June 04, 2026 |

ഇന്ത്യയിലെ കാര്‍ വിപ്ലവം നയിച്ച ഒസാമു സുസുക്കി

മധ്യവര്‍ഗ ഇന്ത്യക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് സഫലമാക്കുകയായിരുന്നു സുസുക്കി

1980കളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള ഒസാമു സുസുക്കിയുടെ തീരുമാനം ഇന്ത്യന്‍ വാഹന വിപണയില്‍ ഒരു പുതിയ വിപ്ലവത്തിനാണ് തുടക്കം കുറിച്ചത്. ഇവിടുത്തെ വാഹന വ്യവസായത്തെ ആ തീരുമാനം പുനര്‍നിര്‍മ്മിച്ചു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ കാര്‍ പ്രേമികളാക്കി. 1981ല്‍, ജപ്പാനിലേക്ക് തിരിച്ച് പോകുമ്പോള്‍, സുസുക്കി ഇന്ത്യാ ടുഡേയില്‍ ഒരു ലേഖനം കാണാനിടയായി, രാജ്യത്തിന്റെ ഓട്ടോമൊബൈല്‍ വ്യവസായം വികസിപ്പിക്കുന്നതിന് വിദേശ പങ്കാളികളെ തേടുന്ന ഇന്ത്യന്‍ ഗവണ്‍മെന്റിനെക്കുറിച്ചായിരുന്നു ലേഖനം. ഒരു തീരുമാനം എടുക്കുന്നതിന് ഒസാമയ്ക്ക് കൂടുതല്‍ ആലോചിക്കേണ്ടിയിരുന്നില്ല. ‘ഈ ഓട്ടത്തില്‍ നമ്മളും ഉണ്ടായിരിക്കണം.’ ആകസ്മികമായി തോന്നാവുന്ന ആ പ്രതികരണം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെയും വാഹന വിപണിയുടെയും പാതയെ എന്നെന്നേക്കുമായി മാറ്റുന്ന ഒരു പങ്കാളിത്തത്തിന് കാരണമാകുകയായിരുന്നു.

അക്കാലത്ത്, ഇന്ത്യയ്ക്ക് ഫലത്തില്‍ ഒരു വാഹന വിപണി നിലവിലില്ലായിരുന്നു. രാജ്യത്തെ റോഡുകള്‍ കൂടുതലും പഴയതും ഇറക്കുമതി ചെയ്തതുമായ കാറുകളാല്‍ നിറഞ്ഞതായിരുന്നു, കൂടാതെ ഒരു വാഹനം സ്വന്തമാക്കുക എന്നത് ശരാശരി ഇന്ത്യക്കാരന് അപ്രാപ്യമായ ഒരു ആഡംബരമായിരുന്നു. എന്നിട്ടും, സുസുക്കി ഇന്ത്യയുടെ ഉപയോഗിക്കാത്ത വിപണിയില്‍ ഒരു വലിയ അവസരം കണ്ടു, പ്രത്യേകിച്ചും രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയും വളര്‍ന്നുവരുന്ന മധ്യവര്‍ഗവും കണക്കിലെടുക്കുമ്പോള്‍. ആഗോള വാഹന വിപണിയെക്കുറിച്ചും വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളുടെ ആവശ്യങ്ങളെക്കുറിച്ചും ആഴത്തിലുള്ള ധാരണയുള്ള സുസുക്കിയുടെ കാഴ്ചപ്പാട്, താങ്ങാനാവുന്ന വിലയിലുള്ളതും ഇന്ത്യന്‍ വിപണിയില്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാവുന്നതുമായ ഇന്ധനക്ഷമതയുള്ള കാറുകള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു.

മാരുതി സുസുക്കിയുടെ പിറവി
1982ല്‍, സുസുക്കി ഇന്ത്യന്‍ സര്‍ക്കാരുമായി ഒരു സംയുക്ത സംരംഭ കരാറില്‍ ഒപ്പുവച്ചു. ഈ പങ്കാളിത്തമാണ് മാരുതി ഉദ്യോഗ് (ഇപ്പോള്‍ മാരുതി സുസുക്കി ഇന്ത്യ)-ന്റെ പിറവിയിലേക്ക് നയിച്ചത്. ഈ സമയത്ത്, കര്‍ശനമായ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ വാഹന വിപണിക്കുമേലുണ്ടായിരുന്നു. കൂടാതെ കാര്‍ ഉടമസ്ഥാവകാശം വിശേഷാധികാരമുള്ള ചുരുക്കം ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. കാറുകള്‍ താങ്ങാനാവുന്ന വിലയില്‍ എത്തിക്കുക മാത്രമല്ല, ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ആഭ്യന്തര വ്യാവസായിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.

maruti 800

1983ല്‍ മാരുതി സുസുക്കി അവരുടെ ഐക്കണിക്ക് വാഹനമായ മാരുതി 800 പുറത്തിറക്കിയത് വലിയൊരു വഴിത്തിരിവായി. താങ്ങാവുന്ന വിലയില്‍ അവതരിപ്പിച്ച, മാരുതി 800 വന്‍ വിജയമായി. അതിന്റെ ഒതുക്കമുള്ള രൂപം, ഇന്ധനക്ഷമത, ആധുനിക രൂപകല്‍പ്പന എന്നിവ ജനങ്ങളെ ആകര്‍ഷിച്ചു. തങ്ങളുടെ ആദ്യ കാര്‍ സ്വന്തമാക്കാന്‍ ഉത്സുകരായ പുതുതായി ഉയര്‍ന്നുവരുന്ന ഇന്ത്യന്‍ മധ്യവര്‍ഗത്തിന് മാരുതി 800 സ്വപ്‌ന വാഹനമായി. ഒരു മധ്യവര്‍ഗക്കാരന് താങ്ങാനാവുന്ന വില എന്നതു മാത്രമായിരുന്നില്ല; അക്കാലത്ത് ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കാലഹരണപ്പെട്ടതും വിശ്വസനീയമല്ലാത്തതുമായ കാറുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ഗുണനിലവാരമുള്ള ഒരു കാര്‍ ആണ് സുസുക്കി അവതരിപ്പിച്ചിരിക്കുന്നതെന്ന വിശ്വാസവുമാണ് 800 ന്റെ ജനപ്രീതിക്ക് കാരണമായത്. വിപണയില്‍ എത്തിയപ്പോള്‍ തന്നെ മാരുതി 800 സൂപ്പര്‍ ഹിറ്റായി. പുതുതായി വന്ന മധ്യവര്‍ഗക്കാര്‍ക്കിടയില്‍ മാത്രമല്ല, അതിനെ സ്റ്റാറ്റസ് സിംബലായി കണ്ട സമ്പന്നരായ ഇന്ത്യക്കാര്‍ക്കിടയിലും.

ആഗോള വാഹന ഭീമന്‍മാരുടെ കാറുകളുടെ വിലയുടെ ഒരു അംശത്തിന് വിറ്റ മാരുതി 800 ഒരു ഗെയിം ചേഞ്ചറായി മാറി. രാജ്യത്തെ കാര്‍ ഉടമസ്ഥാവകാശം പുനഃക്രമീകരിച്ചുകൊണ്ട് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ഓട്ടോകാര്‍ ഇന്ത്യയുടെ എഡിറ്ററായ ഹോര്‍മാസ്ദ് സൊറാബ്ജി ചൂണ്ടിക്കാണിക്കുന്നതുപോലെ: ”ഇന്ത്യയെ വിമര്‍ശിച്ച ഒസാമു സുസുക്കി, ഇന്ത്യയുടെ ഓട്ടോമോട്ടീവ് ലാന്‍ഡ്സ്‌കേപ്പിനെ പൂര്‍ണ്ണമായും മാറ്റിമറിച്ചു. 800 മുതല്‍ ഒരു ഉപഭൂഖണ്ഡത്തെ മുഴുവന്‍ ചക്രങ്ങളില്‍ നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ പാരമ്പര്യം ഒരിക്കലും മറക്കാന്‍ കഴിയില്ല.

കാറുകള്‍ക്കപ്പുറമുള്ള കാഴ്ച്ചപ്പാട്
ഇന്ത്യയിലെ ഒസാമു സുസുക്കിയുടെ വിജയം സാധ്യമാക്കിയത് ഇവിടുത്തെ കമ്പോളത്തിന്റെ ഭാവി ചിത്രം തിരിച്ചറിയാനുള്ള അദ്ദേഹത്തിന്റെ കഴിവായിരുന്നു. കാര്‍ നിര്‍മാണത്തില്‍ മാത്രം ഒതുങ്ങാനായിരുന്നില്ല അദ്ദേഹത്തിന്റെ തീരുമാനം. തങ്ങളുടെ വാഹനങ്ങള്‍, കൂടുതല്‍ പേരിലേക്ക് എത്തിക്കണമെങ്കില്‍ പ്രാദേശിക വിതരണ ശൃംഖലയില്‍ തുടങ്ങി അവയ്ക്ക് ചുറ്റും ഒരു മുഴുവന്‍ ആവാസവ്യവസ്ഥയും നിര്‍മ്മിക്കേണ്ടതുണ്ടെന്ന് സുസുക്കി മനസ്സിലാക്കി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സുസുക്കി അതിന്റെ വിതരണക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഈ നീക്കം ഇന്ത്യയില്‍ ഒരു ആഭ്യന്തര വാഹന പാര്‍ട്‌സ് വ്യവസായത്തിന് അടിത്തറയിട്ടു.

ഈ സമീപനം ഇന്ത്യയുടെ വ്യാവസായിക ഭൂമണ്ഡലത്തില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തി. സുസുക്കിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക വിതരണക്കാര്‍ അവരുടേതായ രീതിയില്‍ വ്യവസായ പ്രമുഖരായി വളര്‍ന്നു, അതേസമയം മാരുതിയുടെ ചെലവ് കുറഞ്ഞ നിര്‍മ്മാണ മോഡല്‍ വില കുറയ്ക്കാനും കാറുകള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റാനും സഹായിച്ചു. പ്രാദേശിക ഡീലേഴ്‌സില്‍ കമ്പനിയുടെ നിക്ഷേപവും കൂടിച്ചേര്‍ന്ന് ചെലവ് ചുരുക്കലിലുള്ള ഒസാമു സുസുക്കിയുടെ അശ്രാന്ത ശ്രദ്ധ, മാരുതി സുസുക്കി കാറുകള്‍ക്ക് വിലക്കുറവ് മാത്രമല്ല, ഉയര്‍ന്ന ഗുണനിലവാരവും ഉറപ്പാക്കാന്‍ സഹായിച്ചു. ഈ മാറ്റം, വാഹന പാര്‍ട്‌സുകള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് മാറി, പൂര്‍ണമായും ഇന്ത്യയില്‍ തന്നെ വാഹനങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് തടസമില്ലാതെ ഗിയര്‍ ചെയഞ്ച് ചെയ്യാന്‍ സുസുക്കിയെ അനുവദിച്ചു. പ്രാദേശിക ഉല്‍പ്പാദനത്തിലേക്കുള്ള ഈ നീക്കം, ഇന്ത്യയുടെ കര്‍ശനമായ വിദേശനാണ്യ നിയന്ത്രണങ്ങളും ഇറക്കുമതി നിയന്ത്രണങ്ങളും മറികടക്കാന്‍ കമ്പനിയെ സഹായിച്ചു, ഇത് വിപണിയെ വലിയ തോതില്‍ മത്സരാധിഷ്ഠിതമാക്കി.

മാറ്റത്തിന്റെ പാരമ്പര്യം
ഇന്ത്യയില്‍ സുസുക്കിയുടെ ചൂതാട്ടത്തിന് ഫലമുണ്ടായി. സാഹചര്യങ്ങള്‍ മാത്രമല്ല, ഒസാമു സുസുക്കിയുടെ നേതൃത്വ ശൈലി കൂടിയായിരുന്നു ആ വിജയത്തിന്റെ ഘടകമായത്. സാധാരണ വാഹന വ്യവസായികള്‍ പിന്തുടരുന്ന തന്ത്രങ്ങളില്‍ നിന്നു മാറി സഹജവാസനയെ അടിസ്ഥാനമാക്കി എടുക്കുന്ന തീരുമാനങ്ങളില്‍ അദ്ദേഹം വിശ്വസിച്ചു. അതിനദ്ദേഹം പറഞ്ഞ കാരണം ഇതായിരുന്നു; ‘ഞാന്‍ എല്ലാവരേയും ശ്രദ്ധിക്കുകയാണെങ്കില്‍, അത് കാര്യങ്ങള്‍ വളരെ മന്ദഗതിയിലാക്കും’. അദ്ദേഹത്തിന്റെ നേതൃത്വ തത്ത്വചിന്തയുടെ സവിശേഷത എന്നത്, നവീകരിക്കാനും മെച്ചപ്പെടുത്താനും പുതിയ വിപണികളുമായി വേഗത്തില്‍ പൊരുത്തപ്പെടാനുമുള്ള നിരന്തരമായ പ്രേരണയാണ്. ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ വിജയം കാറുകളുടെ വില്‍പ്പനയില്‍ മാത്രമായിരുന്നില്ല, അത് ചെലുത്തിയ അഗാധമായ സാമൂഹിക-സാമ്പത്തിക സ്വാധീനത്തില്‍ കൂടിയായിരുന്നു. താങ്ങാനാവുന്ന വിലയുള്ള കാറുകളുടെ ലഭ്യത ദശലക്ഷക്കണക്കിന് ഇടത്തരം ഇന്ത്യക്കാര്‍ക്ക് അവരുടെ സ്വന്തമായൊരു വാഹനമെന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കി. ആളുകളുടെ ജീവിതത്തെയും അവരുടെ ജോലിയെയും അടിസ്ഥാനപരമായി മാറ്റി. ഇത്തരം മാറ്റങ്ങളിലൂടെ ഇന്ത്യയെ സാമ്പത്തിക നവീകരണത്തിലേക്കു നയിക്കുന്നതില്‍ സുസുക്കി ഒരു പ്രധാന പങ്ക് വഹിച്ചു.

suzuki

എന്നാല്‍ സുസുക്കിയുടെ സ്വാധീനം ഇന്ത്യന്‍ വിപണിയില്‍ മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ കമ്പനി ആഗോള വിപണികളില്‍, പ്രത്യേകിച്ച് ലാറ്റിനമേരിക്ക, ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ വികസ്വര സമ്പദ്വ്യവസ്ഥകളിലും ഒരു പ്രധാന കളിക്കാരായി മാറി. മാരുതി സുസുക്കി ഇന്ത്യക്ക് പുറത്തേക്ക് വ്യാപിക്കാന്‍ തുടങ്ങുമ്പോഴേക്കും, ഉയര്‍ന്ന നിലവാരമുള്ളതും കുറഞ്ഞ വിലയുള്ളതുമായ വാഹനങ്ങള്‍ വിതരണം ചെയ്യുന്നവരെന്ന ശക്തമായ പ്രശസ്തി നേടിക്കഴിഞ്ഞിരുന്നു. ലോക വിപണയില്‍ തന്നെ അവരൊരു മത്സര ശക്തിയായി മാറി. 2023 ല്‍, മാരുതി സുസുക്കി ഇന്ത്യയില്‍ നിന്ന് 4 ദശലക്ഷത്തിലധികം കാറുകള്‍ കയറ്റുമതി ചെയ്തുവെന്നാണ് അറിയിച്ചത്. കമ്പനിയുടെ ആഗോള സാന്നിധ്യം വ്യക്തമാക്കുന്ന കണക്കാണിത്.

വെല്ലുവിളികളും മത്സരവും
ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ സ്ഥാനം സമാനതകളില്ലാത്തതാണെങ്കിലും, സുസുക്കിയുടെ ആഗോള വിജയത്തിന്റെ കഥ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഇന്ത്യന്‍ വിപണി വളര്‍ന്നപ്പോള്‍, ആഗോള വാഹന ഭീമന്‍മാരില്‍ നിന്ന്, പ്രത്യേകിച്ച് 1990-കളുടെ അവസാനത്തില്‍ ഇന്ത്യയെ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങിയ ഹ്യൂണ്ടായ്, ടൊയോട്ട, ഹോണ്ട തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള മത്സരവും വര്‍ദ്ധിച്ചു. എന്നിരുന്നാലും, സുസുക്കി അതിനകം തന്നെ ഇന്ത്യയില്‍ ശക്തമായ ഒരു കോട്ട സ്ഥാപിച്ചിരുന്നു. വിപണി വിഹിതത്തിന്റെ 40%-ലധികം അവര്‍ നേടി. ഈ സ്ഥാനം ഇന്നും വെല്ലുവിളികളില്ലാതെ തുടരുന്നു. ഇന്ത്യയിലെ സുസുക്കിയുടെ എതിരാളികള്‍ നിസ്സംശയമായും ഒരു വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്, എന്നാല്‍ സുസുക്കിയെ വീഴ്ത്താന്‍ മാത്രം ശക്തമല്ല. ഒസാമുവിന്റെ കമ്പനിയുടെ കാറുകള്‍ ഇപ്പോള്‍ വിശ്വാസ്യത, ഇന്ധനക്ഷമത, പണത്തിനുള്ള മൂല്യം എന്നിവയുടെ പര്യായമാണ്, മാരുതി സുസുക്കിയുടെ ഓഫറുകളില്‍ പ്രധാനമായ ഗുണങ്ങള്‍.

പാകിസ്താനിലെ തിരിച്ചടി
ഇന്ത്യയിലെന്നപോലെ, ഒസാമു സുസുക്കി അയല്‍രാജ്യമായ പാകിസ്ഥാനിലും തന്റെ വിജയം ആവര്‍ത്തിക്കാന്‍ ശ്രമിച്ചു. ഇന്ത്യയിലേതിന് സമാനമായ സമയത്താണ് സുസുക്കി അവിടെയും പ്രവര്‍ത്തനം ആരംഭിച്ചത്, എന്നാല്‍ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി, പാകിസ്ഥാന്റെ വാഹന വിപണി അതേ രീതിയില്‍ മുന്നേറിയില്ല. പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക മാന്ദ്യവും പ്രാദേശിക വാഹന വ്യവസായത്തില്‍ സുസുക്കിക്ക് വെല്ലുവിളികളായി. കൂടാതെ പാകിസ്ഥാനിലെ സുസുക്കിയുടെ പ്രവര്‍ത്തനങ്ങളെ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി സാരമായി ബാധിച്ചു. പാക്കിസ്ഥാനിലെ വിപണിയില്‍ സുസുക്കിയുടെ കാര്യമായ പങ്ക് തുടരുമ്പോള്‍ തന്നെ, രാജ്യത്തെ വാഹന വ്യവസായം കടുത്ത പ്രശ്നത്തിലാണ്. സമീപ വര്‍ഷങ്ങളില്‍ വില്‍പ്പന കുറയുകയും ഉല്‍പ്പാദനം നിലയ്ക്കുകയും ചെയ്തു.

ഇന്ത്യ മറക്കില്ലാത്ത നേതൃത്വം
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഒസാമു സുസുക്കിയുടെ ശ്രദ്ധേയമായ കരിയര്‍ ഇന്ത്യയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ചു. വിപണി അവസരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണമായ ബോധം, നവീകരണത്തോടുള്ള പ്രതിബദ്ധത, ദീര്‍ഘകാല വീക്ഷണം എന്നിവ ഓട്ടോമോട്ടീവ് വ്യവസായത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചു.

മാരുതി സുസുക്കി ഇന്ത്യയുടെ ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ്: ”അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും, മറ്റാരും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത റിസ്‌ക് എടുക്കാനുള്ള സന്നദ്ധത, ഇന്ത്യയോടുള്ള ആഴവും അചഞ്ചലവുമായ സ്‌നേഹം, ഒരു മാസ്റ്റര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അപാരമായ കഴിവുകള്‍ എന്നിവ പ്രയോജനം ചെയ്തില്ലായിരുന്നുവെങ്കില്‍, ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം ഇന്ന് കാണുന്നതുപോലെ ഒരു ശക്തിയായി മാറില്ലായിരുന്നുവെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്”.

ഒസാമു സുസുക്കി ഒരു തരത്തില്‍ ഇന്ത്യന്‍ നിരത്തുകളില്‍ കാറുകള്‍ ഇറക്കുക മാത്രമല്ല ചെയ്തത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാനും ആഗ്രഹിക്കാനും സ്വപ്നം കാണാനും അദ്ദേഹം സ്വാതന്ത്ര്യം നല്‍കി. അദ്ദേഹത്തിന്റെ നേതൃത്വവും ഇന്ത്യയുടെ വികസനത്തോടുള്ള പ്രതിബദ്ധതയും കാഴ്ചപ്പാടിന്റെയും വെല്ലുവിളികളെ നേരിടാനുള്ള കഴിവിന്റെയും നൂതനത്വത്തിന്റെയും ശാശ്വതമായ തെളിവായി തുടരുന്നു. സുസുക്കിയുടെ പൈതൃകത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഒരു കാര്യം വ്യക്തമാണ്: ഇന്ത്യയുടെ ഓട്ടോമോട്ടീവ് ലാന്‍ഡ്സ്‌കേപ്പിനെ മാറ്റിമറിക്കുകയും ഒരു രാജ്യത്തിന്റെ സ്വപ്നങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്ത ഒസാമു സുസുക്കി ഇല്ലാതെ ഇന്ത്യയില്‍ കാര്‍ വിപ്ലവം സാധ്യമാകുമായിരുന്നില്ല.  Osamu Suzuki: The Ultimate Driver of the Car Revolution in India

Content Summary; Osamu Suzuki: The Ultimate Driver of the Car Revolution in India

Leave a Reply

Your email address will not be published. Required fields are marked *

×