തങ്ങളുടെ പക്ഷം നിര്‍ത്തിയിരിക്കുകയാണ്.

ഇത്രയൊക്കെ സംവിധാനങ്ങള്‍ ഉണ്ടായിട്ടും ഇതുപോലൊരു പരാജയം ഉണ്ടായത്, ഇസ്രയേല്‍ ഭരണകൂടത്തിനു മേല്‍ പൊതുജനത്തിനുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്. തങ്ങളെ സംരക്ഷിക്കാന്‍ സൈന്യത്തിനും സര്‍ക്കാരിനും കഴിയുന്നില്ല എന്നാണ് ജനത്തിന്റെ ഇപ്പോഴത്തെ തോന്നല്‍.

ഹമാസും ഗാസയും ഭാവിയും
ഗാസയിലെ, അല്ലെങ്കില്‍ മൊത്തം പലസ്തീനിലെ സാധരണ ജനങ്ങളാണ് ഇപ്പോഴത്തെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുന്നത്. ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ഇസ്രയേലിന് ഇതുവരെ സാധിച്ചിട്ടില്ല. 2007 മുതല്‍ ഗാസ നിയന്ത്രിക്കുന്നത് ഈ മതമൗലിക സംഘടനയാണ്. തങ്ങള്‍ അനിഷേധ്യ ശക്തിയാണെന്ന് അവര്‍ ലോകത്തെ കാണിച്ചുകൊടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ ഏഴില്‍ നടത്തിയ ആക്രമണവും അതിന്റെ ഭാഗം തന്നെയായിരുന്നു.

ഹമാസ് ആക്രമണം ഒരു അവസരമായാണ് ഇസ്രയേല്‍ എടുത്തത്. ഗാസയില്‍ മാത്രമല്ല, വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും അവര്‍ മുഴുവന്‍ സൈന്യത്തെയും ഉപയോഗിച്ചു. ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെങ്കിലും പലസ്തീനിലെ പൂര്‍ണതോതിലുള്ള അധിനിവേശമാണ് ഇപ്പോഴവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഈയൊരു ലക്ഷ്യവുമായാണ് ഇസ്രയേല്‍ യുദ്ധം ചെയ്യുന്നതെന്നതിനാല്‍ തന്നെയാണ് സാധാരണക്കാര്‍ കൊന്നു തള്ളപ്പെടുന്നത്. ഒന്നും അവസാനിച്ചിട്ടില്ല. ഇനിയും സാധാരണക്കാര്‍ മരിച്ചു വീഴും, വീടുകളും കെട്ടിടങ്ങളും ഇനിയുമേറെ തകര്‍ന്നു വീഴും.

ഇസ്രയേല്‍ നാലുപാടു നിന്നും ഹമാസിനെ ആക്രമിക്കുന്നുണ്ട്. ഇപ്പോഴം അവരുടെ ബലം ഇസ്രയേല്‍ ബന്ധികളാണ്. ഗിലാഡ് ഷാലറ്റ് എന്ന ഇസ്രയേലി സൈനികനെ അഞ്ചുവര്‍ഷമാണ് ഹമാസ് തടവിലാക്കിയത്. ഒടുവില്‍, 2011 ല്‍ അയാളെ മോചിപ്പിക്കുമ്പോള്‍ പകരമായി ആയിരം പലസ്തീന്‍ തടവുകാരെ ഇസ്രയേലിനെക്കൊണ്ട് വിട്ടയപ്പിച്ചിരുന്നു.

പലസ്തീന്‍ ജനതയ്ക്കു വേണ്ടിയാണ് ഞങ്ങള്‍ ഇസ്രയേലിനോട് പൊരുതുന്നതെന്ന വ്യാഖ്യാനമാണ് ഹമാസ് ഉണ്ടാക്കിയിരിക്കുന്നത്. ഗാസയിലെ ജനങ്ങള്‍ക്കിടയില്‍ ഹമാസ് അനിഷേധ്യമായ സ്വാധീനം ഉണ്ടെന്നത് വാസ്തവമാണ്. എന്നാല്‍, എല്ലാ പലസ്തീനികളും ഹമാസിനെ അംഗീകരിക്കുന്നവരാണോ?

ഗാസയിലെ സാധാരണ ജനത്തിന് രണ്ട് ആഗ്രഹങ്ങളാണുള്ളത്. ഗാസയ്ക്കു മേലുള്ള ഉപരോധം അവസാനിപ്പിക്കുക, ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കുക. ഹമാസിന്റെ അധികാരകേന്ദ്രമെന്ന നിലയില്‍ ഗാസയില്‍ ഈ രണ്ട് കാര്യങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഗാസയിലെ ജനങ്ങള്‍ ഹതാശരാണ്. ഈ അവസരം മുതലെടുക്കുന്നവരാണ് അവിടുത്തെ ചെറുപ്പക്കാരുടെ കൈകളില്‍ ആയുധം പിടിപ്പിച്ചു കൊടുക്കുന്നത്. ഈ ചെറുപ്പക്കാര്‍ ഇപ്പോള്‍ വിശ്വസിക്കുന്നത് പോരാട്ടം മാത്രമാണ് തങ്ങളെ സംരക്ഷിക്കുകയെന്നും നാടിന് ഭാവി ഉണ്ടാക്കുക എന്നുമാണ്.

മിഡില്‍ ഈസ്റ്റിലേക്കു വ്യാപിച്ച സംഘര്‍ഷം
ഹമാസിനും ഇസ്രയേലിനും ഇടയില്‍ നിന്ന് ഇപ്പോള്‍ സംഘര്‍ഷം മിഡില്‍ ഈസ്റ്റിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഹമാസ്, ഹൂതികള്‍, ഹിസ്ബുള്ള എന്നിവരോടുള്ള ഏറ്റുമുട്ടല്‍ ഇസ്രയേലിനെ ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുകയാണ്. വിനാശകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ അനുദിനം വളരുകയാണ്.  one year after october 7 attack israel hamas war middle east crisis 

Content Summary; one year after october 7 attack israel hamas war middle east crisis

Advertisement