പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധു നദീജല കരാര്‍ താത്കാലികമായി റദ്ദാക്കിയത് ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പ്രതിഷേധത്തിന് തിരിച്ചടിയായാണ് തങ്ങളുടെ വ്യോമാതിര്‍ത്തി അയല്‍ക്കാര്‍ക്കു മുന്നില്‍ അടയ്ക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ വിമാന സര്‍വീസുകളെ സാരമായി ബാധിക്കുന്ന നടപടിയായാണ് വിദഗ്ധര്‍ ഇത് വിലയിരുത്തുന്നത്. കടുത്ത സാമ്പത്തിക പ്രത്യാഘാതം വിമാന കമ്പനികള്‍ക്ക് ഉണ്ടാകും. 2019 ല്‍ ഇതേപോലെ പാക് വ്യോമാതിര്‍ത്തികള്‍ ഇന്ത്യ വിമാനകമ്പനികള്‍ക്ക് മുന്നില്‍ അടച്ച സമയത്തും കമ്പനികള്‍ക്ക് ശതകോടികളുടെ നഷ്ടം നേരിടേണ്ടി വന്നിരുന്നു.
പാക് വ്യോമപാത ഒഴിവാക്കേണ്ടി വരുന്നതിനാല്‍ സര്‍വീസുകള്‍ക്ക് കൂടുതല്‍ സമയം എടുക്കേണ്ടി വരും. ഇന്ത്യയില്‍ നിന്നും യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ സമയക്രമം തെറ്റും. പല വിമാനങ്ങളും നിലവില്‍ വേണ്ടതിനെക്കാള്‍ രണ്ടോ മൂന്നോ മണിക്കൂര്‍ കൂടുതല്‍ എടുക്കും.
സര്‍വീസുകള്‍ വഴിതിരിച്ചു വിടേണ്ടി വരുന്നതോടെ സമയ നഷ്ടത്തിനു പുറമെ ഇന്ധന നഷ്ടവും കമ്പനികള്‍ക്ക് താങ്ങേണ്ടി വരും. ഇന്ധന ഉപഭോഗം കൂടുന്നത് അവരുടെ സാമ്പത്തിക നഷ്ടം കൂട്ടും. കമ്പനികള്‍ അവരുടെ നഷ്ടം യാത്രക്കാരില്‍ നിന്നും മുതലാക്കാനായിരിക്കും ശ്രമിക്കുക. അതായത്, ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂടും. ബാധിക്കപ്പെട്ട റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് 35-40 ശതമാനം വരെ ഉയര്‍ന്നേക്കാമെന്നാണ് വിവരം. യുഎസ്, യുകെ, കാനഡ, നെതര്‍ലാന്‍ഡ്സ്, ജര്‍മ്മനി, ഇറ്റലി, ഡെന്‍മാര്‍ക്ക്, ദുബായ്, ഖത്തര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെയാണ് ഇത് ബാധിക്കുക. അതേസമയം വിദേശ വിമാന സര്‍വീസുകള്‍ക്ക് പാക് ആകാശത്തിലൂടെ ഇന്ത്യയിലേക്ക് പറന്നെത്താന്‍ തടസമില്ലാത്തത് അവര്‍ക്ക് നഷ്ടങ്ങളൊന്നും ഉണ്ടാക്കുന്നില്ല.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കു തങ്ങളുടെ സര്‍വീസുകളില്‍ ചിലത് വഴിതിരിച്ചു വിടേണ്ടതായി വരും. അറേബ്യന്‍ കടലിനു മുകളിലൂടെയോ മസ്‌കറ്റ്, ദോഹ വഴിയോ ആയിരിക്കും അവര്‍ റൂട്ടുകള്‍ പുനസജ്ജീകരിക്കുക. പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അടച്ചിരിക്കുന്നതിനാല്‍, വടക്കേ ഇന്ത്യയില്‍ നിന്നുള്ള (ഡല്‍ഹി, ലഖ്നൗ, അമൃത്സര്‍) വിമാനങ്ങള്‍ക്ക് യൂറോപ്പിലേക്കോ വടക്കേ അമേരിക്കയിലേക്കോ പശ്ചിമേഷ്യയിലേക്കോ എത്താന്‍ പാകിസ്ഥാന് മുകളിലൂടെ നേരിട്ട് പറക്കാന്‍ കഴിയില്ല. പകരം, അവര്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരും, അതുകൊണ്ട് ആദ്യം തെക്ക് ഗുജറാത്തിലേക്കോ മഹാരാഷ്ട്രയിലേക്കോ എത്തുകയും അവിടെ നിന്നും ലക്ഷ്യസ്ഥാനത്ത് എത്താന്‍ ദിശ മാറ്റി പറക്കുകയും വേണ്ടിവരും എന്നും വിദഗ്ധര്‍ പറയുന്നു.
2019 ലെ ബാലകോട്ട് വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇതിനു മുമ്പ് പാകിസ്താന്‍ അവരുടെ വ്യോമപാതയില്‍ അനുമതി നിഷേധിച്ചത്. അന്നും ചുറ്റിക്കറങ്ങിയുള്ള റൂട്ട് സ്വീകരിക്കേണ്ടി വന്നതിന്റെ ഫലമായി ഏകദേശം 700 കോടിയുടെ നഷ്ടം ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ഉണ്ടായെന്നാണ് ഈ മേഖലയില്‍ ഉള്ളവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആ സമയത്ത് ഏറ്റവുമധികം നഷ്ടം നേരിടേണ്ടി വന്നത് എയര്‍ ഇന്ത്യയ്ക്ക് ആയിരുന്നു. കാരണം യൂറോപ്പിലേക്ക് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത് അവരാണ്. ഇപ്പോഴും മറ്റ് എയര്‍ലൈന്‍ കമ്പനികളെ അപേക്ഷിച്ച് എയര്‍ ഇന്ത്യ തന്നെയാണ് പടിഞ്ഞാറന്‍ സര്‍വീസുകള്‍ കൂടുതല്‍ നടത്തുന്നത്. അതുകൊണ്ട് ഇത്തവണയും ഭാരിച്ച നഷ്ടം സഹിക്കേണ്ടി വരുന്നത് ടാറ്റ ഗ്രൂപ്പ് നിയന്ത്രിക്കുന്ന എയര്‍ലൈന്‍ കമ്പനി തന്നെയായിരിക്കും.
‘ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, വടക്കേ അമേരിക്ക, യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് പുറപ്പെടുന്നതോ ആയ ചില എയര്‍ ഇന്ത്യ വിമാനങ്ങള്‍ ദൈര്‍ഘ്യമേറിയ ബദല്‍ റൂട്ട് തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള ഈ അപ്രതീക്ഷിത വ്യോമാതിര്‍ത്തി അടച്ചിടല്‍ മൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദിക്കുന്നു. എയര്‍ ഇന്ത്യയില്‍, ഞങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുന്‍ഗണനയെന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു’ പാക് തീരുമാനം അറിഞ്ഞതിനു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. പാകിസ്ഥാന്‍ അവരുടെ വ്യോമാതിര്‍ത്തി അടച്ചത് ഞങ്ങളുടെ ചില അന്താരാഷ്ട്ര വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ടെന്നാണ് ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. പുതുക്കിയ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ അവര്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ്. മാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ ഫ്െളക്‌സിബിള്‍ റീബുക്കിംഗ് ഓപ്ഷനുകള്‍ ഉപയോഗിക്കുകയോ, അല്ലെങ്കില്‍ കമ്പനി വെബ്‌സൈറ്റ് വഴി റീഫണ്ട് ക്ലെയിം ചെയ്യുകയോ ചെയ്യണമെന്ന ഉപദേശവും ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തെ ഡല്‍ഹി-ബാക്കു, ഡല്‍ഹി-ടിബിലിസി സര്‍വീസുകളുടെ ദൈര്‍ഘ്യം ഇന്‍ഡിഗോ ഏകദേശം ഒന്നര മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. അതേസമയം ഡല്‍ഹി-അല്‍മാട്ടി സര്‍വീസ് അവര്‍ റദ്ദാക്കുകയും ചെയ്തു.
തങ്ങള്‍ക്ക് ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ഇന്ത്യന്‍ വിമാന കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് അവരോട് അഭിപ്രായം ആരാഞ്ഞതിന് ശേഷം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ബാധിക്കപ്പെട്ട റൂട്ടുകള്‍ പുനക്രമീകരിക്കുന്നതിലാണ് കമ്പനികള്‍ ശ്രദ്ധിക്കുന്നത്. അതിനൊപ്പം തന്നെ അവര്‍ സാമ്പത്തികാഘാതത്തെ കുറിച്ചുള്ള വിലയിരുത്തലുകള്‍ ആരംഭിച്ചിട്ടുമുണ്ട്. അത് പൂര്‍ത്തിയായശേഷം കമ്പനികളുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളെല്ലാം പാശ്ചാത്യ നാടുകളിലേക്ക് സര്‍വീസ് നടത്തുന്നവരാണ്. ഈ വിമാനങ്ങളില്‍ പലതും പതിവായി പാകിസ്ഥാന് മുകളിലൂടെയാണ് പറക്കുന്നതും. അതുകൊണ്ട് തന്നെ പാകിസ്താന്റെ നീക്കം സാരമായി തന്നെ കമ്പനികളെ ബാധിക്കും. അവയുണ്ടാക്കുന്ന സാമ്പത്തിക, പ്രവര്‍ത്തന ബുദ്ധിമുട്ടുകള്‍ എത്രത്തോളം വലുതാണെന്ന കാര്യം അടുത്ത ദിവസങ്ങളില്‍ തീര്‍ച്ചയായും പുറത്തു വരും. Pakistan Airspace Shutdown: Indian Carriers Face Longer Flights, Higher Costs
Content Summary; Pakistan Airspace Shutdown: Indian Carriers Face Longer Flights, Higher Costs
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.