UPDATES

ബിബിസിയിലൂടെ ലോകം അറിഞ്ഞ തങ്കപ്പന്‍ നായര്‍

കല്‍ക്കത്തയുടെ ചെരുപ്പിടാത്ത ചരിത്രകാരന്‍

                       

കല്‍ക്കത്തയുടെ ചരിത്രകാരനാണ് തങ്കപ്പന്‍ നായര്‍. കേവലം ഒരു കൊച്ചു വാര്‍ത്തയായി മാത്രം മാറേണ്ടതല്ല എറണാകുളം ജില്ലയിലെ പറവൂരിലെ ചേന്ദമംഗലത്തെ വീട്ടിലെ തങ്കപ്പന്‍ നായരുടെ മരണം. കല്‍ക്കത്തയുടെ ചരിത്രം മറ്റാരെക്കാളും നന്നായി പി തങ്കപ്പന്‍ നായര്‍ എന്ന പി ടി നായര്‍ക്കറിയാം. ബെയര്‍ ഫൂട്ട് ഹിസ്റ്റോറിയന്‍ ഓഫ് കല്‍ക്കത്ത എന്ന ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്ത് ബിബിസി അദ്ദേഹത്തെ കുറിച്ച് പ്രത്യേക പരിപാടി തന്നെ അവതരിപ്പിക്കുകയുണ്ടായി. ചെരുപ്പിടാത്ത ചരിത്ര അന്വേഷണങ്ങള്‍ നടത്തിയ ഒരു വ്യക്തിയെ അന്ന് ലോകം ബിബിസിയിലൂടെ അറിഞ്ഞു. പക്ഷേ മലയാളിക്ക് തങ്കപ്പന്‍ നായര്‍ അപരിചിതനായിരിക്കും. ബംഗാളികള്‍ക്ക് എല്ലാം പക്ഷേ സുപരിചിതന്‍.

മലയാളികള്‍ ലോകത്തിന്റെ പല പ്രദേശങ്ങളിലും വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. മാതൃഭാഷയായ മലയാള നാട്ടില്‍ നിന്ന് മറ്റൊരു ദേശമായ ബംഗാളില്‍ പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് നമുക്കുണ്ട്. കാര്‍ട്ടൂണിസ്റ്റ് കുട്ടി. ബംഗാളി ഭാഷ അറിയതെ ബംഗാളി പത്രങ്ങളില്‍ കാര്‍ട്ടൂണ്‍ വരച്ച് പ്രശസ്തനായി ബംഗാളികളുടെ പ്രിയ കാര്‍ട്ടൂണിസ്റ്റായി മാറിയ കുട്ടി ഒരു അത്ഭുതമാണ്. ബംഗാള്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് കല്‍ക്കത്തയില്‍ വീട് നല്‍കി ആദരിച്ചു. കല്‍ക്കത്തയുടെ ചരിത്രമെഴുതാന്‍ കേരളത്തില്‍ നിന്ന് പോയ തങ്കപ്പന്‍ നായര്‍ വേണ്ടി വന്നു എന്നത് മറ്റൊരു അത്ഭുതമാണ്. 62 പുസ്തകങ്ങളാണ് 63 വര്‍ഷത്തെ കല്‍ക്കത്ത വാസത്തിനിടയില്‍ ഈ പട്ടണത്തെ കുറിച്ച് മാത്രം തങ്കപ്പന്‍ നായര്‍ എഴുതിയിരിക്കുന്നത്. കൈപുസ്തകങ്ങളല്ല അതൊന്നും. സമഗ്രമായ പഠനമാണ് ഓരോ പുസ്തകവും. ഒരു പട്ടണത്തെ കുറിച്ച് മാത്രം ഇത്രയേറെ പുസ്തകങ്ങള്‍ ഒരാള്‍ എഴുതുക എന്നത് ലോക ചരിത്രത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല എന്നാണ് വിദേശ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അത് തന്നെയാണ് തങ്കപ്പന്‍ നായരെ വ്യത്യസ്തനാക്കുന്നതും.

കാര്‍ട്ടൂണിസ്റ്റ് കുട്ടിയെ പോലല്ല തങ്കപ്പന്‍ നായര്‍. അദ്ദേഹം നന്നായി ബംഗാളി ഭാഷ സംസാരിക്കുകയും എഴുതുകയും ചെയ്യും. ബെയര്‍ ഫൂട്ട് ഹിസ്റ്റോറിയന്‍ ഓഫ് കല്‍ക്കത്ത എന്നാണ് ബിബിസി വിശേഷിപ്പിച്ചത്. തങ്കപ്പന്‍ നായരെ കുറിച്ച് ബിബിസി ഒരു ഡോക്യുമെന്ററി തന്നെ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. അതോടെയാണ് തങ്കപ്പന്‍ നായരെ ലോകം അറിഞ്ഞ് തുടങ്ങിയത്. പില്‍ക്കാലത്ത് അദ്ദേഹത്തെ ലോകം വിശേഷിപ്പിക്കുന്നത് തനെ ബെയര്‍ ഫൂട്ട് ഹിസ്റ്റോറിയന്‍ ഓഫ് കല്‍ക്കത്ത എന്നാണ്. സാധാരണക്കാരില്‍ സാധാരണക്കാരനായ തങ്കപ്പന്‍ നായര്‍ തന്റെ മരണം വരെ പിന്തുടര്‍ന്നും തീര്‍ത്തും ലളിതമായ ജീവിതമായിരുന്നു. ആ ലാളിത്യമാണ് ബെയര്‍ ഫൂട്ട് ഹിസ്റ്റോറിയന്‍ ഓഫ് കല്‍ക്കത്ത എന്ന വിശേഷണം അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുക്കാനും കാരണം. ഹൗറയിലെ ബര്‍ദ്വാന്‍ സര്‍വ്വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി തങ്കപ്പന്‍ നായരെ ആദരിച്ചിട്ടുണ്ട്. ഡോക്ടര്‍ തങ്കപ്പന്‍ നായരെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം.

2018ലെ പ്രളയത്തില്‍ തകര്‍ന്ന ചേന്ദമംഗലത്തെ എല്‍പി സ്‌ക്കൂള്‍ പുനര്‍നിര്‍മ്മിച്ച ശേഷം നടക്കുന്ന നവവത്സര ആഘോഷത്തില്‍ പങ്കെടുക്കവെയാണ് അന്നാട്ടുകാരന്‍ കൂടിയായ കഥാകാരന്‍ സേതുവും, കാര്‍ട്ടൂണിസ്റ്റ് മുരളി കെ മുകുന്ദനും അവരുടെ നാട്ടുകാരനായ കല്‍ക്കത്തയുടെ ചരിത്രകാരന്‍ തങ്കപ്പനെ കുറിച്ച് പറഞ്ഞത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എ ജെ ഫിലിപ്പും അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കാണണം എന്ന് തീരുമാനിച്ച് മുരളി കെ മുകുന്ദനും, ചിത്രകാരന്‍ സുരേഷ് ഡാവിഞ്ചിയോടൊപ്പം അദ്ദേഹം താമസിക്കുന്ന ഭരണി മുക്കിലെ മഠത്തിപറമ്പില്‍ വീട്ടിലേയ്ക്ക് കയറി ചെന്നു. കേരളത്തെ ഞെട്ടിച്ച പ്രളയത്തില്‍ തന്നെ കുറിച്ച് വന്ന നൂറ് കണക്കിന് പത്ര കട്ടിങ്ങുകളും, നൂറോളം പ്രിയപ്പെട്ട പുസ്തകങ്ങളും നഷ്ടപ്പെട്ട സങ്കടമാണ് അദ്ദേഹം ആദ്യം ഞങ്ങളോട് പങ്ക് വെച്ചത്. തന്നെ കുറിച്ച് വന്ന നല്ലവാക്കുകള്‍ എല്ലാം 2018ലെ പ്രളയം കവര്‍ന്നെടുത്തുവെന്നാണ് അദ്ദേഹം സങ്കടപ്പട്ടത്.

cartoonist sudheer nath with p thankappan nair
കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥും തങ്കപ്പന്‍ നായരും

സന്തേഷത്തിന്റെ പട്ടണം (സിറ്റി ഓഫ് ജോയ്) എന്ന് പ്രശസ്തമായ കല്‍ക്കത്താ പട്ടണത്തിലെ 63 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലെ കൈത്തറി ഗ്രാമമായ ചേന്ദമംഗലത്ത് വിശ്രമ ജീവിതം നയിക്കാന്‍ തങ്കപ്പന്‍ നായര്‍ എത്തിയത് 2018ല്‍ 86ാം വയസിലാണ്. ശിഷ്ട ജീവിതം സ്വന്തം നാട്ടില്‍ ഭാര്യയും, മക്കളോടും കൊച്ചുമക്കളോടും ഒപ്പം കഴിയാമെന്ന് തീരുമാനിച്ചെങ്കിലും മനസില്ലാ മനസോടെയാണ് കല്‍ക്കത്ത വിട്ടത്. താന്‍ കല്‍ക്കത്തയിലേയ്ക്ക് മടങ്ങി പോകുമെന്ന് അദ്ദേഹം ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അത്രമേല്‍ അദ്ദേഹം കല്‍ക്കത്തയോട് ചേര്‍ന്നിരുന്നു. 1964 മുതല്‍ സ്വന്തം റിമ്മിങ്ങ്ടണ്‍ ടൈപ്പ് റൈറ്ററിലാണ് എല്ലാ പുസ്തകങ്ങളും എഴുതിയത്. ടൈപ്പ് ചെയ്തത് മാറ്റാന്‍ പറ്റില്ല എന്നത് കൊണ്ട് എല്ലാം ക്യത്യമായി പഠിച്ചതിന് ശേഷം മാത്രമേ അദ്ദേഹം എഴുതുമായിരുന്നുള്ളൂ. കല്‍ക്കത്തയിലെ തെരുവുകളെ കുറിച്ച്, പോലീസിനെ കുറിച്ച്, പാലങ്ങളെ കുറിച്ച്, കല്‍ക്കത്തയിലെ തെക്കേ ഇന്ത്യക്കാരെ കുറിച്ച് എന്നു വേണ്ട വൈവിധ്യങ്ങളായ ഒട്ടേറെ വിഷയങ്ങളില്‍ അദ്ദേഹം പഠിച്ച് പുസ്തകങ്ങള്‍ എഴുതി.

ബംഗാളിനെ കുറിച്ച് ബംഗാളികള്‍ക്ക് അറിയില്ല എന്ന് തിരിച്ചറിഞ്ഞ തങ്കപ്പന്‍ നായര്‍ എഴുതി തുടങ്ങിയപ്പോള്‍ ഇത്രയേറെ പുസ്തകങ്ങള്‍ എഴുതുമെന്ന് വിചാരിച്ചിട്ടുണ്ടാകില്ല. അഞ്ച് നോബല്‍ സമ്മാന ജേതാക്കളെയാണ് കല്‍ക്കത്ത നഗരം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ടാഗോര്‍, സി വി രാമന്‍, മദര്‍ തെരേസ, റൊണാള്‍ഡ് റൊസ്, അമര്‍ത്ത്യാ സെന്‍…! ഇന്ത്യയുടെ തലസ്ഥാനമായ കല്‍ക്കത്തയ്ക്ക് പറയാന്‍ ചരിത്രപരമായ എത്രയോ കഥകളുണ്ട്. എല്ലാം തങ്കപ്പന്‍ നായര്‍ പകര്‍ത്തി എഴുതി. ആദ്യത്തെ മെട്രോ, കമ്പിത്തപാല്‍, കോടതി, ബാങ്ക് തുടങ്ങി എത്രയോ പ്രസ്ഥാനങ്ങള്‍ക്കാണ് കല്‍ക്കത്ത തുടക്കം കുറിച്ചത്. തങ്കപ്പന്‍ നായരിലൂടെയാണ് ബംഗാളികള്‍ പലതും ഇന്നും തിരിച്ചറിയുന്നത്.

1933 ഏപ്രില്‍ 30ന് ശങ്കരാചാര്യരുടെ നാടായ കാലടിയിലെ മഞ്ഞപ്രയില്‍ ചങ്ങനാട്ട് വീട്ടിലാണ് പരമേശ്വരന്‍ തങ്കപ്പന്‍ നായര്‍ എന്ന പി. ടി നായരുടെ ജനനം. ബംഗാളില്‍ പി ടി നായര്‍ എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം 1955ല്‍ ഒക്ടോബര്‍ 25ാം തീയതി കല്‍ക്കത്തയില്‍ എത്തിപെടുകയായിരുന്നു. ജോലി തേടി വീട് വിട്ട് മദ്രാസില്‍ എത്തിയ തങ്കപ്പന്‍ കല്‍ക്കത്തയിലേയ്ക്ക് പോകാന്‍ ഒരുങ്ങിയ തീവണ്ടിയില്‍ കയറുകയായിരുന്നു. അമ്മാവനും, വല്ല്യച്ഛനും റെയില്‍വേ ജീവനക്കാരായിരുന്നത് കൊണ്ട് ടിക്കറ്റെടുക്കാതെ യുവാവായ തങ്കപ്പന്‍ മദ്രാസില്‍ നിന്ന് കല്‍ക്കത്തയ്ക്കുള്ള തീവണ്ടിയില്‍ ഗാര്‍ഡിന്റെ മുറിയില്‍ ഇരുന്നും കിടന്നും യാത്ര ചെയ്ത് ഹൗറാ സ്റ്റേഷനില്‍ എത്തി. നാട്ടില്‍ നിന്ന് കരുതിയ കണ്ടട്ടില്ലാത്ത രാമേട്ടന്റെ വിലാസം മാത്രമായിരുന്നു കയ്യില്‍. കല്‍ക്കത്തയിലെ വിലാസം കണ്ടെത്തി രാമേട്ടനെ കണ്ടു. രാമേട്ടന്റെ സദാനന്ദ റോഡിലെ ഒറ്റമുറിയില്‍ ആദ്യ മൂന്ന് ദിവസം അഥിതിയായി തങ്ങി. ഷോട്ട് ഹാന്റും ടൈപ്പിങ്ങും അറിയാമായിരുന്നത് കൊണ്ട് മൂന്നാം പക്കം ഓള്‍ഡ് കോര്‍ട്ട് ഹൗസ് സ്ട്രീറ്റിലെ ബസന്ത് ആന്റ് കമ്പനിയില്‍ ജോലി കിട്ടി. 125 രൂപ മാസ ശമ്പളം. നാലാം നാള്‍ താമസം സൗത്തിന്ത്യന്‍ ഹോട്ടല്‍ മുറിയിലേയ്ക്ക് മാറി. അന്‍പത് രൂപ നാട്ടിലുള്ള പിതാവിന് അയച്ച് കൊടുത്ത് ശേഷിച്ച എഴുപത്തഞ്ച് രൂപയ്ക്ക് തങ്കപ്പന്‍ സുഖമായി കല്‍ക്കത്തയില്‍ കഴിഞ്ഞു.

കല്‍ക്കത്തയില്‍ എത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആന്ത്രോപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ (എഎസ്‌ഐ) സ്‌റ്റെനോഗ്രാഫറുടെ ജോലി കിട്ടി. നിയമനം ഷിലോംഗില്‍. ഗോഹാട്ടി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ സെന്റ് ആന്റണീസ് കോളേജിലെ സായാഹ്ന ക്ലാസില്‍ പോയി ചരിത്രത്തില്‍ ബിരുദം കരസ്ഥമാക്കി. എഎസ്‌ഐ ഓഫീസിലെ ചരിത്ര പുസ്തകങ്ങള്‍ തങ്കപ്പന് ചരിത്രത്തില്‍ അപാര അറിവാണ് സമ്മാനിച്ചത്. നല്ല വായനാശീലവും, ചരിത്ര പഠനത്തോടുള്ള ആഭിമുഖ്യവും തങ്കപ്പനെന്ന വ്യക്തിയെ ചരിത്രകാരനാക്കി മാറ്റി എന്ന് പറയാം. 1961ല്‍ എഎസ്‌ഐ കല്‍ക്കത്ത ഓഫീസിലേയ്ക്ക് മാറ്റം കിട്ടിയതോടെ വീണ്ടും കല്‍ക്കത്തക്കാരനായി. ചരിത്ര ബിരുദം ലഭിച്ച ആവേശത്തില്‍ കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും തങ്കപ്പന്‍ കരസ്ഥമാക്കി. പക്ഷെ അദ്ദേഹം ഒരു വക്കീലായി പരിശീലനം നടത്തിയിട്ടില്ല.

1966ല്‍ എഎസ്‌ഐയില്‍ സീനിയര്‍ ഓഫീസര്‍ പറഞ്ഞത് കേട്ടില്ല എന്ന കുറ്റം ചുമത്തി ജോലിയില്‍ നിന്ന് തങ്കപ്പന്‍ നായരെ പുറത്താക്കി. തങ്കപ്പന്‍ നായര്‍ എഎസ്‌ഐ എടുത്ത നടപടിക്കെതിരെ കേസ് കൊടുത്തു. കേസ് നീണ്ടു പോയതല്ലാതെ അവസാനിച്ചില്ല. സ്റ്റെനോഗ്രാഫര്‍ ജോലി നഷ്ടപ്പെട്ട തങ്കപ്പന്‍ നായര്‍ മുംബയില്‍ നിന്ന് ആലുവാക്കാരനായ മലയാളി ഇ എച്ച് ടിപ്പു ആരംഭിച്ച എന്‍ജിനിയര്‍ ടൈംസില്‍ എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയിലാണ് ചേന്ദമംഗലത്ത് നിന്ന് സ്‌ക്കൂള്‍ ടീച്ചറായ സീതാ ദേവിയെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് രണ്ട് മക്കള്‍.

കല്‍ക്കത്തയില്‍ ഉള്ള സമയത്തെല്ലാം അവിടുത്തെ നാഷണല്‍ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ വായിക്കുവാന്‍ പോകുന്ന പതിവ് തങ്കപ്പന്‍ നായര്‍ക്ക് ഉണ്ടായിരുന്നു. പതിനായിരകണക്കിന് പുസ്തകങ്ങളും, കല്‍ക്കത്തയെ കുറിച്ചുള്ള ചരിത്ര രേഖകളും, തന്റെ കല്‍ക്കത്താ ജീവിതത്തില്‍ സ്വന്തമാക്കിയ അദ്ദേഹം അത് മുഴുവനും അവിടുത്തെ ടൗണ്‍ ഹാള്‍ ലൈബ്രറിക്ക് സമ്മാനിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. കല്‍ക്കത്തയിലെ ഓക്‌സ്‌ഫോഡ് ബുക്‌സ് തങ്കപ്പന്‍ നായരുടെ പുസ്തകങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് നല്‍കിയിരുന്നില്ല. അദ്ദേഹത്തിന്റെ 62ാം പുസ്തകം മഹാത്മ ഗാന്ധി കല്‍ക്കത്തയില്‍ വന്നതിനെ കുറിച്ചായിരുന്നു. കല്‍ക്കത്തയില്‍ ഗാന്ധിജി എന്ന പുസ്തകം അച്ചടി പൂര്‍ത്തീകരിച്ച് വിതരണത്തിന് ഒരുങ്ങിയിരിക്കുന്ന കാര്യം തന്റെ സ്വത്വസിദ്ധമായ ചിരിയില്‍ തങ്കപ്പന്‍ നായര്‍ പറഞ്ഞതോര്‍ക്കുന്നു.

p thankappan nair
കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥിന്റെ വരയില്‍ തങ്കപ്പന്‍ നായര്‍

തങ്കപ്പന്‍ നായര്‍ തന്റെ പുസ്തകങ്ങള്‍ ടൗണ്‍ ഹാള്‍ ലൈബ്രറിക്ക് നല്‍കാന്‍ ആലോചിക്കുന്ന വാര്‍ത്ത വര്‍ഷങ്ങള്‍ക്ക് മുന്‍പ് കല്‍ക്കത്തയില്‍ സംസാരമായിരുന്നു. അത് വലിയ ചര്‍ച്ചയ്ക്കും വലിയ വിവാദത്തിനും കാരണമായി. കല്‍ക്കത്തയുടെ ചരിത്രം കമ്മ്യൂണിസ്റ്റ് ഭരണമുള്ള ടൗണ്‍ ഹാള്‍ ലൈബ്രറിക്ക് നല്‍കുന്നതിനെതിരെയാണ് മമത ബാനര്‍ജി പ്രതിഷേധമുയര്‍ത്തി. മമത തന്നെ തങ്കപ്പന്‍ നായര്‍ താമസിച്ചിരുന്ന ഭവാനിപ്പൂരിലെ വീട്ടിലെത്തി സത്യഗ്രഹം ആരംഭിച്ചു. ആറ് മണിക്കൂര്‍ സത്യഗ്രഹം കഴിഞ്ഞ് അവര്‍ പോയി. പിന്നാലെ അന്നത്തെ ബംഗാളിലെ കോണ്‍ഗ്രസ്സ് നേതാവായ പ്രണബ് മുഖര്‍ജിയും എത്തി. പ്രണബിന്റെ ആവശ്യവും മമതയുടേത് തന്നെയായിരുന്നു. കല്‍ക്കത്തയുടെ ചരിത്രം കമ്മ്യൂണിസ്റ്റ് ഭരണമുള്ള ടൗണ്‍ ഹാള്‍ ലൈബ്രറിക്ക് നല്‍കരുത്.

കല്‍ക്കത്തയുടെ കഥയെഴുതിയ തങ്കപ്പന്‍ നായര്‍ ഇനി ചരിത്രമെഴുതാനില്ല. ദീര്‍ഘകാലം കൊല്‍ക്കൊത്തയില്‍ ജീവിച്ച അദ്ദേഹത്തിന്റെ പുസ്തകങ്ങളെയാണ് നഗരത്തിന്റെ പഴയ കാലം അറിയാനായി വിദേശികള്‍ പോലും ഇന്നും ആശ്രയിക്കുന്നത്. ഒരു തിരിച്ചറിവും തനിക്ക് വേണ്ടെന്ന ഭാവത്തില്‍ തനി മലയാളിയായി കാലന്‍ കുടയും പിടിച്ച് മുണ്ടും മടക്കി കുത്തി തങ്കപ്പന്‍ നായര്‍ ചേന്ദമംഗലത്തിനി നടക്കില്ല. അതിജീവനത്തിന്റെ ചിഹ്നമായി മാറിയ ചെക്കുട്ടി പാവകളുടെ നാട്ടില്‍ അന്ത്യ വിശ്രമം കൊള്ളും… p thankappan nair, the barefoot historian of calcutta

Content Summary; p thankappan nair, the barefoot historian of calcutta

Share on

മറ്റുവാര്‍ത്തകള്‍