രാജ്യത്ത് അടുത്തിടെയുണ്ടായ പ്രളയത്തെ ഒരു അനുഗ്രഹമായി വിശേഷിപ്പിച്ച് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.
രാജ്യത്ത് നിലവിൽ വെള്ളത്തിന് ദൗർലഭ്യമില്ലെന്നും, സംഭരിക്കാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തെ ഒരു ദുരന്തമായി കാണാതെ, അതൊരു അനുഗ്രഹമായി കാണണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. സംഭാവന നൽകാൻ കഴിയുന്നവർക്ക് സംഭാവന നൽകാമെന്നും അല്ലാത്തവർ വീട്ടിൽ ബക്കറ്റുകളിലും ടബ്ബുകളിലും വെള്ളം ശേഖരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1951ൽ അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ തനിക്ക് തണുപ്പുകാലത്തെ മഴ അനുഗ്രഹമായിരുന്നുവെന്ന് പറഞ്ഞത് അദ്ദേഹം ഓർമ്മിപ്പിച്ചു.
നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമാവുകയും ആയിരക്കണക്കിന് ആളുകൾക്ക് വീടും കൃഷിയിടങ്ങളും നഷ്ടപ്പെടുകയും ചെയ്ത ഒരു ദുരന്തത്തെ പ്രതിരോധ മന്ത്രി നിസ്സാരവൽക്കരിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. എന്നാൽ, വെള്ളം സംഭരിക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറയുക മാത്രമാണ് താൻ ചെയ്തതെന്നാണ് പ്രതിരോധ മന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാക്സ്താനിൽ വ്യപക നാശനഷ്ടമാണുണ്ടായത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം നാശം വിതച്ചതോടെ ഏകദേശം 200,000 ആളുകളെയാണ് ഒഴിപ്പിച്ചത്. രാവി, സത്‌ലജ്, ചെനാബ് നദികളിലെ ജലനിരപ്പ് അസാധാരണമായി ഉയർന്നതോടെ രക്ഷാപ്രവർത്തകർ ബോട്ടുകളിൽ പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സത്‌ലജ് നദി കരകവിഞ്ഞൊഴുകിയതോടെ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങിയത്.
പ്രധാന അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിടുമെന്ന് ഇന്ത്യ പാകിസ്താനെ അറിയിച്ചിരുന്നതായി പാകിസ്താൻ വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് വിവിധയിടങ്ങളിൽ വെള്ളപ്പൊക്കം ശക്തമായത്. ആഴ്ചകളായി പാകിസ്താനിലെ വിവിധ മേഖലകളിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ജൂൺ മുതൽ ആരംഭിച്ച മഴയിലും വെള്ളപ്പൊക്കത്തിലും പാകിസ്താനിൽ ഇതുവരെ 800ലധികം പേർക്കാണ് ജീവൻ നഷ്ടമായത്. നദികൾ, അഴുക്കുചാലുകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യത ഒഴിവാക്കാൻ പ്രാദേശിക ഭരണകൂടം അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളായ സിയാൽകോട്ട്, ലാഹോർ എന്നിവിടങ്ങളിലെ നഗരപ്രദേശങ്ങളിൽ മോശം സാഹചര്യം തുടരുകയാണ്.
content summary: Pakistani Defence Minister Calls Floods a Blessing, Urges People to Store Water in Tubs