ചരിത്രത്തോടൊപ്പമോ ചരിത്രത്തിനു മുന്നിലായോ സഞ്ചരിക്കുകയും കാലത്തെ കീഴ്മേല്‍മറിച്ച വാര്‍ത്തകളും ഫീച്ചറുകളുമെഴുതി പത്രപ്രവര്‍ത്തന ചരിത്രത്തില്‍ അനശ്വരയശസ്വികളാവുകയും ചെയ്ത ഇരുപത്തിയൊന്ന് മാധ്യമ പ്രതിഭകളുടെ അനുഭവധന്യമായ ജീവിതരേഖകളാണ് പി. രാംകുമാര്‍ എഴുതിയ ‘ന്യൂസ് റൂമിലെ ഏകാകികള്‍’ എന്ന ഗവേഷണപ്രധാനമായ പുസ്തകം. പത്രപ്രവര്‍ത്തകരും പത്രാധിപന്മാരും ഗ്ലാമര്‍താരങ്ങളായി അറിയപ്പെട്ടിരുന്ന ഒരു കാലത്തിന്റെ മാധ്യമജീവിതയാത്രകളാണ് മലയാള മനോരമ പത്രാധിപസമിതി അംഗമായ, മികച്ച എഴുത്തുകാരന്‍ കൂടിയായ രാംകുമാര്‍ അതീവ ചാരുതയോടെ അവതരിപ്പിച്ചിട്ടുള്ളത്.
ഇന്ത്യന്‍ പത്രലോകത്തിന് കേരളത്തിന്റെ സംഭാവനയായ എടത്തട്ട നാരായണനെക്കുറിച്ച് ആദ്യമായി പുസ്തകം രചിച്ചിട്ടുള്ള രാംകുമാറിന്റെ ‘ന്യൂസ് റൂമിലെ ഏകാകികള്‍’ എന്ന ഈ കൃതിയില്‍ പോത്തന്‍ ജോസഫ്, ചലപതി റാവു, ഫ്രാങ്ക് മൊറായേസ്, കേണല്‍ ഉണ്ണിനായര്‍, എം. ശിവറാം, ആര്‍.കെ. കരഞ്ചിയ, എം.എസ് കൃഷ്ണരാജ്, ഖുഷ്വന്ത് സിംഗ്, എസ്. മുള്‍ഗോങ്കര്‍, ബാല്‍താക്കറെ, വിനോദ് മേത്ത, സി.പി. രാമചന്ദ്രന്‍, നിഖില്‍ ചക്രവര്‍ത്തി, കുല്‍ദീപ് നയ്യാര്‍, അബു ഏബ്രഹാം, ടി.എസ് സത്യന്‍, ഹോമായ് വ്യാരവാല, എസ്. ജയചന്ദ്രന്‍ നായര്‍ എന്നീ പ്രഗല്‍ഭമതികളുടെ സംഭവബഹുലമായ ജീവിതമാണ് ഹൃദയാവര്‍ജ്ജകമായി ചിത്രീകരിച്ചിട്ടുള്ളത്. ദേശീയ പത്രങ്ങളും പത്രാധിപന്മാരും പത്രമുടമകളും അതിജീവിച്ച പലവിധ സമ്മര്‍ദ്ദങ്ങളും അടിയന്തരാവസ്ഥയില്‍ അവരത്രയും നേരിട്ട പല തരത്തിലുള്ള ഭീഷണികളും ഈ പുസ്തകത്തില്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്.
ജേണലിസം വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്ന അമൂല്യമായ പല വിവരങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുള്ള, 266 പേജ് വരുന്ന ‘ന്യൂസ് റൂമിലെ ഏകാകികള്‍’ വാര്‍ത്തയെഴുത്തുകളെ എങ്ങനെ പോരാട്ടത്തിന്റെയും ടൂളുകളാക്കാം എന്ന് കൂടി പുതിയ തലമുറയെ പഠിപ്പിക്കുന്നുണ്ട്. ഡിജിറ്റല്‍ ജേണലിസത്തിന്റെ കാലത്ത് നിന്നു കൊണ്ട് പിറകിലേക്ക് സഞ്ചരിക്കുമ്പോള്‍, എത്ര സാഹസികമായാണ് പൂര്‍വസൂരികളായ മാധ്യമ പ്രവര്‍ത്തകള്‍ സ്റ്റോറികള്‍ ശേഖരിച്ചിരുന്നുവെന്നതും അന്നത്തെ ദേശീയ നേതാക്കള്‍ എത്ര ആകാംക്ഷയോടെയാണ് വാര്‍ത്തകള്‍ ശ്രദ്ധിച്ചിരുന്നുവെന്നതും ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളവരും അല്ലാത്തവരുമായ പത്രപ്രവര്‍ത്തകരുടെ ഓര്‍മ്മകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. സാങ്കേതിക വിദ്യയുടെ പൊടുന്നനെയുള്ള മാറ്റം ന്യൂസ്റൂമുകളെ എത്രമേല്‍ കൃത്രിമവും യാന്ത്രികവും അരോചകവുമാക്കിയെന്നതും ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ വ്യക്തമാകും.
ഒറ്റപ്പാലത്തിനടുത്ത പറളിയെന്ന ഗ്രാമത്തില്‍ നിന്നാരംഭിച്ച് ദക്ഷിണ കൊറിയയില്‍ മൂപ്പത്തൊമ്പതാം വയസ്സില്‍ അപകടത്തില്‍ ജീവിതം അവസാനിച്ച ഹ്രസ്വമായ ജീവിതത്തിനുടമയായ കേണല്‍ ഉണ്ണിനായര്‍ എന്ന പത്രപ്രവര്‍ത്തകനെക്കുറിച്ച് കേള്‍ക്കാത്തവരായിരിക്കും പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകരിലധികവും. രാംകുമാറിന്റെ ഈ പുസ്തകത്തിലെ ഏറ്റവും ഉജജ്വലമായ അധ്യായമായി എനിക്ക് അനുഭവപ്പെട്ടത് ഉണ്ണിനായരുടെ ജീവിതചിത്രമാണ്. ‘പട്ടാളക്കാരനായ പത്രപ്രവര്‍ത്തകന്‍ ‘ – അതായിരുന്നു പറളി മനക്കമ്പാട്ട് തറവാട്ടിലെ കേണല്‍ കേശവനുണ്ണി നായര്‍ എന്ന എം.കെ, ഉണ്ണി നായര്‍. 1950 ഓഗസ്റ്റ് 12 ന് കൊറിയന്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ ജീപ്പില്‍ യാത്ര ചെയ്യുകയായിരുന്ന ഉണ്ണി നായര്‍ ദക്ഷിണ കൊറിയയിലെ വേഗ്വാനില്‍ വെച്ച് കുഴിബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. യുദ്ധകാലമായതിനാല്‍ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനായില്ല. ഉത്തര – ദക്ഷിണ കൊറിയകളുടെ അതിര്‍ത്തിയില്‍ ഡേഗു എന്ന സൈനികരഹിത സ്ഥലത്തെ മലനിരകളില്‍ അദ്ദേഹത്തെ സംസ്‌കരിച്ചു. പിന്നീട് സൗത്ത് കൊറിയന്‍ സര്‍ക്കാര്‍ കേണല്‍ ഉണ്ണിനായര്‍ മരിച്ച ആ പ്രദേശത്ത് ഔദ്യോഗികമായൊരു സ്മാരകം നിര്‍മിച്ചു. ഒരു ഇന്ത്യന്‍ പത്രപ്രവര്‍ത്തകന് വിദേശത്തുള്ള ഏക സ്മാരകമായി അത് ഇന്നും ഡേഗുവില്‍ സ്ഥിതി ചെയ്യുന്നു. എല്ലാ വര്‍ഷവും ജൂണ്‍ 25 ദക്ഷിണ കൊറിയ യുദ്ധദിനമായി ആചരിക്കുന്നു. രാജ്യത്ത് ദേശീയ അവധിയാണന്ന്. കൊറിയന്‍ സര്‍ക്കാര്‍ പ്രതിനിധികളും പട്ടാളക്കാരും ഈ ദിവസം കേണല്‍ ഉണ്ണിനായരുടേയും സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ഓണേഴ്സ് ബിരുദമെടുത്ത ശേഷം മദ്രാസില്‍ അക്കാലത്തെ ഹാസ്യപ്രസിദ്ധീകരണമായ മെറി മാഗസിനില്‍ ലേഖനങ്ങളെഴുതിക്കൊണ്ടാണ് ഉണ്ണി നായര്‍ പത്രപ്രവര്‍ത്തനമാരംഭിക്കുന്നത്. പിന്നീട് മെയില്‍ പത്രത്തില്‍ ചേര്‍ന്നു. 1938 ല്‍ ഉണ്ണി നായര്‍ കല്‍ക്കത്തയിലേക്ക് പോയി. ‘സ്റ്റേറ്റ്സ്മാന്‍’ പത്രത്തില്‍ ചേര്‍ന്നു. സാഹസിക ജീവിതത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായിരുന്നു അത്. രണ്ടു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ കരസേനയില്‍ കമ്മീഷന്‍ഡ് ഓഫീസറായി ഈ പത്രപ്രവര്‍ത്തകന്‍. സൈന്യം ഉണ്ണി നായരെ രണ്ടാം ലോകമഹായുദ്ധ കാലത്ത് ബര്‍മയിലേക്ക് അയച്ചു. 1941 ല്‍ ജപ്പാന്‍ സൈന്യം ബര്‍മ പിടിച്ചെടുത്തിരുന്നു. ബ്രിട്ടീഷ് സൈനികരുമായി ചേര്‍ന്ന് അദ്ദേഹം ബര്‍മയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിരന്തരം യുദ്ധവാര്‍ത്തകള്‍ അയച്ചുകൊണ്ടിരുന്നു. ഹോള്‍സ്റ്ററില്‍ പിസ്റ്റളും കീശയില്‍ പേനയുമായി ആ ചെറുപ്പക്കാരന്‍ സംഘര്‍ഷമേഖലകളിലൂടെ സഞ്ചരിച്ചു. ലോകമഹായുദ്ധകാലത്ത് യുദ്ധമുഖത്ത് നിന്ന് വാര്‍ത്തകളയച്ച ഹെമിംഗ് വേയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആകസ്മികമായി അന്ത്യം സംഭവിച്ച കേണല്‍ ഉണ്ണി നായരുടെ റിപ്പോര്‍ട്ടിംഗ് എന്ന് രാംകുമാര്‍ എഴുതുന്നു. ഉണ്ണിനായരുടെ കുടുംബാംഗങ്ങളില്‍ നിന്നും മറ്റും ശേഖരിച്ചാണ് ഈ ജീവിതമെഴുത്ത് രാംകുമാര്‍ പൂര്‍ത്തിയാക്കിയത്.
ആധുനിക ഇന്ത്യന്‍ മാധ്യമലോകത്തെ അറിയപ്പെടാത്ത വഴികള്‍ വെട്ടിത്തുറന്ന മറ്റൊരു പറളിക്കാരനായ സി.പി രാമചന്ദ്രന്റെ ജീവിതമെഴുത്തും ഏറെ ഹൃദയവര്‍ജകമായാണ് ഗ്രന്ഥകാരന്‍ അവതരിപ്പിച്ചിട്ടുള്ളത്. അസാധാരണമായ ജീവിതമായിരുന്നു സി.പിയുടേത്. ഒ.വി വിജയന്റെ കുഞ്ഞുണ്ണി എന്ന പത്രപ്രവര്‍ത്തകന്റെ ജീവിതവുമായി ഏറെ സാമ്യമുണ്ട് സി.പിയ്ക്ക്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ജീവനാഡിയായിരുന്ന സി.പി, ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുടെ അടുത്ത സുഹൃത്തുമായിരുന്നു. സി.പി.ഐ മുഖപത്രത്തിലും ജോലിയെടുത്തിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന കാലത്ത് വി.കെ. കൃഷ്ണമേനോനും ഹിന്ദുസ്ഥാന്‍ ടൈംസിന് ലണ്ടന്‍ ഡെസ്പാച്ചുകളയച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പും നേതാക്കളുടെ അപചയവും അടിയന്തരാവസ്ഥയുമെല്ലാം സി.പി. രാമചന്ദ്രന്റെ മാധ്യമജീവിതത്തെ സ്വാധീനിച്ചു. അവസാനനാളുകളില്‍ ഏകാന്തജീവിതം നയിച്ച സി.പിയെക്കുറിച്ച് ആധികാരികമായി പല വസ്തുതകളും പുസ്തകത്തിലുണ്ട്. അറിയപ്പെടാത്ത ഒരു സി.പിയെ നമുക്കിവിടെ വായിക്കാം. പവനന്‍, എം.പി നാരായണപിള്ള എന്നിവരുമായുള്ള സി.പിയുടെ കുടുംബബന്ധവും സൗഹൃദവുമെല്ലാം വരച്ചുകാട്ടിയിട്ടുണ്ട്.
ഇതിഹാസതുല്യരായ പത്രപ്രവര്‍ത്തകരെക്കുറിച്ചുള്ള രേഖാചിത്രങ്ങളില്‍ പോത്തന്‍ ജോസഫിന്റെ ജീവിതവും സംഭവബഹുലമാണ്. ഓവര്‍ എ കപ്പ് ഓഫ് ടീ എന്ന പ്രസിദ്ധമായ അദ്ദേഹത്തിന്റെ കോളം, മുഹമ്മദലി ജിന്ന സ്ഥാപിച്ച ഡോണ്‍ പത്രത്തിലെ ഈ ചെങ്ങന്നൂര്‍ക്കാരന്റെ എഡിറ്റര്‍ഷിപ്പ് എന്നിവയെല്ലാം ഏറെ കൗതുകകരമാണ്. കാര്‍ട്ടൂണിസ്റ്റ് ശങ്കറുമായുള്ള സൗഹൃദം, അദ്ദേഹത്തെ വളര്‍ത്തിയ ഹിന്ദുസ്ഥാന്‍ ടൈംസ്, നെഹ്റു പോലും തന്നെക്കുറിച്ച് ഇന്നൊന്നും വരച്ചില്ലേ എന്ന ശങ്കറിനോട് ചോദിക്കുന്നത്… ഈ കഥകളൊക്കെ പറയുന്നുണ്ട് ലേഖനത്തില്‍. ഇപ്പോള്‍ വിവാദത്തിലായ നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉല്‍ഭവം, ചലപതി റാവുവിന്റെ സേവനം, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് വെടിയേറ്റ് മരിച്ചപ്പോള്‍ എഴുതിയ എഡിറ്റോറിയല്‍ എന്നിവയെല്ലാം ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ അവിസ്മരണീയമായ ഏടുകളാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മീതെ ചങ്ങലപ്പൂട്ട് വീണ അടിയന്തരാവസ്ഥയുടെ കരാളദിനങ്ങളില്‍ ചലപതി റാവു എന്ന വലിയ പത്രപ്രവര്‍ത്തകന്‍ മൗനം പാലിച്ചു. അധമമായ പത്രപ്രവര്‍ത്തനത്തിനും അപ്രസ്തുത പ്രശംസയെഴുത്തിനും തന്നെ കിട്ടില്ലെന്നായിരുന്നു ധീരനായ ചലപതിറാവു പറഞ്ഞത്. നെഹ്റുവിന്റെ ജീവചരിത്രമെഴുതിയ ഫ്രാങ്ക് മൊറേയ്സ് ഗോയങ്കയുടെ ഇന്ത്യന്‍ എക്സ്പ്രസിനെ ജനകീയമാക്കിയ കഥയും പുസ്തകത്തിലുണ്ട്. സാഹസിക പത്രപ്രവര്‍ത്തനം ജീവിതമുദ്രയാക്കിയ ബ്ലിറ്റ്സിനെക്കുറിച്ചും ആര്‍.കെ കരഞ്ചിയയെക്കുറിച്ചും വിശദമായി പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. എ.എഫ്.എസ് തല്യാര്‍ഖാന്റേയും കെ.എ അബ്ബാസിന്റേയും പ്രസിദ്ധമായ കോളങ്ങള്‍ ബ്ലിറ്റ്സിനെ അന്താരാഷ്ട്ര പ്രശസ്തിയുള്ള ടാബ്ലോയ്ഡാക്കിയ കഥയും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
പത്രപ്രവര്‍ത്തനത്തിന്റെ വിശുദ്ധിയും മഹത്വവും മരണം വരെ കാത്ത് സൂക്ഷിച്ച, അക്ഷരങ്ങളുടെ സ്നേഹത്തണലായിരുന്ന പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായരുടെ സംശുദ്ധജീവിതത്തെക്കുറിച്ച് രാംകുമാര്‍ എഴുതിയ ലേഖനം ഏറെ ഹൃദയസ്പൃക്കാണ്. ന്യൂസ്റൂമിലും പുറത്തും അദ്ദേഹം കാത്ത് സൂക്ഷിച്ച പരിശുദ്ധി എത്രമേല്‍ മാതൃകാപരമാണെന്നതിന് മലയാളത്തിന് പ്രദക്ഷിണവഴിയൊരുക്കിയ ഒരാള്‍ എന്ന ലേഖനം അടിവര ചാര്‍ത്തുന്നു.
അച്ചടിമാധ്യമത്തിന്റെ സുന്ദരമായ നാളുകളേയും നാള്‍വഴിയേയും ആധികാരികമായി രേഖപ്പെടുത്തിയ ‘ന്യൂസ്റൂമിലെ ഏകാകികള്‍’ ലളിതമായ ശൈലി കൊണ്ടും ഉപോദ്ബലകമായ കഥകളാല്‍ പരഭാഗശോഭ ചാര്‍ത്തിയുമാണ് രചിച്ചിട്ടുള്ളത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ മുന്‍ സീനിയര്‍ എഡിറ്ററുമായ എം.കെ ദാസ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നു. ദ ഫോര്‍ത്ത്, അഴിമുഖം, വനിത ഓണ്‍ലൈന്‍ എന്നീ ന്യൂസ് പോര്‍ട്ടലുകളില്‍ എഴുതിയ ലേഖനങ്ങളാണ് രാംകുമാര്‍ പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളത്. അന്യം നിന്നുകൊണ്ടിരിക്കുന്ന ധാര്‍മിക പത്രപ്രവര്‍ത്തനത്തിന്റെ മാതൃകയായ ഒരു കൂട്ടം പത്രപ്രവര്‍ത്തകരുടെ വാങ്മയചിത്രങ്ങളാണ് ‘ന്യൂസ് റൂമിലെ ഏകാകികള്‍’.
ന്യൂസ് റൂമിലെ ഏകാകികള്‍
പി. രാംകുമാര്‍
അഴിമുഖം / വില: 300 രൂപ
Content Summary: P Ramkumar’s News Roomil Ekakikal, A Book of Life sketches of the legendary figures in journalism.
This post was last modified on April 13, 2026 4:45 pm
Leave a Comment