ഗുജറാത്തിലെ കച്ച് മേഖലയിൽ അദാനി ഗ്രൂപ്പിന് വൈദ്യുത പ്ലാന്റ് നടത്തിപ്പിനായി രാജ്യ സുരക്ഷാ നിയമങ്ങളിൽ മാറ്റം വരുത്തിയതിനെതിരെ പ്രതിപക്ഷം ലോക്‌സഭയിൽ പ്രതിഷേധിച്ചു. കോൺഗ്രസ്, ഡിഎംകെ അംഗങ്ങളാണ് പ്രധാനമായും പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തി പ്രദേശത്ത് അദാനിക്ക് വൈദ്യുതി പ്ലാന്റ് നിർമ്മിക്കുന്നതിനായി മോദി സർക്കാർ നിയമങ്ങൾ മാറ്റിമറിച്ചുവെന്നതിന്റെ വിശദ വിവരങ്ങൾ അഴിമുഖം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഗുജറാത്തിലെ കച്ച് മേഖലയിൽ 2023ലാണ് അദാനി ഗ്രൂപ്പിന് പാരമ്പര്യേതര ഊർജ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. Opposition Raises Concerns Over Adani groups Energy Projects
”ദേശീയ സുരക്ഷയും ഊർജ സുരക്ഷയും പരസ്പരം കൈകോർത്ത് പോകേണ്ട ഒന്നാണ്” സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് മനിഷ് തിവാരി പറഞ്ഞു.
”ഖവ്ദയിൽ ഒരു വലിയ ഹൈബ്രിഡ് വൈദ്യുത നിലയം വരാനിരിക്കുകയാണ്. പാകിസ്ഥാനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് പദ്ധതി. ദേശീയ സുരക്ഷ മുൻനിർത്തി അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ വലിയ നിർമാണ പ്രവർത്തനങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന നിയമമുണ്ട്. ഇതെ പറ്റിയുള്ള ചോദ്യത്തിന് സർക്കാരിന്റെ കയ്യിൽ ഉത്തരമില്ല. അതിനാൽ ഞങ്ങൾ പാർലമെന്റ് ബഹിഷ്‌കരിച്ചു.” – മനീഷ് തിവാരി കൂട്ടിച്ചേർത്തു.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് പതിനായിരക്കണക്കിന് ഹെക്ടർ സ്ഥലത്ത് ഹൈബ്രിഡ് വൈദ്യുത നിലയം അനുവദിക്കാൻ കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, അതിർത്തിയോട് ചേർന്നുള്ള തന്ത്ര പ്രധാനവും അതീവ സുരക്ഷാമേഖലയുമായ ഇത്തരം പ്രദേശങ്ങളിൽ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും പാടില്ല എന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ദീർഘകാലമായുള്ള നിയമങ്ങളും ദേശസുരക്ഷയെ കുറിച്ചുള്ള വിദഗ്ധരുടെ ആശങ്കകളും മറികടന്നാണ് സർക്കാർ അദാനി ഗ്രൂപ്പിന്റെ
താത്പര്യത്തിന് വഴങ്ങിയത്. ഇതിനായി ആദ്യം ഒരു കേന്ദ്ര പൊതുമേഖല സ്ഥാപനത്തെ കൊണ്ട് അതിർത്തി സംരക്ഷണ നിയമത്തിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുകയും പൊതുമേഖല സ്ഥാപനത്തിന് വേണ്ടിയെന്നോണം നിയമം മാറ്റുകയും ചെയ്തു. പിന്നീട് പൊതുമേഖല സ്ഥാപനം തങ്ങൾക്കത് ലാഭകരമാകില്ല എന്ന് ചൂണ്ടിക്കാണിച്ച് പിൻമാറുകയായിരുന്നു. പിന്മാറാനുള്ള നിർദ്ദേശം നൽകിയത് കേന്ദ്ര പാരമ്പര്യേതര ഊർജ്ജ മന്ത്രിയും. തുടർന്നാണ് അദാനി ഗ്രൂപ്പിന്റെ നാടകീയ രംഗപ്രവേശം. തുടർന്ന് എല്ലാ നിയമങ്ങളും അവരുടെ താത്പര്യത്തിന് വേണ്ടി മാറ്റിയെഴുതുകയായിരുന്നു.
തന്ത്രപ്രധാനമായ ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് വെറും ഒരു കിലോമീറ്റർ മാത്രം അകലെ, കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ചു വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അദാനി ഗ്രൂപ്പിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ അഭ്യർത്ഥന മാനിച്ച് ഇന്ത്യയുടെ അതിർത്തി സംരക്ഷണ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് അദാനി ഗ്രൂപ്പിന് സഹായമായി മാറിയത് എന്നാണ് സർക്കാർ രേഖകളും, ഗുജറാത്തിലെ ഒരു പാരമ്പര്യേതര ഊർജ പാർക്കുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകളുടെ രേഖകളും വെളിപ്പെടുത്തുന്നത്.
ഗുജറാത്തിൽ കച്ച് മേഖലയിലാണ് പാക് അതിർത്തിക്ക് സമീപം പാരമ്പര്യേതര ഊർജ്ജ പദ്ധതി പ്രകാരം കാറ്റിൽ നിന്ന് വൈദ്യുതി നിർമ്മിക്കാൻ പൊതുമേഖല സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് (എസ്.ഇ.സി.ഐ) ഗുജറാത്ത് സർക്കാർ അനുമതി നൽകിയത്. പദ്ധതി സാമ്പത്തികമായി ലാഭകരമാക്കുന്നതിന് ഒരേസമയം വെയിലിൽ നിന്നും കാറ്റിൽ നിന്നും വൈദ്യുതി സൃഷ്ടിക്കാൻ സോളാർ പാനലുകളും കാറ്റാടി യന്ത്രങ്ങളും ഉൾക്കൊണ്ട ഹൈബ്രിഡ് ഊർജ്ജ പദ്ധതിക്ക് സോളാർ എനർജി കോർപ്പറേഷൻ സർക്കാരിന്റെ സമ്മതം തേടി. 2023 മെയ് മാസത്തിൽ ഇന്ത്യയുടെ അതിർത്തി പരിപാലന നിയമങ്ങളിൽ സുപ്രധാന ഭേദഗതി വരുത്തിക്കൊണ്ട് നരേന്ദ്ര മോദി സർക്കാർ സോളാർ എനർജി കോർപ്പറേഷന്റെ അപേക്ഷ അംഗീകരിച്ചു.
എന്നാൽ രണ്ട് മാസങ്ങൾക്ക് ശേഷം പ്രതിരോധ മന്ത്രാലയം ഭേദഗതി ചെയ്ത നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സോളാർ എനർജി കോർപ്പറേഷൻ ഗുജറാത്ത് സർക്കാരിന് ഭൂമി വിട്ടു നൽകി. കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്.
അതിന് ശേഷം ഗുജറാത്ത് സർക്കാർ ഈ ഭൂമി അദാനി ഗ്രൂപ്പിന് പതിച്ചു നൽകി. ഇത് പൊതുമേഖല സ്ഥാപനങ്ങൾക്ക് മാത്രമേ നൽകുകയുള്ളൂ എന്ന സർക്കാരിന്റെ തന്നെ മുൻ തീരുമാനത്തെ മറികടന്നായിരുന്നു ഇത്. തത്ഫലമായി, കച്ച് ജില്ലയിലെ ഖവ്ദ സോളാർ പാർക്കിൽ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് 445 ചതുരശ്ര കിലോമീറ്റർ ഭൂമി ഇപ്പോൾ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഉള്ളത്. അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലത്തിൽ കാറ്റാടി യന്ത്രങ്ങളും രണ്ട് കിലോമീറ്റർ അകലെ സോളാർ പാനലുകളും അദാനി ഗ്രൂപ്പിന് സ്ഥാപിക്കാൻ കഴിയും.Opposition Raises Concerns Over Adani groups Energy Projects
content summary; Opposition Raises Concerns Over Adani groups Energy Projects Along India-Pakistan Border, Claiming National Security Is at Risk